◾സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടാന്‍ സാധ്യതയില്ല. സാങ്കേതിക പ്രശ്നമാണെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണത്തിനും തയ്യാറായിട്ടില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ ഓണ്‍ലൈനായോ പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. ആഭ്യന്തരം, റവന്യു, ട്രഷറി, ജിഎസ്ടി വകുപ്പുകളിലും സെക്രട്ടേറിയേറ്റിലുമായി ഏകദേശം 97000 പേര്‍ക്കാണ് ഇന്നലെ ശമ്പളം കിട്ടേണ്ടിയിരുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാന്‍ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
◾കേസിനു പോയതുകൊണ്ട് കേന്ദ്രം ഈ മാസം തരേണ്ടിയിരുന്ന 13600 കോടി രൂപ തന്നിട്ടില്ലെന്നും ശമ്പള വിഷയത്തില്‍ സാങ്കേതികമായ ചില പ്രശ്നങ്ങളാണ് വന്നതന്നും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ചരിത്രത്തിലാദ്യമായി ശമ്പളം വന്നില്ലെന്ന് എഴുതിയവര്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് കൊടുക്കേണ്ട പണം കേന്ദ്രം കൊടുത്തിട്ടില്ല എന്നല്ലേ എഴുതേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
◾സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്മെന്റാണ് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ശമ്പളം വരെ മുടങ്ങുന്ന നിലയില്‍ ഗുരുതര ധനപ്രതിസന്ധിയുണ്ടായതിന് കാരണമെന്ന് സതീശന്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾മലപ്പുറത്തു വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദേശിയായ 32 കാരന്‍ മരിച്ചു. ഇതോടെ ഒരു മാസത്തിനിടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രം. അതിനാല്‍ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടര്‍മാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
◾വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി എം ആര്‍ ശശീന്ദ്രനാഥിനെ സസ്പെന്റ് ചെയ്തതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ജുഡീഷ്യല്‍ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകള്‍ എസ്എഫ്ഐ ഹെഡ് കോര്‍ട്ടേഴ്സുകള്‍ ആക്കി മാറ്റുകയാണെന്നും, എസ്എഫ്ഐയും പോപ്പുലര്‍ ഫ്രണ്ടും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
◾സിദ്ധാര്‍ഥന്റെ മരണത്തില്‍ കാശിനാഥന്‍, അജയ് കുമാര്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസിലാകെ 18 പ്രതികളാണുള്ളത്. നിലവില്‍ 11 പേരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ള 3 പേരെ കൂടാതെ ഇനി നാലു പ്രതികളെ കൂടി കിട്ടാനുണ്ട്.
◾സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 4 പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കു കൂടി നടപടി ഉണ്ടാകും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പങ്കുള്ള അക്രമികള്‍ക്ക് എതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എസ്എഫ്ഐ എന്നല്ല കുറ്റവാളികള്‍ ഏത് സംഘടനകളില്‍ ആണെങ്കിലും നടപടിയുണ്ടാകും. ഇത്തരം അക്രമങ്ങള്‍ ഒരു സംഘടനയും നടത്താന്‍ പാടില്ല. സര്‍ക്കാര്‍ നടപടിയില്‍ സിദ്ധാര്‍ത്ഥന്റെ പിതാവ് തൃപ്തനെന്ന് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
◾സിദ്ധാര്‍ത്ഥന്റെ നെടുമങ്ങാട്ടെ വീടിന് സമീപം സിപിഎം-ഡിവൈഎഫ്ഐ പതിനൊന്നാം കല്ല് ബ്രാഞ്ച് വെച്ച സിദ്ധാര്‍ത്ഥ് എസ്എഫ്ഐ പ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പിച്ചുള്ള ബോര്‍ഡിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി തന്നെ ബോര്‍ഡ് നീക്കം ചെയ്തു.
◾സിദ്ധാര്‍ത്ഥന്റെ മരണത്തിന് ശേഷവും വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കി ആ കുടുംബത്തെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ വയനാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവ് തന്നെയാണ് കൂടെ വന്നത്. ഇത് ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടലാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ മുഖ്യമന്ത്രി അവസരം കൊടുക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി കോളേജിലെ ക്യാംപസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എസ്എഫ്ഐയില്‍ ചേരാതിരുന്നതിനാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതെന്ന് മാര്‍ച്ചിനിടെ സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. കേസ് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾സിപിഎമ്മുകാര്‍ പറഞ്ഞിട്ടാവാം പ്രതികള്‍ കീഴടങ്ങുന്നതെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ്. പ്രതി സിന്‍ജോയെ ഒളിപ്പിച്ച വീട്ടുകാരെ പ്രതികളാക്കണം. സിദ്ധാര്‍ഥന്റെ തലവെട്ടുമെന്ന് സിന്‍ജോ ഭീഷണിപ്പെടുത്തിയെന്ന് സിദ്ധാര്‍ഥന്റെ സഹപാഠികള്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും, ഈ സിന്‍ജോയെയാണ് പാര്‍ട്ടിക്കാര്‍ സംരക്ഷിക്കുന്നതെന്നും പിതാവ് ആരോപിച്ചു.
◾എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായി ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയില്‍ നിന്നും എസ്.എഫ്.ഐക്കാര്‍ തന്നെ താഴേക്ക് വലിച്ചെറിഞ്ഞതെന്നും. നട്ടെല്ലിനും സുഷുമ്നക്കും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടര്‍ന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോള്‍ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓര്‍മ്മിച്ചതാണെനും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
◾മൂന്നാം സീറ്റ് നല്‍കാതിരിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് മനസാണെന്ന ഇ.പി.ജയരാജന്റെ പരാമര്‍ശം തെറ്റാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് തകരാന്‍ ആഗ്രഹിക്കുന്ന ബിജെപിയെയാണ് സഹായിക്കുകയെന്നും ബിജെപിക്കെതിരായ പോരാട്ടം നയിക്കുന്ന ഇന്ത്യാ മുന്നണിയെ നയിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് മറക്കരുതെന്നും ലീഗ് നേതാവ് അബ്ദു സമദ് സമദാനി എംപി. മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗം ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും ലീഗ് എന്നും യുഡിഎഫിന്റെ ഭാഗമായിരിക്കുമെന്നും സമദാനി പറഞ്ഞു.
◾ലോക്‌സഭയിലേക്ക് കണ്ണൂരില്‍ നിന്ന് മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹമുണ്ടെന്ന് കെ സുധാകരന്‍ പാര്‍ട്ടി സ്‌ക്രീനിങ് കമ്മിറ്റിയെ അറിയിച്ചതായി സൂചന. കൂടാതെ വയനാട് സീറ്റിലെ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടതായും, കെ.സി വേണുഗോപാല്‍ രാജ്യസഭയില്‍ തുടരണമെന്നും ഹൈക്കമാന്‍ഡില്‍ ചര്‍ച്ച നടന്നെന്ന് റിപ്പോര്‍ട്ടുകള്‍.
◾ടിവി രാജേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആക്ടിങ് സെക്രട്ടറിയായി നിയമിച്ചു. എംവി ജയരാജന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് രാജേഷിന് ചുമതല നല്‍കിയത്.
◾കെപിസിസിയുടെ സമരാഗ്നി സമാപന വേദിയില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാര്‍ട്ടിയില്ലല്ലോ അതിനാല്‍ ഒഴിവാക്കി പാടിയതാവുമെന്ന് കെ.മുരളീധരന്‍ എംപിയുടെ പരിഹാസ പ്രതികരണം. അതോടൊപ്പം ദേശീയഗാനത്തെ അവഹേളിച്ചതിന് പാലോട് രവിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍എസ് രാജീവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
◾മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് ജെഎഫ്എംസി – 4 കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
◾ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം വന്നത്. കേസില്‍ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു.
◾കൊച്ചി കലൂര്‍ സ്റ്റേഡിയം പൊതു സമ്മേളനങ്ങള്‍ക്കും അവാര്‍ഡ് നിശകള്‍ക്കും വിട്ടുനല്‍കി വരുമാനം വര്‍ധിപ്പിക്കാന്‍ ജിസിഡിഎ തീരുമാനം. 35000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം വര്‍ഷത്തില്‍ പകുതിയിലെറെ സമയവും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ജിസിഡിഎ ചൂണ്ടിക്കാട്ടുന്നത്. ഇതേ തുടര്‍ന്ന് സ്റ്റബിലൈസര്‍ സംവിധാനമുള്ള ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇത് സൂര്യ രശ്മികള്‍ കടന്നുപോകാനും പുല്ല് വളരാനും സഹായിക്കും. കായികേതര പരിപാടികള്‍ നടക്കുമ്പോള്‍ ഈ ടൈലുകള്‍ വിരിച്ച് ടര്‍ഫ് സംരക്ഷിക്കാനാവും. എന്നാല്‍ തീരുമാനത്തിനെതിരെ പൊതുപ്രവര്‍ത്തകരും കായികപ്രമികളും രംഗത്തെത്തിയിട്ടുണ്ട്.
◾ബെംഗളൂരു രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന 30 വയസ് പ്രായം തോന്നിക്കുന്നയാളുടെ സിസിടിവി ദൃശ്യം ലഭിച്ചു. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. സംഭവത്തില്‍ എന്‍ഐഎയും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചതായി ദില്ലി പൊലീസ് അറിയിച്ചു.
◾മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദത്തില്‍ ആശങ്ക അറിയിച്ച് മുംബൈ പ്രസ്‌ക്ലബ്. ബ്രേക്കിങ്ങ് ന്യൂസുകളും എക്‌സ്‌ക്ലൂസിവ് വാര്‍ത്തകളും തയ്യാറാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മേല്‍ ചെലുത്തുന്ന സമ്മര്‍ദം അവരുടെ മാനസികാര്യോഗത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെ പത്രസ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു, ഇതേ തുടര്‍ന്ന് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ മേധാവികള്‍ക്കായി തയ്യാറാക്കിയ കത്തിലാണ് പ്രസ്‌ക്ലബ് ആശങ്കയറിയിച്ചത്.
◾ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമര്‍നാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു മരിച്ചു. ഘോഷിന്റെ സുഹൃത്തും ഇന്ത്യന്‍ ടെലിവിഷന്‍ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് ഇക്കാര്യം എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്.
◾ബ്രസീലിലെ മുന്‍ പ്രസിഡന്റായിരുന്ന ജേര്‍ ബോല്‍സെണാറോയെ തിമിംഗലത്തെ ശല്യം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സാവോ പോളോയിലെ വടക്കന്‍ മേഖലയില്‍ നടത്തിയ വിനോദ യാത്രയ്ക്കിടെ തിമിംഗലത്തെ ശല്യം ചെയ്തെന്നാണ് പരാതി. കടല്‍ യാത്രയ്ക്കിടെ തിമിംഗലങ്ങളെ കണ്ടാല്‍ അവയുടെ അടുത്തേക്ക് പോവുന്നതോ ശല്യപ്പെടുത്തുന്നതോ കുറ്റകരമാണെന്ന് നിയമം നിലവിലുണ്ട്. എന്നാല്‍ ശല്യപ്പെടുത്തുന്ന രീതിയിലുള്ള ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ബോല്‍സെണാറോ പ്രതികരിച്ചത്.
◾കേരളത്തിലെ ചരക്ക്-സേവനനികുതി സമാഹരണം ഫെബ്രുവരിയില്‍ 16 ശതമാനം വര്‍ദ്ധിച്ച് 2,688 കോടി രൂപയിലെത്തി. 2023 ഫെബ്രുവരിയില്‍ കേരളത്തില്‍ നിന്ന് പിരിച്ചെടുത്തത് 2,326 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ സംസ്ഥാന ജി.എസ്.ടി, സംയോജിത ജി.എസ്.ടിയിലെ എസ്.ജി.എസ്.ടി എന്നിവയുടെ വിഹിതമായി 28,358 കോടി രൂപയും ധനമന്ത്രാലയം കേരളത്തിന് നല്‍കിയിട്ടുണ്ട്. ഇത് കഴിഞ്ഞവര്‍ഷത്തെ സമാനകാലത്തെ 26,651 കോടി രൂപയേക്കാള്‍ 6 ശതമാനം കൂടുതലാണ്. ഫെബ്രുവരിയില്‍ ദേശീയതലത്തില്‍ പിരിച്ചെടുത്ത മൊത്തം ജി.എസ്.ടി 1.68 ലക്ഷം കോടി രൂപയാണ്. 2023 ഫെബ്രുവരിയിലെ 1.49 ലക്ഷം കോടി രൂപയേക്കാള്‍ 12.5 ശതമാനം അധികം. ഇക്കഴിഞ്ഞ ജനുവരിയിലെ 1.72 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ സമാഹരണത്തില്‍ 2.2 ശതമാനം കുറവുണ്ട്. ഇതുപക്ഷേ, ഫെബ്രുവരിയില്‍ 29 ദിവസം മാത്രം ഉണ്ടായിരുന്നതുകൊണ്ട് വന്ന കുറവായാണ് കണക്കാക്കുന്നത്. കഴിഞ്ഞമാസം പിരിച്ചെടുത്ത മൊത്തം ജി.എസ്.ടിയില്‍ 31,785 കോടി രൂപ കേന്ദ്ര ജി.എസ്.ടിയാണ്. സംസ്ഥാന ജി.എസ്.ടിയായി 39,615 കോടി രൂപയും സംയോജിത ജി.എസ്.ടിയായി 84,098 കോടി രൂപയും പിരിച്ചെടുത്തു. സെസ് ഇനത്തില്‍ 12,839 കോടി രൂപയും ലഭിച്ചു. കഴിഞ്ഞമാസവും ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുത്തത് 27,065 കോടി രൂപയുമായി മഹാരാഷ്ട്രയാണ്. വെറും രണ്ടുകോടി രൂപ പിരിച്ചെടുത്ത ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. ദേശീയതലത്തില്‍ 2023-24ലെ ശരാശരി പ്രതിമാസ ജി.എസ്.ടി സമാഹരണം 1.67 ലക്ഷം കോടി രൂപയാണ്. 2022-23ല്‍ ഇത് 1.5 ലക്ഷം കോടി രൂപയായിരുന്നു. 2023-24ലെ മൊത്തം ജി.എസ്.ടി പിരിവ് ഫെബ്രുവരി വരെ 18.40 ലക്ഷം കോടി രൂപയായിട്ടുണ്ട്; 11.7 ശതമാനമാണ് വര്‍ദ്ധന.
◾യുഎസ്സിലെയും ഓസ്‌ട്രേലിയയിലെയും ഫെയ്‌സ്ബുക്കില്‍ നിന്ന് ന്യൂസ് ടാബ് നീക്കം ചെയ്യുന്നതായി കമ്പനി. 2024 ഏപ്രില്‍ മുതലാണ് മാറ്റം അവതരിപ്പിക്കുക. 2023 സെപ്റ്റംബറില്‍ യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ന്യൂസ് ഫീച്ചര്‍ ഒഴിവാക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം. ഓസ്‌ട്രേലിയയിലും യുഎസിലും ഫെയ്‌സ്ബുക്ക് വാര്‍ത്തകളെ ആശ്രയിക്കുന്ന ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 80 ശതമാനത്തിന്റെ ഇടിവുണ്ടായി. വാര്‍ത്തകളോ രാഷ്ട്രീയ ഉള്ളടക്കമോ ഉപയോഗിക്കുന്നതിനുപകരം മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പുതിയ താല്‍പ്പര്യങ്ങള്‍ കണ്ടെത്തുന്നതിനും ഉപയോക്താക്കള്‍ ശ്രമിക്കുന്നതായും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. ന്യൂസ് ടാബ് നീക്കം ചെയ്‌തെങ്കിലും, ഫെയ്‌സ്ബുക്കില്‍ പങ്കിടുന്ന ലിങ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ വായിക്കാന്‍ കഴിയും. വെബ്‌സൈറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂട്ടുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളും പേജുകളും ലിങ്കുകള്‍ പങ്കുവെക്കാനാവും. റീല്‍സ് പോലുള്ള ഫീച്ചറുകളും ഉപയോഗിക്കാം. ഇതുവഴി ഉള്ളടക്കങ്ങളില്‍ നിന്നുള്ള 100 ശതമാനം വരുമാനവും മാധ്യമസ്ഥാപനങ്ങള്‍ക്ക് നിലനിര്‍ത്താനാവും.
◾കെ ജി എഫ് ചാപ്റ്റര്‍ 1 ,2 ഇറങ്ങി ലോകം മുഴുവന്‍ തരംഗം സൃഷ്ടിച കെജിഎഫ് ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ഇനീ മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കൊ’ ക്കു വേണ്ടി ഗാനങള്‍ ചിട്ടപ്പെടുത്തും. രവി ബസ്രുര്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഈ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മാര്‍ക്കൊ’. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഇന്ത്യന്‍ സംഗീതസംവിധായകനായ രവി ബസ്രുര്‍ ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. സൗണ്ട് ഡിസൈനര്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലയില്‍ ഭൂരിഭാഗവും കന്നഡ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന രവി ബസ്രുര്‍ കന്നഡ സംവിധായകന്‍ തന്നെയായ പ്രശാന്ത് നീലുമായി സഹകരിച്ചു പ്രവര്‍ത്തിച്ച കെജിഎഫ് ഒന്നും രണ്ടും ചാപ്റ്ററകളോട് കൂടെയാണ് ലോക സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘മാര്‍ക്കൊ’ഈ വര്‍ഷം തന്നെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
◾1995 ല്‍ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന ഒരു സംഭവത്തെ പ്രമേയമാക്കി സമകാലിക പ്രസക്തിയുള്ള ഒരു കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ‘ദി സ്പോയില്‍സ്’. ആരോരുമില്ലാതെ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് പേരുടെ ജീവിത കഥകള്‍ നമ്മളെല്ലാവരും കാണുന്നതാണ്. അങ്ങനെ ഒരു കഥാപാത്രമാണ് പത്മരാജന്‍. അയാളുടെ ജീവിതത്തിലേക്ക് രണ്ട് മാലാഖക്കുഞ്ഞുങ്ങള്‍ കടന്നു വരുന്നു. ആഫിയയും മാളവിയും, ഇവരുടെ വിശപ്പിന്റെയും അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മഞ്ജിത്ത് ദിവാകര്‍ കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നു. പത്മരാജനായി എം എ റഹിം, മാളവികയായി പ്രീതി ക്രിസ്ത്യാന പോള്‍, ആഫിയയായി അഞ്ജലി അമീറും എത്തുന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വുമണ്‍ ആദ്യമായി മലയാളത്തില്‍ നായികയാകുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇതിനോടൊപ്പം തന്നെ സുനില്‍ ജി ചെറുകടവ് എഴുതി സിബു സുകുമാരന്‍ സംഗീതം നല്‍കിയ എഡിജിപി ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധ നേടി.
◾റേഞ്ച് റോവറിന്റെ ആഡംബരത്തില്‍ നടന്‍ ജയസൂര്യ. റേഞ്ച് റോവര്‍ സ്പോര്‍ട് ഓട്ടോബയോഗ്രഫി എന്ന ആഡംബര എസ്യുവിയാണ് താരം സ്വന്തമാക്കിയത്. റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ ഉയര്‍ന്ന വേരിയന്റാണ് ഓട്ടോബയോഗ്രഫി കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്. എക്സ്ഷോറൂം വില 1.83 കോടി വരുന്ന വാഹനത്തിന്റെ ഓണ്‍റോഡ് വിലയാണ് 2.37 കോടി. ലാന്‍ഡ് റോവറിന്റെ ഏറ്റവും ഉയര്‍ന്ന മോഡലായ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ 3 ലീറ്റര്‍ ഡീസല്‍ മോഡലാണ് ജയസൂര്യയുടെ സ്വന്തമാക്കിയത്. മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 350 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. ഉയര്‍ന്ന വേഗം 234 കിലോമീറ്റര്‍. ഡീസല്‍ മോഡലിനെ കൂടാതെ 3 ലീറ്റര്‍ പെട്രോള്‍ മോഡലും വാഹനത്തിനുണ്ട്. പെട്രോള്‍ മോഡലിന് 395 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കുമുണ്ട്.
◾ഒരു പ്രത്യേക സാഹചര്യത്തില്‍ വീടും നാടുമുപേക്ഷിച്ച് ജീവനോപാധികള്‍ തേടിയുള്ള യാത്രയില്‍ ഇംഗ്ലണ്ടില്‍ എത്തപ്പെട്ട ഒരു പതിനാറുകാരന്‍, ഭാഷയുടെയും സാമൂഹികവ്യവസ്ഥിതികളുടെയും അപരിചിതത്വം മറികടന്ന് ലണ്ടനിലെ ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ഉന്നതവിജയം നേടിയ കഥ. തൃശ്ശൂരിന്റെ സ്വകാര്യ അഹങ്കാരമായ പത്തന്‍സിന്റെ ഉടമ എന്ന നിലയില്‍ അറിയപ്പെടുമ്പോഴും ലോകമാകെ ബിസിനസ്സുള്ള കെ.കെ. സദാനന്ദന്റെ ആരും അറിയാത്ത കഥകള്‍. അസാദ്ധ്യമായി ഒന്നുമില്ലെന്നും ഒരു വ്യക്തിയുടെ ഇച്ഛാശക്തിയാല്‍ എല്ലാം സാദ്ധ്യമാണെന്നും തന്റെ ജീവിതംകൊണ്ട് തെളിയിച്ച ജൈത്രയാത്ര. ഒട്ടേറെ രസകരമായ ജീവിത മുഹൂര്‍ത്തങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന പ്രചോദനാത്മകമായ ആത്മകഥ. ഈ ജീവിതത്തിന്റെ തുറന്ന ഏടുകള്‍ വായനക്കാര്‍ക്കായി തുറക്കുമ്പോള്‍, വരുംതലമുറയ്ക്ക് അനേകം വാതായനങ്ങള്‍ തുറന്നിടുകയാണ്. ‘പത്തന്‍സും എന്റെ ജീവിതവും’. കെ.കെ. സദാനന്ദന്‍. ഗ്രീന്‍ ബുക്സ്. വില 162 രൂപ.
◾നമ്മുടെ നാട്ടിലെന്നല്ല ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നാണ് പാരസെറ്റാമോള്‍. തലവേദനയ്ക്ക് മുതല്‍ വലിയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ വേദനയ്ക്ക് വരെ പാരസെറ്റാമോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം കരള്‍ നാശത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കും നയിക്കാമെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. എലികളുടെയും മനുഷ്യരുടെയും കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചില സാഹചര്യങ്ങളില്‍ പാരസെറ്റാമോള്‍ കരളിലെ കോശങ്ങള്‍ക്കിടയിലുള്ള ടൈറ്റ് ജംഗ്ഷനുകള്‍ എന്ന ഘടനാപരമായ സന്ധിസ്ഥാനങ്ങളെ ബാധിച്ച് കരള്‍ കോശസംയുക്തങ്ങള്‍ക്ക് നാശം വരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ഈ കോശ ക്ഷതം പാരസെറ്റാമോള്‍ അമിത ഉപയോഗവുമായും ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ് പഠനം. അനുയോജ്യമല്ലാത്ത ഉപയോഗം വഴി പാരസെറ്റാമോള്‍ ഉണ്ടാക്കുന്ന നാശം ലഘൂകരിക്കാനുള്ള വഴികളെ സംബന്ധിച്ചും പഠനം പുതിയ സൂചനകള്‍ നല്‍കുന്നു. കൂടുതല്‍ സുരക്ഷിതമായ ബദല്‍ മരുന്നുകളുടെ സാധ്യതകളിലേക്കും വഴി തുറക്കുന്നതാണ് പഠനമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.85, പൗണ്ട് – 104.86, യൂറോ – 89.93, സ്വിസ് ഫ്രാങ്ക് – 93.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.14, ബഹറിന്‍ ദിനാര്‍ – 220.74, കുവൈത്ത് ദിനാര്‍ -270.34, ഒമാനി റിയാല്‍ – 216.15, സൗദി റിയാല്‍ – 22.09, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 61.00.