mid day hd 1

5000 കോടി രൂപ ഈ മാസം നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയില്‍ തള്ളിയ കേരളം 10,000 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ  അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം കോടതിയില്‍ വാദിച്ചു. ഒപ്പം വിശദമായ വാദം കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതോടെ ഹര്‍ജിയില്‍ വാദം നടക്കട്ടെ എന്ന് കേന്ദ്രവും നിലപാടെടുത്തു. നാളെ പത്തരക്ക് സുപ്രീം കോടതി വാദം കേള്‍ക്കും.

എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തിയതിനു ശേഷമായിരിക്കും പരിശോധന. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാണ് കൈമാറിയിരിക്കുന്നത്.

സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയോടൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്.

ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്നത് 22 ഡ്രൈവിംഗ് സ്‌കൂളുകള്‍. സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക.

ശബരി കെ റൈസിന്റെ വില്‍പന സംസ്ഥാനത്ത് ഇന്ന് തുടങ്ങാനിരിക്കെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിലൊന്നിലും അരി എത്തിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അരി മാത്രമല്ല, സബ്സിഡി സാധനങ്ങളും ഔട്ട്ലെറ്റുകളില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം കെ റൈസ് ഉദ്ഘാടനത്തിന് ശേഷം എത്തിക്കും എന്നാണ് സപ്ലൈക്കോ വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാര്‍ കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ഇന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം വര്‍ക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മാറ്റി. കോഴിക്കോട് എന്‍ഐടിയിലെ വിദ്ഗദരുടെ സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനം.
ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്തത് ഉള്‍പ്പടെ ചാലക്കുടി, ആളൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിന്‍ പുല്ലനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്.  6 മാസത്തേക്കാണ് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു.

കൊല്ലം പരവൂര്‍ മജിസ്‌ട്രേറ്റ്  കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ ഉന്നത സ്വാധീനം കാരണം അന്വേഷണം അട്ടിമറിച്ചെന്നും പോലീസ് അന്വേഷണത്തില്‍ നീതി കിട്ടില്ലെന്നും ആരോപിച്ച്് അമ്മ പ്രസന്ന സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിച്ചു. മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ എന്ന് വ്യക്തമായിട്ടും കുറ്റക്കാര്‍ക്കെതിരെ അച്ചടക്കനടപടിയല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നും അമ്മ പറഞ്ഞു.

പാണ്ടിക്കാട് പൊലീസ്  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൊയ്തീന്‍ കുട്ടിയുടെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കാണുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സിഎഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് സൂപ്പര്‍ താരം വിജയുടെ പാര്‍ട്ടി തമിഴക വെട്രി കഴകം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയുടെ പാര്‍ട്ടി ആദ്യമായി നിലപാടെടുക്കുന്ന വിഷയമാണിത്. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാവുക എന്നും വിജയ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടി ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര  മഹാരാഷ്ട്രയില്‍ പര്യടനം തുടരവെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പദ്മാകര്‍ വാല്‍വിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രബലനായ നേതാവാണ്  വാല്‍വി. മിലിന്ദ് ദിയോറ, ബാബ സിദ്ധിഖി, അശോക് ചവാന്‍ എന്നിവര്‍ക്ക് ശേഷം സംസ്ഥാനത്ത് പാര്‍ട്ടി വിടുന്ന പ്രമുഖ നേതാവാണ്  പദ്മാകര്‍ വാല്‍വി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *