ഡയറ്റ് സോഡ കുടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.ഇത് പക്ഷാഘാതം, അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 45 വയസും അതിന് മുകളില്‍ പ്രായമായവരുമായ 2,800-ല്‍ അധികം ആളുകളിലാണ് പഠനം നടത്തിയത്. 10 വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ ഡയറ്റ് സോഡകള്‍ ഉള്‍പ്പെടെയുള്ള ശീതളപാനീയങ്ങള്‍ കുടിക്കുന്നവരുടെ ശീലങ്ങള്‍ പല ഘട്ടങ്ങളിലായി ഗവേഷകര്‍ രേഖപ്പെടുത്തി. ഇതില്‍ ദിവസവും ഒന്നോ അതിലധികമോ കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഇസ്കെമിക് സ്ട്രോക്ക്, അല്‍ഷിമേഴ്സ് ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയായിരുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായം, ലിംഗഭേദം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ശാരീരികക്ഷമത തുടങ്ങിയ ഘടകങ്ങള്‍ പഠനത്തില്‍ പരിഗണിച്ചത് ഫലങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഏതൊക്കെ കൃത്രിമ മധുരങ്ങളാണ് അപകടകാരികള്‍ എന്ന് പഠനം പറയുന്നില്ല. പഞ്ചസാര കുറവോ ഒട്ടും ഇല്ലാത്തതോ ആണെങ്കിലും ഡയറ്റ് സോഡകളില്‍ കൃത്രിമ മധുരം ചേരുന്നുണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനത്തേയും കുടലിലെ ബാക്ടീരിയയേയും ബാധിക്കും. സ്ഥിരമായ ഉപയോഗം നാഡീസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം. സോഡകളിലെ കഫീന്‍, ഫോസ്ഫോറിക് ആസിഡ് എന്നിവ രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇവ ഹൃദയത്തേയും തലച്ചോറിനേയും പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
ഡയറ്റ് സോഡ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും
