S4 yt cover 2

https://dailynewslive.in/ കേരളത്തിന്റെ നോവായി മുണ്ടക്കൈയ്യും ചൂരല്‍മലയും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 177 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 225 പേരെ കണ്ടെത്താനുണ്ട്. മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

https://dailynewslive.in/ വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തം അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ മുണ്ടക്കൈ പൂര്‍ണ്ണമായും തകര്‍ന്നെന്ന് വിലയിരുത്തല്‍. മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്നും അവലോക യോഗം വിലയിരുത്തി.

https://dailynewslive.in/ മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള പ്രധാനപ്പെട്ട രണ്ട് വാര്‍ഡുകളാണ് മുണ്ടക്കൈയും ചൂരല്‍ മലയും. മുണ്ടക്കൈയില്‍ 900 വോട്ടര്‍മാരും ചൂരല്‍മലയില്‍ 855 വോട്ടര്‍മാരുമാണ് ഉള്ളത്. കുട്ടികള്‍, എസ്റ്റേറ്റുകളില്‍ ജോലിയെടുക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍, റിസോര്‍ട്ടിലെ ജീവനക്കാരും അതിഥികളും ഒഴികെയുള്ള കണക്കാണിത്. മുണ്ടക്കൈയില്‍ മാത്രം ആകെയുള്ളത് 431 കെട്ടിടങ്ങളാണ്. മുണ്ടക്കൈയില്‍ എട്ട് എസ്റ്റേറ്റുകളുണ്ട്. ഇതില്‍ പുഞ്ചിരിമട്ടത്തെയും വെള്ളരിമലയിലെയും കെട്ടിടങ്ങളെല്ലാം ഒലിച്ചു പോയി. ചൂരല്‍മല വാര്‍ഡില്‍ 599 കെട്ടിടങ്ങളാണ് ഉള്ളത്. ദുരന്തത്തിന്റെ കാഠിന്യം കണത്തിലെടുത്താല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപെട്ടു വരുന്നവര്‍ക്ക് അടിയന്തരമായി വൈദ്യ സഹായം ലഭ്യമാക്കാന്‍ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്റ് സൗകര്യമൊരുക്കും. മെഡിക്കല്‍ പോയിന്റില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കോഴിക്കോട്, തലശ്ശേരി ഉള്‍പ്പെടെ നാല് സഹകരണ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വയനാട്ടിലേക്ക് വരാന്‍ തയ്യാറാണെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.

https://dailynewslive.in/ വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടി സാങ്കേതികം മാത്രമാണെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിച്ചതിനാലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോര്‍ജ്ജ്. ഭാവിയില്‍ ബന്ധുക്കള്‍ക്ക് നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ പെട്ട് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

https://dailynewslive.in/ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ആശുപത്രിയില്‍ നിന്ന് മേപ്പാടിയിലേക്ക് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ പി സുരേഷ് അറിയിച്ചു. ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടു പോകും. 38 ആംബുലന്‍സുകളിലായാണ് ഇവ കൊണ്ടു പോവുക. മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിച്ച ശേഷം ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ സൗകര്യമൊരുക്കും. ആരും നിലമ്പൂരിലേക്ക് വരണ്ടതില്ലെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

https://dailynewslive.in/ ദുരന്തത്തില്‍ പരിക്കേറ്റവരെ സഹായിക്കാനായി പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 50 അംഗ മെഡിക്കല്‍ സംഘം വയനാട്ടിലേക്ക്. കല്‍പ്പറ്റയില്‍ താല്‍ക്കാലിക ആശുപത്രി തുറക്കാനാണ് സംഘത്തിന്റെ ശ്രമം. നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരും സംഘത്തിലുണ്ട്. മന്ത്രി ഒആര്‍ കേളുവിന്റെ നിര്‍ദേശാനുസരണമാണ് മെഡിക്കല്‍ സംഘം പുറപ്പെട്ടത്.

https://dailynewslive.in/ മുണ്ടക്കൈയിലെ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ചൂരല്‍മലയില്‍ വീണ്ടും മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാകുമെന്ന് സൂചന. സൈന്യവും നാട്ടുകാരും സന്നദ്ധസംഘങ്ങളും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായതിനു കാരണം രണ്ടാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിതീവ്ര മഴയാണെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം.

https://dailynewslive.in/ വയനാട് മുണ്ടക്കൈയ്യില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിര്‍മാണം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ബെയിലി പാലം നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി. 18 ലോറികള്‍ അവിടെ സജ്ജമാക്കിയിരുന്നു. പിന്നീടിവ റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിച്ചു.

https://dailynewslive.in/ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താന്‍ പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. വയനാട് ജില്ലയിലേയും സമീപ ജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വയനാട് ഉണ്ടായത് വന്‍ ദുരന്തമാണെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും, വയനാട്ടിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പ്പൊട്ടലിലകപ്പെട്ട ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനരധിവസിപ്പിക്കുന്നതുവരെ ഇവരെ വാടക വീടുകളില്‍ താമസിപ്പിക്കണമെന്നും വാടക കൊടുക്കാനുള്ള എര്‍പ്പാടുണ്ടാക്കണമെന്നും നാളത്തെ സര്‍വകക്ഷി യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ മൈസൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിര്‍ദേശം. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

https://dailynewslive.in/ വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുവാന്‍ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറില്‍ കളക്ഷന്‍ സെന്റര്‍ തുറന്നു. ദുരിതബാധിതര്‍ക്ക് സഹായമായി സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് കളക്ഷന്‍ സെന്ററില്‍ എത്തിക്കാം. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. നിലവില്‍ പുനരധിവാസത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതി. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കില്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറായ 1077 ല്‍ വിളിയ്ക്കാം.

https://dailynewslive.in/ തൃശൂര്‍ ജില്ലയില്‍ 96 ദുരിതാശ്വാസ ക്യാമ്പുകളിലായി 1292 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പീച്ചി, വാഴാനി, പത്താഴക്കുണ്ട്, അസുരന്‍ക്കുണ്ട്, പൂമല എന്നീ ഡാമുകള്‍ തുറന്നിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. പെരിങ്ങല്‍കുത്ത് നിലവില്‍ ഒരു ഗേറ്റ് മാത്രമേ തുറന്നിട്ടുള്ളൂ. മഴ കുറഞ്ഞതിനാല്‍ തൂണക്കടവ് ഡാം നിലവില്‍ അടച്ചിരിക്കുകയാണ്. മണലി, കുറുമാലി പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയേക്കാള്‍ കൂടുതലാണ്. കരുവന്നൂര്‍ പുഴയുടെ മുന്നറിയിപ്പ് നിലയും മറികടന്നു. അതിനാല്‍ മണലി, കുറുമാലി, കരുവന്നൂര്‍, ചാലക്കുടി പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

https://dailynewslive.in/ പാലക്കാട് ജില്ലയില്‍ 39 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നെന്ന് കളക്ടര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് മണ്ണില്‍ വെള്ളത്തിന്റെ സാച്ചുറേഷന്‍ കൂടുതലായതിനാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത നില്‍ക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട്. ആലത്തൂര്‍, നെല്ലിയാമ്പതി മേഖലകളില്‍ ചെറിയ തോതില്‍ പലയിടത്തും ഉരുള്‍ പൊട്ടിയിരുന്നുവെന്ന് കളക്ടര്‍ അറിയിച്ചു. നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി സങ്കേതത്തിലെ ദുരിതബാധിതരെ എല്ലാവരെയും ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടെയും ചിറ്റൂര്‍ അഡീഷണല്‍ തഹസില്‍ദാരുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാളത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്.

https://dailynewslive.in/ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

https://dailynewslive.in/ അതിതീവ്ര മഴയ്ക്കുപിന്നാലെ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്പി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടന്‍ ഗതാഗതത്തിന് തുറന്നു കൊടുക്കില്ല. ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ കൂടുതല്‍ തകരാറുകള്‍ മനസിലാകൂ. പൊതുമരാമത്ത് വകുപ്പധികൃതര്‍ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ. പറഞ്ഞു.

https://dailynewslive.in/ വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ മനംനൊന്ത് മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകളെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴെന്ന് അദ്ദേഹം പ്രതികരിച്ചു. ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് ഗാഡ്ഗില്‍ 2019ല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 2019 ഓഗസ്റ്റ് 8ന് പുത്തുമലയില്‍ ഉരുള്‍പൊട്ടിയ അവസരത്തില്‍ അദ്ദേഹം വയനാട്ടിലെത്തിയപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

https://dailynewslive.in/ കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായി വാടിക്കലില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു. വാടിക്കല്‍ പികെടിബിഎം യുപി സ്‌കൂളിന്റെ ഓടിട്ട കെട്ടിടമാണ് പൂര്‍ണ്ണമായും നിലംപൊത്തിയത്. സ്‌കൂള്‍ അവധിയായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

https://dailynewslive.in/ സംസ്ഥാനത്ത് വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലയില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും രണ്ട് പഞ്ചായത്തിലും ഒരു നഗരസഭയിലും ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. സംസ്ഥാനത്ത് 49 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 23 ഇടത്ത് ഇടതുമുന്നണി ജയിച്ചു. 19 സീറ്റാണ് യുഡിഎഫിന്. നാലിടത്ത് യുഡിഎഫ് സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നാല് സീറ്റുണ്ടായിരുന്ന എന്‍ഡിഎക്ക് ഒരു സീറ്റ് കുറഞ്ഞു.

https://dailynewslive.in/ കുട്ടനാട്ടിലെ രാമങ്കരി 13-ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ ബി. സരിന്‍കുമാര്‍ വിജയിച്ചു. കടുത്ത പോരാട്ടത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സരിന്റെ പിതാവുമായ വി.എ. ബാലകൃഷ്ണനെ ഒമ്പത് വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

https://dailynewslive.in/ കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് MD 769524 എന്ന നമ്പറിനാണ്.

https://dailynewslive.in/ ബാറുടമകളുടെ പണ പിരിവ് കോഴ നല്‍കാനായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം ശബ്ദ രേഖ ചോര്‍ച്ച കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് വീട് വാങ്ങാനായിരുന്നു പിരിവ്. ശബ്ദരേഖ ഇടുക്കി ഗ്രൂപ്പിലിട്ട അനിമോന്‍ തലസ്ഥാനത്ത് വീട് വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു. പണം പിരിക്കണമെന്ന് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് ശബദ രേഖയിട്ടത്. മദ്യ ലഹരിയില്‍ എന്തൊക്കെ പറഞ്ഞുവെന്ന് ഓര്‍മ്മയില്ലെന്ന് അനിമോന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

https://dailynewslive.in/ സഹോദരന്റെ ഭാര്യയുടെ സ്വകാര്യതയിലേക്ക് നിരന്തരമായി അതിക്രമിച്ച് കയറിയ സഹോദരിമാര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി മുംബൈ ഹൈക്കോടതി. മുംബൈയിലെ ചെമ്പൂര്‍ സ്വദേശിക്കും പിതാവിനും വിവാഹിതരായ മൂന്ന് സഹോദരിമാര്‍ക്കുമെതിരായ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജിക്കാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയാണ് ഈ സഹോദരിമാര്‍ക്കെന്ന് മുംബൈ ഹൈക്കോടതി ജസ്റ്റിസുമാര്‍ വിലയിരുത്തി.

https://dailynewslive.in/ ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്. ചടങ്ങിന് മുന്‍പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

https://dailynewslive.in/ ഇറാഖില്‍ അമേരിക്കന്‍ സേനയുടെ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് അമേരിക്കന്‍ സേനയ്ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സേനാ വൃത്തങ്ങള്‍ വിശദീകരിച്ചു. സ്വയം പ്രതിരോധത്തിന് തങ്ങള്‍ക്ക് എപ്പോഴും അവകാശമുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ആക്രമണം നടന്ന വിവരം ഇറാഖിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു.

https://dailynewslive.in/ ഒളിംപിക്സ് ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക വിജയത്തോടെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ പി.വി. സിന്ധു പ്രീക്വാര്‍ട്ടറില്‍. ബാഡ്മിന്റനില്‍ സിന്ധുവിനു പുറമേ ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ്ക്കും ഇന്ന് മത്സരമുണ്ട്. പുരുഷവിഭാഗം ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ ഏഴാം സ്ഥാനക്കാരനായി ഇന്ത്യയുടെ സ്വപ്നില്‍ കുശാലെ ഫൈനലില്‍ കടന്നു. ഷൂട്ടിങ്, അശ്വാഭ്യാസം, ടേബിള്‍ ടെന്നിസ്, ബോക്സിങ്, ആര്‍ച്ചറി എന്നീ ഇനങ്ങളിലാണ് ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്.

https://dailynewslive.in/ കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 6,400 രൂപയിലും പവന് 640 രൂപ കൂടി 51,500 രൂപയിലുമാണ് വ്യാപാരം. അന്താരാഷ്ട്ര വിലയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില മുന്നേറുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അന്താരാഷ്ട്ര വില ഉയരുകയാണ്. തിങ്കളാഴ്ച 1.04 ശതമാനവും ഇന്നലെ 0.36 ശതമാനവും ഉയര്‍ന്ന് ഔണ്‍സിന് 2,417.22 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം. അന്താരാഷ്ട വിലയ്‌ക്കൊപ്പം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇന്ന് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുന്നതാണ് സ്വര്‍ണ വിലയെ ബാധിച്ചത്. ഇത്തവണ നിരക്ക് കുറയ്ക്കില്ലെങ്കിലും സെപ്റ്റംബറില്‍ നിരക്ക് കുറയ്ക്കും എന്ന സൂചന ഇന്ന് നല്‍കിയേക്കും. ഇതിനെ ആശ്രയിച്ചായിരിക്കും സ്വര്‍ണ വിലയുടെ ഇനിയുള്ള നീക്കം. അടിസ്ഥാന പലിശ നിരക്കുകള്‍ കുറയുന്നത് കടപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷകമല്ലാതാക്കും. ഇത് സ്വര്‍ണത്തിലേക്ക് നിക്ഷേപ ഒഴുക്കു വര്‍ധിപ്പിക്കുകയും വില കൂടാനിടയാക്കുകയും ചെയ്യും. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതും സ്വര്‍ണത്തിന്റെ വില ഉയര്‍ത്താനിടയാക്കുന്നുണ്ട്. 18 കാരറ്റും വെള്ളിയും ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് വില 5,300 രൂപയിലെത്തി. വെള്ളിവിലയും ഒരിടവേളയ്ക്ക് ശേഷം ഇന്ന് ഉയര്‍ന്നു. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 90 രൂപയിലേക്ക് തിരിച്ചെത്തി.

https://dailynewslive.in/ നിരവധി പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. നിര്‍മിതിയുടെ ബുദ്ധിയുടെ സഹായത്തോടെയാണ് പുതിയ നവീകരണങ്ങള്‍ മാപ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇടുങ്ങിയ റോഡുകള്‍, ഫ്‌ളൈഓവറുകള്‍, ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഓപ്പണ്‍ ഇ-കൊമേഴ്സ് വികസിപ്പിക്കുന്നതിനായുള്ള സൗകര്യം, നമ്മയാത്രി എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ഉപയോക്താക്കള്‍ക്ക് വിവിധ ബുക്കിങ്ങുകള്‍ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇടുങ്ങിയതോ തിരക്കേറിയതോ ആയ റോഡുകളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കു മുന്‍കൂട്ടി വിവരം ലഭിക്കും. സാറ്റലൈറ്റ് ഇമേജറി, സ്ട്രീറ്റ് വ്യൂ, റോഡുകളുടെ തരങ്ങള്‍, കെട്ടിടങ്ങള്‍ തമ്മിലുള്ള ദൂരം, എന്നിവ ഉപയോഗിച്ചാണ് എ.ഐ വീതി കണക്കാക്കുന്നത്. ഗൂഗ്ള്‍ മാപ്സിലെ ഏറ്റവും പുതിയ സവിശേഷതകളില്‍ ഒന്നാണ് ഫ്‌ളൈഓവര്‍ അലര്‍ട്ട്. ഫ്‌ളൈഓവറുകളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിച്ച് ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ 40 നഗരങ്ങളിലെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആന്‍ഡ്രോയിഡ് ഓട്ടോയിലും ഫോര്‍ വീലര്‍, ടൂ വീലര്‍ നാവിഗേഷനായി ഗൂഗിളിന്റെ ഫ്‌ളൈഓവര്‍ അലര്‍ട്ട് ലഭ്യമാകും. ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, ഇന്ദോര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലാണ് നാരോ റോഡ് അലര്‍ട്ട് ഫീച്ചര്‍ ആദ്യം നിലവില്‍ വരുന്നത്. ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് സന്തോഷം പകരുന്ന അപ്ഡേറ്റാണ് മറ്റൊന്ന്. ഗൂഗിള്‍ മാപ്‌സിലും ഗൂഗിള്‍ സെര്‍ച്ചിലും ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. 8,000ത്തിലധികം ചാര്‍ജിങ് സ്റ്റേഷനുകള്‍ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

https://dailynewslive.in/ 31 വര്‍ഷം മുമ്പ് റിലീസ് ചെയ്ത മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ‘മണിച്ചിത്രത്താഴ്’ ആധുനിക സാങ്കേതികവിദ്യയായ 4കെ ഡോള്‍ബി അറ്റ്മോസിലൂടെ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം സ്വര്‍ഗ്ഗ ഫിലിംസിന്റെ ബാനറില്‍ സ്വര്‍ഗ ചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചത്. മാറ്റിനി നൗവും സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് വീണ്ടും പുറത്തിറക്കുന്നത്. ഓഗസ്റ്റ് 17-ന് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തും. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മണിച്ചിത്രത്താഴ്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുമ്പ് പരിചിതമില്ലാത്ത ഇതിവൃത്തമായിരുന്നു ചിത്രത്തിന്റെത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ പലഭാഷകളിലും റീമേയ്ക്ക് ചെയ്തിരുന്നു. ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും തെലുങ്കിലും എത്തിയ ചിത്രം ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. കന്നഡയില്‍ ആപ്തമിത്ര എന്ന പേരിലും റിലീസ് ചെയ്തു. ഈ ചിത്രങ്ങളും ഹിറ്റായിരുന്നു.

https://dailynewslive.in/ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള സിനിമയാണ് മണിരത്നം – കമല്‍ ഹാസന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘തഗ് ലൈഫ്’. ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ച ‘തഗ് ലൈഫിന്റെ’ ഡബ്ബിംഗ് വര്‍ക്കുകളും കൂടെ നടക്കുന്നുണ്ട്. നേരത്തെ സിമ്പു ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കമല്‍ ഹാസന്‍ തഗ് ലൈഫിന് വേണ്ടി ഡബ്ബിംഗിനെത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വോയ്സ് ഓഫ് തഗ്സ് എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉലക നായകന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ലോകമത് കേള്‍ക്കുന്നു എന്നാണ് വീഡിയോക്ക് കുറിപ്പായി നല്‍കിയിരിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കന്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ ഹാസന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. 1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നത് തന്നെയാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിമ്പു, തൃഷ, ജയം രവി, ഗൗതം കാര്‍ത്തിക്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ. ആര്‍ റഹ്‌മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

https://dailynewslive.in/ ബിഎംഡബ്ല്യുവിന്റെ ഒരു ചെറിയ സ്‌കൂട്ടര്‍ വരുന്നു. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ബിഎംഡബ്ല്യു സിഇ 02 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സ്‌കൂട്ടര്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ വില കുറഞ്ഞ മോഡലായിരിക്കും ഇതെന്നാണ് കരുതുന്നത്. എന്നാല്‍ ടിവിഎസിന്റെ ഇലക്ട്രിക് സ്‌കൂട്ടിയേക്കാള്‍ വില കൂടുതലായിരിക്കും. ബിഎംഡബ്ല്യു സിഇ 02 15 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്ന ഡ്യുവല്‍ രണ്ട് കിലോവാട്ട് ബാറ്ററി പാക്കുകളുമായാണ് വരുന്നത്. ഇത് 95 കി.മീ / മണിക്കൂര്‍ വേഗത വാഗ്ദാനം ചെയ്യുമെന്നും ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നും പറയപ്പെടുന്നു. രണ്ട് കിലോവാട്ട് ബാറ്ററികളില്‍ ഒന്ന് നീക്കം ചെയ്യാനുള്ള ഓപ്ഷനും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. എങ്കിലും, ഒരു ബാറ്ററി മാത്രം ഉപയോഗിച്ച്, പരമാവധി റേഞ്ച് 45 കിലോമീറ്ററായി കുറയുന്നു. അതേസമയം ഉയര്‍ന്ന വേഗത മണിക്കൂറില്‍ 45 കിലോമീറ്ററാണ്. 0.9 കിലോവാട്ട് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ച് മണിക്കൂര്‍ 12 മിനിറ്റിനുള്ളില്‍ ബാറ്ററി 0 മുതല്‍ 100% വരെ ചാര്‍ജ് ചെയ്യാം. ഇത് 1.5 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം. ചാര്‍ജിംഗ് സമയം മൂന്ന് മണിക്കൂര്‍ 30 മിനിറ്റായി കുറയ്ക്കുന്നു. ആഗോള വിപണിയില്‍ (ഏകദേശം 6.3 ലക്ഷം രൂപ) മുതലാണ് ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ വില.

https://dailynewslive.in/ ഡോണ്‍ ക്വിക്സോട്ടില്‍ തന്റെ കാലത്തിന്റെ സംസ്‌കാരത്തെ സെര്‍വാന്റസ് അപഹസിച്ചതുപോലെ, ആത്മീയമായും ധാര്‍മ്മികമായുമുള്ള തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ഒരു രാജ്യത്തിലൂടെ റുഷ്ദി വായനക്കാരെ കൊണ്ടുപോകുന്നു. സ്‌നേഹത്തിനും കുടുംബത്തിനുമായുള്ള തീവ്രാന്വേഷണമാണ് ഈ നോവല്‍. അതേസമയം സാഹിത്യത്തിലെ അനശ്വരകൃതിയായ ഡോണ്‍ ക്വിക്സോട്ടിനുള്ള ആദരം കൂടിയാകുന്നു ഇത്. ‘കീഷോട്ട്’. സല്‍മാന്‍ റുഷ്ദി. ഡിസി ബുക്സ്. വില 495 രൂപ.

https://dailynewslive.in/ രാവിലെ ഭക്ഷണത്തിന് മുന്‍പ് പല്ലുകള്‍ വൃത്തിയാക്കുന്നതു പോലെയാണ് രാത്രി ഭക്ഷണ ശേഷം പല്ലുകള്‍ വൃത്തിയാക്കേണ്ടത്. രാത്രി കഴിക്കുന്ന ഭക്ഷണം, പുകയില, വെറ്റില പോലുള്ളവയുടെ അവശിഷ്ടം വായയില്‍ വെച്ച് ഉറങ്ങുന്നത് വായിലെ അര്‍ബുദത്തിന് ഏറ്റവും സാധാരണയായ കാരണമാണ്. ഇന്ത്യയില്‍ പുരുഷന്മാരില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന അര്‍ബുദമാണ് വായയിലെ കാന്‍സര്‍. പുകയില ഉപയോഗമാണ് ഇത്തരം കാന്‍സറുകളുടെ പ്രധാനകാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പുകയില ഉപയോഗം ഒഴിവാക്കുന്നതിനൊപ്പം വായയുടെ വൃത്തിയും പ്രധാനമാണ്. ഭക്ഷണ ശേഷം വായ നന്നായി വൃത്തിയുക്കുന്നത് ഇത്തരം അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വായയിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ – മൂന്നാഴ്ചയ്ക്കുള്ളില്‍ ഭേദമാകാത്ത വായിലെ പുണ്ണ് അല്ലെങ്കില്‍ മുറിവുകള്‍. വായിലോ താടിയെല്ലിലോ കഴുത്തിലോ മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴ അല്ലെങ്കില്‍ വീക്കം. വിഴുങ്ങുമ്പോഴോ ചവയ്ക്കുമ്പോഴോ ബുദ്ധിമുട്ട് നേരിടുക. നാവിലോ വായുടെ മറ്റ് ഭാഗങ്ങളിലോ മരവിപ്പ് തോന്നുക. തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയതായി തോന്നുക. ആറാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വിട്ടുമാറാത്ത തൊണ്ടവേദന. പല്ലുകള്‍ ബലക്കുറവു തോന്നുക. മോണയില്‍ രക്തസ്രാവം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ആരോഗ്യവിദഗ്ധനെ സമീപിച്ച് ചികിത്സ ആരംഭിക്കേണ്ടതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.74, പൗണ്ട് – 107.51, യൂറോ – 90.58, സ്വിസ് ഫ്രാങ്ക് – 94.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.40, ബഹറിന്‍ ദിനാര്‍ – 222.17, കുവൈത്ത് ദിനാര്‍ -273.83, ഒമാനി റിയാല്‍ – 217.53, സൗദി റിയാല്‍ – 22.32, യു.എ.ഇ ദിര്‍ഹം – 22.80, ഖത്തര്‍ റിയാല്‍ – 22.92, കനേഡിയന്‍ ഡോളര്‍ – 60.51.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *