S9 yt cover 1

https://dailynewslive.in/ അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമതും അധികാരത്തിലേറിയതിനു ശേഷമുള്ള മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. മൂന്നാമതും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗ്യം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാന്‍ എല്ലാ ജനപ്രതിനിധികളും സഹകരിക്കണമെന്നും വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണമെന്നും, പഴയകാല വൈരാഗ്യങ്ങള്‍ മറക്കണമെന്നും രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം 6.5നും 7 ശതമാനത്തിനും ഇടയില്‍ ജിഡിപി വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നാളെ അവതരിപ്പിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022-23ല്‍ 7 ശതമാനവും 2023-24ല്‍ 8.2 ശതമാനവും വളര്‍ച്ച നേടിയിരുന്നു. ഇന്ത്യ നടപ്പുവര്‍ഷം 7.2 ശതമാനം വളരുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യ 7 ശതമാനം വളരുമെന്ന് അടുത്തിടെ ഐഎംഎഫും എഡിബിയും വിലയിരുത്തിയിരുന്നു.

https://dailynewslive.in/ നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എന്നാല്‍ പട്നയില്‍ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ക്രമക്കേടില്‍ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും. നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങള്‍ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 7 വര്‍ഷത്തിനിടെ പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം തകര്‍ത്തത് കോണ്‍ഗ്രസാണെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ രാജ്യത്തെ പരീക്ഷ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന സ്ഥിതിയായിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ജെപിസി അന്വേഷണം വേണമെന്നും, എന്‍ടിഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചെന്ന് അഖിലേഷ് യാദവും നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ യും ആവശ്യപ്പെട്ടു.

https://dailynewslive.in/ മലപ്പുറത്ത് നിപ സ്ഥിരീകരിച്ച മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിലും സമയങ്ങളിലും ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരന്റെ ജൂലൈ 11 മുതല്‍ ജൂലൈ 19 വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്.

https://dailynewslive.in/ നിപ വൈറസ് ബാധയെ തുടര്‍ന്ന് 14കാരന്‍ മരിച്ച സാഹചര്യത്തില്‍ ഇന്ന് 13 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 350 പേരാണുള്ളത്. ഹൈറിസ്‌ക് പട്ടികയില്‍ 101 പേരുണ്ട്. 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

https://dailynewslive.in/ കേരളത്തില്‍ വീണ്ടും നിപാ വൈറസ് ബാധ സജീവമായ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച്, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഹൈബി ഈഡന്‍ എംപി പാര്‍ലമെന്റില്‍ അടിയന്തര പ്രമേയം ഉയര്‍ത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്നാണ് തദ്ദേശ മന്ത്രി എംബി രാജേഷ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ സര്‍ക്കാരിന് വന്‍ വീഴ്ച വന്നതായി വിഡി സതീശന്‍ വ്യക്തമാക്കി. ഹരിത കര്‍മ്മ സേനയോട് ഒരു വിരോധവും ഇല്ലെന്നും സേവനങ്ങള്‍ക്ക് യൂസര്‍ഫീ നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ നടപടി തെറ്റാണെന്നും സതീശന്‍ പറഞ്ഞു. വിവാദങ്ങളിലേക്ക് ഹരിത കര്‍മ്മ സേനയെ വലിച്ചിടുന്നത് കുശാഗ്ര ബുദ്ധിയാണെന്നും മറുപടി പറയാന്‍ കാണിക്കുന്ന ബുദ്ധി സ്വന്തം വകുപ്പിനെ നന്നാക്കാന്‍ വിനിയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാര്‍ പരിശോധനയില്‍ രണ്ടിടങ്ങളില്‍ കൂടി സിഗ്നല്‍ ലഭിച്ചുവെന്നാണ് പുതിയ വിവരം. സിഗ്നല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അര്‍ജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചില്‍ തുടരുന്നത്.

https://dailynewslive.in/ മലയാളിയായ അര്‍ജ്ജുനായുള്ള രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പരാതി. ജില്ലാ പോലീസ് മേധാവിയാണ് മലയാളി രക്ഷാപ്രവര്‍ത്തകരോട് സംഭവസ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം.

https://dailynewslive.in/ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ സംഭവ സ്ഥലത്തേക്ക് തിരിച്ചത്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്. മലയോര മേഖലകളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റും രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് ഇവര്‍.

https://dailynewslive.in/ എറണാകുളം പിറവത്ത് അതിഥിത്തൊഴിലാളി പട്ടിക്കൂട്ടില്‍ താമസിക്കുന്നെന്ന സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ശ്യാം സുന്ദര്‍ പട്ടിക്കൂട്ടില്‍ 500 രൂപ മാസവാടകക്ക് താമസിക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

https://dailynewslive.in/ മലപ്പുറം വേങ്ങരയില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ദുബായ് വഴി സൗദിയിലേക്ക് കടന്ന ഒന്നാം പ്രതി മുഹമ്മദ് ഫായിസിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. പ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

https://dailynewslive.in/ കനത്ത മഴയില്‍ കബനി പുഴ നിറഞ്ഞതോടെ മാനന്തവാടി വാളാട് കൂടംകുന്നിലെ 200 വീട്ടുകാര്‍ ഒറ്റപ്പെട്ടു. മന്ത്രി ഒ.ആര്‍ കേളുവിന്റെ മണ്ഡലമായ മാനന്തവാടിയിലെ പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴ കനത്ത് പെയ്ത കഴിഞ്ഞ ദിവസങ്ങളില്‍ വാളോട് പുഴ കവിഞ്ഞ് ഒഴുകിയതോടെ റോഡില്‍ ഒരാള്‍പ്പൊക്കം വെള്ളമുണ്ടായിരുന്നു.

https://dailynewslive.in/ കൊല്ലം ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ പൊലീസ് ആളുമാറി യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന് പരാതി. പിന്നാക്ക വിഭാഗക്കാരനായ സുരേഷിനെ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പരാതി. ഗുണ്ടകള്‍ക്കൊപ്പമാണ് എസ്ഐയും സംഘവും വീട്ടില്‍ എത്തിയതെന്നും, പൊലീസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നും സുരേഷും ഭാര്യയും ആരോപിച്ചു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിക്ക് കുടുംബം പരാതി നല്‍കി.

https://dailynewslive.in/ കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോഴുണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഓടുകള്‍ പറന്നു പോയെന്ന് പരാതി. ഇളനീര്‍ക്കര മേലേപ്പറമ്പില്‍ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീന്റെ വീട്ടിലാണ് സംഭവം. മേല്‍ക്കൂരയിലെ ഓടുകള്‍ ഒരുമിച്ച് പറന്നുപോവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

https://dailynewslive.in/ പള്ളികളില്‍ കോടതി വിധി നടപ്പാക്കാനുള്ള തീരുമാനം വീണ്ടും പരാജയപ്പെട്ടു. കോതമംഗലം പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയിലും, എറണാകുളം മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളിയിലുമായിരുന്നു പോലീസിന്റെ ശ്രമം. ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന സെന്റ് ജോണ്‍സ് ബെസ്ഫാഗ പള്ളിയില്‍ ഇത് എട്ടാം തവണയാണ് വിധി നടപ്പിലാക്കാന്‍ പൊലീസ് ശ്രമിക്കുന്നത്. അതോടൊപ്പം എറണാകുളം മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള നീക്കവും പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് ഉപേക്ഷിച്ചു. എന്നാല്‍ വിധി നടപ്പിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് പൂര്‍ണമായി പിന്‍മാറിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് പോലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

https://dailynewslive.in/ തിരുവനന്തപുരം അയിരൂരില്‍ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കിയെന്ന പരാതിയിന്‍മേല്‍ നടപടി. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് ബിജു പ്രഭാകര്‍ ഉത്തരവിട്ടു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ രാത്രി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കണക്ഷന്‍ പുനഃസ്ഥാപിച്ചിരുന്നു.

https://dailynewslive.in/ മാലിന്യം വലിച്ചെറിയാന്‍ നടത്തിയ ശ്രമങ്ങള്‍ സ്പെഷ്യല്‍ നൈറ്റ് സ്‌ക്വാഡിന്റെ ഇടപെടലില്‍ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു. സ്പെഷ്യല്‍ നൈറ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മേയര്‍ വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ആശങ്ക ഒഴിയുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ആലപ്പുഴ, കോട്ടയം, വൈക്കം, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പക്ഷികള്‍ ചത്തൊടുങ്ങുന്ന സംഭവം ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ 2025 മാര്‍ച്ച് വരെ പക്ഷിവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കേണ്ടിവരില്ലെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ ട്രെയിന്‍ വരുന്നതു കണ്ട് പുഴയില്‍ ചാടി. ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. ഒരാളെ ട്രയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ പുഴയില്‍ ചാടുകയും ചെയ്തതായാണ് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചത്. ഇന്നലെ അര്‍ധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്.

https://dailynewslive.in/ കുത്തിവെപ്പെടുത്തതിന് തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജിഎംഒഎ വ്യക്തമാക്കി. അപൂര്‍വ്വമായി സംഭവിക്കുന്ന മരുന്നിനോടുള്ള പ്രതിപ്രവര്‍ത്തനം മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വിഷയത്തില്‍ കൃത്യമായ മരണകാരണം കണ്ടു പിടിക്കുന്നതിനുള്ള അന്വേഷണത്തിനു പകരം വൈകാരിക പ്രതികരണങ്ങള്‍ക്ക് ഒപ്പം നിന്നുകൊണ്ട് ബന്ധപ്പെട്ട ഡോക്ടര്‍ക്കെതിരെ അന്യായമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്ന പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ മലപ്പുറം ജില്ലയിലെ പത്തപ്പിരിയത്ത് കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്. ഞായറാഴ്ചയാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തപ്പിരിയം വി എ കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹ ചടങ്ങിനിടെ ലിഫ്റ്റ് തകര്‍ന്ന് വീണത്. നെല്ലാണി സ്വദേശി കുഞ്ഞുമൊയിന്റെ മകളുടെ വിവാഹം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

https://dailynewslive.in/ തൃശ്ശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. മൂന്നംഗ ക്രിമിനല്‍ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കര സ്വദേശി സജിതന്‍, പൂച്ചെട്ടി സ്വദേശി ജോമോന്‍ എന്നീ പ്രതികളാണ് കസ്റ്റഡിയിലുള്ളത്.

https://dailynewslive.in/ തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് പരിക്കേറ്റ മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അര്‍ത്തിയില്‍ പുരയിടം പത്രോസാണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

https://dailynewslive.in/ പാലക്കാട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. കിഴക്കഞ്ചേരി വക്കാല ബോസിന്റെ മകന്‍ രഞ്ജിത്ത് കുമാറാണ് മരിച്ചത്. മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.

https://dailynewslive.in/ എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

https://dailynewslive.in/ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയ നടപടി സ്വാഗതം ചെയ്ത് ആര്‍എസ്എസ്. വിലക്ക് നീക്കിയത് രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രീയ താല്‍പര്യങ്ങളോടെയായിരുന്നു വിലക്ക് എന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. 1966-ലെ ഉത്തരവാണ് ഈ മാസം 9-ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതെന്നും, പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും ഇടയിലെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് നീക്കമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എന്നാല്‍ ജനാധിപത്യവിരുദ്ധ ഉത്തരവ് തിരുത്തിയതാണെന്നും അനാവശ്യ നടപടിയാണ് 1966-ല്‍ ഉണ്ടായതെന്നും ബിജെപി പ്രതികരിച്ചു.

https://dailynewslive.in/ ഐടി ഉദ്യോഗസ്ഥര്‍ക്ക് 14 മണിക്കൂര്‍ ജോലി നിര്‍ദേശം മുന്നോട്ടുവെച്ചതിനെതിരെ ബെംഗളൂരുവിലെ ഐടി എംപ്ലോയിസ് യൂണിയന്‍. നിര്‍ദേശം അംഗീകരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിദ്ധരാമയ്യ സര്‍ക്കാരിനോട് കെഐടിയു ആവശ്യപ്പെട്ടു. ദിവസം 14 മണിക്കൂര്‍, ആഴ്ചയില്‍ 70 മണിക്കൂര്‍ എന്നിങ്ങനെ ജോലി സമയം ക്രമീകരിക്കാനുള്ള നിര്‍ദേശമാണ് കര്‍ണാടക സര്‍ക്കാരിന്റെ മുന്‍പിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ കന്‍വര്‍ യാത്രാ വഴിയിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. താല്‍കാലികമായാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവിനെതിരായ ഹര്‍ജികളില്‍ യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. എന്നാല്‍ ഏത് തരം ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ അനന്ത് അംബാനിക്കും രാധിക മര്‍ച്ചന്റിനും ലഭിച്ച വിവാഹ സമ്മാനങ്ങള്‍ ആരുടേയും കണ്ണഞ്ചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ 40 കോടി രൂപ വില വരുന്ന ഫ്രാന്‍സിലുള്ള ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്റാണ് നല്‍കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍ കുടുംബം 30 കോടി രൂപ വില വരുന്ന ഒരു വജ്ര നെക്ലേസും സല്‍മാന്‍ ഖാന്‍ 15 കോടി രൂപയുടെ സ്പോര്‍ട്സ് ബൈക്കും രണ്‍വീര്‍ സിംഗും ദീപിക പദുകോണും ചേര്‍ന്ന് 20 കോടി വില വരുന്ന റോള്‍സ് റോയ്സ് കാറും സമ്മാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സമ്മാനങ്ങളുടെ ലിസ്റ്റില്‍ പ്രധാനപ്പെട്ട ചിലത് മാത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ ടെന്നീസ് ഇതിഹാസങ്ങളായ ലിയാണ്ടര്‍ പേസും വിജയ് അമൃത് രാജും ഇന്‍ര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയ്മില്‍. ഏഷ്യയില്‍നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യതാരങ്ങളാണ് പേസും അമൃത് രാജും. എട്ട് ഗ്രാന്റ്സ്ലാം ഡബിള്‍സ് കിരീടങ്ങളും 12 മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും നേടിയിട്ടുള്ള ലിയാണ്ടര്‍ പേസ് ഡബിള്‍സില്‍ ലോക ഒന്നാം നമ്പറായിരുന്നു. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ക്യാപ്റ്റനും ലോകറാങ്കിങ്ങില്‍ 18-ാം സ്ഥാനംവരെ എത്തിയിരുന്ന വിജയ് അമൃത് രാജിനെ ടെന്നീസിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കോണ്‍ട്രിബ്യൂട്ടര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്.

https://dailynewslive.in/ സംസ്ഥാനത്ത് നാലാം ദിവസവും തുടര്‍ച്ചയായി സ്വര്‍ണ വില ഇടിവില്‍. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,770 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 54,160 രൂപയിലുമാണ് വ്യാപാരം. നാല് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 840 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 5,625 രൂപയിലെത്തി. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 96 രൂപയില്‍ തുടരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മൂലം രാജ്യാന്തര സ്വര്‍ണ വില ചാഞ്ചാട്ടത്തിലായതാണ് കേരളത്തിലും പ്രതിഫലിച്ചത്. യു.എസ് പ്രസിഡന്റെ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നുള്ള ജോ ബൈഡന്റെ പിന്മാറ്റം രാഷ്ട്രിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയ ചിത്രം ലഭിക്കും വരെ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധരുടെ നിഗമനങ്ങള്‍. നിലവില്‍ ഔണ്‍സിന് 0.16 ശതമാനം ഉയര്‍ന്ന് 2,404.94 ഡോളറിലാണ് വ്യാപാരം.

https://dailynewslive.in/ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 15 ഇപ്പോള്‍ ആമസോണില്‍ വന്‍ വിലക്കുറവില്‍ ലഭ്യമാണ്. 128ജിബി മോഡല്‍ നിലവില്‍ 11 ശതമാനം വിലക്കുറവിന് ശേഷം എക്സ്ചേഞ്ചുകളൊന്നും ഇല്ലാതെ 70,900 രൂപയ്ക്കാണ് വാങ്ങാനാവുക, എക്സ്ചേഞ്ച് ഓഫറായ 61,700 രൂപ വരെ ലഭിക്കുകയാണെങ്കില്‍ 15,000 രൂപയില്‍ താഴെ വില നല്‍കി സ്വന്തമാക്കാനാകും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലൂടെ വാങ്ങുകയാണെങ്കില്‍ 3000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഉയര്‍ന്ന വിലയുള്ള 15 പ്രോ, 15 15 പ്രോ മാക്സ് എന്നിവയ്‌ക്കൊപ്പം 2023 സെപ്റ്റംബര്‍ 22നാണ് 15 പുറത്തിറങ്ങിയത്. ചെറിയ നോച്ച് ഉള്ള ഒരു പുതിയ ഡിസൈന്‍, കൂടുതല്‍ ശക്തമായ എ16 ബയോണിക് ചിപ്പ്, മെച്ചപ്പെട്ട ക്യാമറ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. ഐഫോണ്‍ 15ന്റെ ചില പ്രധാന സവിശേഷതകള്‍ ഇതാ: 6.1 ഇഞ്ച് 1170 ഃ 2532 റെറ്റിനഎച്ഡി 60 ഹെര്‍ട്സ് ഡിസ്പ്ലേ, എ16 ബയോണിക് പ്രൊസസര്‍, 6 ജിബി റാം, ഡ്യുവല്‍ ലെന്‍സ് പിന്‍ ക്യാമറ സിസ്റ്റം, 12എംപി ട്രൂഡേപ്ത് ഫ്രണ്ട് ക്യാമറ, 128ജിബി, 256ജിബി, അല്ലെങ്കില്‍ 512ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍. അഞ്ച് നിറങ്ങളില്‍ ലഭ്യമാണ് (കറുപ്പ്, വെള്ള, ചുവപ്പ്, നീല, പച്ച).

https://dailynewslive.in/ ഇഷ്‌കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ടോവിനോ തോമസ്. ‘നരിവേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും ‘ഇന്ത്യന്‍ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ചും കൊച്ചിയില്‍ നടന്നു. ടോവിനോ തോമസ് ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ മാസം ഷൂട്ട് ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ഷൂട്ട് പൂര്‍ത്തിയാക്കും. ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു .എ .ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഇന്ത്യന്‍ സിനിമ കമ്പനി’ രൂപീകരിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ഒരു പുതിയ ചുവട് വയ്പ്പ് നടത്തുന്നത്.

https://dailynewslive.in/ സൈജു കുറുപ്പ് നായകനായി വന്ന ചിത്രമാണ് ‘ഗു’. മാളികപ്പുറത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദേവനന്ദയും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ഉണ്ട്. ഗു ഒരു ഹൊറര്‍ ഴോണര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഗുവിലെ ഒരു പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘അറിയാതെ’ എന്ന ഒരു ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ബിനോയ് കൃഷ്ണനും സംഗീതം ജൊനാഥന്‍ ബ്രൂസുമാണ്. ആലാപനം അര്‍ച്ചന രമേഷാണ്. മെയില്‍ റിലീസ് ചെയ്ത ഗു സിനിമ വീണ്ടും പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണെന്ന പ്രത്യേകതയുണ്ട്. നവാഗതനായ മനു രാധാകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് തിരക്കഥയും മനുവിന്റേതാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ചന്ദ്രകാന്ത് മാധവാണ്. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മിക്കുന്നു. മുന്നയായി ദേവ നന്ദയും അച്ഛനായി സൈജു കുറുപ്പുമാണ്. അശ്വതി മനോഹരന്‍ ‘മുന്ന’യുടെ അമ്മയായെത്തുമ്പോള്‍ ചിത്രത്തില്‍ രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, മണിയന്‍ പിള്ള രാജു, നിരഞ്ജ് മണിയന്‍ പിള്ള രാജു, കുഞ്ചന്‍, ലയാ സിംസണ്‍, എന്നിവരും പ്രമുഖരായ കുറച്ചു കുട്ടികളും ഗുവില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

https://dailynewslive.in/ വില്‍പനയില്‍ പുതിയ ചരിത്രം കുറിച്ച് ഗ്രാന്‍ഡ് വിറ്റാര. 2022 സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയ വിറ്റാരയുടെ 2 ലക്ഷം യൂണിറ്റുകളാണ് 22 മാസം കൊണ്ട് വിറ്റത്. ഇതോടെ 25 മാസത്തില്‍ 2 ലക്ഷം യൂണിറ്റ് വില്‍പന എന്ന ക്രേറ്റയുടെ റെക്കോര്‍ഡ് വിറ്റാര തകര്‍ത്തു. മാരുതിയുടെ യുവി വില്‍പനയുടെ 17 ശതമാനമാണ് ഗ്രാന്‍ഡ് വിറ്റാര. നെക്സ വഴിയുള്ള വാഹന വില്‍പനയുടെ 19 ശതമാനവും ഈ മിഡ് സൈസ് എസ്യുവിയാണ്. ആദ്യ ഒരു ലക്ഷം 12 മാസം കൊണ്ട് പിന്നിട്ട വിറ്റാരയുടെ അടുത്ത ഒരു ലക്ഷം 10 മാസം കൊണ്ടാണ് എത്തിയത്. സിഗ്മ, ഡെല്‍റ്റ, സീറ്റ, സീറ്റ പ്ലസ്, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നീ മോഡലുകളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 10.99 ലക്ഷം മുതല്‍ 19.93 ലക്ഷം രൂപ വരെയാണ്. സ്മാര്‍ട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്ട്രോങ് ഹൈബ്രിഡ് എന്നീ എന്‍ജിന്‍ വകഭേദങ്ങളുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്. സെല്‍ഫ് ചാര്‍ജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്നോളജിയുണ്ട് മാരുതിയുടെ ഈ പുതിയ മോഡലില്‍. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലീറ്റര്‍ ഹൈബ്രിഡ് എന്‍ജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റര്‍ നെക്സ്റ്റ് ജെന്‍ കെസീരീസ് എന്‍ജിനും വാഹനത്തിലുണ്ട്. മാരുതി സുസുക്കിയുടെ 1.5 ലീറ്റര്‍ എന്‍ജിനിലും വാഹനം ലഭ്യമാണ്. പുതിയ ബ്രെസ, എക്സ്എല്‍ 6, എര്‍ട്ടിഗ തുടങ്ങിയ വാഹനത്തില്‍ ഇതേ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുകളില്‍ വാഹനം ലഭിക്കും.

https://dailynewslive.in/ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച എഴുപതുകള്‍ മലയാളസാഹിത്യത്തില്‍ പലരീതിയില്‍ അടയാളപ്പെട്ടിട്ടുണ്ട്. ഉള്ളില്‍ തീപ്പന്തവുമായി നടന്ന യുവാക്കള്‍. അവരുടെ സമരജീവിതം, അവരുടെ ചുറ്റുമുണ്ടായിരുന്ന പ്രിയപ്പെട്ട മനുഷ്യരുടെ ജീവിതം. ഇതെല്ലാം വലിയ സാമൂഹ്യഓര്‍മ്മകളാണ്. എഴുതപ്പെടാത്ത ചരിത്രമാണ് ഇത്തരം സോഷ്യല്‍ മെമ്മറി. ചരിത്രം തിരുത്തി എഴുതാം, പക്ഷേ, സാമൂഹ്യഓര്‍മ്മയെ തിരുത്തി എഴുതാനാവില്ല. കാരണം, അത് സമൂഹത്തിന്റെ അനുഭവങ്ങള്‍കൊണ്ട് എഴുതപ്പെട്ട രേഖയാണ്. ലോക്കറുകളിലോ മ്യൂസിയങ്ങളിലോ വച്ചുപൂട്ടാന്‍ ആവാത്ത ഒന്ന്. കഠിനമായ ജീവിതാനുഭവത്തിന്റെ പകര്‍പ്പുകള്‍. ഇങ്ങനെ എഴുപതുകളുടെ ഭൂമികയില്‍ സത്യസന്ധമായ ജീവിതം നയിച്ച കുറെ മനുഷ്യരുടെ സമരജീവിതത്തെ, സാമൂഹ്യമായ ഓര്‍മ്മയില്‍നിന്നെടുത്ത് ക്രിയാത്മകമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന നോവലാണ് ജോണ്‍ ഫെര്‍ണാണ്ടസിന്റെ ‘കനല്‍ കൊച്ചി’. കറന്റ് ബുക്സ്. വില 198 രൂപ.

https://dailynewslive.in/ കോവിഡിന് ശേഷം ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സഹായകമാകും. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഇരുമ്പ്, സിങ്ക്, കാല്‍സ്യം മുതലായവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ കോവിഡിന് ശേഷം ഊര്‍ജ്ജ നില തിരികെ ലഭിക്കാന്‍ സഹായിക്കും. ശ്വാസതടസ്സം എന്നത് ലോംഗ് കൊവിഡുമായി ബന്ധപ്പെട്ട സാധാരണ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്‍ ഒന്നാണ്. ശ്വാസം മുട്ടലിന് പരിഹാരമായി പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സൂപ്പ് തുടങ്ങിയ മൃദുവായ ഭക്ഷണങ്ങള്‍ കഴിക്കുക. ഇവ ആരോഗ്യം പോഷിപ്പിക്കുന്നതും നിങ്ങളുടെ ഊര്‍ജ്ജ നില പുനഃസ്ഥാപിക്കുന്നതുമാണ്. ദിവസത്തില്‍ നാലോ അഞ്ചോ തവണ ചെറിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു അണുബാധയില്‍ നിന്ന് കരകയറുകയാണെങ്കില്‍, നിങ്ങള്‍ക്ക് വിശക്കുമ്പോഴെല്ലാം ഭക്ഷണം കഴിക്കണം. കാരണം നിങ്ങളുടെ ശരീരത്തിന് വീണ്ടും ഫിറ്റ് ആകാന്‍ പോഷണം ആവശ്യമാണ്. ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞ പഴമാണ് ആപ്പിള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ എന്നിവ ശ്വാസകോശത്തിന്റെ നല്ല പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കൂടാതെ, ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമായ വാല്‍നട്ട് കഴിക്കുക. ഇത് ആസ്ത്മയെയും മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകളെയും ചെറുക്കാന്‍ സഹായിക്കും. ബ്ലൂബെറി, ബ്രോക്കോളി, തുടങ്ങിയവ ശ്വാസകോശത്തിന് ആരോഗ്യം നല്‍കുന്ന മികച്ച ഭക്ഷണമാണ്. ഇഞ്ചി ഒരു ആന്റി-ഇന്‍ഫ്‌ളമേറ്ററി ഭക്ഷണം മാത്രമല്ല, വിഷാംശം ഇല്ലാതാക്കാനും ശ്വാസകോശത്തിലെ മലിനീകരണം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഇഞ്ചി ശ്വാസതടസം ഒഴിവാക്കാനും ശ്വാസകോശത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും ശ്വാസകോശാരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. മഞ്ഞളിന് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന സംയുക്തം ആസ്ത്മയുമായി ബന്ധപ്പെട്ട ശ്വാസനാളത്തിന്റെ വീക്കം ഒഴിവാക്കാനും നെഞ്ചിന്റെ തടസങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. വെളുത്തുള്ളിയില്‍ ഗ്ലൂട്ടത്തയോണിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് വിഷവസ്തുക്കളെയും അര്‍ബുദങ്ങളെയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ ശ്വാസകോശത്തെ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.66, പൗണ്ട് – 108.12, യൂറോ – 91.10, സ്വിസ് ഫ്രാങ്ക് – 94.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.75, ബഹറിന്‍ ദിനാര്‍ – 221.98, കുവൈത്ത് ദിനാര്‍ -273.66, ഒമാനി റിയാല്‍ – 217.34, സൗദി റിയാല്‍ – 22.30, യു.എ.ഇ ദിര്‍ഹം – 22.78, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 60.89.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *