◾കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
◾ജാമ്യം ലഭിച്ചു പൂജപ്പുര ജയിലില്‍നിന്നു പുറത്തിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലുമായി ആഹ്ലാദ പ്രകടനം നടത്തിയതിനു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്. 13 പേരുള്ള പ്രതിപ്പട്ടികയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാം പ്രതിയാണ്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസമുണ്ടാക്കിയെന്നും ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോര്‍ഡ് നശിപ്പിച്ചെന്നുമാണ് ആരോപണം.
◾
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രമണ്യം ആരോപിച്ചെന്നു റിപ്പോര്‍ട്ട്. 2014 ല്‍ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സമ്മര്‍ദ്ദം ചെലുത്തിയെന്നു ഒരു സെമിനാറിലാണ് സുബ്രഹ്‌മണ്യം വെളിപെടുത്തിയതെന്ന് ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് എന്ന മാധ്യമ കൂട്ടായ്മയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകാര്യ കമ്മീഷന്‍ വിസമ്മതിച്ചതോടെ സര്‍ക്കാരിന് ബജറ്റ് 48 മണിക്കൂര്‍ കൊണ്ട് മാറ്റേണ്ടി വന്നെന്നാണ് വെളിപ്പെടുത്തല്‍.
◾ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ ഞായറാഴ്ച കീഴടങ്ങണമെന്നു സുപ്രീം കോടതി. കീഴടങ്ങാന്‍ രണ്ടാഴ്ചയെങ്കിലും സാവകാശം വേണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ നല്‍കിയ ഹര്‍ജി തളളിയ കോടതി പ്രതികളുടെ വാദം കഴമ്പില്ലാത്തതാണെന്നു ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് കൊണ്ടാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
◾മുല്ലപ്പെരിയാര്‍ ഡാമിനു വിദഗ്ധ സമിതിയെക്കൊണ്ടു സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍. പുതിയ ഡാം സുരക്ഷാ നിയമം അനുസരിച്ച് സുരക്ഷാ പരിശോധന നടത്താനുള്ള അവകാശം തമിഴ്നാടിനാണെന്നാണ് അവകാശവാദം.
◾ഈ മാസം 27 ന് കാസര്‍കോടുനിന്ന് ആരംഭിക്കുന്ന ബിജെപി പദയാത്ര പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി യാത്രയില്‍ പ്രസംഗിക്കും. നിരവധി പേര്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് പദയാത്ര നയിക്കുന്ന കെ. സുരേന്ദ്രന്‍ അവകാശപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കാനാണ് ബിജെപി പദയാത്ര ആരംഭിക്കുന്നത്.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾തിരുവനന്തപുരം കണിയാപുരം ജംഗ്ഷനില്‍ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മിക്കണമെന്ന് മന്ത്രി ജി. ആര്‍ അനിലും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയും കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി ഏഴിനു ഡല്‍ഹിയില്‍ ഇരുവരും കേന്ദ്രമന്ത്രിയെ കാണും. ദേശീയപാത 66 ല്‍ 45 മീറ്ററില്‍ നിര്‍മ്മിക്കുന്ന ദേശീയപാതയുടെ മധ്യത്ത് 30 മീറ്റര്‍ വീതിയില്‍ ഇരുവശവും കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ത്തിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. ഇതുമൂലം കണിയാപുരം പ്രദേശം രണ്ടായി വിഭജിക്കപ്പെടും. ഇതു പരിഹരിക്കാനാണ് എലിവേറ്റഡ് കോറിഡോര്‍ ആവശ്യപ്പെടുന്നത്.
◾ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പൊലീസിന്റെ മര്‍ദനമേറ്റു ചികിത്സയിലുള്ളവരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പ്രവീണ്‍, മേഘ്‌ന രഞ്ജിത്ത് തുടങ്ങിയവരെയാണ് സതീശന്‍ സന്ദര്‍ശിച്ചത്. എല്ലാ കാലവും ഏകാധിപതി അധികാരത്തിലുണ്ടാകില്ലെന്നും രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഉദ്യോഗസ്ഥര്‍ അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്നും സതീശന്‍ പറഞ്ഞു.
◾മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശൂര്‍ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തൃശൂരിലെ സിപിഐയുടെ സീറ്റില്‍ സിപിഎം വോട്ടു മറിക്കാന്‍ സാധ്യതയുണ്ട്. മോദിക്കു മുന്നില്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം- ബിജെപി അന്തര്‍ധാര ഇതോടെ തെളിഞ്ഞെന്നും കെ മുരളീധരന്‍ പറഞ്ഞു.
◾
◾മഹാരാജാസ് കോളേജ് സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ ഇജിലാല്‍ അറസ്റ്റില്‍. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂര്‍ സ്വദേശിയായ ഇജിലാല്‍. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിലെ പ്രതികള്‍ ഒളിവിലാണ്. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.
◾കോഴിക്കോട്ടെ ടിഗ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാര്യയെ പ്രതിയാക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന് ടി സിദ്ധിഖ് എംഎല്‍എ. 2023 ലെ നിക്ഷേപത്തിന്റെ പേരിലുള്ള പരാതിയിലാണു 2022 ല്‍ രാജിവച്ച ഭാര്യക്കെതിരേ കേസെടുത്തതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി.
◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് കൊണ്ടുവന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ട ടഗ്ഗുകളില്‍നിന്നും ബാര്‍ജുകളില്‍ നിന്നും രണ്ടായിരം ഡീസല്‍ ഊറ്റിയ സംഘത്തിലെ നാലു പേര്‍ പിടിയില്‍. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. ഡീസല്‍ കരയില്‍ എത്തിച്ച ഫൈബര്‍ ബോട്ടും കടത്താന്‍ ശ്രമിച്ച പിക്കപ്പ് വാനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ദിലീപ് (32), റോബിന്‍ (37), ശ്യാം (24), ഷിജിന്‍ (21 ) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്.
◾ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്‍ശം തെറ്റാണെന്ന് വി.കെ പ്രശാന്ത് എംഎല്‍എ. തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയതാണെന്നും ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇതിനെ ലാഭകരമാക്കുകയാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടതെന്ന് വികെ പ്രശാന്ത് പറഞ്ഞു.
◾ശബരിമല മകരവിളക്കിനോടനുബന്ധിച്ചു നടത്തിയ സര്‍വ്വീസ് വഴി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതല്‍ പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000 ചെയിന്‍ സര്‍വ്വീസുകളും 34,000 ദീര്‍ഘദൂര സര്‍വ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്തത്.
◾കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് ടാറിംഗ് കഴിഞ്ഞയുടന്‍ തകര്‍ന്ന സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണു നടപടി.
◾അതിരപ്പിള്ളി ആനമല മലക്കപ്പാറ റോഡ് നിര്‍മാണത്തിനു ലോറിയില്‍നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സിനാറുല്‍ ഇസ്ലാമാണ് മരിച്ചത്.
◾മലപ്പുറം പന്തല്ലൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. പൊലീസ് കേസെടുത്തു.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരേ ആസാമില്‍ കേസ്. അനുമതി നല്‍കാത്ത റൂട്ടിലൂടെ യാത്ര നടത്തിയെന്ന് ആരോപിച്ചാണ് കേസ്.
◾രാജ്യത്തെ ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ ആസാമിലാണെന്നും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അഴിമതിയുടേയും വിദ്വേഷത്തിന്റെയും മുടിചൂടാ മന്നനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആസാമിന്റെ തലസ്ഥാനമായ ഗോഹട്ടിയിലേക്കു രാഹുലിന്റെ മാര്‍ച്ച് പ്രവേശിപ്പിക്കില്ലെന്നു കഴിഞ്ഞ ദിവസം ആസാം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
◾ചെന്നൈയിലെ ജല്ലിക്കെട്ട് മത്സരത്തിന് എത്തിച്ച കാളയെക്കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ച യുട്യൂബര്‍ രഘുവിനെതിരെ കേസ്. കഴിഞ്ഞ ഡിസംബര്‍ 22 ന് അപ്ലോഡ് ചെയ്ത വീഡിയോ വൈറലായതോടെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ ഇന്ത്യയുടെ പ്രവര്‍ത്തകന്‍ അരുണ്‍ പ്രസന്ന നല്‍കിയ പരാതിയിലാണ് കേസ്.
◾ചണ്ഡീഗഢില്‍ ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ചണ്ഡീഗഡിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങിലാണ് പ്രവര്‍ത്തകരെ ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്.
◾ആന്ധ്രയില്‍ സമഗ്ര ജാതി സെന്‍സസ് ഇന്ന് ആരംഭിക്കുമെന്ന് ജഗന്‍മോഹന്‍ സര്‍ക്കാര്‍. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടക്കാനിരിക്കേയാണ് ആന്ധ്രയില്‍ ജാതി സെന്‍സസ് നടത്തുന്നത്.
◾വീട്ടുജോലിക്കാരിയായ 18 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഎംകെ എം.എല്‍.എ ഐ.കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനുള്ള പരിശീലന കോഴ്സില്‍ ചേരാന്‍ പണം കണ്ടെത്താനാണു ജോലി ചെയ്തത്. ശരീരത്തില്‍ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോഗിച്ചു പൊള്ളിച്ച അടയാളങ്ങളും ഉണ്ടെന്നാണ് ആരോപണം.
◾മാലിയില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ഉഗാണ്ടയില്‍ ചര്‍ച്ച ചെയ്തു. ചേരിചേരാ രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുവേയാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മാലി വിദേശകാര്യ മന്ത്രി മൂസ സമീറുമായി ചര്‍ച്ച ചെയ്തത്.
◾സമുദ്രത്തിനടിയില്‍ ആണവ ആക്രമണ ഡ്രോണ്‍ പരീക്ഷിച്ചെന്ന് ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും സംയുക്ത നാവികാഭ്യാസം നടത്തിയതിനു പിറകേയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കുന്നത് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനുമാണെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി.
◾ലൈംഗികത ദൈവത്തിന്റെ വരദാനമാണെന്നും കുടുംബങ്ങളുടെ കെട്ടുറപ്പിന് അത് ആവശ്യവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പക്ഷെ അച്ചടക്കവും ക്ഷമയും വേണം. എന്നാല്‍ ലൈംഗിക വീഡിയോകള്‍ വലിയ അപകടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ രൂപയില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതിക്ക് പുറമേ, ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന രത്നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും യുഎഇ ഇടപാട് നടത്തുന്നതും ഇന്ത്യന്‍ രൂപയില്‍ തന്നെയാണ്. 2023 ജൂലൈയില്‍ നടന്ന ഉഭയകക്ഷി കരാറിലൂടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ രൂപയിലും ദിര്‍ഹത്തിലും ഇടപാടുകള്‍ നടത്താന്‍ ധാരണയായത്. ഇതിന്റെ ഭാഗമായാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ രൂപയില്‍ നടത്തുന്നത്. ഇതോടെ, ഡോളറിനെ ആശ്രയിക്കുന്ന പതിവ് രീതി പരമാവധി ഇല്ലാതാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. 2022 ജൂലൈയില്‍ ആരംഭിച്ച പ്രത്യേക റുപ്പി വോസ്ട്രോ അക്കൗണ്ട് സംവിധാനം വഴിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചില ഉല്‍പ്പന്നങ്ങളുടെ ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ നടത്തുന്നത്. അതേസമയം, ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1,000 കോടി ഡോളര്‍ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 ഡിസംബറില്‍ മാത്രം ഇന്ത്യ 303 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
◾ഉപഭോക്താക്കളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താനൊരുങ്ങി ഗൂഗിള്‍. ‘വണ്‍ ടൈം’ പെര്‍മിഷന്‍ എന്ന പുതിയ ഫീച്ചര്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. ഇനി മുതല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് ‘allow’ എന്ന ഓപ്ഷനിനൊപ്പം വണ്‍ ടൈം ഓപ്ഷന്‍ കൂടി കാണാന്‍ സാധിക്കുന്നതാണ്. ഈ ഓപ്ഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡിവൈസില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന സൈറ്റുകള്‍ സംബന്ധിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. സാധാരണയായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ലൊക്കേഷന്‍, ക്യാമറ, മൈക്രോഫോണ്‍ തുടങ്ങിയ ഫീച്ചറുകളിലേക്ക് ആക്സിസിനായി റിക്വസ്റ്റ് ലഭിക്കാറുണ്ട്. ഈ റിക്വസ്റ്റ് എല്ലായിപ്പോഴും ആക്സിസ് ചെയ്യുകയോ, പൂര്‍ണ്ണമായി ബ്ലോക്ക് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. എന്നാല്‍, വണ്‍ ടൈം ഫീച്ചര്‍ ഉപയോഗിച്ച് താല്‍ക്കാലിക അനുമതി നല്‍കാന്‍ കഴിയും. നിലവില്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് പെര്‍മിഷന്‍ നല്‍കുന്നതിന് സമാനമായാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍ ടൈം ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ ആഗോളതലത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
◾ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ ട്രെയിലര്‍ എത്തി. പുറത്തെത്തിയ ട്രെയ്ലറിന് 2.23 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ചിത്രത്തിലെ ലോക സൃഷ്ടിയെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന, എന്നാല്‍ കഥാപശ്ചാത്തലത്തെക്കുറിച്ച് വലിയ സൂചനകളൊന്നുമില്ലാത്ത ട്രെയ്ലര്‍ കട്ട് ആണ് വാലിബന്റേത്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വാലിബന്റെ കേരളത്തിലെ പ്രീ ബുക്കിംഗ് ആരംഭിച്ചത് ഇന്നാണ്. കേരളത്തിന് മുന്‍പേ യുകെയില്‍ വാലിബന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. യുകെയില്‍ മാത്രം 175 ല്‍ അധികം സ്‌ക്രീനുകളിലാണ് വാലിബന്‍ എത്തുക. ആദ്യ കണക്കുകള്‍ അനുസരിച്ച് അയ്യായിരത്തോളം (4900) ടിക്കറ്റുകളാണ് യുകെയില്‍ ചിത്രം വിറ്റിരിക്കുന്നത്.
◾മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ടീസര്‍ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നാല്‍പത്തിയഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ദിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുടുംബ ബന്ധങ്ങളിലൂടെ മുന്നേറുന്ന ഒരു സറ്റയര്‍ ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. മുകേഷ്, ഉര്‍വ്വശി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു.
◾2023 ല്‍ ആഡംബര സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ ഓട്ടോമൊബിലി ലംബോര്‍ഗിനിക്ക് ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പന. വിപണിയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ നൂറിലധികം കാറുകള്‍ കമ്പനി വിറ്റതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് 103 കാറുകളാണ് കഴിഞ്ഞ വര്‍ഷം കമ്പനി വിറ്റത്. 2022 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനത്തിന്റെ വര്‍ധനവോടെ 92 കാറുകളുടെ വില്‍പനയാണ് നടന്നത്. ലോകവിപണിയിലേക്ക് വരുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി കമ്പനി ആയിരത്തിലധികം കാറുകള്‍ വില്‍പ്പന നടത്തി. 2023ല്‍ 10,112 കാറുകളാണ് കമ്പനി ലോകത്താകമാനം വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലംബോര്‍ഗിനിയുടെ വളര്‍ച്ച 10 ശതമാനമായി വര്‍ദ്ധിച്ചു. യൂറോപ്പില്‍ നിന്നാണ് കാറിന് ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും 3,987 യൂണിറ്റുകളാണ് ലംബോര്‍ഗിനിക്ക് ഉള്ളത്. അമേരിക്കയില്‍ 3,465 യൂണിറ്റുകളും ഏഷ്യ-പസഫിക് മേഖലയില്‍ 2,660 യൂണിറ്റു കാറുകളും ആണ് ഇതുവരെ വിറ്റഴിച്ചത്. 2023ല്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളില്‍ ലംബോര്‍ഗിനിയുടെ വില്‍പ്പനയില്‍ 14 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.വില്‍പ്പനയുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ മാത്രം ഒമ്പത് ശതമാനം വര്‍ധനവുണ്ടായി.ഏഷ്യ -പസഫിക് മേഖലയില്‍ നാല് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
◾തുര്‍ക്കിയുടെയും ഗ്രീസിന്റെയും ഇടയിലുള്ള കടലിന് അഭിമുഖമായ വിളക്കുമാടം. അതിന് കാവലായി ഒരു കുടുംബവും. വിളക്കുമാടത്തെ ചുറ്റിപ്പറ്റിയ ജീവിതം ശീലിച്ചവര്‍ എങ്ങനെ ഒരു യുദ്ധത്തിന്റെ ഭീകരത താങ്ങും? യുദ്ധം വേര്‍പെടുത്തിയ ജീവിതങ്ങള്‍ ചിത്രങ്ങളിലൂടെ കൂട്ടിച്ചേര്‍ക്കാനല്ലാതെ വേറൊന്നും അവര്‍ക്കാകില്ല. ഇരുട്ടിന്റെ മണിക്കൂറിലും പ്രതീക്ഷയുടെ വെളിച്ചം തെളിയുന്നതും കാത്ത് നില്‍ക്കുന്ന നിസ്സഹായജീവിതങ്ങളുടെ കഥ. ‘ലൈറ്റ് ഹൗസ് ഫാമിലി’. ഫിറാത്ത് സുനേല്‍. വിവര്‍ത്തനം: തെല്‍ഹത്ത് കെ.വി. ഡിസി ബുക്സ്. വില 256 രൂപ.
◾മഞ്ഞുകാലത്ത് നാം സാധാരണഗതിയില്‍ കുടിക്കുന്നതിലും അധികം വെള്ളം കുടിക്കണം. കാരണം ശരീരത്തില്‍ നിന്ന് മഞ്ഞുകാലത്ത് അധികം ജലാംശം പുറത്തേക്ക് പോകുന്നുണ്ട്. അന്തരീക്ഷം ഡ്രൈ ആയിരിക്കുന്നതിനാല്‍ തന്നെ ശരീരത്തില്‍ നിന്ന് ജലാംശം വറ്റിപ്പോവുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് മഞ്ഞുകാലത്ത് അധികം വെള്ളം കുടിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ശരീരത്തില്‍ നിന്ന് ഉള്ള ജലാംശം വറ്റിപ്പോവുകയും, കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യുന്ന അവസ്ഥയില്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത വളരെയേറെയാണ്. ഇത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും ആരോഗ്യപരമായ പ്രയാസങ്ങളിലേക്കുമാണ് നമ്മെ നയിക്കുക. മൂത്രാശയ അണുബാധ, മൂത്രത്തില്‍ കല്ല്, വിവിധ അണുബാധകള്‍, ഡ്രൈ സ്‌കിന്‍, മലബന്ധം എന്നുതുടങ്ങി പലവിധ പ്രശ്‌നങ്ങളിലേക്കാണ് നിര്‍ജലീകരണം നയിക്കുക. ഇതില്‍ ഏറ്റവും അപകടകരമായ അവസ്ഥ ഹൃദയംബന്ധമായ പ്രശ്‌നങ്ങളാണ്. മഞ്ഞുകാലത്ത് ഹൃദയസംബന്ധമായ പ്രയാസങ്ങളുള്ളവരില്‍ ആരോഗ്യാവസ്ഥ മോശമാകുന്നത് കൂടുതലാകാനുള്ള കാരണവും നിര്‍ജലീകരണം തന്നെ. തണുപ്പുള്ള അന്തരീക്ഷത്തില്‍ താപനില പിടിച്ചുനിര്‍ത്താന്‍ വേണ്ടി ശരീരം ചര്‍മ്മത്തിലെ രക്തക്കുഴലുകള്‍ കൂടുതല്‍ ഞെരുക്കും. ഇതിലൂടെ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നു. ഇത് ഹൃദയത്തിനാണ് ഭാരം സൃഷ്ടിക്കുക. അതുപോലെ വെള്ളം ആവശ്യത്തിന് എത്തിയില്ലെങ്കില്‍ രക്തത്തിന്റെ കട്ടി കൂടും. ഇത് രക്തയോട്ടം പതുക്കെ ആകുന്നതിലേക്ക് നയിക്കാം. ഈ അവസരത്തില്‍ ഹൃദയത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇതും ബിപി കൂടാന്‍ കാരണമാകുന്നു. വീണ്ടും ഹൃദയത്തിന് തന്നെ സ്‌ട്രെസ്. നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ നെഞ്ചിടിപ്പും ഉയരുന്നു. ഇതും ഹൃദയത്തിന് ദോഷമാണ്. നിര്‍ജലീകരണം വല്ലാതെ നേരിടുകയാണെങ്കില്‍ അത് രക്തത്തില്‍ ചെറിയ കട്ട പിടിക്കലുകള്‍ സംഭവിക്കുന്നതിലേക്കും നയിക്കാം. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്കെല്ലാം നയിക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.13, പൗണ്ട് – 105.41, യൂറോ – 90.44, സ്വിസ് ഫ്രാങ്ക് – 95.74, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.69, ബഹറിന്‍ ദിനാര്‍ – 220.51, കുവൈത്ത് ദിനാര്‍ -270.06, ഒമാനി റിയാല്‍ – 215.92, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 61.63.