◾കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി എട്ടിനു ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും സമരം നടത്തും. കേരള ഹൗസില്‍നിന്ന് രാവിലെ 11.30 ന് ജന്തര്‍ മന്ദറിലേക്കു ജാഥയായാണ് പോകുക. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് അറിയിച്ചു. അന്നു കേരളത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊച്ചിയും ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളും. ഇന്നു വൈകുന്നേരം ആറരയ്ക്ക് കൊച്ചിയിലെത്തുന്ന മോദിയുടെ റോഡ് ഷോ ഏഴു മണിയോടെ ആരംഭിക്കും. കൊച്ചിയില്‍ മൂന്നു മണി മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്. രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി നാളെ രാവിലെ എട്ടോടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം പത്തു മണിയോടെ തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനവും നടത്തും. പന്ത്രണ്ടോടെ ഷിപ് യാര്‍ഡിലെ പരിപാടിയില്‍ പങ്കെടുത്ത് ഒന്നരയ്ക്കു മറൈന്‍ ഡ്രൈവില്‍ ബിജെപി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കും.
◾ഭൂമി തരംമാറ്റാന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന താലൂക്കുതല അദാലത്ത് വയനാട്ടിലെ പനമരത്ത് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. നിയമസഭ പാസാക്കിയ ഭൂമിതരം മാറ്റല്‍ ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് ഈ നീക്കം. 25 സെന്റില്‍ താഴെ ഭൂമിയുള്ള 251 പേര്‍ക്കാണ് വയനാട്ടില്‍ ഭൂമി തരംമാറ്റി നല്‍കിയത്. ഭൂമി തരംമാറ്റലിനായി റവന്യൂ വകുപ്പില്‍ ആകെ 3,74,218 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1,16,432 അപേക്ഷകള്‍ തീര്‍പ്പാക്കിയെന്നു മന്ത്രി അറിയിച്ചു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455, *www.ksfe.com*
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മന്ത്രി പി. രാജീവനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി. രാജീവ് സമ്മര്‍ദം ചെലുത്തിയെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കാന്‍ നീക്കം നടക്കുന്നത്. പി രാജീവിനെതിരായ വിവരങ്ങള്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍ എന്‍ഫോഴ്സ്മെന്റിനു മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് മൊഴി.
◾ആലുപ്പുഴയിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെ ലാത്തിയടിയേറ്റു തലയ്ക്കു ഗുരതര പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ ആരോഗ്യനില ഗുരുതരം. മേഘയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്കു മാറ്റി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മാര്‍ച്ച് നടത്തിയത്. ലാത്തിയടിയില്‍ നിരവധി വനിതാ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
◾ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിനെ കൊല്ലാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നു രമേശ് ചെന്നിത്തല. പോലീസ് നടത്തിയത് അതിഭീകരമായ നരനായാട്ടാണ്. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചു കീറുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തു. മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറിയാം. പോലീസിനെതിരെ നിയമനടപടി സ്വീകരിക്കും. ചെന്നിത്തല പറഞ്ഞു.
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസില്‍ കൂടി പോലീസ് അറസ്റ്റു ചെയ്തെങ്കിലും രണ്ടു കേസുകളില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയതിനുള്ള കേസിലെ ജാമ്യാപേക്ഷ ജില്ലാ കോടതി നാളെ പരിഗണിക്കും. സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസിലെ ജാമ്യഹര്‍ജിയും നാളെ പരിഗണിക്കും.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കണ്ണീര്‍വാതക ഷെല്‍ പോലീസിനു നേരെ തിരിച്ചെറിയുകയും ചെയ്തു. നിരവധി പേര്‍ക്കു പരിക്കുണ്ട്. നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. റോഡ് ഉപരോധിച്ചു സമരം ചെയ്തതുമൂലം കളക്ടറേറ്റിനു സമീപത്തെ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു.
◾കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കടന്നുപോകുന്ന വഴിയില്‍ മോദിക്കെതിരേ കറുത്ത തുണിയില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി കെഎസ് യു. ‘എ ബിഗ് നോ ടു മോദി’ എന്നെഴുതിയ ബാനര്‍ നീക്കം ചെയ്യണമെന്ന് ഗവണ്മെന്റ് ലോ കോളജിലെ കെഎസ് യു ഭാരവാഹികളോട് ആവശ്യപ്പെട്ടെങ്കിലും ഉച്ചവരെ നീക്കം ചെയ്തില്ല.
◾
◾കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ ഒരു വര്‍ഷം മുമ്പു നടന്ന മര്‍ദന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. ഗാര്‍ഹിക പീഡന കേസിലെ പ്രതിയെ എസ്ഐ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് അമ്പലമേട് എസ്ഐ ആരോപിച്ചു. മണ്ണ് മാഫിയയുമായുള്ള പൊലീസ് ബന്ധം ആരോപിച്ച് രണ്ടാഴ്ച മുന്‍പ് പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടന്നതിനു പിറകേയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്.
◾പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി തൃപ്പൂണിത്തുറയില്‍ അന്തരിച്ചു. 84 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാര ജേതാവാണ്. യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികള്‍.
◾മണിപ്പൂരിലെ പാപക്കറ തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചാല്‍ തീരില്ലെന്നു സുരേഷ് ഗോപിയെ വിമര്‍ശിച്ച് ടി.എന്‍. പ്രതാപന് എംപി. മണിപ്പൂരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും ടി.എന്‍. പ്രതാപന് കുറ്റപ്പെടുത്തി.
◾അതിരപ്പിള്ളി വനത്തിനുള്ളില്‍ അതിക്രമിച്ചുകടന്നെന്ന് ആരോപിച്ച് അഞ്ചു വിനോദ സഞ്ചാരികള്‍ക്കും കൂട്ടുപോയ താത്കാലിക വാച്ചര്‍ക്കും എതിരേ കേസ്. ഇവര്‍ വാഹനവുമായി 10 കിലോമീറ്ററിലേറെ വനത്തിനുള്ളിലേക്ക് യാത്ര ചെയ്തെന്നാണു കേസ്. താല്‍ക്കാലിക വാച്ചര്‍ അയ്യംപുഴ സ്വദേശി ശ്രീലേഷിനെ പിരിച്ചുവിടുമെന്നും വനംവകുപ്പ് അറിയിച്ചു.
◾നാസ എര്‍ത്ത് പകര്‍ത്തിയ കൊച്ചിയുടെ ആകാശ ദൃശ്യം വൈറലാകുന്നു. കൊച്ചിയുടെ തീരവും, കായലുമെല്ലാം ഉള്‍പെടുന്ന ചിത്രമാണ് നാസ പുറത്തുവിട്ടത്. കൊച്ചിയെക്കുറിച്ചു വിശദമായ കുറിപ്പും നാസ എര്‍ത്ത് പോസ്റ്റിലുണ്ട്.
◾മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നു പേര് മരിച്ചു. കൊമ്പിടിഞ്ഞാമാക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തന്‍ചിറ താക്കോല്ക്കാരന് ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്.
◾ആളൂര്‍ മാള റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തു സിമന്റ് ട്രക്ക് മറിഞ്ഞ് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കൊടകര മറ്റത്തൂര്‍കുന്ന് ചിറയാരക്കല്‍ രാജേഷ് (48 ) ആണ് മരിച്ചത്. ട്രക്കിന്റെ അടിയില്‍പെട്ട രാജേഷ് തല്‍ക്ഷണം മരിച്ചു.
◾തിരുവനന്തപുരം ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് അടുത്ത മാസം പകുതിയോടെ തുറന്നു കൊടുക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജാണിത്. കൃത്രിമ മഞ്ഞും ചാറ്റല്‍ മഴയും എല്‍ഇഡി സ്ക്രീനിന്റെ സഹായത്തോടെ പാലത്തില്‍ വിള്ളല്‍ വീഴുന്ന അനുഭവവും ഒരുക്കുന്നുണ്ട്.
◾അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നു വീഡിയോയിലൂടെ ആവശ്യപ്പെട്ട കെ.എസ്. ചിത്രയ്ക്കെതിരേ നടത്തുന്ന സൈബര്‍ ആക്രമണം ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് സതീശന് പറഞ്ഞു.
◾കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കേരളാ പോലീസ് കാണുന്നില്ലേയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്നു പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്. സിപിഎമ്മിന്റെ സഹിഷ്ണുതയുടെ അടയാളമാണിതെന്നും മുരളീധരന് പറഞ്ഞു.
◾സമരവും ഭരണവും എന്തെന്ന് എം.ടി. വാസുദേവന്‍ നായര്‍ പഠിപ്പിക്കേണ്ടെന്ന് സിപിഎം നേതാവ് ജി സുധാകരന്. എംടിയെ ചാരി ചിലര്‍ ഷോ കാണിക്കുകയാണ്. ആലപ്പുഴയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ വ്യക്തിപൂജയെ വിമര്‍ശിച്ചതിനാണ് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ സുധാകരന്റെ വിമര്‍ശനം.
◾വയനാട് മൂടക്കൊല്ലിയില്‍ ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമില്‍നിന്ന് കടുവ പന്നിയെ പിടികൂടുന്ന ദൃശ്യം പുറത്ത്. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
◾സര്‍ക്കാര്‍ ലേലം ചെയ്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്കി. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി രാജേഷിനാണ് റവന്യൂ റിക്കവറി നോട്ടീസ് നല്‍കിയത്. ഇല്ലാത്ത ലോറിയാണെന്നു ചൂണ്ടിക്കാട്ടിയതോടെ മോട്ടോര്‍ വാഹന വകുപ്പ് ക്ഷമ ചോദിച്ചു.
◾കൈ.വൈ.സി നല്‍കിയില്ലെങ്കില്‍ വാഹനങ്ങളിലെ ഫാസ്റ്റാഗുകള്‍ ഈ മാസത്തോടെ പ്രവര്‍ത്തനരഹിതമാകും. കെവൈസി ഉടനേ സമര്‍പ്പിക്കണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു.
◾ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ചുവരെഴുത്ത് ക്യാംപെയിന് ബിജെപി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി കരോള്‍ബാഗില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ താമര വരച്ചാണ് പ്രചാരണം ഉദ്ഘാടനം ചെയ്തത്.
◾കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഉള്‍പ്പെടെയുള്ള മൂന്നു കോടീശ്വരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥസംഘം യുകെയിലേക്ക്. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവ ഉള്‍പ്പെടുന്ന സംഘമാണ് യുകെയിലേക്ക് തിരിക്കുന്നത്. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ എന്നിവരെ പിടികൂടാനാണു നീക്കം.
◾മഥുര കൃഷ്ണ ജന്മഭൂമിയോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വെ നടത്തണമെന്ന ഉത്തരവു സുപ്രീംകോടതി സ്റ്റേ ചെയ്തു. അഭിഭാഷക കമ്മീഷനെക്കൊണ്ടു പരിശോധിപ്പിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
◾മദ്യനിരോധനമുള്ള ഗുജറാത്തില്‍ നാടന്‍ മദ്യം കഴിച്ച് രണ്ടു പേര് മരിച്ചു. ഗാന്ധിനഗര്‍ ലിഹോഡ വില്ലേജിലെ വിക്രം താക്കൂര്‍ (35), കനാജി ജാല (40) എന്നിവരാണ് മരിച്ചത്. നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുളള മത്സരത്തില്‍ നിന്നും ഇന്ത്യന്‍ വംശജന് വിവേക് രാമസ്വാമി പിന്മാറി. ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു.
◾കനത്ത പ്രളയത്തില്‍ മുങ്ങി മൗറീഷ്യസ്. ബെലാല് ചുഴലിക്കാറ്റ് മൗറീഷ്യസില്‍ എത്തിയതോടെയാണ് പ്രളയം ശക്തമായത്. വിമാനത്താവളം അടച്ചു. വെള്ളപ്പൊക്കത്തില്‍ മൗറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയിസില്‍ സാരമായ നാശ നഷ്ടമുണ്ടായി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് മൗറീഷ്യസ് തീരത്തേക്ക് നീങ്ങുകയാണ്.
◾മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള പ്രമുഖ ആരോഗ്യ സേവന ശൃംഖയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഗള്‍ഫ് ബിസിനസ് വിറ്റഴിച്ച് നേടുന്ന പണത്തിന്റെ നല്ലൊരു പങ്ക് ഡിവിഡന്‍ഡ് വിതരണത്തിനായി ഉപയോഗിക്കാനൊരുങ്ങുന്നു. ഓഹരിയൊന്നിന് 110-120 രൂപ വീതം ഓഹരിയുടമകള്‍ക്ക് ഡിവിഡന്‍ഡ് നല്കാനുണുദ്ദേശിക്കുന്നത്. ഓഹരിയുടമകളുടെ അനുമതിക്കും വില്‍പ്പന ഇടപാട് പൂര്‍ത്തിയാക്കലിനും ശേഷമായിരിക്കും ഡിവിഡന്‍ഡ് പ്രഖ്യാപിക്കുക. പ്രമോട്ടര്‍മാര്‍ക്ക് സ്വന്തം പേരിലും വിവിധ കമ്പനികളുടെ പേരിലുമായി 20.92 കോടി ഓഹരികള്‍ (41.88%) ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിലുണ്ട്. 120 രൂപ വീതം ഡിവിഡന്‍ഡ് പ്രഖ്യാപിച്ചാല്‍ 2,510 കോടി രൂപയോളം പ്രമോട്ടര്‍മാരുടെ കീശയില്‍ വീഴും. മൊത്തം 49.95 കോടി ഓഹരികളാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിനുള്ളത്. അതിനാല്‍ ഓഹരിയൊന്നിന് 120 രൂപ വീതം ഡിവിഡന്‍ഡ് പ്രഖ്യാപിച്ചാല്‍ 5,994 കോടി രൂപയോളം ഇതിനായി വേണ്ടി വരും. ഡിവിഡന്റ് വാര്‍ത്തകളെ തുടര്‍ന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഓഹരികള്‍ ഇന്ന് 11 ശതമാനത്തോളം കുതിച്ചു കയറി. 52 ആഴ്ചത്തെ ഉയര്‍ന്ന വിലയും പിന്നിട്ട ഓഹരി 449.70 രൂപയിലാണ് നിലവില്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ 163 ശതമാനത്തലധികം നേട്ടമാണ് ഓഹരി നല്‍കിയിട്ടുള്ളത്. ഗള്‍ഫ് ബിസനസ് വില്‍പ്പനയ്ക്ക് ശേഷം ഉത്തരേന്ത്യന്‍ വിപണിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആസ്റ്റര്‍ ഉദ്ദേശിക്കുന്നത്.
◾ആമസോണില്‍ ഈ വര്‍ഷത്തെ ഷോപ്പിംഗ് ഉത്സവത്തിന് കൊടിയേറിയതോടെ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ വാങ്ങാന്‍ അവസരം. ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിനാണ് ആമസോണ്‍ തുടക്കമിട്ടിരിക്കുന്നത്. സ്വന്തമായൊരു ഐഫോണ്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഇക്കുറി ഐഫോണ്‍ 13 മോഡലാണ് ആകര്‍ഷകമായ കിഴിവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോണ്‍ 13-ന് ലഭിക്കുന്ന ഓഫര്‍ വിലയെ കുറിച്ച് പരിചയപ്പെടാം. ഐഫോണ്‍ 13-ന്റെ വിപണി വില 59,900 രൂപയാണ്. ഇതിനു മുന്‍പ് ഐഫോണ്‍ 13-ന്റെ 128 ജിബി സ്റ്റോറേജ് ഉള്ള മോഡല്‍ 52,999 രൂപയ്ക്കാണ് ആമസോണില്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, റിപ്പബ്ലിക് ഡേ സെയിലില്‍ 51,499 രൂപയ്ക്ക് ഈ മോഡല്‍ വാങ്ങാവുന്നതാണ്. എസ്ബിഐ ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുകയാണെങ്കില്‍ 1000 രൂപയുടെ കിഴിവും നേടാനാകും. മുഴുവന്‍ ഓഫറുകളും ക്ലെയിം ചെയ്യുമ്പോള്‍ ഐഫോണ്‍ 13-ന്റെ വില 50,499 രൂപയായി ചുരുങ്ങും. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 9,000 രൂപയ്ക്കടുത്ത് വ്യത്യാസമാണ് ഉള്ളത്.
◾പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്ത് കോലാര്‍ ഗോള്‍ഡ് ഫാകടറിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാന്’. വിക്രമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അതുകൊണ്ട് തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാന്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2024 ഏപ്രിലില്‍ ആയിരിക്കും ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം. മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പശുപതി, ഹരി കൃഷ്ണന്, അന്‍പു ദുരൈ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അന്‍പറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനില്‍ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത്.
◾തുടര്‍ച്ചയായ ഫ്ളോപ്പുകള്‍ക്ക് പിന്നാലെ വമ്പന്‍ നേട്ടവുമായി മോഹന്‍ലാല്‍. ‘നേര്’ റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ എത്തി നേട്ടം കൊയ്തിരിക്കുകയാണ് ചിത്രം. 100 കോടി നേടിയ സന്തോഷം ആശിര്‍വാദ് സിനിമാസിന്റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒ.ടി.ടി അവകാശവും സാറ്റലൈറ്റ് അവകാശവും വിറ്റ തുകയ്ക്ക് പുറമേയാണ് 100 കോടി നേടിയത്. ചിത്രം ദക്ഷിണേന്ത്യന്‍ ഭാഷകളിലും ആന്റണി പെരുമ്പാവൂരും മകന് ആഷിഷ് ജോ ആന്റണിയും ചേര്‍ന്ന് റീമേക്ക് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. അഭിഭാഷകനായെത്തുന്ന മോഹന്‍ലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു നേരില്‍ കണ്ടത്. അനശ്വര രാജന്റെ കഥാപാത്രവും കൈയ്യടി നേടിയിരുന്നു. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡിസ്നി പ്ലസ് ഹോട്സ്റ്റാര് ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി അനൗണ്‍സ് ചെയ്തിട്ടില്ല.
◾ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിളായ ഷോട്ട്ഗണ്‍ 650 ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.59 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുന്നത്. 650 സിസി എന്‍ജിനുള്ള ബ്രാന്‍ഡില്‍ നിന്നുള്ള നാലാമത്തെ മോട്ടോര്‍സൈക്കിളായാണ് പുതിയ ഷോട്ട്ഗണ്‍ 650 വരുന്നത്. സൂപ്പര്‍ മെറ്റിയര്‍ 650 അടിസ്ഥാനമാക്കിയുള്ളതാണ് റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650. റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650 ന് കരുത്തേകുന്നത് 648 സിസി എയര്‍-ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ്. ഇത് ബ്രാന്‍ഡിന്റെ മറ്റ് 650 സിസി മോട്ടോര്‍സൈക്കിളുകളില്‍ ഡ്യൂട്ടി ചെയ്യുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 46 ബിഎച്പി പീക്ക് പവറും 52 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയും. ഈ മോട്ടോര്‍സൈക്കിള്‍ ലിറ്ററിന് 22 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ബ്രേക്കിംഗ് ഹാര്ഡ്വെയര് മാറ്റമില്ലാതെ തുടരുന്നു.
◾ബാങ്കിങ് മേഖലയിലെ ചതിക്കുഴികള്‍ പ്രധാന പ്രമേയമാക്കിയ നോവല്‍. നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നു. വലിയ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥകളാകുന്നു. നൂതനസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും വന്‍തുകകള്‍ മാറ്റിമറിക്കുന്നതിനു പിന്നില്‍ ലോറന്‍സ് ആന്റണി എന്ന അതിബുദ്ധിമാനായ മനുഷ്യന്റെ ക്രിമിനല്‍ മനസ്സായിരുന്നു. അയാള്‍ മോഷണം വിദഗ്ദ്ധകലയാക്കി മാറ്റിയിരുന്നു. ചതിയനും വഞ്ചകനുമായ അയാള്‍ സമൂഹത്തിനു മുന്നില്‍ നല്ലവനായും പ്രണയിനി സാറയ്ക്കു മുന്നില്‍ കാമുകനായും ചമഞ്ഞു. ഇതുവരെ ആരും അനാവരണം ചെയ്യാത്ത ബാങ്കിങ് മേഖലയിലെ കറുത്ത അദ്ധ്യായങ്ങള്‍. ഉദ്വേഗജനകമായ വായനാനുഭവം നല്കുന്ന നോവല്‍. ‘അശുദ്ധഭൂതം’. ബാബു ജോസ്. മാതൃഭൂമി. വില 170 രൂപ
◾അധികമായാല്‍ മഞ്ഞളും ‘വിഷ’മാണ്. ഭക്ഷണമുണ്ടാക്കുമ്പോള്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയാക്കും. ഔഷധഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ആയുര്‍വേദത്തില്‍ ഒരു മരുന്നായാണ് മഞ്ഞളിനെ കാണുന്നത്. അണുബാധ, ദഹനക്കുറവ്, ചര്‍മ്മ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മഞ്ഞള്‍ ഒരു പരിഹാരമാണ്. രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മഞ്ഞള്‍ ബെസ്റ്റാണ്. എന്നാല്‍ ഉപയോഗം അമിതമായാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ഫലം. മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ദിവസേന അഞ്ച് മുതല്‍ 10 ഗ്രാമില്‍ കൂടാന്‍ മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ചെല്ലാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ഒരു പരിധിക്കപ്പുറം മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ശരീരം അത് നിരസിക്കുകയും വിഷലിപ്തമാകുകയും ചെയ്യും. അളവു പോലെ തന്നെ പ്രധാനമാണ് ഗുണമേന്മയും. ശുദ്ധീകരിച്ച കുര്‍ക്കുമിനും മറ്റ് ആല്‍ക്കലോയിഡുകളും അടങ്ങിയ വിപണയില്‍ കിട്ടുന്ന മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. അസംസ്കൃത ജൈവ മഞ്ഞള്‍ ഉപയോഗിക്കുന്നതാണ് എല്ലായ്പ്പോഴും ഗുണകരം. മഞ്ഞളില്‍ അടങ്ങിയ കുര്ക്കുമിന്, ദഹനപ്രക്രീയ പതുക്കെയാക്കി ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാല്‍ വരണ്ട ചര്‍മ്മം, ഭാരക്കുറവ് നേരിടുന്നവര്‍, പ്രമേഹ രോഗികള്‍ മഞ്ഞള്‍ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.96, പൗണ്ട് – 105.07, യൂറോ – 90.53, സ്വിസ് ഫ്രാങ്ക് – 96.51, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 220.09, കുവൈത്ത് ദിനാര്‍ -269.87, ഒമാനി റിയാല്‍ – 215.50, സൗദി റിയാല്‍ – 22.12, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.78, കനേഡിയന്‍ ഡോളര്‍ – 61.49.