◾കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമായി. വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പോലീസ് വലിച്ചുകീറുകയും ബൂട്ടിട്ട കാലുകൊണ്ടു ചവിട്ടുകയും ചെയ്തു. കളക്ടറേറ്റിലേക്കു കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. ഇന്നു രാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചു നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് 11 ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ മുഴുവന്‍ പ്രതിനിധിയായി പ്രാണപ്രതിഷ്ഠ നടത്താന്‍ ദൈവമാണു തന്നെ തെരഞ്ഞെടുത്തത്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണിത്. താന്‍ വികാരാധീനനാണെന്നും മോദി എക്സ് പ്ളാറ്റ്ഫോമില്‍ കുറിച്ചു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടുത്ത മാസം തിരുവനന്തപുരത്തേക്കും കൊണ്ടുവരാന്‍ ബിജെപി നീക്കം. മോദിയെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ ഏതാനും ലോക്സഭാ സീറ്റുകള്‍ പിടിക്കാനാണു ബിജെപി കളമൊരുക്കുന്നത്. ജനുവരി മൂന്നിനു തൃശൂരില്‍ റോഡ് ഷോ നടത്തിയ മോദി അടുത്തയാഴ്ച കൊച്ചിയിലും റോഡ് ഷോ നടത്തുന്നുണ്ട്. അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ എത്തിച്ച് റോഡ് ഷോ നടത്താനാണ് ബിജെപിയുടെ ശ്രമം.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നേരത്തെ സമാനഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. പ്രധാന ഹര്‍ജിയില്‍ കക്ഷിയാകാന്‍ സുപ്രീം കോടതി മലയാളി അഭിഭാഷകയായ യോഗമായക്ക് അനുമതി നല്‍കി.
◾ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിന് ആയിരങ്ങള്‍. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് എരുമേലിയില്‍ പേട്ട തുള്ളുന്നത്. വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ടതുള്ളിയെത്തിയ സംഘത്തെ വാവരു പള്ളിയില്‍ വരവേറ്റു.
◾മകരവിളക്ക് ദിവസമായ 15 ന് അയ്യപ്പവിഗ്രത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്തുനിന്ന് പുറപ്പെടും. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.
◾കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പുണ്ടെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദന്‍. ആള്‍ക്കൂട്ടത്തെ സമൂഹമാക്കി മാറ്റാന്‍ കഴിയണം. വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ല. വ്യക്തിപൂജ ഉണ്ടാകുമ്പോള്‍ നേതാക്കള്‍ അതു തിരുത്തണം. ഒരാളെയോ സന്ദര്‍ഭത്തെയോ എം ടി ചൂണ്ടിപ്പറഞ്ഞിട്ടില്ലെന്നും സച്ചിദാനന്ദന്‍.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു, അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലതെന്ന്
എംടി പറഞ്ഞെന്ന് എഴുത്തുകാരന്‍ എന്‍.ഇ. സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ്. പ്രസംഗം വിവാദമായിരിക്കേയാണ് എംടി ഇങ്ങനെ പറഞ്ഞതെന്നും സുധീര്‍ വ്യക്തമാക്കി.
◾എംടിയുടെ പ്രസംഗത്തിലെ വിമര്‍ശനം പിണറായി വിജയനും നരേന്ദ്ര മോദിക്കും എതിരേയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംടിയുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ കണ്ണു തുറപ്പിക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു.
◾എംടിയുടെ വിമര്‍ശനം കേന്ദ്രത്തിനെതിരെയാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമര്‍ശിക്കില്ല. വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. പ്രസംഗത്തെ ഇടതുപക്ഷ വിരുദ്ധര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ജയരാജന്‍ പറഞ്ഞു.
◾എംടി ഉദ്ദേശിച്ചത് പിണറായി വിജയനെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. അക്കാര്യം ജയരാജനും മനസിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാല്‍ പണി പോകുമെന്ന പേടിയാണ് ജയരാജനെന്നും മുരളീധരന്‍.
◾
◾അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ എന്‍ഐഎ പിടികൂടിയത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് സവാദ് എന്നു രേഖപ്പെടുത്തിയതുകൊണ്ട്. കാസര്‍കോട്ട് വിവാഹ സമയത്ത് നല്‍കിയ പേര് ഷാജഹാന്‍ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് യഥാര്‍ത്ഥ പേരാണ്. മംഗല്‍പ്പാടി പഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റിലാണ് എം എം സവാദ് എന്ന് രേഖപ്പെടുത്തിയത്.
◾സമസ്തയുടെ പണ്ഡിതരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിലാണ് വിവാദ പ്രസംഗം.
◾തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഇറക്കി. മുകളിലത്തെ നില തുറന്നതാണ്. പത്മനാഭസ്വാമിക്ഷേത്രം, ഭീമപള്ളി, ശംഖുമുഖം, പാളയം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ ബസ് സര്‍വീസ് നടത്തും. ഈ മാസം അവസാനത്തോടെ സര്‍വീസ് തുടങ്ങും.
◾വയനാട്ടിലെ ഹൈസ്‌കൂളുകളിലെ മലയാളം അധ്യാപക നിയമനം നടത്താത്തതിനു സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. സര്‍ക്കാരിനു കോടതി നോട്ടീസയച്ചു. 2011 ലെ പിഎസ്എസി ലിസ്റ്റനുസരിച്ച് നാലു പേരുടെ നിയമനം നടത്തണമെന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ കോടതി വിധി നടപ്പാക്കാത്തതിനാണ് നടപടി. ഉദ്യോഗാര്‍ത്ഥികളായ പി. അവിനാശ്, പി.ആര്‍. റാലി, ഇ.വി. ജോണ്‍സണ്‍, എം ഷീമ എന്നിവരാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
◾വടകര കുഞ്ചിപ്പള്ളിയില്‍ ഒരു വര്‍ഷമായി അടച്ചിട്ട കടമുറിയില്‍നിന്ന് തലയോട്ടിയും തൊട്ടടുത്ത മുറിയില്‍നിന്ന് വാരിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പമായിരുന്നു തലയോട്ടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾കോട്ടയം അടിച്ചിറയില്‍ വീട്ടില്‍ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പോലീസ്.
◾കൊല്ലത്ത് രണ്ടു മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. പട്ടത്താനം ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് (41) മകന്‍ ദേവനാരായണന്‍ (9) മകള്‍ ദേവനന്ദ (4) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾നിയന്ത്രണം വിട്ട കാറിടിച്ച് കടവരാന്തയോടു ചേര്‍ന്ന് ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവ് മരിച്ചു. പാറശ്ശാല സ്വദേശി സജികുമാര്‍ (22) ആണ് മരിച്ചത്. തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയ പാതയില്‍ പാറശാല – പവതിയാന്‍വിളയിലാണ് സംഭവം. മദ്യപിച്ചിരുന്ന കാര്‍ ഡ്രൈവര്‍ പാറശ്ശാല പൊന്‍വിള സ്വദേശി അമല്‍ദേവിനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയെന്നു പൊലീസ്.
◾പാലാ നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ളക്സില്‍ തീപിടിത്തം. ശരവണ ഭവന്‍ ഹോട്ടലിന്റെ അടുക്കളയില്‍നിന്നാണു തീ പടര്‍ന്നത്.
◾പൊട്ടക്കിണറ്റില്‍ വീണ രണ്ടു പന്നികളെ വെടിവെച്ചുകൊന്നു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് പന്നികള്‍ വീണത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഷൂട്ടര്‍മാര്‍ എത്തി രാത്രി എട്ടരയോടുകൂടി കിണറ്റില്‍ വച്ചുതന്നെ പന്നികളെ വെടിവച്ച് കൊല്ലുകയായിരുന്നു.
◾തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിയമിക്കാനുള്ള ഉന്നതാധികാര സമിതിയില്‍നിന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു. കോണ്‍ഗ്രസ് നേതാവ് ജയതാ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി നിയമഭേദഗതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നാണ് കോടതി നിലപാടെടുത്തത്.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വെറും ടൂറിസ്റ്റു യാത്രയാണെന്നും ടൂറിസ്റ്റുകളെ തടയില്ലെന്നും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. യാത്രക്കായി കോണ്‍ഗ്രസ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈവേയിലൂടെ യാത്ര നടത്താം. ഗോഹട്ടി നഗരത്തില്‍ രാവിലെ എട്ടിനു മുന്‍പ് നടത്തണം. കൂടാതെ അധ്യയന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ട് വിട്ടുനല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ഡിഎംകെ നേതാവും സ്പോര്‍ട്സ് മന്ത്രിയുമായ ഉദയനിധിയെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹം. അടുത്ത മാസം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദേശത്തേക്കു പോകുന്നതിനു മുമ്പേ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നാണ് നേതാക്കള്‍ക്കിടയിലെ സംസാരം. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന യോഗങ്ങളില്‍ ഇപ്പോള്‍ തന്നെ മകനെയാണ് അധ്യക്ഷനാക്കുന്നത്.
◾മുംബൈ വിമാനത്താവളത്തില്‍ 40 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി 21 കാരി തായ്ലന്‍ഡ് വനിത അറസ്റ്റിലായി. എത്യോപിയയിലെ അഡ്ഡിസ് അബാബയില്‍ നിന്നും മുംബൈയിലേക്കു വന്ന യുവതിയുടെ ബാഗില്‍നിന്ന് കൊക്കെയ്ന്‍ ആണു പിടികൂടിയത്.
◾ചെങ്കടലില്‍ കപ്പലുകള്‍ക്കെതിരേ ആക്രമണം നടത്തുന്ന യെമനിലെ ഹൂതികള്‍ക്കു നേരെ അമേരിക്കയുടേയും ബ്രിട്ടന്റേയും ആക്രമണം. ഹുതികേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്നു വെളിപെടുത്തിയിട്ടില്ല. ഒരു വര്‍ഷത്തിനിടെ 27 കപ്പലുകള്‍ക്കെതിരേയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്.
◾അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാപുവ ന്യൂ ഗിനിയയില്‍ കലാപത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ശമ്പളം പകുതിയാക്കിയതിനെതിരെ പൊലീസുകാര്‍ സമരത്തിനിറങ്ങിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആളുകള്‍ കടകള്‍ കൊള്ളയടിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവുംമൂലം ഈ പസഫിക് ദ്വീപ് ദുരിതത്തിലാണ്.
◾സാംബിയയില്‍ കോളറ ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കടന്നു. 7500 പേരാണ് ചികിത്സയിലുള്ളത്. അണുബാധയില്ലാത്ത ശുദ്ധ ജലത്തിനായി ആളുകള്‍ ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് സാംബിയന്‍ പ്രസിഡന്റ് ഹകൈന്‍ഡെ ഹിചിലേമ ആഹ്വാനം ചെയ്തു.
◾അടിയന്തരാവസ്ഥ നിലവിലുള്ള ഇക്വഡോറില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നേരിടാന്‍ സൈന്യത്തെ ഇറക്കി. 300 ലധികം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 14 പേര്‍ കൊല്ലപ്പെട്ടു.
◾ഗാംബിയ ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിലെ യന്ത്രത്തകരാര്‍മൂലം ഓക്സിജന്‍ വ്യതിയാനത്തെത്തുടര്‍ന്ന് താരങ്ങളും പരിശീലകരും ബോധരഹിതരായി. പൈലറ്റ് അടിയന്തരമായി വിമാനം നിലത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആഫ്കോണ്‍ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോകുകയായിരുന്ന ഗാംബിയ ടീം 50 സീറ്റുകളുള്ള ചെറുവിമാനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്.
◾ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് ഖത്തറില്‍ കിക്കോഫ്. ആദ്യമത്സരത്തില്‍ ഖത്തര്‍ ലെബനനുമായി ഏറ്റുമുട്ടും. ഇന്ത്യന്‍സമയം രാത്രി 9.30-നാണ് കിക്കോഫ്.
◾ഒക്ടോബര്‍-ഡിസംബര്‍ പാദഫല പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ഇന്‍ഫോസിസിന്റെയും ടി.സി.എസിന്റെയും ഓഹരികളില്‍ മുന്നേറ്റം. രാജ്യത്തെ ഐ.ടി കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന്റെ ലാഭം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലായളവിനേക്കാള്‍ ഏഴ് ശതമാനം കുറഞ്ഞ് 6,106 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം കേവലം 1.3 ശതമാനം വര്‍ധിച്ച് 38,821 കോടി രൂപയിലുമെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും നിരീക്ഷകരുടെ കണക്കുകൂട്ടിലിനൊപ്പമാണ് റിസള്‍ട്ടുകള്‍. 2023-24ലേക്കുള്ള വരുമാന വളര്‍ച്ചാ ഗൈഡന്‍സ് ഇന്‍ഫോസിസ് 1-2.5 ശതമാനത്തില്‍ നിന്ന് 1.5-2 ശതമാനത്തിലേക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഓക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ടി.സി.എസിന്റെ ലാഭം രണ്ട് ശതമാനം ഉയര്‍ന്ന് 11,508 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ പാദത്തേക്കാള്‍ ടി.സി.എസിന്റെ അറ്റാദായത്തില്‍ 2.5 ശതമാനം ഇടിവുണ്ടായി. വരുമാനം നാല് ശതമാനം വളര്‍ന്ന് 60,583 കോടി രൂപയിലെത്തി. ടി.സി.എസിന്റെ ലാഭം നിരീക്ഷകര്‍ കരുതിയതിനേക്കാള്‍ നേരിയതോതില്‍ ഉയര്‍ന്നു. ഒറ്റത്തവണ ലീഗല്‍ സെറ്റില്‍മെന്റിനായി 958 കോടി രൂപ ചെലവിട്ടത് ലാഭത്തെ ബാധിച്ചു. കഴിഞ്ഞ പാദത്തില്‍ ലഭിച്ച കരാറുകള്‍ സെപ്റ്റംബര്‍ പാദത്തിലെ 1,120 കോടി ഡോളറില്‍ നിന്ന് 810 കോടി ഡോളറായി താഴ്ന്നു.
◾ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. ആപ്പിളിനെ മറികടന്നാണ് മൈക്രോസോഫ്റ്റ് ഈ നേട്ടം സ്വന്തമാക്കിയത്. മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ 1.6 ശതമാനം ഉയര്‍ന്നതോടെ കമ്പനിയുടെ വിപണി മൂല്യം 2.875 ലക്ഷം കോടി ഡോളറെത്തി. അതേസമയം ആപ്പിള്‍ 0.9 ശതമാനം താഴ്ന്നതോടെ വിപണി മൂല്യം 2.871 ലക്ഷം കോടി ഡോളറിലേക്കെത്തി. 2021ന് ശേഷം ആദ്യമായാണ് ആപ്പിളിന്റെ വിപണിമൂല്യം മൈക്രോസോഫ്റ്റിനേക്കാള്‍ താഴെയെത്തുന്നത്.വളര്‍ച്ചയും വീഴ്ച്ചയും2023 ഡിസംബര്‍ 14ന് ആപ്പിള്‍ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമായ 3.081 ലക്ഷം കോടി ഡോളറിലെത്തിയിരുന്നു. 2023 നവംബര്‍ 28ന് മൈക്രോസോഫ്റ്റ് 2.844 ലക്ഷം കോടി ഡോളറിലും എത്തി. എന്നാല്‍ 2024ന്റെ ആദ്യ ആഴ്ചയില്‍ ഐഫോണിന്റെ പ്രധാന വിപണികളിലൊന്നായ ചൈനയില്‍ ഐഫോണ്‍ വില്‍പ്പനയില്‍ 30 ശതമാനം ഇടിവുണ്ടായത് ആപ്പിളിന് ക്ഷീണമായി. തുടര്‍ന്ന് ആപ്പിളിന്റെ ഓഹരികള്‍ ജനുവരിയില്‍ ഇതുവരെ 3.3 ശതമാനം ഇടിഞ്ഞു.അതേസമയം മെക്രോസോഫ്റ്റിന്റെ ഓഹരികള്‍ ജനുവരിയില്‍ ഇതുവരെ 1.8 ശതമാനം ഉയരുകയാണുണ്ടായത്. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തിയതോടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അടുത്തിടെ മൈക്രോസോഫ്റ്റിന് സാധിച്ചിരുന്നു. ചാറ്റ് ജി.പി.ടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എ.ഐയുമായുള്ള ബന്ധവും മൈക്രോസോഫ്റ്റിന്റെ വളര്‍ച്ച കൂട്ടാന്‍ സഹായിച്ചു.
◾കീര്‍ത്തി സുരേഷ് നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘രഘുതാത്ത’. കീര്‍ത്തി സുരേഷിന്റെ രഘുതാത്ത സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നതിന് എതിരെയുള്ള കഥയുമായാണ് രഘുതാത്ത എത്തുന്നത് എന്നാണ് വ്യക്തമാക്കുന്നത്. തമിഴില്‍ സൊല്ല് എന്ന് ടീസറില്‍ പറയുന്ന കീര്‍ത്തി സുരേഷിന് മികച്ച ഒരു അവസരമാണ് രഘുതാത്ത. സുമന്‍ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‌കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്യും ആനന്ദസാമിയുമൊക്കെയുണ്ട്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. സലാറിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീര്‍ത്തിയുടെ രഘുതാത്ത എത്തുക. കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമാകുന്ന ചിത്രം സൈറും പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. ജയം രവിയാണ് നായകന്‍.
◾ജയറാമിന്റെ വമ്പന്‍ തിരിച്ചു വരവും മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിയും ആഘോഷമാക്കി മലയാളി പ്രേക്ഷകര്‍. ‘എബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. 2.85 കോടി രൂപ കളക്ഷന്‍ ആണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആഗോളതലത്തില്‍ 5 കോടി നേടിയെന്നും 3 കോടി നേടിയെന്നും ചില ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമാവുകയാണ് ഓസ്ലര്‍. റിലീസ് ദിനമായ ഇന്നലെ കേരളത്തില്‍ 150ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം നേരിന്റെ ആദ്യ ദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്ലര്‍ മറികടന്നു. 130ല്‍ അധികം എക്‌സ്ട്രാ ഷോകളായിരുന്നു റിലീസ് ദിനത്തില്‍ നേരിന് ഉണ്ടായിരുന്നത്. ഹൗസ് ഫുള്ളായി പ്രദര്‍ശനം ആരംഭിച്ചിരിക്കുന്ന ചിത്രം 2024-ലെ ആദ്യ വലിയ റിലീസാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണിത്. അബ്രഹാം ഓസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്ലറിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
◾കിയ സോണിറ്റിന്റെ വില 7.99 ലക്ഷം രൂപ മുതല്‍ 15.59 ലക്ഷം രൂപ വരെ. 3 പെട്രോള്‍ മാനുവല്‍, 5 ഡീസല്‍ മാനുവല്‍, 3 പെട്രോള്‍ ഐഎംടി, 2 ഡീസല്‍ ഐഎംടി, 3 പെട്രോള്‍ ഡിസിടി, മൂന്ന് ഡീസല്‍ ഓട്ടമാറ്റിക് എന്നിങ്ങനെ പത്തൊമ്പത് മോഡലുകളില്‍ വാഹനം ലഭിക്കും. ഡിസംബര്‍ 20 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. മാനുവല്‍ ഡീസല്‍ പതിപ്പ് ഒഴിച്ചുള്ള വാഹനത്തിന്റെ വിതരണം ജനുവരിയിലും മാനുവലിന്റെ വിതരണം ഫെബ്രുവരിയിലും ആരംഭിക്കുമെന്നാണ് കിയ അറിയിക്കുന്നത്. ഇരുപത്തിയഞ്ചിലധികം സുരക്ഷ സംവിധാനങ്ങളും, 10 എഡിഎസ് ഫീച്ചറുകളും, 15 ഹൈടെക് സുരക്ഷ സംവിധാനങ്ങളും 70 കണക്റ്റഡ് കാര്‍ ഫീച്ചറുകളും പുതിയ സോണറ്റിലുണ്ട്. 1.2 പെട്രോള്‍, 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് പുതിയ മോഡലിനും. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രം ലഭിക്കുമ്പോള്‍ ഒരു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആറ് സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സുകളിലും 1.5 ലീറ്റര്‍ ഡീസല്‍ മോഡല്‍ ആറു സ്പീഡ് മാനുവല്‍, ഐഎംടി, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുകളിലും ലഭിക്കും.
◾ആളുകള്‍ പൊതുവേ പുറത്തുപറയാന്‍ മടിക്കുകയും നെഞ്ചില്‍ച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകള്‍. ആ യാഥാര്‍ത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയില്‍ ദേവമനോഹര്‍ ആവിഷ്‌കരിക്കുന്നു. വായനക്കാരുടെ മനസ്സില്‍ ആഞ്ഞുകൊത്തുന്ന സമകാലികയാഥാര്‍ത്ഥ്യങ്ങളാണവ. നിര്‍മമത്വമല്ല, വൈകാരികമായ വിക്ഷോഭം സൃഷ്ടിക്കലാണ് കഥാകൃത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ഈ കഥകളുടെ കണ്ണാടിയില്‍ വായനക്കാര്‍ സമകാലികസമൂഹത്തിന്റെ ഇരുണ്ട ലോകങ്ങള്‍ കാണും. ‘ജനിക്കാത്തവരുടെ ശ്മശാനം’. എസ്. ദേവമനോഹര്‍. ഗ്രീന്‍ ബുക്സ്. വില 170 രൂപ.
◾സാര്‍സ് കോവി-2 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ജെഎന്‍.1 ന്യുമോണിയ സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍. ഏത് പ്രായത്തിലുള്ളവരെയും ന്യുമോണിയ ബാധിക്കാമെന്നും ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ പ്രത്യേകിച്ചും കരുതിയിരിക്കണം. ശ്വാസകോശത്തിനുള്ളിലെ വായു അറകള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന രോഗമാണ് ന്യുമോണിയ. ഈ വായു അറകളില്‍ പഴുപ്പും ദ്രാവകവും കെട്ടിക്കിടക്കുന്നത് ചുമ, നെഞ്ച് വേദന, പനി, ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ എല്ലാ വ്യക്തികളിലും ഒരേ തരത്തിലാകില്ല ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ഇത് ഓരോരുത്തരുടെയും പ്രായവും ആരോഗ്യവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് പ്രായമായവരില്‍ ന്യുമോണിയ മൂലം ശ്വാസകോശ സംബന്ധ ലക്ഷണങ്ങളേക്കാള്‍ ആശയക്കുഴപ്പം, ധാരണശേഷിക്കുറവ് പോലുള്ള ലക്ഷണങ്ങളാകാം പ്രകടമാകുക. വഷളാകുന്ന നെഞ്ച് വേദന, ഉയര്‍ന്ന പനി, കുളിര്, നിരന്തരമായ ചുമ, കഫത്തില്‍ രക്തം, ശ്വാസംമുട്ടല്‍, ക്ഷീണം, ദുര്‍ബലത എന്നീ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ന്യുമോണിയ ഉണ്ടാക്കുന്ന കോവിഡ്, ഇന്‍ഫ്‌ളുവന്‍സ, ന്യുമോകോകസ് എന്നിവയ്‌ക്കെതിരെയെല്ലാം വാക്‌സിനേഷന്‍ എടുക്കുന്നത് രോഗതീവ്രതയും സങ്കീര്‍ണ്ണതയും കുറയ്ക്കാന്‍ സഹായിക്കും. കൈകളുടെ ശുചിത്വം പരിപാലിക്കേണ്ടത് രോഗവ്യാപനം കുറയ്ക്കാന്‍ അത്യാവശ്യമാണ്. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കുന്നതും വൈറസ് പരക്കുന്നത് കുറയ്ക്കും. നിത്യവുമുള്ള വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, ആവശ്യത്തിന് ഉറക്കം എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് കോവിഡ്, ന്യുമോണിയ പോലുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.91, പൗണ്ട് – 105.89, യൂറോ – 90.99, സ്വിസ് ഫ്രാങ്ക് – 97.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.61, ബഹറിന്‍ ദിനാര്‍ – 219.96, കുവൈത്ത് ദിനാര്‍ -269.82, ഒമാനി റിയാല്‍ – 215.37, സൗദി റിയാല്‍ – 22.11, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 62.09.