◾പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കൊച്ചിയില്‍ ബിജെപി ഒരുക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. വൈകുന്നേരം പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങും.
◾പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ എന്‍ഐഎ കണ്ണൂരിലെ മട്ടന്നൂരില്‍നിന്ന് അറസ്റ്റു ചെയ്തു. 2010 ജൂലൈയിലെ കുറ്റകൃത്യത്തിനുശേഷം 13 വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. കൈവെട്ടി മാറ്റിയ സവാദ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് ഷാജഹാന്‍ എന്ന പേരില്‍ മരപ്പണിക്കാരനായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ടു മക്കളും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു.
◾സംസ്ഥാന നിയമസഭാ സമ്മേളനം 25 ന് ആരംഭിക്കും. ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു നടത്തി. പോലീസുമായി സംഘര്‍ഷാവസ്ഥയിലായതോടെ ജല പീരങ്കി പ്രയോഗിച്ചു.
◾പൊന്നാനി എരമംഗലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടിയും പ്രതിഷേധ ബാനറും. ‘മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട് വെല്‍ക്കം ഹിയര്‍ ‘എന്ന് എഴുതിയ കറുത്ത ബാനര്‍ ഉയര്‍ത്തിയാണു പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാവ് പി.ടി. മോഹനകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കാനാണ് ഗവര്‍ണര്‍ പൊന്നാനിയില്‍ എത്തിയത്.
◾മകരമാസ പൂജാ സമയത്തെ ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ്. ജനുവരി 16 ന് 50,000 പേര്‍ക്കും 17 മുതല്‍ 20 വരെ പ്രതിദിനം 60,000 പേര്‍ക്കും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളില്‍ പമ്പ, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നീ മൂന്നിടങ്ങളില്‍ സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.
◾കോണ്‍ഗ്രസ് ഭരണമുള്ള അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കില്‍ നടന്നത് 55 കോടിയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പ്. സഹകരണ വകുപ്പ് നല്‍കിയ പരാതിയില്‍ ബാങ്ക് ഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും പ്രതികളാക്കി അങ്കമാലി പൊലീസ് കേസെടുത്തു. മാസങ്ങള്‍ക്കു മുന്‍പ് മരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ പ്രസിഡന്റുമായ പി ടി പോളാണ് ഒന്നാം പ്രതി. ഇപ്പോഴത്തെ പ്രസിഡന്റ് കെ ജി രാജപ്പന്‍ നായര്‍ മൂന്നാം പ്രതിയാണ്.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം കിട്ടാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊലീസ് അവരുടെ ജജോലി ചെയ്യും. സെക്രട്ടേറിയറ്റിലെ സമരത്തിനിടെ പൊലീസിനെ അടിച്ച രാഹുലിനെ അറസ്റ്റു ചെയ്യുന്നതു സ്വാഭാവികമാണ്. ഗോവിന്ദന്‍ പറഞ്ഞു.
◾ശതാഭിഷിക്തനായ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ.യേശുദാസിന് 84 ാം പിറന്നാളിന്റെ മധുരം പകര്‍ന്ന് ലോകമെങ്ങുമുള്ള മലയാളികള്‍. സാമൂഹ്യ മാധ്യമങ്ങളിലും വിവിധ സ്ഥലങ്ങളിലെ സംഗീത പരിപാടികളിലും യേശുദാസ് നിറഞ്ഞുനിന്നു. കൊച്ചിയില്‍ നടന്ന ജന്മദിനാഘോഷത്തില്‍ അമേരിക്കയിലെ ടെക്സസിലെ വീട്ടിലുള്ള ഗാനഗന്ധര്‍വന്‍ ഓണ്‍ലൈനായി പങ്കെടുത്തു. മലയാള സിനിമ സംഗീത ലോകത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മകന്‍ വിജയ് യേശുദാസാണ് കേക്ക് മുറിച്ചത്.
◾കൂടത്തായി റോയ് വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ചു കൊടുത്ത സ്വര്‍ണപ്പണിക്കാരന്‍ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയായാണ് ശരണ്യയെ പോലിസ് കോടതിയില്‍ എത്തിച്ചത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി.
◾
◾ആശുപത്രിയിലേക്കെന്ന പേരില്‍ വീട്ടില്‍നിന്നു പോയ യുവതിയെ കാമുകന്‍ കൊലപ്പെടുത്തി. തിരുവനന്തപുരം വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സിബിയുടെ ഭാര്യ സുനില(22)യാണു കൊല്ലപ്പെട്ടത്. മൃതദേഹം ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ ആളൊഴിഞ്ഞ വീട്ടിലാണു കണ്ടെത്തിയത്. സുഹൃത്ത് അച്ചു(24)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾ശബരിമല എരുമേലിയിലെ ശുചീകരണത്തൊഴിലാളികള്‍ പ്രതിഫലം കിട്ടാത്തതിനാല്‍ സമരം തുടങ്ങി. ഇതോടെ മാലിന്യക്കൂമ്പാരമായി എരുമേലി. 53 ദിവസത്തെ ശമ്പളം കിട്ടാനുണ്ടെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിശുദ്ധിസേന തൊഴിലാളികള്‍ പറഞ്ഞത്.
◾സിനിമ സംവിധായകന്‍ വിനു കോയമ്പത്തൂരില്‍ അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ഒരുക്കിയിരുന്നത്. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.
◾മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന മല്ലു കുടിയന്‍ അറസ്റ്റിലായി. തിരുവല്ല പെരിങ്ങര സ്വദേശി 23 വയസുള്ള അഭിജിത്ത് അനിലാണ് തിരുവല്ലയില്‍ എക്സൈസിന്റെ പിടിയാലയത്.
◾കളമശ്ശേരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്തു പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കളമശ്ശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ച പത്തു പേര്‍ക്കാണ് അസുഖമുണ്ടായത്.
◾നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. കാറില്‍ സയന ഉള്‍പ്പെടെ നാലു പേരുണ്ടായിരുന്നു.
◾ആറ്റിങ്ങലില്‍ കൊല്ലംപുഴ പാലത്തിന് സമീപം യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ 30 വയസുള്ള നിതീഷ് ചന്ദ്രനാണ് വെട്ടേറ്റത്.
◾ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പെരുമ്പാവൂര്‍ പോലീസ് പിടികൂടി. കൊല്ലം മുഖത്തല സ്വദേശി അരുണാണ് അറസ്റ്റിലായത്.
◾ഇന്ത്യ സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു. മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യ. സന്ദര്‍ശനത്തിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.
◾തമിഴ്നാട്ടില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ മന്ത്രി കെ പൊന്മുടിക്കും ഭാര്യക്കും തടവും പിഴ ശിക്ഷയും വിധിച്ച കോടതി വിധിക്കു പിറകേ അഡ്വക്കേറ്റ് ജനറല്‍ ആര്‍ ഷണ്മുഖസുന്ദരം രാജിവച്ചു. കേസില്‍ മന്ത്രിയെ കോടതി വെറുതെ വിടുമെന്നായിരുന്നു വിധിക്ക് തലേന്നുപോലും എ ജി മന്ത്രിയോടും നേതാക്കളോടും പറഞ്ഞിരുന്നത്.
◾ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് തുടങ്ങി. രാവിലെ ഗാന്ധി നഗറിലെ മഹാത്മാ മന്ദിറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായി. ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി അടക്കമുള്ളവരുമായ് നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നുണ്ട്.
◾ചെന്നൈ- ഹൈദരാബാദ് ചാര്‍മിനാര്‍ എക്സ്പ്രസ് പാളം തെറ്റി. നംപശ്ശി റെയില്‍വേ സ്റ്റേഷനിലാണ് പാളം തെറ്റിയത്. യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റു.
◾യുപിയിലെ അമോറയില്‍ ഒന്നിച്ചുറങ്ങിയ ഒരു വീട്ടിലെ അഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍. കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുകമൂലം ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
◾ബാങ്ക് മാനേജരായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തിയ കാമുകനെ അറസ്റ്റു ചെയ്തു. സിയോണ്‍ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗര്‍ (ആമി-35) ആണ് കൊല്ലപ്പെട്ടത്. കാമുകനായ യുപി സ്വദേശി ഷൊയെബ് ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
◾ഹരിയാനയിലെ അംബാലയില്‍ പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ച് സഹായം അപേക്ഷിച്ചെങ്കിലും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും തിരിഞ്ഞു നോക്കാത്തതുമൂലം യുവതി ആശുപത്രിക്കു മുന്നിലെ പച്ചക്കറി വണ്ടിയില്‍ പ്രസവിച്ചു. പഞ്ചാബിലെ മൊഹാലി ജില്ലക്കാരനായ യുവാവിന്റെ ഭാര്യയാണ് ഇങ്ങനെ പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് യുവാവും ബന്ധുക്കളും ആവശ്യപ്പെട്ടു.
◾ഉത്തര്‍ പ്രദേശില്‍ എംസിഎ വിദ്യാര്‍ത്ഥിയെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അടങ്ങുന്ന സംഘം മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ഷൂസ് നക്കിയ്ക്കുകയും ചെയ്തെന്നു പരാതി. 23 കാരനായ ആയുഷ് ദ്വിവേദിയാണു പരാതിക്കാരന്‍. ഇയാള്‍ക്കെതിരേ ഹെഡ് കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു. ഇതിനു പിറകേയാണ് അക്രമി സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്.
◾ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ധനത്തിന് 500 ശതമാനം വില വര്‍ധിപ്പിച്ചു. ബജറ്റ് കമ്മി കുറയ്ക്കാണ് അടുത്ത മാസം മുതല്‍ വില വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 25 പെസോസാണ് വില (ഏകദേശം 86.44 രൂപ). ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചിരട്ടി വര്‍ധിച്ച് 132 പെസോ (456.43 രൂപ) ആയി ഉയരും.
◾ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവ ഉള്‍പ്പെടുന്ന മെറ്റ കമ്പനിയുടെ തലവനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പശുവളര്‍ത്തലും ഇറച്ചിക്കച്ചവടവും ആരംഭിച്ചു. ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൂലോ റാഞ്ചില്‍ കന്നുകാലികളെ വളര്‍ത്തുന്ന പുതിയ സംരംഭം മാര്‍ക്ക് സക്കര്‍ബര്‍ഗ് ആരംഭിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഈ കാര്യം വെളിപെടുത്തിയത്. മികച്ച ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് ഫാം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
◾കുപ്രസിദ്ധ കുറ്റവാളി ജയില്‍ ചാടിയതിനെ തുടര്‍ന്ന് ഇക്വഡോറില്‍ 60 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘ഫിറ്റോ’ എന്ന് അറിയപ്പെടുന്ന അഡോള്‍ഫോ മസിയാസ് വില്ലമര്‍ എന്നയാളാണ് ഹൈ സെക്യൂരിറ്റി സെല്ലില്‍നിന്ന് പുറത്തു ചാടിയത്.
◾വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പോളിയോ വാക്സിനേഷന്‍ സംഘത്തിന് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പാക് താലിബാന്റെ ശക്തികേന്ദ്രമായ മാമുണ്ട് ജില്ലയിലാണ് ആക്രമണം നടന്നത്.
◾ബിസിസിഐയുമായി കരാറില്‍ ഏര്‍പ്പെടാനൊരുങ്ങി കാമ്പ കോള. ഇതോടെ, ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് പരമ്പരകളുടെയും ഔദ്യോഗിക സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ കാമ്പ കോളയും ഉണ്ടാകുന്നതാണ്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റിന്റെ ഉടമസ്ഥതയിലുള്ള ശീതള പാനീയ ബ്രാന്‍ഡാണ് കാമ്പ കോള. എതിരാളികളായ കൊക്കകോളയെയും, പെപ്സികോയെയും മറികടന്നാണ് ബിസിസിഐയുമായി കാമ്പ കോള കരാറില്‍ ഏര്‍പ്പെടുന്നത്. ഒരു വര്‍ഷം മുന്‍പ് റിലയന്‍സ് കാമ്പ കോളയെ പുനരാരംഭിച്ചതിന് ശേഷം നടത്തുന്ന ആദ്യത്തെ സ്പോണ്‍സര്‍ഷിപ്പ് കൂടിയാണിത്. കരാര്‍ അനുസരിച്ച്, രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെ പാനീയ പങ്കാളിത്തവും, പ്രത്യേക ഓണ്‍-സ്റ്റേഡിയം സാന്നിധ്യമാകാനുള്ള അവകാശവും ലഭിക്കുന്നതാണ്. അണ്ടര്‍ 19 സീരീസും, വനിതാ പരമ്പരകളും ഉള്‍പ്പെടെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളും കരാറില്‍ ഉള്‍പ്പെടുന്നതാണ്. കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 1970-കളിലും 1980-കളിലും ഇന്ത്യന്‍ വിപണിയിലെ പ്രത്യേക സാന്നിധ്യമായി മാറാന്‍ കാമ്പ കോളയ്ക്ക് സാധിച്ചിരുന്നു. പിന്നീട് യുഎസ് ഭീമന്മാര്‍ സോഫ്റ്റ് ഡ്രിങ്ക് വിപണി പിടിച്ചെടുത്തതോടെ കാമ്പ കോള അപ്രത്യക്ഷമാകുകയായിരുന്നു. 2022-ന്റെ പകുതിയോടെയാണ് പ്യുവര്‍ ഡ്രിങ്ക്സ് ഗ്രൂപ്പില്‍ നിന്ന് 22 കോടി രൂപയ്ക്ക് റിലയന്‍സ് കാമ്പയെ ഏറ്റെടുക്കുന്നത്.
◾ഉപഭോക്താക്കളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വോയിസ് നോട്ടുകളിലും ‘വ്യൂ വണ്‍സ്’ എത്തി. മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ വാട്സ്ആപ്പ് പങ്കുവെച്ചിരുന്നു. നിലവില്‍, വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ്. അധികം വൈകാതെ മുഴുവന്‍ ആളുകളിലേക്കും പുതിയ ഫീച്ചര്‍ എത്തിക്കാനുള്ള ശ്രമം വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ സന്ദേശങ്ങളില്‍ കൂടുതല്‍ സ്വകാര്യത ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വോയിസ് നോട്ടുകളിലും വ്യൂ വണ്‍സ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വ്യൂ വണ്‍സ് ആയി സെറ്റ് ചെയ്തിട്ടുള്ള വോയ്സുകള്‍ എക്സ്പോര്‍ട്ട്, ഫോര്‍വേഡ് ചെയ്യുന്നതില്‍ നിന്നും, സേവ് ചെയ്യുന്നതില്‍ നിന്നും, റെക്കോര്‍ഡ് ചെയ്യുന്നതില്‍ നിന്നും സ്വീകര്‍ത്താവിനെ തടയുന്നു. വ്യൂ വണ്‍സ് എന്ന ഓഡിയോ സന്ദേശം സ്വീകര്‍ത്താവ് ഒരിക്കല്‍ കേട്ടാല്‍ അവ ഉടന്‍ തന്നെ അപ്രത്യക്ഷമാകും. അതായത്, ഇത്തരം ഓഡിയോകള്‍ ഒരുതവണ മാത്രമേ പ്ലേ ചെയ്യാന്‍ കഴിയുകയുള്ളൂ. ഉപഭോക്താക്കളുടെ എല്ലാ വ്യക്തിഗത സന്ദേശങ്ങളെയും പോലെ, വാട്സ്ആപ്പ് വോയിസ് സന്ദേശങ്ങളെയും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് സംരക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ആഗോളതലത്തിലെ മുഴുവന്‍ ഉപഭോക്താക്കളിലേക്കും വ്യൂ വണ്‍സ് വോയിസ് ഫീച്ചര്‍ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.
◾ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നേരത്തെ റിലീസ് ചെയ്ത ടീസറിനും വലിയ സ്വകാര്യതയാണ് ലഭിച്ചിരുന്നത്. കോമഡി എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നതും ട്രെയ്ലറില്‍ കാണാന്‍ സാധിക്കും. സംവിധായകന്‍ കമലിന്റെ സിനിമാ ജീവിതത്തിലെ ഒരു തിരിച്ചുവരവ് ആയിരിക്കും വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലൂടെ എന്നാണ് പ്രേക്ഷകര്‍ കണക്കുകൂട്ടുന്നത്. ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണ് വിവേകാനന്ദന്‍ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.
◾സായ് സൂര്യ ഫിലിംസിന്റെ ബാനറില്‍ ആദിത്യ സായ്, അലന്‍സിയര്‍ ലേ ലോപ്പസ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജ?ഗത് ലാല്‍ ചന്ദ്രശേഖരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മായാവനം റിലീസിന്. ആക്ഷന്‍- സര്‍വൈവല്‍ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. നാല് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ജീവതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഗാനരചന റഫീഖ് അഹമ്മദ്. സുധി കോപ്പ, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ആമിന നിജാം, ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോക്കി, റിയാസ് നര്‍മ്മകല, കലേഷ്, അരുണ്‍ കേശവന്‍, സംക്രന്ദനന്‍, സുബിന്‍ ടാര്‍സന്‍, പ്രേംജിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾2023 സെപ്റ്റംബറിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് സിട്രോണ്‍ സി3 എയര്‍ക്രോസ് വിപണിയില്‍ എത്തിയത്. 1.2 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയായിരുന്നു വാഹനത്തിന്റെ ആദ്യ വരവ്. ഇപ്പോഴിതാ അതിന്റെ മോഡല്‍ ലൈനപ്പ് വിപുലീകരിച്ചുകൊണ്ട് രണ്ട് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പ്ലസ്, മാക്സ് വേരിയന്റുകള്‍ക്ക് മാത്രമായി 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സജ്ജീകരിച്ചിരിക്കുന്നു. ചില സിട്രോണ്‍ ഡീലര്‍മാര്‍ ഈ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് 25,000 രൂപ പ്രാരംഭ നിക്ഷേപം ആവശ്യമാണ്. ഔദ്യോഗിക വിലനിര്‍ണ്ണയ വിശദാംശങ്ങള്‍ 2024 ജനുവരിയില്‍ അനാവരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ലഭ്യമാകും. ഭാവിയില്‍ ഒരു വൈദ്യുത പതിപ്പിന് സാധ്യതയുണ്ട്. സിട്രോണ്‍ സി 3എക്സ് ക്രോസ്ഓവര്‍ സെഡാന്‍ , സിട്രോണ്‍ ഇസി3 എയര്‍ക്രോസ് എന്നീ രണ്ട് പുതിയ മോഡലുകള്‍ അനാച്ഛാദനം ചെയ്യുന്ന സിട്രോണിന് ഈ വര്‍ഷത്തേക്കുള്ള വലിയ പദ്ധതികളുണ്ട്.
◾സോഷ്യല്‍ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യര്‍ക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്. മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോള്‍ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഒര്‍മകള്‍ക്ക് ആരെങ്കിലും കാവല്‍ നിന്നിരുന്നെങ്കില്‍ ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ കുറച്ചു നിങ്ങള്‍ കണ്ണടച്ചിരിക്കാന്‍ സാധ്യതയുണ്ട്. കൈമോശം വന്ന ആ പഴയ നിഷ്‌ക ളങ്കതയിലേക്കു മടങ്ങിപ്പോകാന്‍ മാര്‍മലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും. ഹാ! മാര്‍മലയിലെ തണുത്ത കാറ്റ് മെല്ലെ മുഖത്തേക്കു വീശുന്നു… എന്റെ കണ്ണുകള്‍ ഓര്‍മയിലേക്കു പതിയെ അടയുന്നു… ജോസഫ് അന്നംകുട്ടി ജോസ്. ‘കാവല്‍ക്കാരി’. ആനി വള്ളിക്കാപ്പന്‍. കറന്റ് ബുക്സ് തൃശൂര്‍. വില 171 രൂപ.
◾ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും ദോഷകരമായ വസ്തുക്കളെയും ഇല്ലാതാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പ്രക്രിയയാണ് ഡിടോക്സിഫിക്കേഷന്‍. ഇത് കരള്‍, വൃക്കകള്‍, വന്‍കുടല്‍, ശ്വാസകോശം, ചര്‍മ്മം എന്നിവയുടെ സ്വാഭാവിക പ്രവര്‍ത്തനമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ചില ഭക്ഷണങ്ങള്‍ക്ക് അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നല്‍കിക്കൊണ്ട് ശരീരത്തിന്റെ വിഷാംശം ഇല്ലാതാക്കാന്‍ കഴിയും. നാരങ്ങയില്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് കരളിനെ ഉത്തേജിപ്പിക്കാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. വെളുത്തുള്ളിയില്‍ സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്തുക്കളെ പുറന്തള്ളാന്‍ കാരണമാകുന്ന കരള്‍ എന്‍സൈമുകളെ സജീവമാക്കാന്‍ സഹായിക്കുന്നു. ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ദഹനത്തെയും രക്തചംക്രമണത്തെയും ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളില്‍ ക്ലോറോഫില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും ഘന ലോഹങ്ങളെയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റൈന്‍ അടങ്ങിയിട്ടുണ്ട്, ഇത് കരളിന്റെ പ്രവര്‍ത്തനത്തിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അവോക്കാഡോയില്‍ ധാരാളമുണ്ട്. കാബേജില്‍ സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു, ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന കരള്‍ എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ് ബദാം. അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നല്‍കി കരളിന്റെ ആരോഗ്യത്തിനും വിഷാംശം ഇല്ലാതാക്കുന്നതിനും അവ സഹായിക്കുന്നു. വിഷാംശം ഇല്ലാതാക്കാന്‍ വെള്ളം അത്യാവശ്യമാണ്. ഇത് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.07, പൗണ്ട് – 105.54, യൂറോ – 90.80, സ്വിസ് ഫ്രാങ്ക് – 97.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.64, ബഹറിന്‍ ദിനാര്‍ – 220.41, കുവൈത്ത് ദിനാര്‍ -270.19, ഒമാനി റിയാല്‍ – 215.79, സൗദി റിയാല്‍ – 22.15, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 62.04.