◾ബജറ്റിലെ വിദേശ സര്‍വകലാശാല നിര്‍ദേശത്തിനെതിരേ ഉന്നത വിദ്യാഭ്യാസവകുപ്പും. വിദേശ സര്‍വകലാശാല നിര്‍ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും തീരുമാനമായിട്ടില്ലെന്നും മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും യുഡിസിയും അംഗീകരിച്ച നിര്‍ദ്ദേശമാണെങ്കിലും തന്റെ വകുപ്പ് അറിയാതെ ബജറ്റില്‍ നിര്‍ദേശിച്ചതില്‍ മന്ത്രിക്കു നീരസം. എന്നാല്‍ സ്വകാര്യസര്‍വ്വകലാശാലക്ക് അനുമതി നല്‍കാമെന്നു സിപിഎം നേരത്തെ രാഷ്ട്രീയതീരുമാനമെടുത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. എസ്എഫ്ഐ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്തശേഷമേ നടപ്പാക്കൂവെന്നും ഗോവിന്ദന്‍.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ എസ്എഫ്ഐഒ അന്വേഷണം തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോര്‍പ്പറേറ്റ് ഓഫീസില്‍ എത്തി. ഇന്നു രാവിലെ മുതല്‍ അന്വേഷണ സംഘം കെഎസ്ഐഡിസി ഓഫീസിലാണു പരിശോധന നടത്തുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്.
◾ചെങ്കടലില്‍ രണ്ടു കപ്പലുകള്‍ക്കു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. യുഎസില്‍നിന്ന് ഇന്ത്യയിലേക്കു ചരക്കുകളുമായി വരികയായിരുന്ന ഇന്ത്യന്‍ കപ്പലിനും ഒരു അമേരിക്കന്‍ കപ്പലിനും എതിരേയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾കേരളത്തില്‍ ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കൊച്ചി എന്‍ ഐ എ കോടതി. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
◾വിദേശ മദ്യം കയറ്റുമതി ചെയ്യാന്‍ കേരളം ഒരുങ്ങുന്നു. ഇതിന് എക്സൈസ് നിയമങ്ങളില്‍ സമഗ്രമായ പൊളിച്ചെഴുത്തു വേണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു. മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ അധ്യക്ഷനായ സമിതി ഒമ്പതു ശുപാര്‍ശകളാണു മുന്നോട്ടുവച്ചിരിക്കുന്നത്. സംസ്ഥാനത്ത് മദ്യ ഉല്‍പ്പാദകരുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള വ്യവസായികള്‍ക്ക് ഡിസ്റ്ററി ലൈസന്‍സ് നിര്‍ബന്ധമാക്കേണ്ടെന്നാണു ഒരു ശുപാര്‍ശ.
◾പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം. തിരുവനന്തപുരം പൂജപ്പുരയിലെ പിഎസ്സി പരീക്ഷക്കിടെ ഒരാള്‍ ഇറങ്ങിയോടി. കേരള സര്‍വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷക്കിടെയാണു സംഭവം. പരീക്ഷ ഹാളില്‍ പ്രവേശിച്ചശേഷം ഹാള്‍ടിക്കറ്റ് പരിശോധനയും ബയോമെട്രിക് പരിശോധനയും നടക്കുന്നതിനിടെയാണ് പരീക്ഷാര്‍ത്ഥികളിലൊരാള്‍ ഇറങ്ങിയോടിയതെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.
◾കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി വില്‍പന കേരളത്തില്‍ ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയാണു വില. സംസ്ഥാനത്ത് അരിയുടെ വില മൂന്നു മാസത്തിനിടെ പത്തു രൂപയിലേറെ വര്‍ധിച്ച് കിലോയ്ക്ക് അമ്പതിലേറെ രൂപയായിരിക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കോഓപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് അരി വില്‍ക്കുന്നത്.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾കാസര്‍കോട് പൈവളിഗെയിലെ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൈവളിഗെ സ്വദേശിയായ നൂര്‍ഷ എന്നറിയപ്പെടുന്ന അബൂബക്കര്‍ സിദീഖിനെയാണ് (34) അറസ്റ്റു ചെയ്തത്. ഇയാള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 2022 ജൂണ്‍ 26 നാണ് കൊലപ്പെടുത്തിയത്. കേസില്‍ 13 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
◾മഹാരാഷ്ട്രയിലെ വനംവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും വടകര സ്വദേശിയുമായ എന്‍. വാസുദേവനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗമായി നിയമിച്ചു. കേന്ദ്ര സര്‍ക്കാരാണു നിയമിച്ചത്.
◾എം വിന്‍സെന്റ് എംഎല്‍എ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. തിരുവനന്തപുരം – കളിയിക്കാവിള ദേശീയ പാതയില്‍ പ്രാവച്ചമ്പലത്ത് ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ബാലരാമപുരത്തെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് അപകടം.
◾ഡോ. വന്ദനദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ്. കൃത്യമായ അന്വേഷണത്തിനു കേരളത്തിനു പുറത്തുള്ള ഏജന്‍സി വേണം. കുത്തേറ്റ വന്ദനദാസിനു നാലര മണിക്കൂര്‍ കഴിഞ്ഞാണു ചികില്‍സ നല്‍കിയത്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
◾
◾ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സാമൂഹ്യമാധ്യത്തില്‍ പോസ്റ്റിട്ട യുവാവിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദി എന്ന ഇരുപത്താറുകാരനാണ് പിടിയിലായത്.
◾കണ്ണൂര്‍ പഴയങ്ങാടി പാലത്തിനു മുകളില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ബെംഗളൂരൂവില്‍നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന ടാങ്കര്‍ ലോറി അമിത വേഗത്തില്‍ ടെംപോ ട്രാവലറിലും രണ്ടു കാറുകളിലും ഇടിച്ചശേഷമാണ് മറിഞ്ഞത്.
◾പുല്‍പ്പള്ളി സുരഭിക്കവലയില്‍ കടുവ. ആടിനെ കൊന്നുതിന്ന കടുവയെ കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണു കടുവ കൊന്നുതിന്നത്.
◾എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാലയില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തൈക്കാട് സ്വദേശിയും എല്‍ഐസി ഏജന്റുമായ സുന്ദരന്‍ (52), കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ സ്വദേശി കിഴക്കോട്ട് വളപ്പില്‍ അലി (35) എന്നിവരാണു മരിച്ചത്.
◾കൊച്ചിയിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ മനംനൊന്താണ് ശിവരാമന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അപ്പോളോ ടയേഴ്സിലെ കരാര്‍ ജീവനക്കാരനായിരുന്നു ശിവരാമന്‍.
◾മലപ്പുറം പാണ്ടിക്കാട് അരിക്കണ്ടംപാക്കില്‍ കാട്ടു പന്നികള്‍ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി. പത്തോളം പന്നികളാണ് കടകളിലേക്ക് ഓടിക്കയറിയത്. പഞ്ചായത്ത് ഉത്തരവിട്ടതനുസരിച്ച് പന്നികളെ വെടിവച്ചു കൊന്നു.
◾പിന്നാക്ക വിഭാഗത്തില്‍നിന്നു സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തില്‍നിന്ന ഒഴിവാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ ഇങ്ങനെ പ്രതികരിച്ചത്. സാമൂഹികമായി മുന്നോട്ടുപോയവര്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചാല്‍ അയാളുടെ ജീവിത സാഹചര്യം മാറും. ആ വ്യക്തിയുടെ കുടുംബത്തിനോ മക്കള്‍ക്കോ എന്തിനാണ് തുടര്‍ന്നും സംവരണം നല്‍കുന്നതെന്ന് ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആര്‍ ഗവായും അഭിപ്രായപ്പെട്ടു. സംവരണത്തില്‍ ഉപസംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കുന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ മുന്നോട്ടുവച്ചത്.
◾തമിഴ്നാട്ടിലെ പ്രമുഖരായ മുന്‍ എഐഎഡിഎംകെ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. 15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
◾കര്‍ണാടകയില്‍ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ സദാചാര ആക്രമണം നടത്തിയ ശ്രീരാമസേനാ പ്രവര്‍ത്തകരടക്കം നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ പനമ്പൂര്‍ ബീച്ചിലാണ് മലയാളി യുവാവിനും സുഹൃത്തിനുമെതിരെ സദാചാര ഗുണ്ടായിസം നടന്നത്.
◾ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അന്താരാഷ്ട്ര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ എളുപ്പമാക്കുന്നതിനായി ബോസ്റ്റണ്‍ ആസ്ഥാനമായ ഫ്ളൈവയര്‍ കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള പണമിടപാട് സംവിധാനമാണ് ഫ്ളൈവയര്‍. ആപ്ലിക്കേഷന്‍ മുതല്‍ ട്യൂഷന്‍ ഫീസ് വരെ നീളുന്ന സേവനങ്ങള്‍ ഫ്ളൈവയര്‍ ഉറപ്പാക്കുന്നു. എസ്.ബി.ഐയുടെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ അനായാസമായി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും മെച്ചപ്പെട്ട സുതാര്യത ഉറപ്പാക്കിക്കൊണ്ടുമുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഈ പങ്കാളിത്തമെന്ന് എസ്.ബി.ഐ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം പണമിടപാടുകള്‍ സുഗമമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
◾വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍. 100 മില്യണിലധികം വരിക്കാരെയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ നേട്ടം കൈവരിക്കുന്നത്. യാതൊരു തടസവും ഇല്ലാതെ ബാക്ക്ഗ്രൗണ്ട് പ്ലേ അടക്കമുള്ള സംവിധാനങ്ങളോടെ യൂട്യൂബ് കണ്ടന്റുകള്‍ ആസ്വദിക്കാമെന്നതാണ് യൂട്യൂബ് മ്യൂസിക്കിന്റെ പ്രധാന സവിശേഷത. 2015-ലാണ് കമ്പനി ഈ സേവനങ്ങള്‍ക്ക് തുടക്കമിട്ടത്. യൂട്യൂബ് മ്യൂസിക്കിന് പുറമേ, പ്രീമിയം സബ്സ്‌ക്രിപ്ഷനും വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍, നൂറിലധികം രാജ്യങ്ങളില്‍ യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ലഭ്യമാണ്. ജനറേറ്റീവ് എഐ എന്ന സംവിധാനം പ്രീമിയം വരിക്കാര്‍ക്കായി ലഭ്യമാക്കിയതോടെ, യൂട്യൂബ് മ്യൂസിക്കില്‍ പോഡ്കാസ്റ്റ് ഫീച്ചറും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുതിപ്പ് ഉണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
◾ഏറെ വിവാദമായ ‘ദി കേരള സ്റ്റോറി’ ചിത്രം ഇനി ഒ.ടി.ടിയിലേക്ക്. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കഴിഞ്ഞ വര്‍ഷം മെയ് 5ന് ആയിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ സിനിമ റിലീസ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗിനെ സംബന്ധിച്ച് അറിയിപ്പുകള്‍ ഒന്നും വന്നിരുന്നില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശര്‍മ്മയാണ് ഇപ്പോള്‍ ഒ.ടി.ടി റിലീസ് തീയതി പുറത്തുവിട്ടത്. ഫെബ്രുവരി 16ന് സീ5ല്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കാന്‍ പോകുന്നത്. ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രൊപ്പഗാണ്ട സ്റ്റോറിയായ കേരള സ്റ്റോറിയുടെ ഒ.ടി.ടി റൈറ്റ്‌സ് ഏറ്റെടുക്കാന്‍ പ്ലാറ്റ്‌ഫോമുകള്‍ തയാറായിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.
◾ക്യുസി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരിസായ ‘പോച്ചറി’ന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി അഭിനേതാവും നിര്‍മ്മാതാവും ആലിയ ഭട്ട്. ആമസോണ്‍ പ്രൈം ആണ് ഇക്കാര്യം അറിയിച്ചത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണ കുറ്റകൃത്യ പരമ്പര, ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സാങ്കല്‍പ്പിക നാടകീകരണമാണ്. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈം വീഡിയോ പോച്ചര്‍ സ്ട്രീം ചെയ്യും. ദില്ലി ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്‍. നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന കഴിവുറ്റ അഭിനേതാക്കളാണ് പ്രധാന വേഷത്തിലുള്ളത്. എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്‍ലിന്‍ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നല്‍കിയത് ആന്‍ഡ്രൂ ലോക്കിംഗ്ടണാണ്.
◾ഒല ഇലക്ട്രിക് ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. 4കിലോവാട്ട്അവര്‍ ബാറ്ററി പാക്കില്‍ എസ്1 എക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് കഴിഞ്ഞ ദിവസം ഒല ഇലക്ട്രിക് പുറത്തിറക്കിയത്. ഒല എസ്1 എക്സ് ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ 2കിലോവാട്ട്അവര്‍, 3കിലോവാട്ട്അവര്‍, 4കിലോവാട്ട്അവര്‍ എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. യഥാക്രമം 79,999 രൂപ, 89,999 രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. പുതിയ മോഡലുകള്‍ ഉള്‍പ്പടെ മൊത്തം ആറ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനിയുടെ ലൈനപ്പിലുള്ളത്. 4കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉള്ള ഒല എസ്1 എക്സ് ഒറ്റ ചാര്‍ജില്‍ 190 കിമി വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് ടോപ്പ്-സ്പെക്ക് ജെന്‍-2 എസ്1 പ്രോയേക്കാള്‍ അഞ്ച് കിലോമീറ്റര്‍ കുറവാണ്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം ആറ് മണിക്കൂറും 30 മിനിറ്റും എടുക്കും. വലിയ ബാറ്ററി പാക്ക് ഒഴികെ, ഒല എസ്1 എക്സ് ചെറിയ ബാറ്ററി പായ്ക്ക് ഉള്ള നിലവിലുള്ള മോഡലിന് സമാനമാണ്. ഇപ്പോള്‍ ഇതിന്റെ ഭാരം 112 കിലോഗ്രാം ആണ്. ഇത് 3കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉള്ള എസ്1 എക്സ്നേക്കാള്‍ നാല് കിലോഗ്രാം കൂടുതലാണ്. അധിക ചാര്‍ജുകളില്ലാതെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 8 വര്‍ഷം/80,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി വാറന്റിയും ഓല വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് വെറും 4,999 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്റിയും 12,999 രൂപയ്ക്ക് 1.25 ലക്ഷം കിലോമീറ്ററും തിരഞ്ഞെടുക്കാം.
◾ആറ്റം മുതല്‍ ഗ്രഹം വരെ, കൊടുമുടി മുതല്‍ സമുദ്രഗര്‍ത്തം വരെ, ശ്രീബുദ്ധന്‍ മുതല്‍ ശ്രീനാരായണഗുരു വരെ, യൂറി ഗഗാറിന്‍ മുതല്‍ ബചേന്ദ്രി പാല്‍ വരെ, വിക്രം സാരാഭായ് മുതല്‍ സാലിം അലി വരെ, ഉമ്മന്‍ ചാണ്ടി മുതല്‍ നരേന്ദ്ര മോദി വരെ, പി.ടി. ഉഷ മുതല്‍ ലതാ മങ്കേഷ്‌കര്‍ വരെ… വ്യത്യസ്തവിഷയങ്ങളെ, വ്യത്യസ്തമേഖലകളെ സ്പര്‍ശിക്കുന്ന വിജ്ഞാനനുറുങ്ങുകളുടെ ഭണ്ഡാരമാണ് ഈ പുസ്തകം. ഇതില്‍ സയന്‍സും സ്പോര്‍ട്സും പോയട്രിയും പൊളിറ്റിക്സും ഫിലോസഫിയും ഫിലിമും ഒക്കെ അറിവിന്റെ കൗതുകകരമായ പാറ്റേണുകള്‍ തീര്‍ക്കുന്നു. എല്‍.പി., യു.പി. ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഭാവിയിലെ മത്സരപരീക്ഷകളിലേക്കുള്ള ആദ്യചുവടുകൂടിയാകും ഈ പ്രശ്നോത്തരി. ‘എല്‍.പി. – യു.പി. ക്വിസ്’. റെജി ടി. തോമസ്. എച്ച് &സി ബുക്സ്. വില 150 രൂപ.
◾വിഷാദ രോഗത്തിന് വ്യായാമം ഗുണംചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമല്ല തലച്ചോറിന്റെ മാറ്റത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് . ഫ്രണ്‍ഡിയേഴ്‌സ് ഓഫ് സൈക്യാട്രി എന്ന ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദ രോഗത്തിനടിമപ്പെട്ട കുറച്ചാളുകളിലാണ് പഠനം നടത്തിയത്. വിഷാദരോഗികളായ 41 ആളുകളെ മൂന്ന് ആഴ്ച്ചത്തെ വ്യായാമങ്ങള്‍ക്ക് വിധേയരാക്കി. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് സാധാരണ ആളുകളേക്കാള്‍ കുറവായിരിക്കും. വിഷാദരോഗികള്‍ പലപ്പോഴും മടികാണിക്കുകയും ശാരീരികമായി നിഷ്‌ക്രിയരായിരിക്കുകയും ചെയ്യും. വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സാധാരണ ആളുകളെ പോലെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരില്‍ വിഷാദം കുറയുന്നതായും പഠനം കണ്ടെത്തി. രോഗികളിലെ ഭയം മാറുന്നതായും ജീവിതത്തില്‍ ഉത്സാഹം വര്‍ദ്ധിച്ച് , സാമൂഹികമായി ഇടപെടുന്നതായും പഠനം കണ്ടെത്തി. ഡോ.കരീന്‍ റോസന്‍ക്രാന്‍സ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.98, പൗണ്ട് – 104.74, യൂറോ – 89.33, സ്വിസ് ഫ്രാങ്ക് – 95.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.14, ബഹറിന്‍ ദിനാര്‍ – 220.19, കുവൈത്ത് ദിനാര്‍ -269.54, ഒമാനി റിയാല്‍ – 215.56, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 61.54.