https://dailynewslive.in/ സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. വിടരുതെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസില്‍ ഹര്‍ജിക്കാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ ഹര്‍ജിയുമായി ഇനി ആരും ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിന് ശേഷം പുറത്തുവരും.

https://dailynewslive.in/ സംസ്ഥാനത്ത് പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും മഴ കനക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. കാസര്‍കോട്, ആലപ്പുഴ ജില്ലയൊഴികെ മറ്റെല്ലായിടത്തും യെല്ലോ അലര്‍ട്ടുമുണ്ട്.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതിലേക്കായി 18 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്. സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം വേഗത്തില്‍ അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. അതേസമയം, രേഖകള്‍ ശരിയാക്കാനുള്ള സമയമാണ് എടുക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ക്യാംപില്‍ കഴിയുന്നവര്‍ക്ക് 300 രൂപ വീതം ദിവസേന നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

https://dailynewslive.in/ വയനാട്ടിലെ ദുരന്ത ബാധിത മേഖലകളിലെ കൂടുതല്‍ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണന്‍ വ്യക്തമാക്കി. ചൂരല്‍മല ബ്രാഞ്ചില്‍ നിന്ന് ആകെ നല്‍കിയ വായ്പ 55 ലക്ഷമാണ്. അതില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ എഴുതിത്തള്ളിയത്. തുടര്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രാഥമിക പട്ടികയില്‍ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്.

https://dailynewslive.in/ ഉരുള്‍പൊട്ടലുണ്ടായ വയനാടും വിലങ്ങാടും ദുരന്തബാധിതരുടെ മുഴുവന്‍ വായ്പകളും എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനരധിവാസത്തിന് മൈക്രോ ലെവല്‍ പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലും വിലങ്ങാടും സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ കോണ്‍ഗ്രസിന്റെ 100 വീട് പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദീര്‍ഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ നല്‍കുന്നതെന്നും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേല്‍ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരുടെ സഹായമാണ് എത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പ്രദേശങ്ങളില്‍ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യമാണോ എന്ന് പരിശോധിക്കുന്ന സംഘം ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

https://dailynewslive.in/ ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷനില്‍ 186 പേരെ നിയമിച്ചു. അതില്‍ 135 പേര്‍ ഇപ്പോഴും വിവിധ തസ്തികകളില്‍ തുടരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് രേഖ. പിഎസ്സി പരിധിയിലല്ലാത്ത നിയമനങ്ങള്‍ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന സര്‍ക്കാര്‍ നിബന്ധന പാലിക്കാതെയാണ് നിയമനങ്ങളത്രയും നടന്നിട്ടുള്ളത്.

https://dailynewslive.in/ മാള അഷ്ടമിച്ചിറയില്‍ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ പാര്‍വതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് ക്ലിനിക്കില്‍ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരുന്ന സമയത്താണ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് പാര്‍വതിയെ ആക്രമിച്ചത്. ആക്രമണത്തില്‍ ഡോക്ടര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റുകയും വീഴ്ചയില്‍ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.

https://dailynewslive.in/ ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയെ ചികില്‍സിക്കുന്ന ഡോക്ടറുടെ നിര്‍ണായക മൊഴി പൊലീസിന് ലഭിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞു ജനിക്കുമ്പോള്‍ കരഞ്ഞിരുന്നുവെന്നു യുവതി ഡോക്ടറോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. അതേസമയം പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇവരെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ കാര്യങ്ങള്‍വ്യക്തമാകൂ. ചികിത്സയിലുള്ള യുവതി ആശുപത്രി വിട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

https://dailynewslive.in/ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ജില്ല കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി കോണ്‍ഗ്രസിനെ പേടിപ്പിക്കേണ്ടെന്ന് ഡിസിസി അധ്യക്ഷന്‍ സി.പി. മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭയിലേക്ക് വേണമെങ്കില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

https://dailynewslive.in/ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് അടൂര്‍ ട്രാഫിക് പോലീസ് ഇംപോസിഷന്‍ എഴുതിപ്പിച്ചു. പത്തനംതിട്ട ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാര്‍ക്കായിരുന്നു ശിക്ഷ. കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ, മനഃപൂര്‍വമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല എന്ന് നൂറുതവണ എഴുതിപ്പിച്ചു. ഇനി ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന താക്കീതും നല്‍കിയാണ് ട്രാഫിക് എസ്.ഐ. ഇവരെ വിട്ടയച്ചത്.

https://dailynewslive.in/ പുത്തുമലയില്‍ ഭൂമി നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങള്‍ വഴിയാധാരമായെന്ന വാര്‍ത്തയില്‍ ഇടപെടലുമായി റവന്യൂ മന്ത്രി കെ രാജന്‍. ഇത് പ്രത്യേക കേസായി പരിഗണിച്ച് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഉടന്‍ വാങ്ങി തുടര്‍നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വാടക വീടുകളില്‍ കഴിയുകയാണ് കുടുംബങ്ങള്‍.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തിലായി. ഇന്ന് രാവിലെ 9ന് തെരച്ചില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തെരച്ചിലിനായി നാവികസംഘം ഇതുവരെയും എത്തിയിട്ടില്ലെന്നാണ് വിവരം. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നാണ് സൂചന.

https://dailynewslive.in/ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഹീവാന്‍സ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. പ്രമുഖ വ്യവസായി പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദര്‍ മേനോനാണ് ഹീവാന്‍സ് ഫിനാന്‍സിന്റെ ചെയര്‍മാന്‍. ഇദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീനിവാസനും പിടിയിലായത്.

https://dailynewslive.in/ അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനെ കൈയ്യേറ്റം ചെയത സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് കുപ്പാടി നേടിയാക്കല്‍ വീട്ടില്‍ അമല്‍ തങ്കച്ചന്‍, കുപ്പാടി വരണംകുടത്ത് വീട്ടില്‍ അജയ് എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അജയന്റെ പേരില്‍ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി എട്ട് കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

https://dailynewslive.in/ എറണാകുളം കടമക്കുടിയില്‍ 54 കോടി രൂപ മുടക്കി നിര്‍മിച്ച പാലം പണി വിവാദത്തില്‍. അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തു നിന്ന് മാറി പാലം പണിത് ഇറക്കിയതോടെയാണ് നിര്‍മാണത്തില്‍ അശാസ്ത്രീയത ആരോപിച്ച് നാട്ടുകാര്‍ എത്തിയിരിക്കുന്നത്. ഇനി പാലം നിലത്തുതൊടാന്‍ വീണ്ടും പണം മുടക്കി പുതിയ സ്ഥലം ഏറ്റെടുക്കേണ്ട ഗതികേടിലെത്തി നില്‍ക്കുകയാണ് കാര്യങ്ങളെന്നാണ് വിവരം.

https://dailynewslive.in/ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎയുടെ റെയ്ഡ്. കതക് പൊളിച്ചാണ് എട്ട് പേരടങ്ങുന്ന സംഘം മുരളി കണ്ണമ്പിളളിയുടെ മകന്റെ വീടിനുള്ളില്‍ കടന്നത്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം അടിസ്ഥാനരഹിതമായ കേസിന്റെ പേരിലാണ് പരിശോധനയും ചോദ്യം ചെയ്യലും നടന്നതെന്ന് മുരളി കണ്ണമ്പിള്ളി പറഞ്ഞു.

https://dailynewslive.in/ ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ ആളുമാറി യുവാവിനെയും ഭാര്യയെയും മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു. കാട്ടാക്കട എസ്.ഐ. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തിലാണ് നടപടി.

https://dailynewslive.in/ പണി പൂര്‍ത്തിയാകാത്ത റോഡില്‍ ടോള്‍ നല്‍കേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാനുള്ള ഉപഭോക്തൃ കോടതിവിധി പാലിക്കാതിരുന്ന പാലിയേക്കര ടോള്‍പ്ലാസ അധികൃതര്‍ക്കെതിരേ വാറന്റ്. തൃശ്ശൂര്‍ സ്വദേശി ജോര്‍ജ് തട്ടില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തൃശ്ശൂര്‍ ഉപഭോക്തൃ കോടതിയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ക്കും എറണാകുളത്തെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിനുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്.

https://dailynewslive.in/ കാട്ടില്‍ കയറി മദ്യം ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്തില്‍ ഫോറസ്റ്റ് വാച്ചറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പേരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് പിടികൂടി. ചീരാല്‍ രവീന്ദ്രന്‍, കല്ലൂര്‍ രാജു, കല്ലൂര്‍ പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം.

https://dailynewslive.in/ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ഇരുചക്രവാഹനങ്ങളിലെത്തിയ ഇരുപതോളം പേരാണ് പാര്‍ട്ടി ഓഫീസ് അക്രമിച്ചത്. ഏഴ് അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

https://dailynewslive.in/ മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഡൂര്‍ ഉര്‍ദുനഗര്‍ സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമില്‍ ജീവനക്കാരന്‍ ആണ് ബാദുഷ.

https://dailynewslive.in/ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു.

https://dailynewslive.in/ കേന്ദ്ര ഭരണ പ്രദേശമായ ദമനില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരകളില്‍ പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതശരീരം കടലില്‍ നിന്നും കണ്ടെടുത്തു. ദമന്‍ സമാജം അംഗം പന്തളം സ്വദേശി മുരളീധരന്‍ നായരുടെയും പ്രീതയുടേയും മകനായ അശ്വിന്‍ മുരളിയെയാണ് (20) ഞായറാഴ്ച ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെയാണ് കാണാതായത്.

https://dailynewslive.in/ ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ല്‍ സീനിയര്‍ റേഡിയോ ജോക്കി ആയി സേവനം അനുഷ്ടിച്ചിരുന്ന ലാവണ്യ (രമ്യാ സോമസുന്ദരം) അന്തരിച്ചു. 41 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വര്‍ഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ടായിരുന്നു.

https://dailynewslive.in/ അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ ആരോപണങ്ങളുയര്‍ന്നതിനാല്‍ സംശയത്തിന്റെ അന്തരീക്ഷം ഒഴിവാക്കണമെന്നും അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിനോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോപണവിധേയയായ വ്യക്തിയും സെബിയും പ്രതികരിച്ച് കഴിഞ്ഞെന്ന് ധനമന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി.

https://dailynewslive.in/ 54 -ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 9 ന് നടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ദില്ലിയിലാണ് യോഗം ചേരുക. യോഗത്തിന്റെ അജണ്ടയെക്കുറിച്ച് കൗണ്‍സില്‍ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം.

https://dailynewslive.in/ ഇന്ത്യ-പാക് അതിര്‍ത്തിയായ പഞ്ചാബിലെ തന്‍ തരണ്‍ ജില്ലയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തി. സൈന്യം തിരികെ പോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുന്നതില്‍ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിര്‍ത്തതെന്നാണ് ബിഎസ്എഫിന്റെ വിശദീകരണം.

https://dailynewslive.in/ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞ് മടങ്ങിയ ഒഴിവിലാണ് നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി.

https://dailynewslive.in/ ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് അമേരിക്ക. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങളില്‍ അമേരിക്കന്‍ ഭരണകൂടത്തിന് യാതൊരു പങ്കുമില്ലെന്നും ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനതയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി പറഞ്ഞു.

https://dailynewslive.in/ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലെസില്‍ ശക്തമായ ഭൂകമ്പം. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചയോടെയാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാന്‍ഡ് പാര്‍ക്കാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

https://dailynewslive.in/ പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘം നാട്ടില്‍ തിരിച്ചെത്തി. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ക്ക് ശേഷമാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ആര്‍ ശ്രീജേഷിനും സംഘത്തിലും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിലും പുറത്തും ലഭിച്ചത്.

https://dailynewslive.in/ ഉത്തേജക വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇന്ത്യയുടെ പാരാലിമ്പിക്‌സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍. 18 മാസത്തേക്കാണ് വിലക്ക്. ടോക്യോ പാരാലിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ സ്വര്‍ണ മെഡല്‍ജേതാവാണ് പ്രമോദ്. താരം 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതായി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ ഉത്തേജക വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു.

(NB;ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് ഇന്‍ഫോടെയിന്റ്മെന്റ് വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല)

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *