*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. രണ്ടാഴ്ച മുമ്പു ചോദ്യം ചെയ്തതിനു പിറകേ, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് അരവിന്ദാക്ഷന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ പരിശോധന നടത്തി. എല്ലാം സിസിടിവി കാമറയിലുണ്ടെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ മറുപടി. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണമിടപാടിലെ ഇടനിലക്കാരനും അരവിന്ദാക്ഷനാണെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പങ്കജ് ചൗധരി. മുന്‍മന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾എന്‍ഫോഴ്സ്മെന്റിന്റെ കള്ളപ്പണ അന്വേഷണം തൃശൂര്‍ കോര്‍പറേഷനിലേക്കും. സിപിഎം ഭരിക്കുന്ന കോര്‍പറേഷനില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിനു ലഭിച്ച വിവരം. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത സിപിഎം കൗണ്‍സിലറില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ കോര്‍പറേഷനിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. പെട്ടിക്കട മുതല്‍ വാണിജ്യ സമുച്ചയങ്ങള്‍വരെ ക്രമപ്പെടുത്താന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിനു ലഭിച്ച വിവരം.
◾ബോളിവുഡ് താരം വഹീദ റഹ്‌മാന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയാണ് ഫാല്‍കെ പുരസ്‌കാരം. 1938 ല്‍ ഇന്നത്തെ തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ റഹ്‌മാന്റെ ജനനം. തെലുങ്ക് ചിത്രം രോജുലു മരായിയില്‍ ഒരു നര്‍ത്തകിയായി 1955 ലാണ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്.
◾പത്തനംതിട്ട സഹകരണ ബാങ്കിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കളളവോട്ട് ആരോപണവുമായി യുഡിഎഫും സിപിഎമ്മും. സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി എസ്എഫ്ഐ ജില്ലാസെക്രട്ടറി കെ എസ് അമല്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടതിനു പിറകേ, പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി എ. സുരേഷ് കുമാര്‍ കള്ളവോട്ടു ചെയ്തെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.
◾എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ പിരിച്ചുവിട്ട നടപടി ഡല്‍ഹിയിലെ രോഹിണി കോടതി സ്റ്റേ ചെയ്തു. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ ടി.പി. മണിയപ്പന്‍ ചുമതലയേല്‍ക്കരുതെന്നു കോടതി ഉത്തരവിട്ടു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ ഷോളയൂര്‍ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ കസ്തൂരി, ആതിര, സുജ, കൗസല്യ എന്നീ നാലു ജീവനക്കാര്‍ക്കെതിരെ ഷോളയൂര്‍ പൊലീസ് കേസെടുത്തു.
◾ഒരു ബാങ്കെങ്കിലും കൊള്ളയടിച്ചവരെയാണ് സി പി എം സഹകരണ മന്ത്രിയാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സഹകരണ പ്രസ്ഥാനത്തിന്റെ അന്തകനാണ് പിണറായി വിജയന്‍. കള്ളപ്പണത്തിന്റെ ഓഹരി മന്ത്രിമാരടക്കം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കിട്ടെടുത്തെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
◾കടയ്ക്കലില്‍ സൈനികനെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് പുറത്ത് എഴുതിയെന്ന പരാതി വ്യാജമെന്നു പോലീസ്. സൈനികന്‍ ഷൈന്‍ കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെ കസ്റ്റഡിയിലെടുത്തു. ശരീരത്തില്‍ പിഎഫ്ഐയെന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു.
◾തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രിം കോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. എതിര്‍കക്ഷികള്‍ക്ക് മറുപടി നല്‍കാനാണ് സമയം നല്‍കിയത്.
◾ആലപ്പുഴ വനിത ശിശു ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കുമരകം ചൂളഭാഗം തൈത്തറ നിധീഷിന്റെ ഭാര്യ രജിത(34) ആണ് മരിച്ചത്. ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
◾കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി കോട്ടയം അയ്മനം കുടയംപടിയില്‍ ആത്മഹത്യ ചെയ്ത വ്യാപാരി കെ.സി. ബിനു (50) വിന്റെ മൃതദേഹവുമായി കോട്ടയത്തെ കര്‍ണാടക ബാങ്ക് ഓഫീസിനു മുന്നില്‍ കുടുംബാംഗങ്ങളുടെ സമരം. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണിമൂലമാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾കോഴിക്കോട്ട് പുതിയ നിപ കേസുകളില്ല. സമ്പര്‍ക്കപ്പട്ടികയിലെ 915 പേര്‍ ഐസോലേഷനില്‍ കഴിയുന്നുണ്ട്. ചികിത്സയിലുളളവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു. നിപ പരിശോധന വേഗത്തിലാക്കാന്‍ കൂടുതല്‍ ഇടങ്ങളില്‍ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കുന്നുണ്ട്.
◾മറുനാടന്‍ മലയാളി എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍. കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് ഷാജനെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പണമിടമാടു വിവരങ്ങള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഷാജനോട് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ എത്തിയതാണെന്നു ഷാജന്‍ പറഞ്ഞു.
◾സംവിധായകന്‍ കെ ജി ജോര്‍ജിനെ വയോജന കേന്ദ്രത്തിലാക്കിയെന്നും അദ്ദേഹത്തെ കുടുംബം സംരക്ഷിച്ചില്ലെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഗോവയില്‍ മകനോടൊപ്പം താമസിക്കുന്ന ഭാര്യ സെല്‍മ. താന്‍ ഗോവയില്‍ സുഖവാസത്തിന് പോയതല്ല. ജോര്‍ജിനെ ആത്മാര്‍ഥതയോടെയാണ് സ്നേഹിച്ചതും നോക്കിയതുമെന്നുമാണ് സെല്‍മ പ്രതികരിച്ചത്.
◾കാസര്‍കോട്ട് ഗൃഹനാഥന്‍ വീട്ടില്‍ വെട്ടേറ്റു മരിച്ചനിലയില്‍. തൃക്കരിപ്പൂര്‍ പരത്തിച്ചാല്‍ സ്വദേശി എം.വി ബാലകൃഷ്ണന്‍ (54 ) ആണ് മരിച്ചത്.
◾കാവേരി നദീജലത്തര്‍ക്കത്തില്‍ തമിഴ്നാടിനു വെള്ളം വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ബംഗളുരുവില്‍ ബന്ത്. ഓട്ടോ, ബസ് സര്‍വീസുകള്‍ മുടങ്ങിയില്ല. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്. ബെംഗളൂരുവില്‍ നിരോധനാജ്ഞയാണ്. ഈ മാസം 29 ന് സംസ്ഥാനവ്യാപകമായി ബന്ത് നടത്തുമെന്നു കന്നഡ ഒക്കൂട്ടയെന്ന കന്നഡഭാഷാ കൂട്ടായ്മയും അറിയിച്ചു.
◾മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 17, 20 വയസുള്ള മെയ്തെയ് വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്.
◾ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അയല്‍വാസികളായ യുവാക്കളാണ് 16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തത്.
◾റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യന്‍ ബാങ്കും ഉള്‍പ്പെടെ മൂന്നു പൊതുമേഖലാ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി. പരിശോധനകള്‍ ഇല്ലാതെ കോര്‍പറേറ്റ് ലോണ്‍ അനുവദിച്ചതിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു കോടി മുപ്പതു ലക്ഷം രൂപ പിഴ ചുമത്തിയത്.
◾ഗുജറാത്തിലെ അഹമ്മദാബാദിലും സഹകരണബാങ്കിനു നിയന്ത്രണം. കളര്‍ മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് ഇടപാടുകാര്‍ക്ക് അമ്പതിനായിരം രൂപവരെ മാത്രമേ പിന്‍വലിക്കാവൂവെന്നാണ് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണു നടപടി.
◾കടുവകള്‍ ചത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥര്‍ നിലീഗിരി ജില്ലയിലെത്തി. മുതുമല കടുവ സങ്കേതം ഉദ്യോഗസ്ഥരുമായും മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സംസാരിച്ച സംഘം വിവരങ്ങള്‍ ശേഖരിച്ചു.
◾കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കു മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം. നിജ്ജാര്‍ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം മുഴക്കിയാണ് ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധിച്ചത്.
◾ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
◾ചില ഭീകരര്‍ കാനഡ സുരക്ഷിത താവളമാക്കിയിരിക്കുകയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസികളുമായി ബന്ധമുള്ള ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കാനഡ സ്വീകരണം നല്‍കിയത് എല്ലാവരും കണ്ടു. അദ്ദേഹം പറഞ്ഞു.
◾റഷ്യയുടെ കരിങ്കടല്‍ സേനാ കമാണ്ടര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍. അഡ്മിറല്‍ വിക്ടര്‍ സൊഖോലോവ് യുക്രെയിന്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കൂടെ മുപ്പതു സൈനികരും കൊല്ലപ്പെട്ടു. എന്നാല്‍ യുക്രൈന്റെ വാദത്തേക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.
◾ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ സെയ്‌ലിങ്ങില്‍ ഇന്ത്യയുടെ നേഹ ഠാക്കൂര്‍ വെള്ളി മെഡല്‍ നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി.
◾റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ദ്വൈമാസ പണനയ അവലോകന യോഗം പലിശ നിരക്ക് നിലനിര്‍ത്തിയേക്കും. തുടര്‍ച്ചയായ നാലാംതവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നാണ് സാമ്പത്തിക വിദഗദ്ധരുടെ വിലയിരുത്തല്‍. റീട്ടെയില്‍ പണപ്പെരുപ്പം കൂടി നില്‍ക്കുകയും യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യം കണക്കാക്കിയാണ് വിലയിരുത്തല്‍. ഒക്ടോബര്‍ 4മുതല്‍ 6 വരെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജൂലായിലെ 7.44 ശതമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 6.83 ശതമാനമായി കുറഞ്ഞെങ്കിലും, റിസര്‍വ് ബാങ്കിന്റെ കംഫര്‍ട്ട് ലെവലായ 6 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. പണപ്പെരുപ്പം 2023 ആഗസ്റ്റിലെ 6.8 ശതമാനത്തില്‍ നിന്ന് 2023 സെപ്തംബറില്‍ 5.3-5.5 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഫെബ്രുവരി 8 ന് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു, അതിനുശേഷം ഉയര്‍ന്ന റീട്ടെയില്‍ പണപ്പെരുപ്പവും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള ചില ആഗോള ഘടകങ്ങളും കണക്കിലെടുത്ത് നിരക്കുകള്‍ അതേ നിലയില്‍ നിലനിര്‍ത്തുകയാണ് ഉണ്ടായത്. റിസര്‍വ് ബാങ്ക് ദ്വൈമാസ പണ നയത്തില്‍ പ്രധാനമായും സി.പി.ഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് വിലയിരത്തുന്നത്.
◾ലോകത്ത് ആദ്യമായി മൂന്ന് ട്രില്യണ്‍ ഡോളര്‍ മൂല്യം കടന്ന ടെക് കമ്പനിയാണ് ആപ്പിള്‍. 200 ലക്ഷം കോടിയിലേറെ രൂപ ആസ്തിയുള്ള അമേരിക്കന്‍ ടെക് ഭീമന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നത്. ആപ്പിളിന്റെ ഓഫ്ലൈന്‍ സ്റ്റോറുകളായ ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാര്‍ക്ക് മണിക്കൂറിന് ഏകദേശം 1,825 രൂപ മുതല്‍ 2,490 രൂപ വരെ ശമ്പളം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തങ്ങളുടെ റീട്ടെയില്‍ ജീവനക്കാരുടെ വാര്‍ഷിക ശമ്പള വര്‍ധനവില്‍ ഇപ്രാവശ്യം കമ്പനി കുറവ് വരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ശമ്പള വര്‍ധനവായിരുന്നു നല്‍കിയത്. ഇക്കുറി അതില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ആപ്പിള്‍ നടപ്പു വര്‍ഷത്തേക്ക് ഏകദേശം 4 ശതമാനം ‘ശരാശരി വാര്‍ഷിക വര്‍ധനവ്’ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 8 ശതമാനം മുതല്‍ 10 ശതമാനം വരെയുള്ള കഴിഞ്ഞ വര്‍ഷത്തെ ഗണ്യമായ വര്‍ധനവിന് വിപരീതമായി, 2023-ലെ വര്‍ദ്ധനവ് 2 ശതമാനം മുതല്‍ പരമാവധി 5 ശതമാനം വരെയാണ്. യു.എസിലെ ഇപ്പോഴത്തെ ശുഭകരമല്ലാത്ത സാമ്പത്തിക പ്രവണതകളുമൊക്കെയാണ് ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട ആപ്പിളിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരുടെ ശമ്പള കണക്കുകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍, യുഎസിലെ മിക്ക ആപ്പിള്‍ സെയില്‍സ് ഉദ്യോഗസ്ഥരും മണിക്കൂറില്‍ 22 ഡോളര്‍ (ഏകദേശം 1,825 രൂപ) മുതല്‍ 30 ഡോളര്‍ (ഏകദേശം 2,490 രൂപ) വരെ ശമ്പളം വാങ്ങുന്നുണ്ട്. ആപ്പിള്‍ കെയര്‍ ജീവനക്കാര്‍ക്ക് ശമ്പളം കുറച്ച് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, രണ്ട് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ആപ്പിള്‍ പ്രതിവര്‍ഷം നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകള്‍ നല്‍കുന്നുണ്ട്, ടെക് ഭീമന്‍ തിരഞ്ഞെടുത്ത തൊഴിലാളികള്‍ക്ക് ബോണസും അനുവദിച്ചിട്ടുണ്ട്.
◾ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങാന്‍ പോവുന്ന ‘ലിയോ’ റിലീസിന് മുന്‍പ് തന്നെ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. റിലീസിന് ആറാഴ്ച മുന്നേ തന്നെ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ബുക്കിംഗ് ഇനത്തില്‍ നിന്ന് മാത്രം രണ്ട് കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപയ്ക്ക് പുറത്താണ് ലഭിച്ചത്. യുകെയിലെ അഡ്വാന്‍സ് റിലീസ് കളക്ഷനില്‍ രണ്ട്കോടി അന്‍പത്തിയാറ് ലക്ഷം രൂപയോടെ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ലിയോയും, രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ നേടി ജയിലറുമാണ് മൂന്നാം സ്ഥാനത്ത്. വെറും 23 ദിവസങ്ങള്‍ കൊണ്ടാണ് ലിയോ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ ആണ് ബുക്കിംഗ് കളക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ സെന്‍സര്‍ കട്ടുകള്‍ ഇല്ലാതെയാണ് ലിയോ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഓരോ ഫ്രെയിമും പ്രധാനപ്പെട്ടതായത് കൊണ്ടാണ് കട്ടുകള്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കുന്നത് എന്നാണ് ചിത്രത്തിന്റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ന്‍മെന്റ് പറയുന്നത്.
◾മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന ‘അബ്രഹാം ഓസ്ലര്‍’ ചിത്രം ഈ ഡിസംബറില്‍ തിയറ്ററുകളിലെത്തും. ക്രിസ്മസ് റിലീസ് ആയിരിക്കും. ജയറാമിന്റെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്ലറും ത്രില്ലര്‍ ആണ്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.
◾ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്സോള്‍ പതിപ്പുകള്‍ പുറത്തിറക്കി. 1,40,000 രൂപയും 92,300 രൂപയുമാണ് ഈ റെപ്‌സോള്‍ എഡിഷനുകളുടെ വില. പുതിയ ലിമിറ്റഡ് എഡിഷന്‍ റെപ്‌സോള്‍ മോഡലുകള്‍ ഇന്ത്യയിലെ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളില്‍ ഉടനീളം ലഭ്യമാകും. ബോഡി പാനലുകളിലും അലോയ് വീലുകളിലും റെപ്‌സോള്‍ റേസിംഗ് സ്ട്രൈപ്പുകളോട് കൂടിയ റോസ് വൈറ്റും വൈബ്രന്റ് ഓറഞ്ച് ഡ്യുവല്‍-ടോണ്‍ കളര്‍ കോമ്പിനേഷനും ചേര്‍ന്നതാണ്. രണ്ട് സ്പെഷ്യല്‍ എഡിഷന്‍ ഉത്പന്നങ്ങള്‍ക്കും 10 വര്‍ഷത്തെ വാറന്റി പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ഹോണ്ടയുടെ സ്മാര്‍ട്ട് കീയും പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇതിന് ലഭിക്കുന്നു. ഹോണ്ട ഡിയോ 125 സ്പെഷ്യല്‍ എഡിഷന്‍ യഥാക്രമം 6.09 കിലോവാട്ട്, 10.4ചാ എന്നിവയുടെ പവറും ടോര്‍ക്കും നല്‍കുന്നു. സ്‌കൂട്ടറിന് അണ്ടര്‍ബോണ്‍ ഫ്രെയിം ലഭിക്കുന്നു. കൂടാതെ ടെലിസ്‌കോപ്പിക് ഫോര്‍ക്ക് അല്ലെങ്കില്‍ മോണോ-ഷോക്ക് സെറ്റ്-അപ്പ് വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 171 എംഎം ആണ്, ഇക്വലൈസറോട് കൂടിയ കോംബി-ബ്രേക്ക് സിസ്റ്റത്തിന്റെ സാന്നിധ്യമുണ്ട്.
◾ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഇന്റര്‍നെറ്റിന്റെ വിശാലലോകം തുറക്കുന്ന അനന്തസാദ്ധ്യതകളെ നമുക്ക് ഏതു രീതിയിലും ഉപയോഗിക്കാം. അതിലെ അപകടസാദ്ധ്യതകളിലേക്ക് വഴുതിവീണ ചില ജീവിതചിത്രങ്ങളിലൂടെ ഇന്റര്‍നെറ്റിനെ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാമെന്ന് പ്രായോഗികമായി അവതരിപ്പിക്കുകയാണ് മനഃശാസ്ത്രവിദഗ്ദ്ധനായ രചയിതാവ്. ഇന്റര്‍നെറ്റ് എന്ന അദൃശ്യലോകത്തിലെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിത്തരുന്ന പുസ്തകം. ‘ഇന്റര്‍നെറ്റും മാനസികാരോഗ്യവും’. ഡോ. സന്ദീഷ് പി.ടി. മാതൃഭൂമി. വില 170 രൂപ.
◾ലോകത്തിലെ മുതിര്‍ന്നവരില്‍ മൂന്നിലൊരാളെ എന്ന കണക്കില്‍ ബാധിക്കുന്ന രക്താതിസമ്മര്‍ദ്ദം(ഹൈപ്പര്‍ടെന്‍ഷന്‍) ശരിയായ തോതില്‍ പലപ്പോഴും ചികിത്സിക്കപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ഹൈപ്പര്‍ടെന്‍ഷന്‍ ബാധിച്ച അഞ്ചില്‍ നാലു പേര്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാന്‍ സാധിച്ചാല്‍ 2023നും 2050നും ഇടയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുള്ള 76 ദശലക്ഷം മരണങ്ങളെ തടുക്കാന്‍ സാധിക്കുമെന്നും ഡബ്യുഎച്ച്ഒ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1990നും 2019നും ഇടയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ബാധിച്ചവരുടെ എണ്ണം ലോകത്തില്‍ 650 ദശലക്ഷത്തില്‍ നിന്ന് 130 കോടിയിലേക്ക് വളര്‍ന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇത് ബാധിക്കപ്പെട്ടവരില്‍ പകുതി പേര്‍ക്കും തങ്ങള്‍ക്ക് അമിത രക്തസമ്മര്‍ദ്ദം ഉണ്ടെന്ന് തന്നെ അറിയില്ല എന്നതാണ് സത്യം. അമിത രക്തസമ്മര്‍ദ്ദത്തിന്റെ പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷമാകാന്‍ ദശാബ്ദങ്ങള്‍ തന്നെ എടുത്തേക്കാം. ഹൃദയാഘാതമോ പക്ഷാഘാതമോ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും തങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന തോതിലാണെന്ന് അറിയുന്നതുതന്നെ. നേരത്തെയുള്ള രോഗനിര്‍ണയം രക്തസമ്മര്‍ദത്തെ നേരിടുന്നതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഡബ്യുഎച്ച്ഒ വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ കാര്യക്ഷമമായി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ആദ്യ കാലത്ത് സാധിക്കും. ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കുക, ജോലി സ്ഥലത്തെയും കുടുംബജീവിതത്തിലെയും സമ്മര്‍ദ്ദവും ടെന്‍ഷനും കുറയ്ക്കുക, ദിവസവും വ്യായാമം ചെയ്യുക പോലുള്ള ജീവിതശൈലി മാറ്റങ്ങളും ഇക്കാര്യത്തില്‍ സഹായകമാണ്. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടതും മാറ്റമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന പക്ഷം ഡോക്ടറര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കഴിക്കേണ്ടതുമാണ്. 140/90 എംഎം എച്ച്ജിയാണ് ഒരു മനുഷ്യനിലെ സാധാരണ രക്തസമ്മര്‍ദം. രക്തസമ്മര്‍ദം ഇതിലും ഉയരുന്നതും കുറയുന്നതും അപടകമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.22, പൗണ്ട് – 101.31, യൂറോ – 88.01, സ്വിസ് ഫ്രാങ്ക് – 91.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.35, ബഹറിന്‍ ദിനാര്‍ – 220.74, കുവൈത്ത് ദിനാര്‍ -269.31, ഒമാനി റിയാല്‍ – 216.19, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 61.69.