P17 yt cover

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികാരോപണ കേസെടുക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ്. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട. സിബിഐ അന്വേഷിച്ചില്ലെങ്കില്‍ നിയമവഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയിലെ മലയോര മേഖലയില്‍ കെട്ടിട നിര്‍മാണ വിലക്കു മറികടക്കാനുള്ള ഭൂ പതിവ് ഭേദഗതി ബില്ല് നിയമസഭയില്‍. വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു മുന്നണികളും ഇടുക്കി ജില്ലയില്‍ പലതവണ ഹര്‍ത്താല്‍ നടത്തിയിരുന്നു.

കൂടുതല്‍ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നാലും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 4.29 രൂപക്കു വാങ്ങിയിരുന്ന വൈദ്യുതി 5.12 മുതല്‍ 6.34 രൂപ വരെ ഉയര്‍ന്ന നിരക്കില്‍ വാങ്ങുന്നതുമൂലം ഏഴു കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നു. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷം ആരോപിച്ചു. കരാര്‍ റദ്ദാക്കിയതു സര്‍ക്കാരല്ലന്നും കമ്മീഷനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക തുകയുടെ 50 ശതമാനം നല്‍കാന്‍ ഉത്തരവിറക്കിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 81 കോടി 73 ലക്ഷം രൂപ അനുവദിച്ചെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കുടിശ്ശിക മുഴുവനും വേണമെന്ന് അധ്യാപക സംഘടന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ തുകയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി ഹൈക്കോടതി ഈ മാസം 30 ന് പരിഗണിക്കും.

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കെ സുധാകരന്റെ മൊഴി കോഴിക്കോട് വിജിലന്‍സ് രേഖപ്പെടുത്തി. വിജിലന്‍സ് പ്രത്യേക സെല്‍ എസ്.പി അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു 2021 ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. കെ. കരുണാകരന്‍ ട്രസ്റ്റ് രൂപീകരിച്ച് ചിറക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ വിദേശത്തുനിന്ന് ഉള്‍പ്പടെ പണം പിരിച്ചെന്നാണ് പരാതി.

ശബരിമലയില്‍ അന്നദാനം നടത്താന്‍ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിനു നല്‍കിയ അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍. കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി അന്നദാനത്തിനുള്ള അനുമതി റദ്ദാക്കിയത്.

സോളാര്‍ തട്ടിപ്പുകാരിയുടെ ലൈംഗിക പീഡന പരാതികള്‍ ആളിക്കത്തിച്ച് ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. അയാള്‍ക്കു പിന്നില്‍ മറ്റാരോ ആണ്. കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടേയില്ലെന്ന് പറഞ്ഞ ജയരാജന്‍ പിന്നീട് രണ്ട് തവണ താമസിച്ചിട്ടുണ്ടെന്നു തിരുത്തി. മാധ്യമങ്ങള്‍ നേതാക്കന്മാരുടെ നിലവാരം കുറയ്ക്കരുതെന്നും ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാ

ണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും. കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പുകാരിയുടെ കത്തില്‍ കുറേ പേരുകള്‍ ചേര്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച ഫെനി ബാലകൃഷ്ണന്‍ ഭൂലോക തട്ടിപ്പുകാരനാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ കേസ് അടഞ്ഞ അധ്യായമാണ്. ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ 2008 മുതലുള്ള ആദായ നികുതി അടക്കണമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 2006 ലെ ഫിനാന്‍സ് ആക്ട് പ്രകാരം സഹകരണ ബാങ്കുകള്‍ നികുതിയിളവിന് അര്‍ഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കോഴിക്കോട്ടെത്തി. വിവിധ മേഖലകളിലെ ആറു വിദഗ്ധരും പ്രശസ്തരുമാണു സംഘത്തിലുള്ളത്. ഇവര്‍ ജില്ലാ കളക്ടര്‍, ഡിഎംഒ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.

കോഴിക്കോട് ജില്ലയില്‍ കള്ളിനു വിലക്ക്. വവ്വാലിന്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാം. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ശരീര സ്രവങ്ങളിലൂടെ രോഗം പടരും. കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. മന്ത്രി നിര്‍ദേശിച്ചു.

മലപ്പുറത്തെ പരിയാപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് ഡീസല്‍ ഒഴുകി ആറു കിണറുകളില്‍ കലര്‍ന്ന ഡീസല്‍ അഗ്നിശമന സേന കത്തിച്ചു കളഞ്ഞു. കിണറ്റില്‍ തീയിട്ടതോടെ തീ ആളിക്കത്തി സമീപത്തുണ്ടായിരുന്ന തെങ്ങും കത്തി നശിച്ചു. കോണ്‍വെന്റിലെ കിണറിലും തീയിട്ടു.

കോഴിക്കോട് ജില്ലയിലെ നിപ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായി വയനാട്ടിലും നിയന്ത്രണങ്ങള്‍. മാനന്തവാടി പഴശി പാര്‍ക്കിലേക്കുള്ള പ്രവേശനം നിരോധിച്ചു. കണ്ടെയിന്‍മെന്റ് സോണുകളില്‍നിന്ന് വയനാട്ടിലേക്കു വരരുതെന്ന് നിര്‍ദേശം.

കുണ്ടറയില്‍ വിദ്യാര്‍ഥിനി കഴുത്തറുത്തു മരിച്ച നിലയില്‍. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22 കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൂജാരിക്ക് അഞ്ചു വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട തോട്ടാപ്പുഴശേരി ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി കിള്ളിയൂര്‍ പൈന്‍കുളം അഴംകുളം കുളത്തുവിള വീട്ടില്‍ വിപിനെയാണ് (34) കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്.

കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളിലും മസാജ് പാര്‍ലറുകളിലും റെയ്ഡ്. 83 ആയുര്‍വേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലുമാണ് പരിശോധന നടത്തിയത്.

തൃശൂര്‍ ചിറക്കേക്കോട് അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച അച്ഛന്‍ ജോണ്‍സനും (58 ) ചികിത്സയിലാണ്.

കരുവാരക്കുണ്ടില്‍ പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസുമുതല്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് 97 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

സനാതന ധര്‍മ്മം എക്കാലവും നിലനില്‍ക്കുമെന്നും ആര്‍ക്കും ഉന്മൂലനം ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സനാതന ധര്‍മ്മം പിന്തുടരുന്നവര്‍ ഉണരണം. തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും മോദി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം വിവാദമായി ഒരാഴ്ചയ്ക്കുശേഷമാണ് മോദിയുടെ പ്രതികരണം.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതിയില്‍ അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് റിപ്പോര്‍ട്ടു നല്‍കിയത്. ശിക്ഷിക്കപ്പെട്ടവര്‍ ആറു വര്‍ഷത്തെ വിലക്കിനുശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കു വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനിര്‍മ്മാണ സഭാംഗത്വം പവിത്രമാണ്. കുറ്റം ചെയ്തവര്‍ ആറ് വര്‍ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മ്മികമല്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടകത്തില്‍ ബിജെപി നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ തട്ടിയെടുത്ത ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുരയെ പൊലീസ് പിടികൂടി. ചൈത്രയേയും അഞ്ചു പേരെയും ബെംഗളുരുവില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസാണ് അറസ്റ്റു ചെയ്തത്. ബിസിനസുകാരനായ ഗോവിന്ദ ബാബു പൂജാരിയില്‍ നിന്ന് ബൈന്ദൂര്‍ നിയമ സഭാ സീറ്റ് വാഗ്ദാനം ചെയ്താണു പണം തട്ടിയെടുത്തത്.

തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്കു നാളെ തുടക്കം. 1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.

അംബേദ്കറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍ എസ് എസ് ചിന്തകന്‍ ആര്‍.ബി.വി.എസ് മണിയനെ ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തു. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരനായ ടൈപിസ്റ്റു മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം.

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി. 34 പേര്‍ ബോട്ടിലുണ്ടായിരുന്നു. ബാഗ്മതി നദിയോട് ചേര്‍ന്ന് മധുപൂര്‍പട്ടി ഘട്ടിന് സമീപമാണ് സ്‌കൂളിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ അകപ്പെട്ടത്.

ആട് മേയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് കൂട്ടത്തല്ലിനിടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.

ഫാക്ടറികള്‍ സന്ദര്‍ശിച്ചു പരിശോധന നടത്താനുള്ള ഡോക്ടറില്‍ നിന്ന് പരിശോധിക്കുന്ന ഓരോ രോഗിക്കും അമ്പതു രൂപ നിരക്കില്‍ കൈക്കൂലി ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാറിലെ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെയാണ് പിടികൂടിയത്.

അമേരിക്കയിലെ സിയാറ്റിലില്‍ പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുല കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് ഓഫീസര്‍ പൊട്ടിച്ചിരിച്ച ദൃശ്യം പുറത്തുവന്നതിനു പിറകേ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

ആഡംബര പോളാര്‍ ഉല്ലാസയാത്രാ കപ്പല്‍ ഗ്രീന്‍ലാന്‍ഡിനു സമീപം ഐസുകട്ടകള്‍നിറഞ്ഞ മണ്‍തിട്ടയില്‍ ഇടിച്ചു മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലായി. ഇരുനൂറോളം യാത്രക്കാര്‍ കപ്പലിലുണ്ട്. അറോറ എക്സപ്ലോറേഷന്റെ ആഡംബര പോളാര്‍ യാത്രാ കപ്പലാണ് ഐസുകട്ടകള്‍ നിറഞ്ഞ കടലില്‍ കുടുങ്ങിയത്. 104 മീറ്റര്‍ വലിപ്പമുള്ള വമ്പന്‍ ആഡംബര കപ്പല്‍ സഹായത്തിനായി കാത്തുകിടക്കുകയാണ്. 11 ലക്ഷം രൂപയിലേറെ മുടക്കി ടിക്കറ്റെടുത്ത യാത്രക്കാരാണ് കപ്പലിലുള്ളത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡില്‍ ആഗോള നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍ 2,069.50 കോടി രൂപ നിക്ഷേപിക്കും. ഇതോടെ ആര്‍.ആര്‍.വി.എല്‍ 8.361 ലക്ഷം കോടി രൂപയുടെ പ്രീമണി ഇക്വിറ്റി മൂല്യത്തോടെ രാജ്യത്തെ മികച്ച നാല് കമ്പനികളില്‍ ഒന്നാക്കി മാറ്റും. 2020ല്‍ കെ.കെ.ആര്‍ 5,550 കോടി രൂപ നിക്ഷേപിച്ചിരുന്നു. പുതിയ നിക്ഷേപത്തോടെ 0.25 ശതമാനം ഉടമസ്ഥാവകാശം കൂടി കെ.കെ.ആറിന് ലഭിക്കും. മൊത്തം ഉടമസ്ഥാവകാശം 1.42 ശതമാനമാകും. വിവിധ ആഗോള നിക്ഷേപകരില്‍ നിന്ന് 2020ല്‍ ആര്‍.ആര്‍.വി.എല്‍ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു. പ്രീമണി ഇക്വിറ്റി മൂല്യം 4.21 ലക്ഷം കോടി രൂപയായിരുന്നു. പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ എന്നിവയ്ക്കായി 18,500ലധികം സ്റ്റോറുകള്‍, ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെ 267 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് ആര്‍.ആര്‍.വി.എല്‍ സേവനം നല്‍കുന്നുണ്ട്. ഉപഭോക്താക്കളെയും ചെറുകിട ബിസിനസുകളെയും പിന്തുണച്ചും ഇന്ത്യയിലും ലോകമെമ്പാടുമുള്ള കമ്പനികളുമായി സഹകരിച്ചും ഇന്ത്യന്‍ ചില്ലറവില്പന മേഖല മികച്ചതാക്കുകയാണ് ആര്‍.ആര്‍.വിഎല്ലിന്റെ ലക്ഷ്യം. 1976ല്‍ സ്ഥാപിതമായ കെ.കെ.ആറിന് 519 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്.

വാട്‌സാപ്പിന്റെ പുത്തന്‍ ഫീച്ചറിന് ആദ്യദിനത്തില്‍ ലഭിച്ചത് വന്‍ സ്വീകരണം. സെലിബ്രിറ്റികളായ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം നിരവധി പേര്‍ വാട്‌സാപ്പ് ചാനലിന് തുടക്കമിട്ടു. ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമായി മെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്‌സാപ്പ് ‘ചാനല്‍’. വാട്‌സാപ്പിലൂടെ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ അവരുടെ സബ്‌സ്‌ക്രൈബേഴ്‌സിനോട് വാര്‍ത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാനുള്ള ബ്രോഡ്കാസ്റ്റ് സംവിധാനമാണ് വാട്‌സാപ്പ് ‘ചാനല്‍’. വാട്‌സാപ്പ് ചാനല്‍ ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെ ഉപയോക്താക്കള്‍ക്ക് ഒരു ചാനലിലേക്ക് പ്രവേശിക്കാനാകും. കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് ചാനലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കും. വാട്‌സാപ്പ് അപ്ഡേറ്റ്സ് എന്ന പുതിയ ടാബിലാണ് വാട്‌സാപ്പ് ചാനല്‍ കാണാനാകുക. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ചാനലുകള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ഇവര്‍ക്ക് എഴുത്തും ചിത്രങ്ങളും സ്റ്റിക്കറുകളും ഷെയര്‍ ചെയ്യാനാകും. ചാനലുകള്‍ പിന്തുടരുന്നവര്‍ക്ക് മറ്റുള്ള ഫോളോവേഴ്സിന്റെ ഫോണ്‍ നമ്പറോ, പ്രൊഫൈല്‍ ഫോട്ടോയോ കാണാന്‍ സാധിക്കില്ല. എന്നാല്‍ അഡ്മിന് ഫോളോവേഴ്‌സിന്റെ പ്രൊഫൈല്‍ കാണാന്‍ സാധിക്കും. ഇതില്‍ അഡ്മിന് തന്റെ പോസ്റ്റുകള്‍ 30 ദിവസം വരെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. അതുപോലെ അഡ്മിന് ചാനലിലെ കണ്ടന്റുകളുടെ ലിങ്കുകള്‍ ഗ്രൂപ്പുകളിലും ചാറ്റുകളിലും പങ്കുവെക്കാന്‍ സാധിക്കും. 2023 ജൂണിലാണ് പരീക്ഷണാര്‍ത്ഥം ഈ ഫീച്ചര്‍ വാട്‌സാപ്പ് ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യ അടക്കം 150ല്‍ അധികം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

നവാസ് അലി സംവിധാനം ചെയ്യുന്ന ‘പ്രാവ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ഒരു കാറ്റു പാതയില്‍’ എന്നാരംഭിക്കുന്ന പ്രണയഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രഞ്ജിത്ത് ജയരാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദര്‍ശ് രാജയും യാമി സോനയും ആണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. അമിത് ചക്കാലയ്ക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. സെപ്റ്റംബര്‍ 15 ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. സിഇറ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിക്കുന്നത്.

സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആതിരയുടെ മകള്‍ അഞ്ജലി’. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഒരു സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നതായിരിക്കും പുതിയ ചിത്രമെന്ന് ട്രെയ്ലര്‍ പറയുന്നു. ഏഴ് മിനിറ്റ് ആണ് ട്രെയ്ലറിന്റെ ദൈര്‍ഘ്യം. ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച ചിത്രമാണിത്. സംവിധാനത്തിനൊപ്പം തിരക്കഥയും ഒപ്പം നിര്‍മ്മാണവും സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു- ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണ്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണിത്, സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. 2011 ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2019 ല്‍ പുറത്തെത്തിയ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ക്കു ശേഷം എത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ഇത്.

നെക്സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. നെക്സോണിന് 8.09 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പെട്രോള്‍ മോഡലിന് 8.09 ലക്ഷം രൂപ മുതല്‍ 12.19 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയുമാണ് വില. ഇലക്ട്രിക് പതിപ്പ് മീഡിയം റേഞ്ച്, ലോങ് റേഞ്ച് പതിപ്പുകളില്‍ ലഭിക്കും. മീഡിയം റേഞ്ചിന് 14.74 ലക്ഷം രൂപ മുതല്‍ 17.84 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 18.19 ലക്ഷം രൂപ മുതല്‍ 19.94 ലക്ഷം രൂപ വരെയുമാണ് വില. അടിമുടി മാറ്റങ്ങളുമായി വിപണിയിലെത്തുന്ന വാഹനങ്ങളുടെ ബുക്കിങ് ടാറ്റ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പെട്രോള്‍ പതിപ്പില്‍ 120 ബിഎച്ച്പി, 170 എന്‍എം, 1.2 ലീറ്റര്‍ ടര്‍ബോ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 115എച്ച്പി, 115 ബിഎച്ച്പി, 160എന്‍എം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. പ്രൈം, മാക്സ് എന്നീ പേരുകള്‍ ഉപേക്ഷിച്ച് മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നീ പേരുകളാണ് ഇലക്ട്രിക് പതിപ്പിന് നല്‍കിയിരിക്കുന്നത്. രണ്ടു മോഡലുകള്‍ക്കും 12 കിലോമീറ്റര്‍ റേഞ്ച് വര്‍ധിച്ചിട്ടുണ്ട്. മീഡിയം റേഞ്ചിന് 325 കിലോമീറ്ററും ലോങ് റേഞ്ചിന് 465 കിലോമീറ്ററുമാണ് സഞ്ചാര പരിധി. ഐപി67 പ്രൊട്ടക്ഷനുള്ള ബാറ്ററിയാണ് ഇരുമോഡലിലും. 7.2 കിലോവാട്ട് എസി ചാര്‍ജറുമുണ്ട്.

വ്യക്തിയുടെ ചരിത്രം കാലഘട്ടത്തിന്റെയും കാലഘട്ടത്തിന്റെ ചരിത്രം വ്യക്തിയുടെയും കൂടിയായി മാറിത്തീരുന്ന രചന. ബാല്യകൗമാരങ്ങളുടെ ഘട്ടംവരെ അനുഭവങ്ങള്‍ തന്നെയാണ് എഴുത്തിനു പ്രമാണം ആയിട്ടുള്ളത്. എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്കും കാവേറ്റം പോലെയുള്ള സാംസ്‌കാരിക സംഘടനയിലേക്കും വരുമ്പോള്‍ അക്കാലത്തെ ഓര്‍മ്മക്കുറിപ്പുകളോ എഴുതിവെച്ച മറ്റെന്തെങ്കിലുംകൂടി എഴുത്തിന് ആധാരമായിട്ടുണ്ടാകാം എന്ന് കരുതേണ്ടിവരും. നിലപാടുതന്നെയാണ് ജീവിതമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഇതിലെ ഓര്‍മ്മകള്‍ വെളിപ്പെടുത്തുന്നുണ്ട്. സാമൂഹ്യബന്ധങ്ങളുടെ സമാഹാരമാണ് ഓരോ മനുഷ്യരും എന്നതിനെ അടിവരയിടുന്ന ഓര്‍മ്മക്കുറിപ്പ് കൂടിയാണ് ഇത്. ‘നിറമുള്ള ഓര്‍മ്മകള്‍’. പ്രൊഫ കെ ചന്ദ്രന്‍. ഗ്രീന്‍ ബുക്സ്. വില 560 രൂപ.

മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാന്‍സര്‍. പുരുഷന്മാരില്‍ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. എന്നാല്‍ സ്ത്രീകളിലും ബ്ലാഡര്‍ ക്യാന്‍സര്‍ വരാം. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ഉള്‍പ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാന കാരണം തന്നെയാണ്. നീണ്ടുനില്‍ക്കുന്ന മൂത്രത്തിലെ അണുബാധ, കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്. എപ്പോഴും മൂത്രം പോവുക അഥവാ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ, മൂത്രത്തില്‍ രക്തം കാണുക, മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, രാത്രിയില്‍ പലതവണ മൂത്രമൊഴിക്കണമെന്ന തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, അടിവയറ്റിലും നടുവിലും വേദന, വിശപ്പില്ലായ്മ, തളര്‍ച്ച, ശരീരവേദന തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. സ്ത്രീകളില്‍ കാണുന്ന മൂത്രാശയ അര്‍ബുദം ചിലപ്പോള്‍ വിചിത്രമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം. ചില സ്ത്രീകള്‍ക്ക് മൂത്രസഞ്ചി നിറഞ്ഞില്ലെങ്കിലും പെട്ടെന്ന് മൂത്രമൊഴിക്കേണ്ടി വരാം. അതും മൂത്രാശയ ക്യാന്‍സറിന്റെ ലക്ഷണമാകാം. മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, അടിവയറ്റിലും നടുവിലും വേദന, ശരീരവേദന, ശരീരഭാരം പെട്ടെന്ന് കുറയുക തുടങ്ങിയവയും ചിലപ്പോള്‍ മൂത്രാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.97, പൗണ്ട് – 103.61, യൂറോ – 89.08, സ്വിസ് ഫ്രാങ്ക് – 92.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.38, ബഹറിന്‍ ദിനാര്‍ – 220.11, കുവൈത്ത് ദിനാര്‍ -268.74, ഒമാനി റിയാല്‍ – 215.51, സൗദി റിയാല്‍ – 22.12, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 61.29.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *