yt cover 25

ഇന്നു മഹാനവമി. നാളെ വിജയദശമി. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ നവരാത്രി ആശംസകള്‍.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 266 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 117 പേര്‍ കുട്ടികളാണ്. വടക്കന്‍ ഗാസയില്‍ തുടരുന്നവരെ ഹമാസ് ഭീകരരായി കണക്കാക്കി ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

മൂന്നു ദിവസം ഇടിമിന്നലോടുകൂടി മഴ. ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രമാകും. ഇത് ഇന്നു ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

നവരാത്രിയുടെ ഭാഗമായി രാജ്യമൊട്ടാകെ പൂജവയ്പ്. പുസ്തകങ്ങളും പണിയായുധങ്ങളും പൂജവച്ചു. സരസ്വതീ ക്ഷേത്രങ്ങളില്‍ നാളെ വിദ്യാരംഭം. വിദ്യാരംഭം എവിടെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കുണ്ടെന്ന് ഹൈക്കോടതി. മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി വിദ്യാരംഭ ചടങ്ങു സംഘടിപ്പിക്കുന്നതിനെതിരേയുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

*ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ പൂജാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ വനിതാ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. വനിതാ റോബോട്ടിനെ ആളില്ലാ ബഹിരാകാശ വാഹനത്തില്‍ അയക്കും. പിന്നീട് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ സഞ്ചാരികളെ മൂന്നു ദിവസം പാര്‍പ്പിച്ച് തിരിച്ചെത്തിക്കും. അദ്ദേഹം പറഞ്ഞു.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍നിന്ന് ചൈന പട്ടാളത്തെ പിന്‍വലിച്ചിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഭൂഗര്‍ഭ സംഭരണകേന്ദ്രങ്ങളും പാലവും വിമാനത്താവളവും റോഡുകളും നിര്‍മിച്ചിട്ടുണ്ടെന്നു ചൈനയുടെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നെല്ലു സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കില്ലെന്നും സപ്ലൈകോ തന്നെ തുടരുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നെല്ലു സംഭരിച്ച ഇനത്തില്‍ 644 കോടി രൂപ കേന്ദ്രം തരാനുണ്ട്. സംസ്ഥാനം കണക്കു നല്‍കിയില്ലെന്നു കള്ളം പറയുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും നിബന്ധനകള്‍ മാറ്റിമറിക്കുന്നതാണ് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455

*

സര്‍ക്കാര്‍ ആശുപത്രികളിലെ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനകം ഒഴിവാക്കണമെന്നു നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങളാണ് ഒഴിപ്പിക്കുന്നത്.

വിറ്റുവരവു നികുതി അടയ്ക്കാത്ത ബാറുകള്‍ക്കു മദ്യം നല്‍കരുതെന്ന നികുതി വകുപ്പിന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നു സര്‍ക്കാര്‍. നിയമ പരമായി നിലനില്‍ക്കില്ലെന്നു മാത്രമല്ല വന്‍ സാമ്പത്തിക നഷ്ടത്തിനും വഴിയൊരുക്കുമെന്നാണ് ബെവ്കോയുടെ നിലപാട്. ജിഎസ്ടി വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കുതിരാന്‍ തുരങ്കത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടാമത്തെയാള്‍ക്ക് ഗുരുതര പരിക്ക്. ചിറ്റിലഞ്ചേരി സ്വദേശി വിനു (24) ആണ് മരിച്ചത്. എളനാട് സ്വദേശി മിഥുനെ (17) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിലെ എമര്‍ജന്‍സി എക്സിറ്റിലെ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ഥാനാര്‍ത്ഥിത്വത്തേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. അത് നിര്‍വഹിക്കാനാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും കക്ഷികള്‍ തമ്മില്‍ അനൗദ്യോഗിക ആശയവിനമയം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

എറണാകുളം പറവൂരില്‍ 56 കാരി ലീല ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട് തകര്‍ത്ത സംഭവത്തില്‍ കുടുംബ സ്വത്തിന്റെ ഒരു ഭാഗം ലീലക്കു നല്‍കണമെന്നു നാട്ടുകാര്‍. അച്ഛന്റെ പേരിലുള്ള സ്ഥലത്തിന്റെ അവകാശി താനാണെന്നു പറഞ്ഞുകൊണ്ടാണ് ലീലയുടെ മൂത്ത ജ്യേഷ്ഠന്റെ മകന്‍ രമേശന്‍ ജെസിബി ഉപയോഗിച്ച് വീടു തകര്‍ത്തത്. രമേശനോട് ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.

നാദാപുരത്ത് യുവതിയുടെ കഴുത്തിലെ മാല തട്ടിപ്പറിച്ചത് ബ്രാഞ്ച് സെക്രട്ടറിയാണെന്നു പ്രചരിപ്പിച്ചതിനെതിരെ സിപിഎം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ യാസര്‍ എടപ്പാള്‍, കൊണ്ടോട്ടി അബു തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് പരാതി.

സ്വര്‍ണ്ണക്കടത്തു സംഘത്തെ കബളിപ്പിച്ചു സ്വര്‍ണം തട്ടിയെടുക്കാന്‍ വ്യാജ സ്വര്‍ണ ക്യാപ്സൂളുകളുമായി എത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മേപ്പയൂര്‍ സ്വദേശി തട്ടാര്‍ പൊയില്‍ നൗഷാദ് ആണ് കസ്റ്റസിന്റെ പിടിയിലായത്.

താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്. ലോറിയും ബസും കുടുങ്ങിയതിനു പുറമേ, അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്കു നിരവധി പേര്‍ വാഹനങ്ങളില്‍ എത്തിയതാണ് കുരുക്കിനു കാരണം.

മത്സ്യബന്ധനത്തിനു പോയ ബോട്ടിന്റെ എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പ് കരയിലെത്തിച്ചു. ആലപ്പുഴ കലവൂര്‍ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥയിലുള്ള അല്‍ഫോണ്‍സ ബോട്ടാണ് അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് എഞ്ചിന്‍ തകരാറിലായി കടലില്‍ കുടുങ്ങിയത്.

എറണാകുളം മറൈന്‍ഡ്രൈവില്‍ ഹാഷിഷ് ഓയിലടക്കമുള്ള ലഹരി വസ്തുക്കളുമായി 12 പേരെ പൊലീസ് പിടികൂടി.

കണ്ണൂര്‍ തയ്യിലില്‍ വിവാഹ സല്‍ക്കാരത്തിനിടെ അന്‍പതിലധികം പേര്‍ക്ക് തേനീച്ച കുത്തേറ്റു. ഓഡിറ്റോറിയത്തില്‍ പടക്കം പൊട്ടിച്ചപ്പോള്‍ തേനീച്ചകള്‍ ഇളകി ആക്രമിക്കുകയായിരുന്നു.

ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന മഹുവ മൊയ്ത്ര എം.പി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍. മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ പേരില്‍ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരില്‍ വോട്ടു തേടുന്നത് പരിഹാസ്യമാണെന്നും ഖാര്‍ഗെ പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് തല്‍ക്കാലം തുടങ്ങില്ല. കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. സ്ഥിതി മെച്ചപ്പെട്ടാല്‍ എല്ലാം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനില്‍ 43 സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇരുനൂറു സീറ്റില്‍ 76 നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി. രണ്ടാമത്തെ പട്ടികയില്‍ 35 എംഎല്‍എമാരെ നിലനിര്‍ത്തി.

തനിക്കു കിട്ടിയ സഹായങ്ങള്‍ തട്ടിയെടുത്തശേഷം കുടുംബം തന്നെ കയ്യൊഴിഞ്ഞെന്ന പരാതിയുമായി ഉന്നാവ് പീഡനക്കേസിലെ അതിജീവിത. അമ്മാവനും അമ്മയ്ക്കും സഹോദരിക്കുമെതിരെയാണ് പരാതി. വിവാഹശേഷം അതിജീവിത എട്ടുമാസം ഗര്‍ഭിണിയാണ്.

ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ ജില്ലയിലെ സ്വര്‍ണാഭരണ വ്യാപാര കേന്ദ്രമായ പ്രൊഡ്ഡത്തൂരിലുള്ള ആയിരത്തിലധികം ജ്വല്ലറികള്‍ അടച്ചുപൂട്ടി. തുടര്‍ച്ചയായ നാലാം ദിവസവും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് ഇത്രയേറെ ജ്വല്ലറികള്‍ പൂട്ടിയത്. രണ്ടായിരത്തിലധികം ജ്വല്ലറികളാണ് ഇവിടെ പവര്‍ത്തിക്കുന്നത്.

പെട്രോള്‍ പമ്പുകളില്‍ മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കാത്തതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയത്തിനും വന്‍തുക പിഴ. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഐഒസിക്ക് ഒരു കോടി രൂപയും ബിപിസിഎല്ലിന് രണ്ടു കോടി രൂപയും പിഴ ചുമത്തിയത്.

മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ബോളിവുഡ് നടന്‍ ദലിപ് താഹിലിന് രണ്ടു മാസം തടവു ശിക്ഷ. മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. 2018 ല്‍ മദ്യപിച്ച് ദലിപ് താഹില്‍ ഓടിച്ച കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടു യാത്രക്കാര്‍ക്കു പരിക്കേറ്റിരുന്നു.

വനിതാ കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തിനു പിറകില്‍ ഭര്‍ത്താവാണെന്നു പാറ്റ്ന പൊലീസ്. പൊലീസില്‍ പുതുതായി ജോലി ലഭിച്ച 23 കാരിയായ ശോഭാ കുമാരിയെ വെടിവച്ചുകൊന്ന് മുങ്ങിയ ഭര്‍ത്താവ് ഗജേന്ദ്ര യാദവിനെ തെരയുകയാണെന്നു പോലീസ് വ്യക്തമാക്കി. തന്നെ പരിചരിക്കാനും കുടുംബകാര്യങ്ങള്‍ക്കും വരുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണു കൊലപ്പെടുത്തിയതെന്നാണു റിപ്പോര്‍ട്ട്.

ഇസ്രയേലിനെതിരായ പരാമര്‍ശങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ വെബ് ഉച്ചകോടി സി.ഇ.ഒ പാഡി കോസ്‌ഗ്രേവ് രാജിവച്ചു. പുതിയ സി.ഇ.ഒയെ ഉടന്‍ നിയമിക്കുമെന്ന് വെബ് ഉച്ചകോടി പ്രതിനിധികള്‍ അറിയിച്ചു. ഇസ്രയേലിനെതിരായ പരാമര്‍ശം വിവാദമായതോടെ ടെക് ഭീമന്‍ കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയിരുന്നു.

ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ന്യൂസിലാണ്ടിനെ തോല്‍പിച്ച ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം ജയത്തിലൂടെ പത്ത് പോയിന്റ് നേടി സെമി ബര്‍ത്ത് ഉറപ്പിച്ചു. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 130 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റേയും 75 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടേയും പിന്‍ബലത്തില്‍ 273 റണ്‍സെടുത്തു. 300 റണ്‍സ് കടക്കുമെന്ന് തോന്നിച്ച ന്യൂസിലാണ്ടിനെ 273 ല്‍ ഒതുക്കിയത് 5 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനമാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 95 റണ്‍സെടുത്ത വിരാട് കോലിയുടെ കരുത്തില്‍ രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കേ വിജയലക്ഷ്യത്തിലെത്തി. 49 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് അഞ്ച് റണ്‍സകലെ വിരാട് കോലിക്ക് നഷ്ടമായത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ തോല്‍വിയറിയാതെ ഒന്നാം സ്ഥാനത്തെത്തി.

ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യക്കാറ്റിനിടെ ഇടപാടുകളില്‍ ഇടിവുണ്ടായെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ നടന്നത്. 2022-23ലെ സമാന കാലത്തെ 6,728 കോടി ഡോളറിനേക്കാള്‍ 11.3 ശതമാനം കുറവാണിത്. രണ്ടാംസ്ഥാനത്തേക്ക് വീണ ചൈനയുമായുള്ള ഇടപാട് നടപ്പുവര്‍ഷം ആദ്യപാതിയില്‍ 5,811 കോടി ഡോളറിന്റേതാണ്. ചൈനയുമായുള്ള ഇടപാടും 3.56 ശതമാനം താഴ്ന്നു. പ്രവാസി ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളി പ്രവാസികള്‍ ഏറെയുള്ള യു.എ.ഇയാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി. ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബറില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 3,616 കോടി ഡോളറിന്റെ വ്യാപാരം നടന്നു. സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവയാണ് യഥാക്രമം യു.എ.ഇക്ക് ശേഷമുള്ളവ. ചൈന ഉള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളുമായും ഇന്ത്യക്കുള്ളത് വ്യാപാര കമ്മിയാണ്. അതായത്, ആ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അവിടങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യക്ക് വ്യാപാര സര്‍പ്ലസുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് അമേരിക്ക. നടപ്പുവര്‍ഷം ഏപ്രില്‍-സെപ്റ്റംബറില്‍ അമേരിക്കയിലേക്ക് 3,828 കോടി ഡോളറിന്റെ കയറ്റുമതി ഇന്ത്യ നടത്തി; ഇറക്കുമതി 2,189 കോടി ഡോളറിന്റേതായിരുന്നു.

ലിയോ സിനിമ തരംഗമായിരിക്കേ, നന്ദി പറയാന്‍ സംവിധായകന്‍ ലോകേഷ് കനകരാജ് ഇന്നു കേരളത്തിലെ മൂന്നു തീയേറ്ററുകളില്‍ എത്തും. രാവിലെ പത്തരയ്ക്ക് പാലക്കാട് അരോമ, ഉച്ചയ്ക്കു 12 നു തൃശൂര്‍ രാഗം, വൈകുന്നേരം അഞ്ചിന് എറണാകുളം ക്രൗണ്‍ പ്ലാസ എന്നീ തിയേറ്ററുകളിലാണ് ലോകേഷ് എത്തുന്നത്.

ഒരു മുഴുനീള ഫാമിലി എന്റര്‍ടെയിന്‍മെന്റ് ചിത്രമായ ‘ഇമ്പം’ ഒക്ടോബര്‍ 27ന് തിയേറ്ററുകളിലേക്ക്. ലാലു അലക്‌സ്, ദീപക് പറമ്പോല്‍, ദര്‍ശന സുദര്‍ശന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നര്‍മ്മത്തില്‍ ചാലിച്ച സംസാരമുള്ള വിവേകിയായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാലു അലക്‌സ് അവതരിപ്പിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് ആയി ദീപക് പറമ്പോല്‍ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയായി ദര്‍ശന സുദര്‍ശനാണ് അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ഇമ്പം. ചിത്രത്തിലെ ‘മായികാ.. മധുനിലാ…’ എന്ന ഗാനം ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. ടോട്ടല്‍ ഫാമിലി എന്റര്‍ടെയ്നറായി തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് പി.എസ് ജയഹരിയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. മീര വസുദേവ്, ഇര്‍ഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കമല്‍ഹാസന്‍ നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രം ‘നായകന്‍’ റി റിലീസിന്. നവംബര്‍ മൂന്നിനാണ് റീ റിലീസ് ചെയ്യുക. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. തമിഴ് പതിപ്പ് ആകെ 120 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിലും കര്‍ണാടകയിലും റി റിലീസുണ്ടെങ്കിലും ചിത്രം തെലുങ്കില്‍ വീണ്ടും എത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മണിരത്നം കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രം കള്‍ട്ട് ക്ലാസിക്കായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. തമിഴില്‍ 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മുംബൈയിലെ അധോലോക നായകന്റെ കഥയായാണ് പ്രമേയമാക്കിയത്. വേലുനായ്ക്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച കമല്‍ഹാസന്‍ അക്കൊലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. പി സി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. കലാസംവിധാനത്തിന് തോട്ട ധരണിയും ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ കമല്‍ഹാസന്റെ നായകന്‍ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിരത്നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ശരണ്യയും കാര്‍ത്തികയും ഡല്‍ഹി ഗണേശും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ നായകനായ കമല്‍ഹാസനൊപ്പം എത്തി. കമല്‍ഹാസന്റെ നായകനായി ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ പാട്ടുകളും അക്കാലത്ത് വന്‍ ഹിറ്റായി.

ഇരുചക്ര വാഹന പ്രേമികളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 നവംബര്‍ 7-നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുക. ആകര്‍ഷകമായ എല്‍ഇഡി ലൈറ്റുകള്‍, ന്യൂ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, യുഎസ്ബി ഫോര്‍ക്ക് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലിക്വിഡ് കൂള്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452-ന്റെ പ്രധാന സവിശേഷത. 45 എച്ച്പിയും, 8000 ആര്‍പിഎമ്മും ഉല്‍പ്പാദിപ്പിക്കുന്ന കരുത്തുറ്റ 451.65 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മറ്റൊരു ആകര്‍ഷണീയത. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ലിക്വിഡ് കൂള്‍ എഞ്ചിന്‍ എന്ന പ്രത്യേകതയും ഈ മോഡലിന് ഉണ്ട്. ഈ മോഡലിന്റെ പിന്‍ഗാമിയായി എത്തിയ ഹിമാലയന്‍ 411 മോഡലിന്റെ ചെന്നൈയിലെ എക്സ് ഷോറൂം വില 2.28 ലക്ഷം രൂപയാണ്. എന്നാല്‍, ഹിമാലയന്‍ 452-ന്റെ കൃത്യമായ വില വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, 3 ലക്ഷം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാവുന്നതാണ്.

നിര്‍മ്മല ജലം പോലെ തെളിമയാര്‍ന്ന ഉള്‍ക്കാഴ്ചകള്‍ക്കുടമയായ കീര്‍ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാവാത്തതിന്റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നില്ക്കുന്ന, നന്മയുള്ള ഒരു മനുഷ്യന്റെ ജീവിതവും കാലവും കര്‍മ്മവും അടയാളപ്പെടുത്തുമ്പോള്‍ ഉള്ള് നിറഞ്ഞ അനുഭൂതിയാണ് വായനക്കാരില്‍ സൃഷ്ടിക്കുക. ജീവിതത്തിന്റെ താക്കോല്‍ ആരുടെ കൈയിലാണ് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാകുന്ന നോവല്‍. ലളിതവും മനോഹരവുമായ ഈ ആഖ്യാനം ഒരു ഗ്രാമ പരിസരങ്ങളുടെ രമണീയതയും കൂടിയാണ്. ‘സ്നേഹവര്‍ണങ്ങള്‍’. ഇന്ദുലേഖ. ഗ്രീന്‍ ബുക്സ്. വില 119 രൂപ.

ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അതേസമയം, ദിവസം 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണത്തെ തടുക്കുമെന്നും പഠനം വ്യക്തമാക്കുന്നു. പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2.26 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ദിവസം കുറഞ്ഞത് 3967 ചുവട് നടക്കുന്നത് ഏതൊരു കാരണം മൂലവുമുള്ള മരണത്തെ ചെറുക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്ക്കും. അതേസമയം, ദിവസം 500 ചുവട് അധികമായി നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണസാധ്യത ഏഴ് ശതമാനം കുറയ്ക്കും. എന്നാല്‍, ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് മടി നിറഞ്ഞ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു. പ്രതിദിനം 7000-നും 13,000-നും ഇടയില്‍ ചുവട് നടക്കുന്ന ചെറുപ്പക്കാരിലാണ് ആരോഗ്യത്തില്‍ കുത്തനെയുള്ള പുരോഗതി കാണാന്‍ കഴിഞ്ഞത്. കൂടാതെ, അകാലമരണ സാധ്യതയില്‍ 42 ശതമാനം വരെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇതില്‍ കൂടുതല്‍ നടക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം 20000 ചുവട് വരെയോ 14 മുതല്‍ 16 കിലോമീറ്റര്‍ വരെയോ നടക്കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്ന് അവന്റെ പരീക്ഷാഫലം പുറത്ത് വരുന്ന ദിവസമായിരുന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി അവന്‍ ആ പരീക്ഷയില്‍ തോറ്റു. ജീവിതം തന്നെ ഇരുട്ടിലായിപ്പോയ പ്രതീതിയായിരുന്നു അവന്. തന്റെ ഇത്രയും കാലത്തെ പ്രയത്‌നത്തിന്റെ ഫലം ഇങ്ങനെയായിത്തീര്‍ന്നല്ലോ എന്ന സങ്കടത്തില്‍ ഈ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ അവന്‍ തീരുമാനിച്ചു. ആത്മഹത്യചെയ്യാനുള്ള തീരുമാനത്തില്‍ റെയില്‍വേട്രാക്കിലൂടെ നടക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ അയാള്‍ പെട്ടെന്ന് വന്ന് അവനെ പിടിച്ചുമാറ്റിയത്. അവനെ ചേര്‍ത്തുപിടിച്ചപ്പോള്‍ അവന്‍ കരഞ്ഞു. തന്റെ ആത്മഹത്യാശ്രമത്തിന്റെ കാരണവും പറഞ്ഞു. അദ്ദേഹം അവന് തന്റെ കൂടെ കൂട്ടി. പിറ്റേന്ന് അടുത്തുളള ചിത്രകലാപ്രദര്‍ശനം നടക്കുന്ന അക്കാദമിയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. അവിടെ വലിയൊരു ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. കാടും മലകളും പുഴകളും കപ്പലും കിളികളും തിരക്കേറിയ നഗരവും വണ്ടികളും എല്ലാം ചേര്‍ന്ന വലിയൊരു ചിത്രം. അയാള്‍ ആ ചിത്രത്തെ ചൂണ്ടി പറഞ്ഞു. ഈ ചിത്രം പോലെയാണ് നമ്മുടെ ജീവിതവും. ഈ ചിത്രത്തില്‍ നിന്ന് ഒരു പക്ഷിയെ എടുത്തുമാറ്റിയാലും ഒന്നും സംഭവിക്കില്ല. ആ ചിത്രം അങ്ങനെ തന്നെയിരിക്കും. പക്ഷി മാറിയാലും ആ ചിത്രത്തിന്റെ ഭംഗിക്ക് കോട്ടം തട്ടുകയുമില്ല. ജീവിതമെന്ന വലിയ ചിത്രത്തില്‍ നിന്നും ചില സാധനങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ട് ജീവിതത്തിന് ഒന്നും സംഭവിക്കുന്നില്ല എന്നതിരിച്ചറിവാണ് എത്രവലിയ പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കാനും അതിജീവിക്കാനും പ്രാപ്തമാക്കുന്നത് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *