ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്നും സമ്മതിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിക്കാന്‍ സാധിക്കാത്തതെന്ന് ഹൈക്കോടതിയെ അറിയിച്ചു.
ആഘോഷപരിപാടികളേക്കാന്‍ മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധ്യാന്യം നല്‍കേണ്ടതെന്ന് ഹൈക്കോടതി. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേരളീയം പോലുള്ള ആഘോഷപരിപാടികളെ ഹൈക്കോടതി വിമര്‍ശിച്ചത്. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഈ വിമര്‍ശനം.
കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്ന് പിന്മാറില്ലെന്നും അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും നികുതി പിരിവ് ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്‌കാരവും വിളിച്ചോതിയ ഒന്നാം കേരളീയത്തിനു ശേഷം രണ്ടാം കേരളീയത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് മന്ത്രിസഭാ യോഗം രൂപം നല്‍കിയെന്നും പറഞ്ഞു.
സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അവശനിലയില്‍ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിന്റെ സന്ദേശം. അലന്‍ ഷുഹൈബ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമയച്ച സന്ദേശത്തിലാണ് ഇങ്ങനെ പറയുന്നത്. തന്നെ തീവ്രവാദി ആക്കാന്‍ സിസ്റ്റം ശ്രമിക്കുന്നുവെന്നും തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡി അന്വേഷണം സിപിഎം ജില്ലാ സെക്രട്ടറിയിലേക്ക് എത്തിയത് മുന്‍ മാനേജര്‍ ബിജു കരീമിന്റെ മൊഴിയാണെന്ന് റിപ്പോര്‍ട്ടുകള്‍. വായ്പകള്‍ നിയന്ത്രിച്ചതും അനുവദിച്ചതും സിപിഎം നേതാക്കളായിരുന്നുവെന്ന് ബിജു ഇഡിക്ക് മൊഴി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെനാമി വായപകള്‍ നേടിയവര്‍ നേതാക്കള്‍ക്ക് കമ്മീഷന്‍ നല്‍കിയിരുന്നതായും ഇഡിക്ക് വിവരം കിട്ടിയിട്ടുണ്ട്.
ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എം.എം.മണി. മനുഷ്യസഹജമായ വീഴ്ചകള്‍ സംഭവിക്കുമെന്നും അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണെന്നും എവിടെയെങ്കിലും ചില വീഴ്ചകള്‍ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങള്‍ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണെന്നും മണി പറഞ്ഞു. ഇ ഡി ബാങ്കുകളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശപ്പ് രഹിത കേരളത്തിനായുള്ള ജനകീയ ഹോട്ടലുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്സിഡി മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടതോടെ പ്രതിസന്ധിയിലായ മലപ്പുറത്ത് നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തി. കുടുംബശ്രീ വനിതകളെ കടക്കെണിയില്‍ കുടുക്കി ആത്മഹത്യയുടെ വക്കിലേക്ക് സര്‍ക്കാര്‍ തള്ളിയിട്ടെന്നാണ് പ്രതിഷേധത്തിനെത്തിയവര്‍ പ്രതികരിക്കുന്നത്.
വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടങ്ങള്‍ പച്ചമലൈ എസ്റ്റേറ്റിലെ സ്‌കൂളിന്റെ ഓഫീസ് മുറി തകര്‍ത്തു. ഓഫീസിലെ കംപ്യൂട്ടറുകള്‍, ടിവി, കസേര, മേശ, പാത്രങ്ങള്‍ എന്നിവയും മറ്റു വസ്തുക്കളും കാട്ടാനകള്‍ തകര്‍ത്തു.15 ആനകള്‍ അടങ്ങുന്ന കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇനി തോടുകളിലും എഐ ക്യാമറകള്‍. തലസ്ഥാനത്തെ തോടുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുവാനാണ് തിരുവനന്തപുരം നഗരസഭ എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത്. തോടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാലുടന്‍ അലാറം ലഭിക്കുകയും മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം അടക്കം 45 കേസുകളില്‍ പ്രതിയായ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനീഷിനെ, ആശുപത്രിയിലെത്തിയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാന്‍ ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. 25 വര്‍ഷമായി പുറത്തിറങ്ങാത്ത ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാന്‍ എ.ആര്‍.രതീഷ് മരിച്ചത്.
ദില്ലിയില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാലാവധി നേരത്തെ പ്രഖ്യാപിച്ചു. നാളെ മുതല്‍ നവംബര്‍ പതിനെട്ട് വരെയാണ് അവധി പ്രഖ്യാപിച്ചത്. വായു ഗുണനിലവാരം അനുവദനീയമായതിന്റെ മൂന്നിരട്ടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമിത് ഷായുടെ പ്രചാരണ വാഹനം വൈദ്യുതി ലൈനില്‍ തട്ടി തീപ്പൊരി ചിതറി. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു സംഭവം.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ റിമോട്ട് കണ്‍ട്രോളുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. റിമോട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സനാതന ധര്‍മ്മത്തെ അപമാനിക്കുമെന്നും നരേന്ദ്ര മോദി പരിഹസിച്ചു. പഞ്ചപാണ്ഡവരാണ് ബി ജെപി യെ നിയന്ത്രിക്കുന്നതെന്ന ഖര്‍ഗെയുടെ പരിഹാസത്തെ സ്വാഗതം ചെയ്യുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പരസ്യമായി മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷനും പ്രതിപക്ഷ സഖ്യത്തില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നുമാണ് പ്രസ്താവന പിന്‍വലിച്ച് നിതീഷ് മാപ്പ് പറഞ്ഞത്.
യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതിന് എയര്‍ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് വിശദീകരണം ആവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
നിരീക്ഷണവും ചാരവൃത്തിയും നടത്തുന്ന ഇസ്രയേലിന്റെ സൂപ്പര്‍ ഡ്രോണുകള്‍ ഇനി ഇന്ത്യയിലും. ഹെര്‍മിസ് 900 UAV ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് അദാനി ഡിഫന്‍സ് കമ്പനിയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിന്റെ പൂര്‍ണ്ണ ഡെലിവറി സംഭവിക്കുമെന്നാണ് പ്രതീക്ഷ.
ശ്രീലങ്കക്കുമേല്‍ ചൈനക്കുണ്ടാകുന്ന സാമ്പത്തിക മേധാവിത്തം തടയുക എന്ന ലക്ഷ്യവുമായി ശ്രീലങ്കയിലെ തുറമുഖ വികസനത്തിന് ഗൗതം അദാനിക്ക് സാമ്പത്തിക സഹായവുമായി അമേരിക്ക. കൊളംബോയില്‍ അദാനി പോര്‍ട്ട് നിര്‍മിക്കുന്ന പോര്‍ട്ട് ടെര്‍മിനല്‍ നിര്‍മാണത്തിനാണ് 4250 കോടി രൂപയുടെ സഹായം അമേരിക്ക അദാനിക്ക് നല്‍കുന്നത്.
നിരവധി തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്ത ഭാര്യയെ വീട്ടിലെത്തി കഴുത്ത് ഞെരിച്ച് കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടകയിലാണ് സംഭവം. ഇതിനായി ചാമരംജനഗറില്‍ നിന്ന് ഇയാള്‍ 230 കിലോമീറ്റര്‍ സഞ്ചരിച്ച് ഹൊസ്‌കോട്ടയ്ക്ക് സമീപമുള്ള ഭാര്യവീട്ടില്‍ എത്തുകയായിരുന്നു. വീട്ടില്‍ കയറുന്നതിന് മുമ്പ് യുവാവ് കീടനാശിനി കുടിച്ച ശേഷമായിരുന്നു കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജും. ഇന്ത്യയില്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമായ ഗില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്.