◾പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിപ്രകാരമുള്ള സൗജന്യ റേഷന്‍ ജനുവരി മുതല്‍ അഞ്ചു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയനുസരിച്ച് ഒരാള്‍ക്ക് അഞ്ചു കിലോ വീതവും അന്ത്യോദയ പദ്ധതിയില്‍ ഒരു കുടുംബത്തിന് 35 കിലോയും ഭക്ഷ്യധാന്യം ഓരോ മാസവും ലഭിക്കും. 81.35 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതി നീട്ടുമെന്ന് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു.
◾സംസ്ഥാനത്തു ന്യായവില രേഖപ്പെടുത്താത്ത ഭൂമിക്കു വില കുറച്ചു കാണിച്ചു വിറ്റതിന്റെ പേരില്‍ രജിസ്ട്രേഷന്‍ വകുപ്പ് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു. 1986 മുതലുള്ള കേസുകള്‍ക്കു നോട്ടീസ് അയച്ചു തുടങ്ങി.
◾
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾തിരുവനന്തപുരം വട്ടപ്പാറയില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ല. രാവിലെ സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തിരിച്ചെത്തിയില്ല. വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികള്‍ വീട് വിട്ട് പോയതായേക്കാമെന്നാണ് സൂചന.
◾പീഡന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതിന് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി.മനുവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
◾തൃശൂര്‍ കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ടുകളുടെ റീ കൗണ്ടിംഗ് ഡിസംബര്‍ രണ്ടിന് ഒമ്പതു മണിക്ക്. പ്രിന്‍സിപ്പലിന്റെ ചേംബറിലാണു വോട്ടെണ്ണുക. വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചതു റദ്ദാക്കിയ ഹൈക്കോടതി വീണ്ടും വോട്ടെണ്ണാന്‍ ഉത്തരവിട്ടിരുന്നു.
◾മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പലിനെ മാറ്റി. ആറ് അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിക്കു മാനേജ്മെന്റിനു നിര്‍ദേശം നല്‍കി. നിഖില്‍ തോമസിന്റെ പ്രവേശനത്തില്‍ കോളജിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സര്‍വ്വകലാശാല കണ്ടെത്തിയിരുന്നു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾നവകേരള സദസിന്റെ ബസിനു മുന്നിലേക്കു ചാടിവീണ് ജീവഹാനി വരുത്തരുതെന്നും അതു തടയുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടിയിലെ നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധമാകാം എന്നാല്‍ അപകടം വിളിച്ചു വരുത്തുന്നതു നല്ലതല്ല. തന്നെ കരിങ്കൊടി കാണിച്ചവരെ താന്‍ കൈവീശി കാണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ ഡിസംബര്‍ 14 വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇടപെടല്‍.
◾കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസുമായി തനിക്കു ബന്ധമില്ലെന്ന് വ്യവസായി ഗോകുലം ഗോപാലന്‍. തന്റെ ഇടപാടുകാരനായ അനില്‍കുമാറുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തിരക്കാനാണ് ഇഡി വിളിപ്പിച്ചതെന്ന് ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.
◾പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കു സര്‍വീസ് നടത്തിയിരുന്ന റോബിന്‍ ബസിന്റെ പെര്‍മിറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. നിരന്തരം നിയമലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കെ. കിഷോര്‍ എന്നയാളുടെ പേരിലുള്ള പെര്‍മിറ്റ് റദ്ദാക്കിയത്. ബസ് പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്കു മാറ്റിയിരുന്നു.
◾കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുലിയെ മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടച്ചെങ്കിലും രാത്രിയോടെ ചത്തു. വലയിലാക്കി മുകളിലേക്ക് കയറ്റിയശേഷമാണ് മയക്കുവെടിവച്ചത്. അണിയാരം മാമക്കണ്ടി പീടികയില്‍ സുധിയുടെ നിര്‍മാണം നടക്കുന്ന വീട്ടിലെ കിണറില്‍നിന്നാണു പുളളിപ്പുലിയെ പിടിച്ചത്.
◾
◾പത്തുമാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ എയ്ഡ്‌സ് ബാധിച്ച് 38 പേര്‍ മരിച്ചെന്ന് ഡി.എം.ഒ. ടി.പി.ശ്രീദേവി. കഴിഞ്ഞ വര്‍ഷം 63 പേരാണ് മരിച്ചത്. മരണനിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണം കുറയുന്നില്ല. കഴിഞ്ഞ വര്‍ഷം 157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
◾സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടിച്ചെന്ന് അരികിലെത്തിയ കുഞ്ഞിനോടു മുഖ്യമന്ത്രി പിണറായി വിജയന്‍ കുശലം പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. പിണറായി എന്നു വിളിച്ചു കൊണ്ടാണ് കുഞ്ഞ് ഓടിയെത്തി മുഖ്യമന്ത്രിക്കു കൈ കൊടുത്തത്. ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയും കുഞ്ഞിനു കൈ കൊടുത്തു. എന്താണ് ഇയാളുടെ പേരെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനു കുഞ്ഞ് മറുപടി പറഞ്ഞു. ഇതിനു പിറകേ, ശരി, ഓക്കെ ബൈ ബൈ എന്നു പറഞ്ഞ് മുഖ്യമന്ത്രി പോകുന്ന വീഡിയോ മന്ത്രി വി ശിവന്‍കുട്ടിയാണ് പങ്കുവച്ചത്.
◾നവകേരള സദസില്‍ നിവേദനം ലഭിച്ച് മണിക്കൂറുകള്‍ക്കകം ഒന്‍പത് വയസുകാരന് ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കിയെന്ന് മന്ത്രി പി പ്രസാദ്. തിരൂര്‍ സ്വദേശിനി ആസിഫയുടെ മകന്‍ മുഹമ്മദ് അഷ്മിലിനാണ് 12 ലക്ഷം രൂപയോളം ചെലവു വരുന്ന ശസ്ത്രക്രിയ. രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായാണ് പണം അനുവദിച്ചതെന്ന് മന്ത്രി പ്രസാദ് അറിയിച്ചു.
◾കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കിയെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പഴിക്കുന്ന പശ്ചാത്തലത്തില്‍ നിജസ്ഥിതിക്കായി സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
◾തന്റെ വീട്ടില്‍ ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ യോഗം ചേര്‍ന്നെന്ന പ്രചാരണം തെറ്റാണെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തനിക്കെതിരെ പ്രചാരണം നടത്തുന്നവരെ നന്നായി അറിയാമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പല ഗ്രൂപ്പുകളായി മാറിയ എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ പക്ഷം ഇപ്പോള്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പിനൊപ്പമാണ്.
◾പാലക്കാട് ഗോപാലപുരം നട്പുണിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് 14,000 രൂപ പിടികൂടി. ഇതില്‍ 5800 ഒളിപ്പിച്ചത് ഫ്രിഡ്ജിലായിരുന്നു.
◾തട്ടിക്കൊണ്ടുപോയവര്‍ മനസ്താപം തോന്നി ഉപേക്ഷിച്ചതുകൊണ്ടാണ് കൊല്ലത്തെ ആറുവയസുകാരിയെ തിരിച്ചുകിട്ടിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
◾കൊലക്കേസില്‍ വിധി പറയുന്ന ദിവസം കോടതിയില്‍ എത്താതെ മദ്യപിക്കാനായി മുങ്ങിയ പ്രതിയെ പോലീസ് പൊക്കി. തിരുവനന്തപുരം മംഗലപുരം സ്വദേശിയായ ബൈജുവാണ് വിധി പറയുന്ന ദിവസം കോടതിയില്‍ ഹാജരാകാതിരുന്നത്. ഇതോടെ വഞ്ചിയൂര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു. അന്വേഷിച്ചെത്തിയ മംഗലപുരം പൊലീസിനോട് വിധിക്കു മുമ്പായി മദ്യപിക്കാന്‍ പോയെന്നാണു ബൈജു പറഞ്ഞത്. ബൈജുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.
◾കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള പ്രതിയും ബാങ്കിന്റെ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ മകനുമായ അഖില്‍ ജിത്ത് കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി. തനിക്കെതിരെ തെളിവില്ലെന്നും തന്നെ വ്യാജമായി എന്‍ഫോഴ്സ്മെന്റ് പ്രതി ചേര്‍ത്തതാണെന്നുമാണ് വാദം.
◾തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പാമ്പ്. കോടതി നടപടികള്‍ തടസപ്പെട്ടു. ക്യാബിനില്‍ കണ്ട പാമ്പിനെ പിടികൂടിയ ശേഷമാണ് പിന്നീട് കോടതി നടപടികള്‍ നടന്നത്.
◾കൊല്ലം ചാവറയില്‍ പതിനേഴുകാരിയെ കാണാതായ സംഭവത്തില്‍ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി.എസ്. പ്രദീപ്, ഇന്‍സ്പെക്ടര്‍ ദിനേശ്കുമാര്‍ എന്നിവര്‍ക്കെതിരേ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കഴിഞ്ഞ ഫെബ്രുവരി 21 നാണു പെണ്‍കുട്ടിയെ കാണാതായത്. ഉചിതമായ രീതിയില്‍ അന്വേഷണം നടത്താത്തതിനാണ് നടപടി.
◾രണ്ടു മാസം മുമ്പ് ബ്ലാങ്ങാട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത ഫ്ളോട്ടിംഗ് ബ്രിഡ്ജ് കനത്ത തിരയില്‍പെട്ട് തകര്‍ന്നതല്ലെന്നും അഴിച്ചു മാറ്റിവച്ചതാണെന്നും അധികൃതരുടെ വിശദീകരണം. എന്നാല്‍ സുരക്ഷാ പരിശോധനകളില്ലാതെയാണ് പദ്ധതി തുടങ്ങിയതെന്ന് ആരോപിച്ച് നഗരസഭയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
◾കൊല്ലം പരവൂരില്‍ മകന്‍ അച്ഛനെ തീ കൊളുത്തിക്കൊന്നു. ഇക്കരംകുഴി സ്വദേശി 85 വയസുള്ള ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മകന്‍ അനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനില്‍കുമാറിന്റെ മകന് വിദേശത്തു പഠിക്കാന്‍ പോകാന്‍ പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അനില്‍ കുമാറും ശ്രീനിവാസനുമായി അടിപിടി പതിവായിരുന്നു.
◾കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം തോട്ടപ്പാലത്ത് കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് ആണു മരിച്ചത്.
◾വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ മൂന്നിനു രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടുവരെ വൈക്കം നഗരസഭാ പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.
◾തിരുവനന്തപുരം കാട്ടാക്കട ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. കിള്ളി ജമാഅത്തിലെ ഖബര്‍സ്ഥാനിലാണു മൃതദേഹ പരിശോധന നടത്തിയത്.
◾പെണ്‍കുട്ടിയെ അഞ്ചു വയസു മുതല്‍ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് 95 വര്‍ഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ. കാളങ്ങാട്ട് വീട്ടില്‍ ഷിബു (54) നെയാണ് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
◾കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പുകൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയില്‍. ഒഡിഷ രാജ്നഗര്‍ സ്വദേശി സാഗര്‍ കുമാര്‍ സ്വയിനിനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോണ്‍ട്രാക്ടറാണ് പ്രതി. ഇയാളുടെ കീഴില്‍ ജോലിയെടുത്തിരുന്ന സുദര്‍ശന ഷെട്ടിയെയാണ് മര്‍ദ്ദിച്ചത്.
◾കടല്‍ ക്ഷോഭത്തില്‍ പാച്ചല്ലൂര്‍ പനത്തുറ തീരത്തുണ്ടായിരുന്ന രണ്ടു മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു. ആറു വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
◾കോഴിക്കോട് കലക്ട്രേറ്റ് ഓഫീസില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു. എഡിഎം ഓഫീസ് ജീവനക്കാരനായ എം ഗിരീഷാണ് (52) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്.
◾ശക്തമായ മഴമൂലം ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട്. ചെന്നൈ അടക്കം അഞ്ചു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്നും തീവ്ര മഴ തുടരും. ഞായറാഴ്ചവരെ മഴയെന്നാണു മുന്നറിയിപ്പ്.
◾ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ പാകിസ്ഥാനിലേക്കു പോയി വിവാഹം ചെയ്ത യുവതി തിരികേ ഇന്ത്യയിലെത്തി. വാഗാ അതിര്‍ത്തി വഴിയാണ് രാജസ്ഥാന്‍ സ്വദേശിനിയായ അഞ്ജു തിരിച്ചെത്തിയത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനുശേഷം അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ച അഞ്ജു ഉടന്‍ ഡല്‍ഹിയിലേക്ക് പോകും. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും 34 കാരിയുമായ അഞ്ജു കഴിഞ്ഞ ജൂലൈയിലാണ് പാകിസ്ഥാനിലേക്കു പോയത്. നസ്‌റുല്ല എന്നയാളെ വിവാഹം ചെയ്ത ശേഷം ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന പേരു സ്വീകരിച്ച് ഖൈബര്‍ മേഖലയില്‍ താമസിച്ചു വരികയായിരുന്നു.
◾ഗോലാന്‍ കുന്നുകളില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ പൊതുസഭ പ്രമേയം പാസാക്കി. ഇന്ത്യ അടക്കം 91 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ഇസ്രയേല്‍, യുഎസ്, യുകെ എന്നിവയടക്കം എട്ടു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുകയും 62 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
◾ചീഞ്ഞഴുകിയ ഉരുളക്കിഴങ്ങില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ മരുച്ചു. റഷ്യയിലെ ടാറ്റര്‍സ്ഥാനിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് സംഭവം. മിഖായേല്‍ ചെലിഷെവ് എന്ന 42 കാരനായ നിയമ പ്രൊഫസറുടെ വീട്ടിലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ബേസ്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് എടുക്കാന്‍ പോയ നാലു പേരാണു മരിച്ചത്. ഇതോടെ കുടുംബത്തിലെ എട്ടു വയസുകാരി അനാഥയായി.
◾ആത്മഹത്യ ചെയ്ത 16 കാരി മകളുടെ മൃതദേഹം മാതാപിതാക്കള്‍ പ്രേതവിവാഹത്തിനായി ഏഴേമുക്കാല്‍ ലക്ഷം രൂപയ്ക്കു വിറ്റു. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള സണ്‍ എന്നയാളാണ് മകളായ സിയാവോദന്‍ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം വിറ്റത്.
◾യുഎസിലെ ന്യൂജേഴ്‌സിയില്‍ 23 കാരനായ ഇന്ത്യന്‍ യുവാവ് മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവച്ചു കൊന്നു. ന്യൂജേഴ്സിയിലെ സൗത്ത് പ്ലെയിന്‍ഫീല്‍ഡിലാണ് സംഭവം. ദിലീപ് കുമാര്‍ ബ്രഹ്‌മഭട്ട് (72), ഭാര്യ ബിന്ദു, ഇവരുടെ 38 കാരനായ മകന്‍ യാഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 23 കാരനും ഗുജറാത്തിലെ ആനന്ദ് ജില്ലക്കാരനുമായ ഓം ബ്രഹ്‌മഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾രണ്ടു വര്‍ഷമായി ഉപയോഗിക്കാത്ത ഇ മെയില്‍ അടക്കമുള്ള ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ ഈയാഴ്ച മുതല്‍ നീക്കം ചെയ്യും.
◾ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ 10 ശതമാനം ഓഹരികള്‍ സൗദി അറേബ്യ സ്വന്തമാക്കുന്നു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയല്‍ കമ്പനിയും ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവച്ചു.
◾ഐ എസ് എല്ലിലെ ചെന്നൈന്‍ എഫ്‌സിക്കെതിരായ ആവേശപോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഇരുകൂട്ടരും മൂന്ന് വീതം ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. സമനിലയായെങ്കിലും 17 പോയിന്റുകളുമായി ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതുള്ള ഗോവക്ക് 16 പോയിന്റാണുള്ളത്.
◾തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വര്‍ധിപ്പിച്ചു. ഡിസംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുംവിധം 0.10 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് ഉയര്‍ത്തിയത്. അതായത്, എം.സി.എല്‍.ആര്‍ ബാധകമായ വായ്പകളുടെ പലിശനിരക്ക് ഡിസംബര്‍ ഒന്നുമുതല്‍ വര്‍ധിക്കും. ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ നിലവിലെ 8.30 ശതമാനത്തില്‍ നിന്ന് 8.40 ശതമാനത്തിലേക്കും ഒരുമാസക്കാലാവധിയുള്ള വായ്പകളുടേത് 8.40ല്‍ നിന്ന് 8.60 ശതമാനത്തിലേക്കുമാണ് കൂട്ടിയത്. മൂന്നുമാസ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 8.90 ശതമാനമാണ്. നിലവില്‍ ഇത് 8.80 ശതമാനമാണ്. 6 മാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.30ല്‍ നിന്ന് 9.40 ശതമാനമാക്കി. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 10.30ല്‍ നിന്ന് 10.40 ശതമാനമാകും. ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോനിരക്കില്‍ അധിഷ്ഠിതമാണിത്. റിപ്പോനിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റംവരും. എന്നാല്‍ റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് പണം കണ്ടെത്തുന്ന സ്രോതസ്സുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ്, കരുതല്‍ ധന അനുപാതം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാപ്പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.
◾മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’. ചിത്രത്തിലെ നായിക പാകിസ്ഥാനില്‍ നിന്നും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഞ്ജു വാര്യരും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോള്‍ മോഹന്‍ലാലിന്റെ നായികയായി ഒരു പാക് താരവും എത്തും. പാകിസ്ഥാനിലെ മുന്‍നിര നായികയായ മഹിറ ഖാന്‍ എമ്പുരാനില്‍ വേഷമിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹിറ ഖാനൊപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ പാക് നായിക അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും എമ്പുരാന്‍. ഷാരൂഖ് ഖാന്റെ ‘റയീസ്’ എന്ന ചിത്രത്തില്‍ മഹിറ ഖാന്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം, നവംബര്‍ 11ന് എമ്പുരാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. കയ്യില്‍ തോക്കേന്തി നില്‍ക്കുന്ന അബ്രാം ഖുറേഷി ആയിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
◾വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘സാം ബഹദുര്‍’. വലിയ മേയ്ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. സാം ബഹദുറിന്റെ പുതിയൊരു പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്. വിക്കി കൗശല്‍ വേഷപ്പകര്‍ച്ചയില്‍ വിസ്മയിപ്പിക്കുന്ന ചിത്രമാകും സാം ബഹദുര്‍ എന്നാണ് പുതിയ പ്രൊമൊ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിന്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്ഖ് വേഷമിടുന്നത്.
◾രാജ്യത്തെ വാഹന വിപണി ഏറെ നാളായി കാത്തിരുന്ന സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിമ്പിള്‍ എനര്‍ജി. സിമ്പിള്‍ ഡോട്ട് വണ്‍ എന്നാണ് ഈ സ്‌കൂട്ടറിന്റെ പേര്. ഡിസംബര്‍ 15-ന് അവതരിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഈ പുതിയ ഇ-സ്‌കൂട്ടര്‍ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപ വകഭേദമായിട്ടായിരിക്കും എത്തുക. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അതിന്റെ പ്ലാറ്റ്ഫോം സിമ്പിള്‍ വണ്ണുമായി പങ്കിടുന്നു. പുതിയ ഡോട്ട് വണ്‍ ഇ-സ്‌കൂട്ടറിന്റെ വില ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിക്കുന്നു. സിമ്പിള്‍ ഡോട്ട് വണ്ണില്‍ ഒരു നിശ്ചിത 3.7 കിലോവാട്ട്അവര്‍ ബാറ്ററിയുണ്ട്. ഇത് 151 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചും 160 കിലോമീറ്റര്‍ ഐഡിസിയില്‍ വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഉയര്‍ന്ന ഓണ്‍-റോഡ് ശ്രേണി കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അവകാശപ്പെടുന്ന പ്രത്യേകമായി തയ്യാറാക്കിയ ടയറുകളോടെയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. സിമ്പിള്‍ ഡോട്ട് വണ്ണില്‍ 30 ലിറ്ററിലധികം സീറ്റിനടിയില്‍ സ്റ്റോറേജ് ലഭിക്കും. വിവിധ ഫംഗ്ഷനുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിന്റെ സവിശേഷത. ഡിസംബര്‍ 15 ന് ഇ-സ്‌കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിക്കും.
◾മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള സുദീര്‍ഘമായ സംഭാഷണം. മലയാള കവിതയുടെയും ചരിത്രത്തിന്റെയും ആത്മാവില്‍ തൊടുന്ന പുസ്തകം. ‘അശരണം’. എസ് ഗോപാലകൃഷ്ണന്‍. മാതൃഭൂമി. വില 144 രൂപ.
◾നിരവധി ആരോഗ്യ അടങ്ങിയ ഒന്നാണ് പീനട്ട് ബട്ടര്‍. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, ഫോളേറ്റ്, വിറ്റാമിന്‍ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലീനിയം, കോപ്പര്‍, അയേണ്‍, സിങ്ക്, തയാമിന്‍, നിയാസിന്‍ എന്നീ പോഷകങ്ങളാല്‍ സമ്പന്നമാണ് പീനട്ട് ബട്ടര്‍. പീനട്ട് ബട്ടര്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പീനട്ട് ബട്ടര്‍ സഹായിക്കുന്നു. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകള്‍, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും. കുറഞ്ഞ ജിഐയുമാണ് ഇവയ്ക്കുള്ളത്. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടര്‍. അതിനാല്‍ പ്രോട്ടീന്‍ കുറവുള്ളവര്‍ക്കും ശരീരത്തിന് മസില്‍ വേണമെന്നുള്ളവര്‍ക്കും പീനട്ട് ബട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ പീനട്ട് ബട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. വിറ്റാമിനുകളുടെ കലവറയാണ് ഇവ. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിന്‍ എയും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിന്‍ സി യും പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്നു. വിശപ്പ് കുറയ്ക്കുന്നതില്‍ പീനട്ട് ബട്ടര്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. ഫൈബര്‍ അടങ്ങിയതും പ്രോട്ടീന്‍ ഉള്ളതുമായ പീനട്ട് ബട്ടര്‍ കഴിക്കുമ്പോള്‍ വയറു നിറയുകയും വിശപ്പ് കുറയുകയും ചെയ്യും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ഒരു കൃഷിക്കാരനായിരുന്നു. കാലാവസ്ഥാവ്യതിയാനം മൂലം അയാളുടെ കൃഷിയെല്ലാം നശിച്ചു. ജീവിക്കാന്‍ നിവൃത്തിയില്ലാതായപ്പോള്‍ ആത്മഹത്യചെയ്യാന്‍ അയാള്‍ കാടിനുള്ളിലേക്ക് കയറി. ഏകദേശം ഉള്‍ക്കാടിനടുത്തപ്പോഴാണ് അയാള്‍ മൂപ്പനെ കണ്ടത്. ഗ്രാമത്തിലുള്ളയാളെ കാട്ടില്‍കണ്ടപ്പോള്‍ മൂപ്പന്‍ കാരണമന്വേഷിച്ചു. അയാള്‍ കാര്യം പറയുകയും ചെയ്തു. എല്ലാം കേട്ടപ്പോള്‍ മൂപ്പന്‍ കര്‍ഷകനേയും കൂട്ടി മുന്നോട്ട് നടന്നു. അവിടെ നില്‍ക്കുന്ന പന്നല്‍ചെടികളും മുളകളും കാണിച്ചിട്ടു പറഞ്ഞു: രണ്ടിന്റെയും വിത്തുകള്‍ ഞങ്ങള്‍ വിതറുന്നത് ഒരേ കാലത്താണ്. പക്ഷേ, പന്നല്‍ ചെടികള്‍ വളര്‍ന്ന് മുളയേക്കാള്‍ മുകളിലെത്തി. മിക്കയിടത്തും ഇതേ കാഴ്ചകള്‍. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന മുളകള്‍ കാട്ടി മൂപ്പന്‍ പറഞ്ഞു: ഈ മുളകളെ കണ്ടോ .. ഇവ ഞങ്ങള്‍ 6 വര്‍ഷം മുമ്പ് നട്ടതാണ്. 5 വര്‍ഷം കഴിഞ്ഞാല്‍ മുളകള്‍ തഴച്ച് വളരും. അതിനര്‍ത്ഥം ആദ്യത്തെ 5 വര്‍ഷം അവ വളരുന്നില്ല എന്നല്ല. ആ 5 വര്‍ഷം വേരുകള്‍ പടര്‍ത്തി അടിത്തറ തീര്‍ത്തുകൊണ്ടിരി്ക്കുകയാണ്. പിന്നീട് ആകാശത്തോളം വളരാന്‍! ഓരോരുത്തരുടേയും വളര്‍ച്ചാ പ്രക്രിയകളും ഘട്ടങ്ങളും വ്യത്യസ്തമാണ്. അപരനോടൊപ്പം വളരാന്‍ ആഗ്രഹിച്ചാല്‍ പിന്നെ അവയ്‌ക്കൊപ്പമേ വളരൂ.. ഒരുമിച്ചു ജനിച്ച ഒന്നും ഒരുപോലെയല്ല വളരുന്നത്. പൂര്‍ണ്ണവളര്‍ച്ച എത്തിയവയ്‌ക്കൊന്നും ഒരേ ആകൃതിയോ വലുപ്പോ ആകില്ല. ഓരോന്നിനും അതിനനുസൃതമായ സമയം വളരാനായി അനുവദിക്കുക. വളരുന്നവരും വളര്‍ത്തുന്നവരും പാലിക്കേണ്ട നിയമം ഇതാണ്. എന്തിനേയും അതിന്റെ പ്രകൃതത്തനനുസരിച്ച് വളരാന്‍ അനുവദിച്ചാല്‍ പല ബോണ്‍സായികളും വടവൃക്ഷങ്ങളായി മാറുന്നത് നമുക്ക് കാണാം. നമുക്ക് തനിയെ വളരാനും തനിയെ വിളയാനും അനുവദിക്കാം.. തളരുമ്പോള്‍ ഒന്ന് താങ്ങായാല്‍ മാത്രം മതി.. – ശുഭദിനം