◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. വൈസ് ചാന്‍സലറെ പുനര്നിയമിച്ചതു ചട്ടവിരുദ്ധമാണെന്നും ഗവര്‍ണര്‍ ബാഹ്യശക്തികള്‍ക്കു വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രനു നാലു വര്‍ഷത്തേക്കു പുനര്‍നിയമനം നല്‍കിയത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണു വിധി. 60 വയസ് കഴിഞ്ഞവരെ വിസിയായി നിയമിക്കുന്നത് എങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അന്തിമവാദം കേള്‍ക്കുന്നതിനിടെ ചോദിച്ചിരുന്നു.
◾കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ മുഖ്യമന്ത്രിയില്‍ നിന്നു സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി നേരിട്ടു തന്നെ വന്നു കണ്ട് തന്റെ നാട്ടിലെ യൂണിവേഴ്സിറ്റിയാണെന്നു പറഞ്ഞു. പിറകേ, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയും തന്നെ സന്ദര്‍ശിച്ച് ഇതേ ആവശ്യം ഉന്നയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനെ ഉപകരണമാക്കി. ചട്ട വിരുദ്ധ നിയമനമെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണോയെന്നത് അവര്‍ തീരുമാനിക്കട്ടെ. ഗവര്‍ണര്‍ പറഞ്ഞു.
◾അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കാന് താന്‍ ശുപാര്‍ശ നല്‍കിയതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. ശുപാര്‍ശയില്‍ തീരുമാനമെടുത്തത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ്. ബിന്ദു പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും നാളെ ഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിലെ സ്ഥിരം ജോലിയില്‍ പ്രവേശിക്കുമെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്. കുറേ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍നിന്ന് അശോക സ്തംഭം നീക്കം ചെയ്തു. ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യ’ എന്ന പേരു മാറ്റി ‘ഭാരത്’ എന്നാക്കിയിട്ടുമുണ്ട്.
◾പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയേക്കും. മൂന്നു മാസത്തേക്ക് കാനം അവധി ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഐയുടെ ഇന്നു ചേരുന്ന നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും. കാനം കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സെക്രട്ടറിയുടെ ചുമതല ആര്‍ക്കു കൈമാറുമെന്ന് ഇന്നു ധാരണയാകും.
◾കോടതി വിലക്കിയിട്ടും നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചത് ഗുരുതരമായ കുറ്റമെന്ന് ഹൈക്കോടതി. ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്കു കടക്കുമെന്നും കോടതി മുന്നറിയിപ്പു നല്കി. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണ്. ഇത്രയും ചെറുപ്പത്തില്‍ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തൃശൂര്‍ ജില്ലയിലെ മന്ത്രി കെ. രാജന്റെ മണ്ഡലമായ ഒല്ലൂരിലെ നവകേരള സദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തുന്നതിനെതിരേ ഹര്‍ജി. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം നാളെ പാര്‍ക്ക് ഡയറക്ടര്‍ നേരിട്ട് ഹാജരാണമെന്ന് ഹൈക്കോടതി.
◾ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ഓട്ടോറിക്ഷയില്‍ എത്തി കൊല്ലം ആശ്രാമം മൈതാനിയില്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 ന് ഒക്കത്തിരുത്തിയാണ് സ്ത്രീ കുട്ടിയെ മൈതാനത്ത് എത്തിച്ചത്. അതേ ഓട്ടോറിക്ഷയില്‍തന്നെ ആ സ്ത്രീ രക്ഷപ്പെടുന്നതിനു മുമ്പ് രണ്ടു പോലീസ് ജീപ്പുകള്‍ അതുവഴി കടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
◾ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ഡിവൈഎഫ്ഐ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം ഡിജിപിക്കു പരാതി നല്കി. ആശ്രാമം മൈതാനത്തു കുഞ്ഞിനെ ആദ്യം കണ്ടതു താനാണെന്നും കാറിലാണു കൊണ്ടുവന്നതെന്നും രണ്ടു യുവാക്കള്‍ എത്തി പ്രശ്നമുണ്ടാക്കിയെന്നും പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേയാണു പരാതി.
◾ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സ്വിഫ്റ്റ് ഡിസയര്‍ കാറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം. 2014ന് ശേഷം രജിസ്റ്റര്‍ ചെയ്ത കാറുകളുടെ വിശദാംശങ്ങള്‍ തേടി പൊലീസ് മോട്ടോര്‍ വാഹന വകുപ്പിനും മാരുതി സുസുക്കി കമ്പനിക്കും കത്തു നല്കി. കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
◾
◾തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെ കന്യാകുമാരിയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. മൂന്നു പേരും വട്ടപ്പാറ എല്‍ എം എസ് സ്കൂള്‍ വിദ്യാര്‍ഥികളാണ്.
◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍ലസര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ നിയമനത്തിനു സമ്മര്‍ദം ചെലുത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു ഇന്നു തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണ്. പ്രതിപക്ഷം പറഞ്ഞതു ശരിവയ്ക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് വിധിയിലുണ്ട്. ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. സതീശന് ആരോപിച്ചു.
◾രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കരുതെന്ന ഹര്‍ജി മൂവാറ്റുപുഴ മുന്‍സിഫ് കോടതി തള്ളി. സ്ഥാനം ഏറ്റെടുത്തെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. മൂവാറ്റുപുഴ സ്വദേശി പി.എസ്. സനല്‍ ആണു ഹര്‍ജി നല്‍കിയത്.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡന കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിംഗ് ഓഫീസറെ ഇടുക്കി മെഡിക്കല്‍ കോളജിലേക്കു സ്ഥലംമാറ്റി. സീനിയര്‍ നഴ്സിംഗ് ഓഫീസറായ പി.ബി.അനിതയെ ആണ് മാറ്റിയത്. ചീഫ് നഴ്സിംഗ് ഓഫീസര്‍ , നഴ്സിംഗ് സൂപ്രണ്ട് എന്നിവരെയും ജില്ലയ്ക്ക് പുറത്തേയ്ക്കു സ്ഥലം മാറ്റി.
◾കൊലക്കേസ് വിധി കേള്‍ക്കാന്‍ കോടതിയില്‍ വരാതെ മുങ്ങി മദ്യപിച്ച പ്രതിക്ക് കൊലക്കേസില്‍ പതിനേഴര വര്‍ഷം കഠിന തടവ്. പോത്തന്‍കോട് മോഹനപുരം സ്വദേശി ബൈജുവിനെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ശിക്ഷിച്ചത്. മംഗലപുരത്തെ വ്യാപാരിയായിരുന്ന ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ. അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്നാണ് ഇയാളുടെ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
◾സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോര്‍ഡിനേയും ഞെരുക്കുകയാണെന്ന് ഖാദി ബോര്‍ഡ് ചെയര്മാന് പി.ജയരാജന്. ബോര്‍ഡിനു കിട്ടാനുള്ള സബ്സിഡി തുക സര്‍ക്കാര്‍ വേഗം തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫയല്‍ ധനമന്ത്രിയുടെ പരിഗണനയിലാണെന്നും പി. ജയരാജന് പറഞ്ഞു.
◾മുഖ്യമന്ത്രിയുടെ നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടിയില്‍ അധ്യാപകര്‍ പങ്കെടുക്കണമെന്ന് നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്. ഇന്ന് ഉച്ചയ്ക്കു നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും എല്ലാ സ്കൂളുകളിലെയും അധ്യാപകര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. വിവാദമായതോടെ വൈകീട്ട് നാലിനു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശമെന്നാണ് വിശദീകരണം.
◾ശബരിമലയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തിക്കും തിരക്കും ഒഴിവാക്കാനാണ് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചത്. പൊലീസും വിവിധ സേനാംഗങ്ങളും ഉള്‍പ്പടെ ആയിരത്തഞ്ഞൂറോളം സുരക്ഷാ ജീവനക്കാരാണ് സന്നിധാനത്തുള്ളത്.
◾വീട്ടിലെ കിടപ്പുമുറിക്കു തീപിടിച്ച് ഓട്ടിസം ബാധിച്ച മകന് മരിച്ചു. അമ്മയ്ക്കു ഗുരുതരമായി പൊള്ളലേറ്റു. അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്കേ നടയില്‍ മകം വീട്ടില്‍ പരേതനായ മണിയുടെ വീട്ടിലാണ് ഉച്ചയോടെ തീപടര്‍ന്നത്. അമ്മ ശോഭയേയും മകന് മഹേഷിനെയും ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷ് മരിച്ചു.
◾പുനലൂരില്‍ കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി മുന്‍ കായിക താരവും എസ്എപി ക്യാമ്പിലെ ഹവീല്‍ദാറുമായ തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25) അന്തരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ചെന്നൈയിലെ റോയാപുരം പ്രദേശത്ത് ഒരു മണിക്കൂറിനുള്ളില്‍ 29 പേരെ ഓടിച്ചിട്ട് കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.
◾ജോലി സമയം കഴിഞ്ഞെന്നു പറഞ്ഞ് ലോക്കോ പൈലറ്റുമാര്‍ ജോലിയില്‍നിന്ന് പിന്മാറിയതോടെ രണ്ട് എക്സ്പ്രസ് ട്രെയിനുകളിലെ 2500 യാത്രക്കാര്‍ പെരുവഴിയില്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ബുര്‍വാള്‍ ജംഗ്ഷനിലാണ് സംഭവം.
◾തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭരണകക്ഷിയായ ബിആര്‍എസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന പോരാട്ടമാണ് തെലുങ്കാനയില്‍ നടക്കുന്നത്.
◾കര്‍ണാടകത്തിലെ ബിജെപിയുടെ മുന്‍ സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന് തട്ടിയെടുത്തെന്ന ആരോപണം അന്വേഷിക്കുന്ന ജസ്റ്റീസ് നാഗ് മോഹന്‍ കമ്മീഷന് കരാറുകാരുടെ സംഘടന 600 പേജു വരുന്ന തെളിവുകള്‍ സമര്‍പ്പിച്ചു. പത്തു ദിവസത്തിനകം കൂടുതല്‍ രേഖകള്‍ ഹാജരാക്കുമെന്ന് കരാറുകാരുടെ സംഘടനാ നേതാക്കള്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
◾ഗാസയിലെ വെടി നിറുത്തല്‍ വീണ്ടും നീട്ടുന്നു. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനും നടപടികള്‍. ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിറുത്തല്‍ നീട്ടാനും ബന്ദികളെ മോചിപ്പിക്കാനും ധാരണയായത്.
◾സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും യുഎസ് നയതന്ത്രജ്ഞനുമായ ഹെന്റി കിസിന്‍ജര്‍ നൂറാം വയസില്‍ അന്തരിച്ചു. കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യം. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി യുഎസ് പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്സന്റേയും ഗെറാള്‍ഡ് ഫോര്‍ഡിന്റേയും കൂടെ സേവനംചെയ്തിട്ടുണ്ട്.
◾യുഎസ് സൈനിക വിമാനം ജപ്പാനിലെ യക്കുഷിമ ദ്വീപില്‍ തകര്‍ന്നുവീണു. ഒരു വ്യോമസേനാ ഉദ്യോഗസ്ഥന് മരിച്ചു. ഏഴു പേരെ കാണാതായി. പരിശീലന പറക്കലിനിടെയാണു തകര്‍ന്നുവീണത്.
◾വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന്റെ കരുത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ഓഹരികളുടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളര്‍ കവിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ വിപണിയായി ഇന്ത്യ മാറി. അമേരിക്ക, ചൈന, ജപ്പാന് എന്നിവയടങ്ങുന്ന എലൈറ്റ് ക്ളബില്‍ ഇന്ത്യയും ഉള്‍പ്പെട്ടു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സഞ്ചിത വിപണി മൂല്യം 333 ലക്ഷം കോടി രൂപയാണ്. ലോകത്തെ ഏറ്റവും വലിയ ഇക്വിറ്റി മാര്‍ക്കറ്റായ അമേരിക്കയിലെ ഓഹരികളുടെ മൊത്തം വിപണി മൂല്യം 48 ലക്ഷം കോടി ഡോളറാണ്. ചൈനയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 9.7 ലക്ഷം കോടി ഡോളറും ജപ്പാനിലെ കമ്പനികളുടെ വിപണി മൂല്യം ആറ് ലക്ഷം കോടി ഡോളറുമാണ്. നടപ്പുവര്‍ഷം ഇന്ത്യന്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ 15 ശതമാനം വര്‍ദ്ധനയുണ്ട്. അമേരിക്കന്‍ ഓഹരികളുടെ വിപണി മൂല്യത്തില്‍ ഈ വര്‍ഷം 15 ശതമാനം വളര്‍ച്ചയുണ്ടായി. ചൈനയിലെ കമ്പനികളുടെ വിപണി മൂല്യത്തില്‍ കേവലം അഞ്ച് ശതമാനം വര്‍ദ്ധന മാത്രമാണുണ്ടായത്. ആഗോള ധന മേഖലയിലെ മാന്ദ്യ സാഹചര്യം മൂലം മികച്ച വളര്‍ച്ചാ സാദ്ധ്യതയുള്ള ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ക്ക് പ്രിയമേറുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മാന്ദ്യംകണക്കിലെടുത്ത് ആഗോള കമ്പനികള്‍ ചെലവു കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ നിന്നും കൂടുതല്‍ സേവനങ്ങളും ഉത്പന്നങ്ങളും കൂടുതലായി വാങ്ങുമെന്നാണ് കരുതുന്നത്.
◾സീക്രട്ട് കോഡ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്. നേരത്തെ തന്നെ വാട്സ്ആപ്പില്‍ ലഭ്യമാകുന്ന പ്രൈവസി ഫീച്ചറിനെ കൂടുതല്‍ ശക്തമാക്കുന്ന ഒന്നാണ് സീക്രട്ട് കോഡ്. ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാന്‍ സഹായിക്കും എന്നതാണ് പുതിയ വാട്സ്ആപ്പ് സീക്രട്ട് കോഡ് ഫീച്ചറിന്റെ പ്രത്യേകത. ചാറ്റ് ലോക്ക് ഫീച്ചറിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ കഴിയുന്നു. എന്നാല്‍ സീക്രട്ട് കോഡ് ഫീച്ചര്‍ ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകളുടെ സുരക്ഷയും അത്തരം ചാറ്റുകളിലേക്കുള്ള പ്രവേശന സുരക്ഷയും വര്‍ദ്ധിപ്പിക്കാനാണ് പുതിയ സീക്രട്ട് കോഡ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് ഒരു അധിക സുരക്ഷ നല്കുന്നു. നിലവില്‍, ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പില്‍ മാത്രമേ ലഭ്യമാകൂ. വാട്ട്സ്ആപ്പ് ബീറ്റയുടെ ആന്‍ഡ്രോയിഡ് പതിപ്പ് 2.23.24.20ല്‍ ഈ ഫീച്ചര്‍ ലഭിക്കും. ലോക്ക് ചെയ്ത ചാറ്റുകള്‍ക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആണിത്. രഹസ്യ ചാറ്റുകള്‍ ആക്സസ് ചെയ്യുന്നതിനുള്ള ഒരു പാസ്വേഡായി ഈ രഹസ്യ കോഡ് പ്രവര്‍ത്തിക്കും. ചാറ്റുകളില്‍ ഒരു രഹസ്യ കോഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളിലെ ചാറ്റുകള്‍ പോലും ലോക്ക് ചെയ്യാന്‍ കഴിയുകയും ചാറ്റുകളുടെ മൊത്തത്തിലുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഉപയോക്താവ് സീക്രട്ട് കോഡ് മറന്നാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യമാണ് കൂടുതലായും ഉയരുന്നത്. സ്വകാര്യതാ ക്രമീകരണങ്ങള്‍ മാറ്റുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ലോക്ക് ചെയ്ത ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ സ്വകാര്യതാ ക്രമീകരണങ്ങളിലേക്ക് പോയി ലോക്ക് ചെയ്ത ചാറ്റുകളുടെ ലിസ്റ്റ് നീക്കം ചെയ്യുക മാത്രമാണ് ഇതിന് വേണ്ടത്. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ പതിപ്പില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ താമസിയാതെ കമ്പനിക്ക് ഇത് എല്ലാ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾സംവിധായകന് ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷന്‍ ഹൗസ് ജി സ്ക്വാഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്. ഇപ്പോഴിതാ ജി സ്ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ഫൈറ്റ് ക്ലബ് എന്നാണ് ചിത്രത്തിന്റെ പേര്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ഉറിയടി’ വിജയ് കുമാറാണ് നായകന്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആദിത്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പുറത്തിറങ്ങി നിമിഷനേരങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഫൈറ്റ് ക്ലബ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. തന്റെ സുഹൃത്തുക്കളില്‍ നിന്നും സഹായികളില്‍ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങള്‍ പ്രചോദിക്കാനും അവരുടെ ചിത്രങ്ങള്‍ ജി സ്ക്വാഡിലൂടെ പ്രേക്ഷകരിലെത്തിക്കാനും ലോകേഷ് കനകരാജ് തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്.
◾രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താള്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘പുഞ്ചവയല്‍ക്കരയില്‍ പുഞ്ചിരിപ്പൂ വിടര്‍ന്നേ…’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. രാധാകൃഷ്ണന് കുന്നുപുറം വരികള്‍ കുറിച്ച ഗാനത്തിന് ബിജിബാല്‍ ഈണമൊരുക്കിയിരിക്കുന്നു. സൂരജ് സന്തോഷും രഞ്ജിത് ജയരാമനും ചേര്‍ന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘പുലരിയില്‍ ഇളവെയില്’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോരമ മ്യൂസിക് ആണ് പാട്ടുകള്‍ പ്രേക്ഷകര്ക്കരികിലെത്തിച്ചിരിക്കുന്നത്. രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘താള്’. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. ഡോ.ജി.കിഷോര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആന്‍സണ്‍ പോള്‍, ആരാധ്യ ആന്‍, അരുണ്‍കുമാര്‍, നോബി മാര്‍ക്കോസ്, വിവ്യ ശാന്ത് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.
◾തെന്നിന്ത്യന്‍ താരം നയന്‍താരക്ക് കോടികള്‍ വിലയുള്ള പിറന്നാള്‍ സമ്മാനം. തമിഴ് സിനിമാ സംവിധായകനും നയന്‍താരയുടെ ജീവിതപങ്കാളിയുമായ വിഗ്നേഷ് ശിവനാണ് ആഡംബര കാര്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത്. 39-ാം പിറന്നാളിന് ലഭിച്ച അപൂര്‍വ സമ്മാനത്തെക്കുറിച്ചുള്ള സ്നേഹപൂര്‍വമുള്ള കുറിപ്പും ചിത്രങ്ങളും നയന്‍സ് സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. സോഷ്യല്‍മീഡിയയിലും പുറത്തും വലിയ ആരാധകരുള്ളവരാണ് നയന്‍താരയും വിഗ്നേഷ് ശിവനും. ഇരുവരും 2022ലാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ നവംബര്‍ 18നായിരുന്നു നയന്‍താരയുടെ 39-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ‘ഹാപ്പി ബര്‍ത്ത്ഡേ മൈ തങ്കമ്മേ’ എന്ന് ആശംസിച്ച വിഗ്നേഷിന്റെ ഇന്‍സ്റ്റ പോസ്റ്റിന് 21 ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. പിറന്നാളും കഴിഞ്ഞ ദിവസങ്ങള്‍ക്കു ശേഷമാണ് തനിക്ക് ലഭിച്ച അപൂര്‍വ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് നയന്‍താര പറഞ്ഞിരിക്കുന്നത്. മെഴ്സിഡീസ് മെയ്ബാക്കിന്റെ ലോഗോയുടെ ചിത്രങ്ങളും കുറിപ്പുമാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 2.69 കോടി മുതല്‍ 3.40 കോടി രൂപ വില വരുന്ന ആഡംബര കാറാണ് വിഗ്നേഷ് സമ്മാനിച്ചത്.
◾സാമൂഹിക കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയവും. ഈ രണ്ടു പ്രവര്‍ത്തനങ്ങളിലും നിസ്വാര്‍ഥവും ത്യാഗോജ്ജ്വലവുമായ പങ്കുവഹിക്കുകയും എന്നാല്‍ ചരിത്രത്തിന്റെ യവനികയ്ക്കു പിന്നില്‍ മറയുകയും വിസ്മരിക്കപ്പെടുകയും ചെയ്ത കുറേ മനുഷ്യരുടെ ജീവഗാഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ട് നോവലുകള്‍ ഒന്നിച്ച്. ‘കറപ്പനും കങ്കാരുനൃത്തവും’. അശോകന് ചെരുവില്‍. ഡിസി ബുക്സ്. വില 315 രൂപ.
◾2020ല്‍ ഇന്ത്യയില്‍ മദ്യപാനം, പുകവലി, അമിതഭാരം, ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) എന്നിവ മൂലം കാന്‍സര്‍ ബാധിച്ച് 2.25 ലക്ഷം പേര് മരിച്ചതായി പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റിന്റെ ഇ-ക്ലിനിക്കല്‍ മെഡിസിന് പ്രസിദ്ധീകരണമാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുകവലിയുമായി ബന്ധപ്പെട്ട കാന്‍സര്‍ മൂലമാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. ഇങ്ങനെ 1.10 ലക്ഷം പേര് മരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. എച്ച്പിവി (89,100), മദ്യപാനം (41,600), അമിത ശരീരഭാരം (8,000) ഇങ്ങനെ പോകുന്നു കണക്കുകള്‍. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിന്റെ കാന്‍സര്‍ നിരീക്ഷണ വിഭാഗമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 200ലധികം അനുബന്ധ വൈറസുകളുടെ ഒരു ഗ്രൂപ്പാണ് എച്ച്പിവി. ഈ വൈറസുകളില്‍ ചിലത് കാന്‍സറിന് കാരണമാകാം, ഉദാഹരണത്തിന് സെര്‍വിക്സ് കാന്‍സര്‍. എച്ച്പിവി അണുബാധയുടെ സാധ്യത കുറയ്ക്കാന്‍ വാക്സിനുകള്‍ ലഭ്യമാണ്. ഇക്ലിനിക്കല്‍ മെഡിസിന് പഠനത്തില്‍, ഗവേഷകര്‍ ആഗോള പഠനങ്ങളില്‍ നിന്ന് നാല് റിസ്ക് ഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, എന്നിവിടങ്ങളില്‍ നിന്നുള്ള കാന്‍സര്‍ മരണങ്ങളുടെ കണക്കുകള്‍ ലഭിക്കുന്നതിന് ഇന്ത്യയില്‍ 2020 ലെ കാന്‍സര്‍ മരണങ്ങളുടെ കണക്കുകള്‍ പരിഗണിക്കുകയായിവുന്നു. നാല് അപകട ഘടകങ്ങളാല്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ മരണങ്ങള് സംഭവിച്ചത് ചൈനയിലാണ് (11.44 ലക്ഷം), തൊട്ടുപിന്നാലെ ഇന്ത്യ (2.25 ലക്ഷം), യുഎസ് (2.22 ലക്ഷം), റഷ്യ (1.22 ലക്ഷം). , ബ്രസീല്‍ (73,500), യുകെ (59,500), ദക്ഷിണാഫ്രിക്ക (18,100). കാന്‍സര്‍ മരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമായത് പുകവലിയാണ്. 13 ലക്ഷം പേരാണ് പുകവലിയെ തുടര്‍ന്ന് കാന്‍സര്‍ ബാധിച്ച് മരിച്ചത്. കാന്‍സര്‍ മരണങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗവും പുകവലി മൂലമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചില അപകട ഘടകങ്ങള്‍ കൂടുതല്‍ അകാല മരണത്തിന് കാരണമാകുന്നുണ്ടോ എന്നും പഠനത്തിന്റെ ഭാഗമായിരുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.37, പൗണ്ട് – 105.89, യൂറോ – 91.32, സ്വിസ് ഫ്രാങ്ക് – 95.54, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.34, ബഹറിന്‍ ദിനാര്‍ – 221.20, കുവൈത്ത് ദിനാര്‍ -270.29, ഒമാനി റിയാല്‍ – 216.55, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.39.