S7 yt cover

സംസ്ഥാനത്തു ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ നീക്കം. മൂന്നു നിലയങ്ങളില്‍ നിന്ന് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് ഒപ്പു വച്ച നാലു ദീര്‍ഘകാല കരാറുകള്‍ക്കു റഗുലേറ്ററി കമ്മിഷന്‍ അന്തിമാനുമതി നിഷേധിച്ചതാണ് വൈദ്യുതി പ്രതിസന്ധിക്കു കാരണം. വൈദ്യുതി ബോര്‍ഡ് അപ്പെല്ലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുന്നുണ്ട്.

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍. നോര്‍ത്ത് ഗേറ്റില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ജീവനക്കാരെ പൊലീസ് കടത്തിവിട്ടതോടെയാണു സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാവിലെ ഏഴോടെ ആരംഭിച്ച സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനംചെയ്തു. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ രാപ്പകല്‍ സമരവുമായി ബിജെപി. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഇവരുടെ സമരം. അഴിമതിയും ഭരണത്തകര്‍ച്ചയും ആരോപിച്ചാണ് പ്രതിഷേധം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും ചാമ്പുമ്പോള്‍ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

സമരങ്ങള്‍ മൂലം തിരുവനന്തപുരത്ത് വാഹന നിയന്ത്രണം. സെക്രട്ടേറിയറ്റില്‍ യുഡിഎഫും പാളയത്ത് ബിജെപിയും സമരം നടത്തുന്നതുമൂലമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സെക്രട്ടേറിയറ്റില്‍ യുഡിഎഫ് സമരത്തെ അഭിസംബോധന ചെയ്യവേ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ എംഎല്‍എ കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യമുണ്ടായ മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാലിന്യ സംസ്‌കരണ പദ്ധതിയില്‍ സോണ്‍ടയെ കരാറുകളില്‍നിന്ന് ഒഴിവാക്കുന്നു. കൊച്ചി ബ്രഹ്‌മപുരത്തെ വേസ്റ്റ് ടു എനര്‍ജി പദ്ധതിയില്‍ നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി. മാലിന്യത്തില്‍നിന്നു സിഎന്‍ജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറിയെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. സിപിഎം നേതാക്കളുടെ അടുത്ത ബന്ധുക്കളുടെ കമ്പനികള്‍ക്കു കരാര്‍ നല്‍കി കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണം നിലനില്‍ക്കേയാണ് നടപടി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സ്‌കൂളുകളുടെ കത്തിടപാടുകള്‍ സുഗമമാക്കാന്‍ ഇ – തപാല്‍ പദ്ധതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നു സുതാര്യമായും സമയബന്ധിതമായും സേവനങ്ങള്‍ നല്‍കാനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നടപ്പിലാക്കിയ ഇ-ഗവേണന്‍സ് പദ്ധതിയുടെ തുടര്‍ച്ചയാണ് ഇ തപാല്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

മാവേലിക്കര ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയം മാറ്റി. റദ്ദാക്കിയ ട്രെയിനുകള്‍: നാളെ കൊല്ലത്തുനിന്ന് രാവിലെ എട്ടിനും 11 നും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു, വൈകിട്ട് മൂന്നിനും 8.10 നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു,

8.45 ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമു, 2.35 ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിന്‍. 1.35 ന്റെ എറണാകുളം കൊല്ലം സ്പെഷ്യല്‍ മെമു, 5.40 ന്റെ കോട്ടയം കൊല്ലം മെമു, 8.50 ന്റെ കായംകുളം എറണാകുളം എക്സ്പ്രസ്, വൈകിട്ട് നാലിനുള്ള എറണാകുളം ആലപ്പുഴ മെമു, ആറിനുള്ള ആലപ്പുഴ എറണാകുളം എക്സ്പ്രസ്. നാളെ ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടും.

രണ്ടു പേരുടെ മരണത്തിനിടയാക്കിയ കണമല കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എരുമേലി പൊലീസ് കേസെടുത്തു. വഴിതടയല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കണ്ടാലറിയാവുന്ന 45 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

2000 രൂപയുടെ നോട്ട് പിന്‍വലിച്ചത് സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഈ നിരോധനവും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസകും കുറ്റപ്പെടുത്തി.

കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി. ടി. സൂരജ് അറസ്റ്റില്‍. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതിന് മുന്‍കാലത്തെ കേസുകളിലാണ് അറസ്റ്റ്.

കര്‍ണാടകത്തില്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ മലയാളിയായ കെ.ജെ. ജോര്‍ജും. കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിസഭകളിലും ജോര്‍ജ് മന്ത്രിയായിട്ടുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി.

ഡല്‍ഹി സര്‍ക്കാരിലെ സ്ഥലം മാറ്റം, നിയമനം അധികാരം സംബന്ധിച്ച തര്‍ക്കം വീണ്ടും സുപ്രിം കോടതിയിലേക്ക്. അധികാരം ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനാണെന്ന ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം ഹര്‍ജി നല്‍കി. ഇന്നലെ ഓര്‍ഡിനന്‍സ് ഇറക്കിയതിന് പിറകേയാണ് ഹര്‍ജി. സുപ്രീം കോടതി വിധിയിലൂടെ ഡല്‍ഹി സര്‍ക്കാരിന് കിട്ടിയ അധികാരം മറികടക്കാനാണ് പുതിയ ഓര്‍ഡിനന്‍സിറക്കിയത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്.

കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഉണ്ടായ വാഹനപകടത്തില്‍ കാപ്പി വ്യാപാരിയും മില്ലുടമയുമായ മലയാളി മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54) മരിച്ചത്.

വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയെന്നു പറയുന്ന ശിവലിംഗത്തിന്റെ ശാസ്ത്രീയ പരിശോധനയും കാലപ്പഴക്കവും നിര്‍ണയിക്കാനുള്ള കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തടഞ്ഞു.

ജയ്പൂരിലെ സര്‍ക്കാര്‍ കെട്ടിടത്തിന്റെ ബേസ്മെന്റില്‍നിന്ന് അനധികൃത പണവും സ്വര്‍ണ്ണക്കട്ടിയും കണ്ടെത്തി. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കെട്ടിടമായ യോജന ഭവനില്‍ നിന്നാണ് 2.31 കോടി രൂപയും ഒരു കിലോ സ്വര്‍ണക്കട്ടിയും കണ്ടെടുത്തത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന എട്ടു പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ജയ്പൂര്‍ സിറ്റി പൊലീസാണ് പരിശോധന നടത്തി പണം കണ്ടെടുത്തത്.

ഐഎഎസ് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത ഐആര്‍എസ് ഉദ്യോസ്ഥന്‍ പിടിയില്‍. ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ജി 20 ഉച്ചകോടിക്കു മുന്നോടിയായി ശ്രീനഗറില്‍ ഇന്ത്യ യോഗം നടത്തുന്നതിനെ എതിര്‍ത്ത് ചൈന. തര്‍ക്കമേഖലയില്‍ യോഗം നടത്തരുതെന്നാണ് ചൈന ആവശ്യപ്പെട്ടത്. ശ്രീനഗര്‍ ഇന്ത്യയുടെ ഭാഗമാണെന്നും എവിടെയും യോഗം നടത്താനുള്ള അധികാരമുണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു.

ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. ഉച്ചതിരിഞ്ഞ് 3.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒമ്പതാം സ്ഥാനത്തുള്ള ഡല്‍ഹി കാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ എതിരാളികള്‍ ഏഴാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്.

ഏറ്റവുമധികം ലാഭം നേടുന്ന ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് എസ്.ബി.ഐ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 57 ശതമാനം വളര്‍ച്ചയോടെ 55,648 കോടി രൂപയുടെ ലാഭമാണ് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് സ്വന്തമാക്കിയത്. അറ്റ പലിശ വരുമാനത്തിലെ കുതിപ്പാണ് ഈ നേട്ടം കുറിക്കാന്‍ ബാങ്കിന് സഹായകമായത്. റിലയന്‍സിനെ കൂടാതെ 50,000 കോടി രൂപയ്ക്കുമേല്‍ ലാഭം നേടിയ ഏക കമ്പനിയും എസ്.ബി.ഐയാണ്. 66,702 കോടി രൂപയുടെ ലാഭമാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് രേഖപ്പെടുത്തിയത്. മൂന്നാമതുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലാഭം 45,997 കോടി രൂപ. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് 42,147 കോടി രൂപയും ഐ.സി.ഐ.സി.ഐ ബാങ്ക് 34,037 കോടി രൂപയും ലാഭം കുറിച്ചു. പൊതുമേഖലാ എണ്ണസംസ്‌കരണ കമ്പനിയായ ഒ.എന്‍.ജി.സി ഈമാസം 29നാണ് പ്രവര്‍ത്തനഫലം പുറത്തുവിടുക. 2021-22ല്‍ കമ്പനി 45,522 കോടി രൂപ ലാഭം നേടിയിരുന്നു. ഈവര്‍ഷം 48,000 കോടി രൂപയാണ് കമ്പനിക്ക് നിരീക്ഷകര്‍ പ്രവചിക്കുന്ന ലാഭം. അങ്ങനെയെങ്കില്‍ എച്ച്.ഡി.എഫ്.സി ബാങ്കിനെ പിന്നിലാക്കി ഒ.എന്‍.ജി.സി മൂന്നാമതാകും. 2015-16 മുതല്‍ ലാഭത്തില്‍ ഒന്നാംസ്ഥാനം റിലയന്‍സിന്റെ കുത്തകയാണ്. എന്നാല്‍, രണ്ടുമുതല്‍ നാലുവരെയുള്ള സ്ഥാനങ്ങള്‍ ടി.സി.എസ്., എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ., ഒ.എന്‍.ജി.സി എന്നിവ മാറിമാറി സ്വന്തമാക്കുന്നതാണ് കാഴ്ച.

സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായ യു.പി.ഐ സേവനം ഫീച്ചര്‍ ഫോണുകളിലും ഉപയോഗിക്കാന്‍ സഹായിക്കുന്ന യു.പി.ഐ 123 പേ സൗകര്യമുള്ള മോഡലുകള്‍ അവതരിപ്പിച്ച് നോക്കിയ. ഇന്‍-ബില്‍റ്റ് യു.പി.ഐ 123 പേ സൗകര്യമാണ് പുതിയ നോക്കിയ 105 (2023), നോക്കിയ 106 4ജി ഫീച്ചര്‍ ഫോണുകളിലുള്ളത്. ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് നമ്പര്‍, ഫീച്ചര്‍ഫോണ്‍ ആപ്പ്, മിസ്ഡ് കോള്‍, ശബ്ദാധിഷ്ഠിത പേയ്‌മെന്റ് എന്നീ സംവിധാനങ്ങള്‍ വഴി യു.പി.ഐ ഇടപാട് നടത്താവുന്ന സൗകര്യമാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ച യു.പി.ഐ 123 പേ. ഈ സൗകര്യങ്ങളാണ് ഫോണിലുള്ളത്. നോക്കിയ 105ല്‍ 1,000 എം.എ.എച്ചും 106 4ജിയില്‍ 1,450 എം.എ.എച്ചുമാണ് ബാറ്ററി. സ്റ്റാന്‍ഡ്‌ബൈ മോഡില്‍ ആഴ്ചകളോളം ചാര്‍ജ് നിലനില്‍ക്കുന്നതാണ് ഈ ബാറ്ററികളെന്ന് നോക്കിയയുടെ നിര്‍മ്മാതാക്കളായ എച്ച്.എം.ഡി ഗ്ലോബല്‍ അവകാശപ്പെടുന്നു. വയര്‍ലെസ് എഫ്.എം., ഇന്‍-ബില്‍റ്റ് എം.പി3 പ്ലെയര്‍ എന്നിവയും ഈ മോഡലുകളുടെ ആകര്‍ഷണങ്ങളാണ്. വില നോക്കിയ 105ന് 1,299 രൂപ. 106 4ജിക്ക് 2,199 രൂപ. നോക്കിയ 105 ചാര്‍ക്കോള്‍, സിയാന്‍, ചുവപ്പ് നിറങ്ങളിലും 106 4ജി ചാര്‍ക്കോള്‍, ബ്ലൂ നിറങ്ങളിലും ലഭിക്കും.

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‌കേപ്’. സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബാബു ആന്റണിയുടെ മകന്‍ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘ദ ഗ്രേറ്റ് എസ്‌കേപ്പെ’ന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുന്നത്. ബാബു ആന്റണി ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. തകര്‍പ്പന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്താമാകുന്നത്. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ‘ദ ഗ്രേറ്റ് എസ്‌കേപി’ന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. രഞ്ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ടദ ഗ്രേറ്റ് എസ്‌കേപെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍ ആണ്.

രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ.ബേബി’യുടെ ടീസര്‍ ഇറങ്ങി. മമ്മൂട്ടിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. രഞ്ജന്‍ പ്രമോദ് ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ചിത്രത്തിന്റെ അപ്ഡേറ്റുകള്‍. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തന്‍ നിര്‍മ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണില്‍ തിയേറ്ററുകളില്‍ എത്തും.

ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ ഇന്ത്യ അതിന്റെ മാഗ്‌നൈറ്റ് സബ്‌കോംപാക്റ്റ് എസ്യുവിയുടെ പുതിയ പ്രത്യേക പതിപ്പായ ഗെസ എഡിഷന്‍ 2023 മെയ് 26 -ന് അവതരിപ്പിക്കും. നിസാന്‍ മാഗ്‌നൈറ്റ് ഗെസ എഡിഷന്‍ ജാപ്പനീസ് തീയറ്ററില്‍ നിന്നും അതിന്റെ സംഗീത തീമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ മോഡലിനെ അപേക്ഷിച്ച് ഈ മോഡലിന് കുറച്ച് സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകളും പുതിയ സവിശേഷതകളും ലഭിക്കാന്‍ സാധ്യതയുണ്ട്. അതിന്റെ സംഗീതാനുഭവം മെച്ചപ്പെടുത്തുന്നതിനായി, കാര്‍ നിര്‍മ്മാതാവ് പ്രത്യേക പതിപ്പ് ജെബിഎല്‍ സ്പീക്കറുകള്‍ ഉപയോഗിച്ച് പായ്ക്ക് ചെയ്യും. നിലവില്‍, ഹൈ-എന്‍ഡ് ജെബിഎല്‍ സ്പീക്കറുകള്‍ ടെക്നോ പായ്ക്ക് വാഗ്ദാനം ചെയ്യുന്നു, ഇതിന് 39,000 രൂപ അധിക ചിലവ് വരും. പരിമിത പതിപ്പിനൊപ്പം കാര്‍ നിര്‍മ്മാതാവ് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചേക്കാം. നിലവില്‍, സബ്കോംപാക്റ്റ് ഒമ്പത് വര്‍ണ്ണ സ്‌കീമുകളില്‍ വരുന്നു. നിസാന്‍ മാഗ്നൈറ്റ് ഗെസ എഡിഷന്‍ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം നല്‍കാം. ആദ്യത്തേത് 96എന്‍എം ഉപയോഗിച്ച് 72പിഎസ് ഉണ്ടാക്കുമ്പോള്‍, രണ്ടാമത്തേത് 100പിഎസ്നും 152എന്‍എമ്മും മതിയാകും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് രണ്ട് മോട്ടോറുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ടര്‍ബോ-പെട്രോള്‍ യൂണിറ്റിന് ഓപ്ഷണല്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്നു.

നിങ്ങള്‍ വിജയത്തിലേക്കുള്ള പാത തേടുകയാണോ? സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജീവിതവിജയം കൈവരിക്കുവാനുള്ള പാഠങ്ങളാണ് ‘നിന്നില്‍ത്തന്നെ വിശ്വസിക്കുക’ എന്ന ഈ പുസ്തകത്തിലൂടെ ഡോ. ജോസഫ് മര്‍ഫി വെളിപ്പെടുത്തുന്നത്. ശരിയായ മാനസിക മനോഭാവത്തിലൂടെ ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ചുകൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്നത് എങ്ങനെയെന്ന് പുസ്തകം നിങ്ങളോട് പറയുന്നു. വിവര്‍ത്തനം: ലിന്‍സി കെ. തങ്കപ്പന്‍. ഡി സി ലൈഫ്. വില 110 രൂപ.

നഖങ്ങള്‍ തുടര്‍ച്ചയായി പൊട്ടുന്നത് കരള്‍, വൃക്ക രോഗങ്ങളുടെയും എല്ലുകളുടെ ബലക്ഷയത്തിന്റെയും സൂചനയാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് ഒമേഗ -3 ഇല്ലെങ്കില്‍ നഖങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകും. വരണ്ടതും പൊട്ടിയതുമായ നഖങ്ങള്‍ കാല്‍സ്യക്കുറവിന്റെ സൂചനയാണ്. അതുകൊണ്ട് ആഹാരത്തില്‍ ശ്രദ്ധിക്കുന്നത് നഖത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവ മാത്രമല്ല വിറ്റാമിന്‍ ബി 12, ഇരുമ്പ്, ബയോട്ടിന്‍ എന്നിവയും മുട്ടയില്‍ നിന്ന് ലഭിക്കും. നഖങ്ങളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ഇലക്കറികളില്‍ കാല്‍സ്യവും ഇരുമ്പും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ധാരാളം പോഷകങ്ങള്‍ നല്‍കും. ചീര, ബ്രൊക്കോളി എന്നിവ കഴിക്കുന്നത് നഖങ്ങള്‍ പൊട്ടുന്നത് തടയാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, സള്‍ഫര്‍, പ്രോട്ടീന്‍ എന്നിവയുടെ മികച്ച ശ്രോതസ്സാണ് മീന്‍. നഖത്തിന്റെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മീന്‍ കഴിക്കുന്നത് നല്ലതാണ്. വിറ്റാമിനുകള്‍, നാരുകള്‍, ധാതുക്കള്‍, സിങ്ക് എന്നിവ നട്ടസില്‍ നിന്ന് ലഭിക്കും. ഇവ ആരോഗ്യമുള്ള നഖങ്ങള്‍ക്കും ബലമുള്ള ബദാം, വാല്‍നട്ട് പോലുള്ള നട്സുകള്‍ അസ്ഥികള്‍ക്കും പ്രധാനമാണ്. ഓക്‌സിഡേറ്റീവ് നാശത്തെ ചെറുക്കാനും ചര്‍മ്മത്തിലെ കേടുപാടുകളില്‍ സംരക്ഷിക്കാനും സഹായിക്കും. നഖം, ചര്‍മ്മം, മുടി എന്നിവയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്ന കൊഴുപ്പുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അവക്കാഡോ. വിറ്റാമിന്‍ സിയും അവക്കാഡോയില്‍ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചര്‍മ്മത്തെ യുവത്വത്തോടെ നിലനിര്‍ത്തുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.84, പൗണ്ട് – 103.11, യൂറോ – 89.65, സ്വിസ് ഫ്രാങ്ക് – 92.07, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.06, ബഹറിന്‍ ദിനാര്‍ – 220.15, കുവൈത്ത് ദിനാര്‍ -270.19, ഒമാനി റിയാല്‍ – 215.56, സൗദി റിയാല്‍ – 22.09, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 61.38.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *