◾റോഡ് ക്യാമറ വേട്ട തുടങ്ങി നാലു ദിവസം പിന്നിട്ടിട്ടും മോട്ടോര്‍ വാഹന ലംഘനത്തിനു നോട്ടീസ് അയക്കാനായത് മൂവായിരത്തോളം പേര്‍ക്കു മാത്രം. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങള്‍ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലമാണു നോട്ടീസ് അയക്കാനാകാത്തത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
◾റോഡ് നിയമലംഘനത്തിന് ക്യാമറയില്‍ കുടുങ്ങിയ വിഐപി പട്ടികയില്‍ എംപിമാരും എംഎല്‍എമാരും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാത്രം വിഐപികളുടേതും സര്‍ക്കാരിന്റേതുമള്‍പ്പെടെ 36 വാഹനങ്ങള്‍ നിയമലംഘനത്തിന് ക്യാമറ കണ്ണില്‍ കുടുങ്ങി. എന്തു നിയമലംഘനമാണ് എന്നു വ്യക്തമല്ല.
◾കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
◾സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
◾വിമാനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൈയേറ്റം ചെയ്തെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയില്‍ ജയരാജനെ കുറ്റമുക്തനാക്കാനുള്ള പൊലീസ് റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ ഫര്‍സീന്‍ മജീദ് രംഗത്ത്. തെളിവു മറച്ചുവച്ചാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും ഫര്‍സീന്‍ മജീദ്.
◾സോളാര്‍ സമരത്തില്‍ സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ വിപണന തന്ത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ മന്ത്രി ആര്‍ ബിന്ദു കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ഷോയെ കുറ്റവിമുക്തനാക്കിയത്. അന്വേഷണം തീരും മുന്‍പേ മന്ത്രി ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. സതീശന്‍ പറഞ്ഞു.
◾ഓവര്‍ടേക്ക് ചെയ്തതിന് പൊലീസ് തടഞ്ഞു നിര്‍ത്തിയത് കാരണം യുവാവിന് പി എസ് സി പരീക്ഷ നഷ്ടമായ സംഭവത്തില്‍ പോലീസുകാരനു സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദിനെയാണു സസ്‌പെന്‍ഡു ചെയ്തത്. നടപടി വേണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടതിനു പിറകേയാണ് സസ്‌പെന്‍ഷന്‍.
◾സി.പി.എം. ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാന്റിനു സ്റ്റോപ്പ് മെമ്മോ നല്‍കാത്തതില്‍ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവം ഐ.ജി.യുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി.
◾മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീമഹേഷ് ഭാര്യയേയും കൊലപ്പെടുത്തിയതാണെന്നു സംശയമുണ്ടെന്ന് ഭാര്യയുടെ മാതാപിതാക്കള്‍. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ടു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണന്‍ പറഞ്ഞു. ആത്മഹത്യക്കു ശ്രമിച്ച ശ്രീമഹേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്.
◾കഞ്ചിക്കോട് കണ്ടയ്നര്‍ ലോറിക്കു പിറകില്‍ ബസിടിച്ച് ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരടക്കം പത്തു പേര്‍ക്കു പരിക്കേറ്റു. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്.
◾കെ വിദ്യയുടെ പി.എച്ച്ഡി പ്രവേശനത്തില്‍ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കുമെന്നു കാലടി സര്‍വകലാശാല വിസി. സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചോയെന്നാണു പരിശോധിക്കുന്നത്.
◾കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍നിന്നുമായി ഒരു കോടി 15 ലക്ഷം രൂപ വിലമതിക്കുന്ന 2085 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ റിയാസ് അഹമ്മദ്, കോഴിക്കോട് നരിക്കുനി സ്വദേശിയായ സുഹൈല്‍ എന്നിവരില്‍ നിന്നാണ് ക്യാപ്‌സ്യൂള്‍ സ്വര്‍ണം പിടികൂടിയത്.
◾തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. അരിക്കൊമ്പന്‍ ജനവാസമേഖലകളില്‍ ഭീഷണിയായപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു.
◾മൂന്നാം ചന്ദ്രയാന്‍ ദൗത്യം അടുത്ത മാസം പകുതിയോടെയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഗഗന്‍യാന്‍ ദൗത്യത്തില്‍ മനുഷ്യരെ അയക്കുമ്പോള്‍ വെല്ലുവിളികളെല്ലാം കണക്കിലെടുത്ത് അവരെ സുരക്ഷിതരായി തിരിച്ചിറക്കാനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾
◾മണിപ്പൂരില്‍ ആക്രമിക്കപ്പെട്ട ബിജെപി എംഎല്‍എ വുങ്സാഗിന്‍ വാള്‍ട്ടെയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഏഴുമാസം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍. ആക്രമണത്തില്‍ ശബ്ദം നഷ്ടമായ എംഎല്‍യുടെ ഓര്‍മ്മയ്ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
◾ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലില്‍ ഫോളോ ഓണ്‍ ഭീഷണി നേരിടുന്ന ഇന്ത്യക്ക് പ്രതീക്ഷയായി കാലാവസ്ഥാ പ്രവചനം. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 151 ന് 5 എന്ന സ്‌കോറില്‍ വിയര്‍ക്കുകയാണ്. മൂന്നാം ദിനം ക്രീസിലുള്ള അജിങ്ക്യാ രഹാനേയും ശ്രീകര്‍ ഭരതും വാലറ്റക്കാരും തിളങ്ങിയാല്‍ മാത്രമേ ഫോളോ ഓണ്‍ മറികടക്കാനാവശ്യമായ 269 റണ്‍സ് ഇന്ത്യക്ക് എത്തിപ്പിടിക്കാനാകൂ. അതേസമയം നാളെയും മറ്റന്നാളും ഓവലില്‍ ഇടിയോടു കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ മൂലം മത്സരം സമനിലയായാല്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്നതാണ് ഇന്ത്യന്‍ പ്രതീക്ഷ.
◾വിദേശത്തെ പണമിടപാടുകള്‍ എളുപ്പമാക്കുന്നതിന് റുപേ ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡുകള്‍ക്ക് അനുമതി നല്‍കി ആര്‍.ബി.ഐ. ഇന്ത്യയിലെ ബാങ്കുകള്‍ വഴി റുപേ ഫോറെക്‌സ് കാര്‍ഡ് ലഭ്യമാക്കും. വിദേശ രാജ്യങ്ങളിലെ എ.ടി.എമ്മുകള്‍, പി.ഒ.എസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റുപേ ഫോറെക്‌സ് കാര്‍ഡ് ഉപയോഗിക്കാനാകും.റുപേ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവ വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.ആഗോളതലത്തില്‍ റുപേ കാര്‍ഡുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനും ഇടപാടുകള്‍ എളുപ്പത്തിലാക്കാനുമാണ് നടപടി. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണം വഴിയുമാണ് ഇന്ത്യന്‍ ബാങ്കുകളുടെ റുപേ കാര്‍ഡിന് ആഗോളതലത്തില്‍ സ്വീകാര്യത ഉറപ്പാക്കുന്നത്.നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കും ചേര്‍ന്ന് ആഗോളതലത്തില്‍ യു.പി.ഐ, റുപേ കാര്‍ഡുകളുടെ ഇടപാടുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
◾സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ച് ഓപ്പണ്‍ എഐ. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, പ്രതിമാസം 100 കോടി ആളുകളാണ് ഓപ്പണ്‍എഐയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നത്. ഇതോടെ, ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മികച്ച 50 വെബ്സൈറ്റുകളുടെ പട്ടികയില്‍ ഓപ്പണ്‍എഐയും ഇടം നേടി. യുഎസ് ആസ്ഥാനമായ വെസഡിജിറ്റലാണ്ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. സൈറ്റ് ട്രാഫിക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഓപ്പണ്‍എഐയുടെ വെബ്സൈറ്റായ ‘ീുലിമശ.രീാ’ ഒരു മാസത്തിനുള്ളില്‍ 52.21 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 2022-ന്റെ അവസാനത്തോടെയാണ് ഓപ്പണ്‍എഐ വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് സ്വീകാര്യത ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 100 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളില്‍ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്സൈറ്റ് എന്ന നേട്ടവും ഓപ്പണ്‍എഐ കരസ്ഥമാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ മാത്രം മൊത്തം 847.8 ദശലക്ഷം സന്ദര്‍ശകരാണ് ഓപ്പണ്‍എഐയുടെ വെബ്സൈറ്റ് ആക്സസ് ചെയ്തിട്ടുള്ളത്.
◾അക്ഷയ് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം ഒഎംജി 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് പ്രമേയത്തില്‍ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവനാണ് അക്കിയുടെ കഥാപാത്രം.
◾മഞ്ജു വാര്യര്‍ ചിത്രം ‘ആയിഷ’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഇപ്പോള്‍ ഒ.ടി.ടിയില്‍ എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് സിനിമ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ ആയിരുന്നു ഒരുക്കിയത്. എന്നാല്‍ സിനിമ പ്രേക്ഷകരെ സ്വാധീനിച്ചില്ല. ആദ്യ ആഴ്ച തന്നെ ചിത്രം തിയേറ്ററുകളില്‍ നിന്നും മാറിയിരുന്നു. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. ‘ക്ലാസ്‌മേറ്റ്‌സ്’ ഫെയിം രാധിക വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന സിനിമ കൂടിയായിരുന്നു ഇത്. സജ്ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
◾പ്രീമിയം എംപിവിയുമായി മാരുതി സുസുക്കി എത്തുന്നു. ജൂലൈ 5ന് പുതിയ വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം നടത്തുമെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാഹനം നെക്സ വഴിയാണ് വില്‍പനയ്ക്കെത്തുന്നത്. ടൊയോട്ടയുടെ ബെഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്. മാരുതി നിരയിലെ ഏറ്റവും വില കൂടിയ മോഡലും ഇതായിരിക്കും. ഇന്നോവയുടെ പുതിയ മോഡല്‍ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മാരുതിയുടെ മോഡലില്‍ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രില്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്‌ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്. എന്നിവ പുതിയ മോഡലിലുണ്ടാകും. ടൊയോട്ടയുടെ ടിഎന്‍ജിഎസി ആര്‍ക്കിടെക്ച്ചറിലാണ് എംപിവിയുടെ നിര്‍മാണം. ഇന്നോവ ഹൈക്രോസിലെ 2 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുകളില്‍ പുതിയ വാഹനം എത്തും. 2017 ലാണ് ടൊയോട്ടയും സുസുക്കിയും സഹകരണത്തില്‍ എത്തുന്നത്. കൂടാതെ സിയാസ്, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പും ഉടന്‍ വിപണിയിലെത്തും.
◾ഈ പുസ്തകത്തിന്റെ മിക്ക ഭാഗവും ‘അറിയപ്പെടാത്ത കേശവമേനോനെ’യാണ് ചിത്രീകരിക്കുന്നത്. പൊതുരംഗത്തുള്ള നേതാവല്ല, കുടുംബത്തിലുള്ള വ്യക്തിയാണ് ഇവിടത്തെ കഥാനായകന്‍. അത് എഴുതാന്‍ എന്തുകൊണ്ടും അര്‍ഹയാണ്, അദ്ദേഹത്തിന്റെ നിഴലുപോലെ ഏറെക്കാലം ജീവിച്ച ഗ്രന്ഥകാരി നളിനി ദാമോദരന്‍… കേശവമേനോന്റെ കഴിഞ്ഞകാലം എന്നു പേരായ ആത്മകഥ പ്രശസ്തമാണ്. അദ്ദേഹത്തെപ്പറ്റി പുസ്തകങ്ങളും ലേഖനങ്ങളും പലതുണ്ട്. അവയില്‍നിന്നെല്ലാം ഈ
ഗ്രന്ഥത്തിനുള്ള പ്രധാന വ്യത്യാസം ഇത് സ്വന്തത്തില്‍പ്പെട്ട ഒരാളുടെ നോട്ടപ്പാടിലുള്ള കഥനമാണ് എന്നതാണ്. -എം.എന്‍. കാരശ്ശേരി. കെ.പി. കേശവമേനോന്‍ എന്ന മഹദ്വ്യക്തിയെ വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന ജീവചരിത്രം. ‘കെ.പി.കേശവമേനോന്‍ പേരക്കുട്ടിയുടെ ഓര്‍മ്മകള്‍’. നളിനി ദാമോദരന്‍. മാതൃഭൂമി. വില 170 രൂപ.
◾പപ്പായ തികച്ചും ഒരു ആരോഗ്യഭക്ഷണമാണ്. വൈറ്റമിന്‍ എ, സി, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയാല്‍ സമ്പന്നം. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചില ഭക്ഷണങ്ങളുടെ, പ്രത്യേകിച്ച് പ്രോട്ടീന്റെ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനു കാരണം. പഴുത്ത പപ്പായയോടൊപ്പം പച്ചപപ്പായ കഴിക്കരുത്. ഇത് വയറുവേദനയും ദഹനക്കേടും ഉണ്ടാക്കും. പപ്പായയോടൊപ്പം കുക്കുമ്പര്‍ അഥവാ സാലഡ് വെള്ളരി കഴിക്കുന്നത്, വയറു വീര്‍ക്കല്‍, വായുക്ഷോഭം, വയറുവേദന, അതിസാരം എന്നിവയ്ക്കു കാരണമാകും. മുന്തിരിങ്ങ അമ്ലഗുണമുള്ളതാകയാല്‍ പപ്പായയോടൊപ്പം ഇത് കഴിച്ചാല്‍ അസിഡിറ്റിയും വായുകോപവും ഉണ്ടാകും. പപ്പായയോടൊപ്പം പാല്‍ ഉല്‍പന്നങ്ങളായ പാല്‍, പാല്‍ക്കട്ടി, വെണ്ണ, യോഗര്‍ട്ട് ഇവ കഴിക്കുന്നത് വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും. വറുത്തഭക്ഷണങ്ങളായ ഫ്രൈഡ് ചിക്കന്‍, ഫ്രഞ്ച്ഫ്രൈസ് തുടങ്ങിയവയ്ക്കൊപ്പം പപ്പായ കഴിക്കരുത്. ഇത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. നാരകഫലങ്ങളായ ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയവ പപ്പായയോടൊപ്പം ചേരുമ്പോള്‍ ഒരു പുളി രുചി ഉണ്ടാവുകയും ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. തക്കാളി അമ്ലഗുണമുള്ളതായതിനാല്‍ പപ്പായയോടൊപ്പം കഴിച്ചാല്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകും. ഇതു രണ്ടും കൂടി ചേരുമ്പോള്‍ ആസിഡ്റിഫ്ലക്സും നെഞ്ചെരിച്ചിലും ഉണ്ടാകും. എരിവ് കൂടിയ ഭക്ഷണങ്ങള്‍ പപ്പായയോടൊപ്പം കഴിച്ചാല്‍ വയറു വേദന, വയറു കമ്പിക്കല്‍, അതിസാരം എന്നിവയ്ക്കു കാരണമാകും. ദഹനക്കേടിനും ഇത് കാരണമാകും. ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പപ്പായ തനിയെ കഴിക്കുക. അല്ലെങ്കില്‍ സ്റ്റാര്‍ച്ചും പ്രോട്ടീനും കുറഞ്ഞ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഒപ്പം കഴിക്കുക. ഒരു സമയം കൂടിയ അളവില്‍ കഴിക്കുന്നത് ഒഴിവാക്കണം. ദഹനക്കേട് ഉണ്ടാക്കും എന്നതിനാലാണിത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.44, പൗണ്ട് – 103.49, യൂറോ – 88.83, സ്വിസ് ഫ്രാങ്ക് – 91.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.43, ബഹറിന്‍ ദിനാര്‍ – 218.74, കുവൈത്ത് ദിനാര്‍ -268.35, ഒമാനി റിയാല്‍ – 214.18, സൗദി റിയാല്‍ – 21.98, യു.എ.ഇ ദിര്‍ഹം – 22.45, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 61.83.