◾സംസ്ഥാനത്ത് അടുത്ത കൊല്ലം മുതല്‍ ബിരുദ കോഴ്സ് നാലു വര്‍ഷമാക്കി വര്‍ധിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. മൂന്നാം വര്‍ഷം പൂര്‍ത്തിയായാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്സ് തുടരാം. അവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും. ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്ബന്ധിക്കില്ല. നാലാം വര്‍ഷം ഗവേഷണത്തിനു പ്രാധാന്യം നല്‍കും. എക്സിറ്റ് സര്‍ട്ടിഫിക്കറ്റ് മൂന്നാം വര്‍ഷത്തില്‍ മാത്രമേ നല്‍കൂ. ഇടയ്ക്ക് പഠനം നിര്‍ത്തിയാല്‍ വീണ്ടും ചേരാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
◾അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ താത്കാലിക അധ്യാപികയാകാന്‍ വ്യാജ രേഖ ചമച്ച എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി കാസര്‍കോഡ് സ്വദേശിനി കെ വിദ്യക്കെതിരേ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. അധ്യാപന പരിചയത്തിന്റെ സര്‍ട്ടിഫിക്കറ്റ് മഹാരാജാസ് കോളേജിന്റെ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായാണു തയാറാക്കിയത്.
◾പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി പരീക്ഷ പാസായവരുടെ പട്ടികയില്‍. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ പാസായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല.
◾എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്കു തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. മഹാരാജാസ് കോളേജിലെ വ്യാജ രേഖയെക്കുറിച്ചു പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
◾ജനവാസ മേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു. തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പേ ആനയെ തുറന്നുവിട്ടു.
◾അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി പ്രശസ്തിക്കുവേണ്ടിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. കേസ് ഫോറസ്റ്റ് ബെഞ്ചിനു വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്
◾എ ഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളിലെ അഴിമതിയെ ചൂണ്ടിക്കാണിക്കുമ്പോള്‍ വികസന പദ്ധതിയെ വിമര്‍ശിച്ചെന്ന് മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പദ്ധതിയെ അല്ല അതിന് പിന്നിലെ അഴിമതിയെ ആണ് വിമര്‍ശിച്ചത്. സതീശന് പറഞ്ഞു.
◾കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം അവതാളത്തിലായി. ഭൂമി ഏറ്റെടുക്കാന്‍ മട്ടന്നൂരിലുണ്ടായിരുന്ന സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച നിലയിലാണ്. ഓഫീസിന്റെ പ്രവര്‍ത്തന കാലാവധി നീട്ടിക്കൊടുത്തിട്ടില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളവും നല്‍കിയിട്ടില്ല. പണമടക്കാത്തതിനാല്‍ വൈദ്യതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരിക്കുകയാണ്.
◾താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫിനെയാണ് തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്.
◾അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പുതൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വി ആര് രഞ്ജിത്തിനെ പാലക്കാട് ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. വില്ലേജ് ഓഫീസില്‍ സബ് കളക്ടര്‍ മിന്നല്‍ പരിശോധന നടത്തിയതിനു പിറകേയാണ് നടപടി.
◾കോഴിക്കോട് കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. മുസ്ലീം ലീഗ് പ്രതിനിധിയായ പി സി ബഷീറിന്റെ വീടിനാണ് പുലര്‍ച്ചെ രണ്ടരയോടെ സ്ഫോടക വസ്തു എറിഞ്ഞത്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മൂന്ന് ബോംബുകളില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിത്തെറിച്ചത്. പ്രതിഷേധിച്ച് പ്രദേശത്ത് ഹര്‍ത്താല്‍.
◾കോണ്‍ഗ്രസ് നേതാവും ഐഎന്റ്റിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതില്‍ പി എ ജോസഫ് അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം കുമളി സെന്റ് തോമസ് ഫെറോനാ പള്ളിയില്‍.
◾കൊച്ചിയില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയും ബിയര്‍ കുപ്പി റോഡിലേക്കു വലിച്ചെറിയുകയും നായയെ റോഡിലിറക്കി ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത കാര്‍ യാത്രക്കാരന് കാക്കനാട് സ്വദേശി ആഷികിനെ പോലീസ് അറസ്റ്റു ചെയ്തു. പാലാരിവട്ടത്ത് ഞായറാഴ്ച്ച രാത്രിയാണ് ഈ അതിക്രമങ്ങള്‍ നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.
◾ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
◾
◾ഗുസ്തിതാരങ്ങളെ പിന്തുണച്ച് നടത്താനിരുന്ന സമരം കര്‍ഷക സംഘടനകള്‍ മാറ്റിവച്ചു. ജന്തര്‍ മന്തറില്‍ ഒമ്പതാം തീയതി നടത്താനിരുന്ന മാര്‍ച്ച് മാറ്റിവച്ചെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് അറിയിച്ചു. സമരം ചെയ്യുന്ന താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. താരങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പിന്‍വാങ്ങുന്നതെന്നും ടികായത്ത് പറഞ്ഞു.
◾ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്കിയ പരാതി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ പരാതി ആരും പിന്‍വലിച്ചിട്ടില്ലെന്ന് ഇന്നലെ ഗുസ്തി താരങ്ങള്‍ പറഞ്ഞിരുന്നു.
◾ട്രെയിന്‍ ദുരന്തമുണ്ടായ ബാലസോറില്‍ സിബിഐ സംഘം പ്രാഥമിക പരിശോധന നടത്തി. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 150 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ശീതീകരിച്ച കണ്ടെയ്നറുകള്‍ സജ്ജമാക്കും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഭുവനേശ്വര്‍ എംയിസില്‍ ഡിഎന്‍എ പരിശോധനയ്ക്കുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
◾രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് പാര്‍ട്ടി വിടും. പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് നീക്കം. രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ജൂണ്‍ 11 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തര്‍ക്കം ഒത്തുതീര്‍പ്പാകാത്തതാണ് കാരണം.
◾ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയിലെ ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ തല്ലിക്കൊന്നു. രാമനഗര ജില്ലയിലെ കാരെക്കല്‍ പവന് കുമാര്‍ നായക് എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്.
◾ദക്ഷിണ യുക്രെയിനിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലയിലെ അണക്കെട്ട് റഷ്യ തകര്‍ത്തെന്ന് യുക്രെയിന്. എന്നാല്‍ യുക്രെയിനാണ് അണക്കെട്ടു തകര്‍ത്തതെന്ന് റഷ്യ ആരോപിച്ചു.
◾വനിതാ ഫുട്ബോള്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഭീമന് പിഴ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ താത്കാലികമായാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്നും ശക്തമായി തിരിച്ചുവരുമെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.
◾ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നാളെ മുതല്‍ ഇംഗ്ലണ്ടിലെ ഓവലില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഏറ്റുമുട്ടുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ്. മത്സരം നാളെ ഉച്ചയ്ക്ക് മൂന്ന മണിയ്ക്ക് ആരംഭിക്കും. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുന്‍പ് മാത്രമേ ഇന്ത്യ പ്രഖ്യാപിക്കൂ.
◾കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ (എം.ടി.എന്‍.എല്‍) പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മുംബയിലും ഡല്‍ഹിയിലും ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് എം.ടി.എന്‍.എല്‍. പ്രവര്‍ത്തന നഷ്ടത്തിന്റെയും ലയനനീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബയ് സര്‍ക്കിളുകളില്‍ എം.ടി.എന്‍.എല്ലിന്റെ പ്രവര്‍ത്തനം നേരത്തേ തന്നെ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തിരുന്നു. അടച്ചുപൂട്ടുന്ന എം.ടി.എന്‍.എല്ലിലെ 18,000ഓളം ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) എം.ടി.എന്‍.എല്‍ നേരിട്ട നഷ്ടം 2,910 കോടി രൂപയാണ്. 2021-22ലെ 2,602 കോടി രൂപയെ അപേക്ഷിച്ച് നഷ്ടം കൂടി. പ്രവര്‍ത്തന വരുമാനമാകട്ടെ 1,069 കോടി രൂപയില്‍ നിന്ന് 861 കോടി രൂപയായി ഇടിഞ്ഞു. പ്രവര്‍ത്തനച്ചെലവ് 4,299 കോടി രൂപയില്‍ നിന്ന് 4,384 കോടി രൂപയായി വര്‍ദ്ധിച്ചു. എം.ടി.എന്‍.എല്ലിന്റെ നിലവിലെ കടബാദ്ധ്യത 19,661 കോടി രൂപയില്‍ നിന്ന് 23,500 കോടി രൂപയായും ഉയര്‍ന്നു. ബി.എസ്.എന്‍.എല്ലിന്റെയും നഷ്ടം കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) കുത്തനെ കൂടി. 2021-22ലെ 6,982 കോടി രൂപയില്‍ നിന്ന് 8,161 കോടി രൂപയായാണ് കൂടിയത്. കമ്പനിയുടെ ചെലവ് 5.1 ശതമാനം വര്‍ദ്ധിച്ച് 27,364 കോടി രൂപയായി. അതേസമയം, പ്രവര്‍ത്തന വരുമാനം 16,811 കോടി രൂപയില്‍ നിന്ന് 19,130 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്ലിന് ഏറ്റവുമധികം വരുമാനമുള്ള സര്‍ക്കിളുകളിലൊന്നായ കേരളത്തിലെ വരുമാനം കഴിഞ്ഞവര്‍ഷം (2022-23) രണ്ട് ശതമാനം താഴ്ന്ന് 1,656 കോടി രൂപയായി. കര്‍ണാടക, പഞ്ചാബ്, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു ആന്‍ഡ് കാശ്മീര്‍, ഉത്തര്‍പ്രദേശ് (വെസ്റ്റ്), ഗുജറാത്ത്, ചെന്നൈ, തെലങ്കാന സര്‍ക്കിളുകളിലും വരുമാനം കുറഞ്ഞു.
◾മുഖത്തിനു മുമ്പില്‍ 100 അടി വലുപ്പമുള്ള സ്ക്രീന്‍! അതില്‍ ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങളും ആസ്വദിക്കാം. ആപ്പിള്‍ തങ്ങളുടെ ആദ്യ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് ആയ വിഷന്‍പ്രോ അവതരിപ്പിച്ചു. എആര്‍ വിഷന്‍ രംഗത്തെ ആപ്പിളിന്റെ ആദ്യ പ്രൊഡക്ടാണ് ഇത്. നിലവില്‍ 3 ലക്ഷത്തിനടുത്തു ഇന്ത്യന്‍ രൂപയ്ക്കാണ് ആപ്പിള്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വില. അടുത്ത വര്‍ഷം ആദ്യം യുഎസ് വിപണിയില്‍ ഇതിന്റെ വില്‍പ്പന ആരംഭിക്കും. ഒരു 4കെ അനുഭവം നല്‍കുന്നതാണ് ആപ്പിള്‍ വിഷന്‍ പ്രോ എന്ന് പറയേണ്ടി വരും കാരണം. 23 മില്യണ്‍ പിക്സല്‍സാണ് ഇതിന്റെ ഡിസ്പ്ലേ സിസ്റ്റം. ഒപ്റ്റിക് ഐഡി എന്ന റെറ്റിന സ്കാന്‍ കൊണ്ടായിരിക്കും ഈ ഉപകരണത്തിന്റെ അണ്‍ലോക്ക് പ്രവര്‍ത്തിക്കുക. പൂര്‍ണ്ണമായും കൈ ചലനത്താലോ, കണ്ണിന്റെ ചലനത്താലോ, ശബ്ദത്താലോ ( അതായത് സിരിയുടെ സഹായത്തോടെ) ഈ വിആര്‍ സെറ്റ് പ്രവര്‍ത്തിപ്പിക്കാം. ഈ ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും എആര്‍ ലോകത്തേക്ക് നിങ്ങളെ തളച്ചിടില്ല. ഒരാള്‍ നിങ്ങളോട് സംസാരിക്കാന്‍ വന്നാല്‍ ഗ്ലാസ് ട്രാന്‍സ്പരന്റ് ആകും. ഐഒഎസിന്റെ എആര്‍ സെറ്റ് പതിപ്പായ വിഷന്‍ ഒഎസ് ആണ് ആപ്പിള്‍ വിഷന്‍ പ്രോയുടെ ഒഎസ്. ഒപ്പം ആപ്പിള്‍ ഐഒഎസ് ആപ്പുകള്‍ ഈ ഹെഡ്സെറ്റില് ലഭിക്കും. ആപ്പിളിന്റെ ആദ്യ ത്രീഡി ക്യാമറ കൂടിയാണ് വിഷന്‍ പ്രോ. നിങ്ങളുടെ ചുറ്റുമുള്ള കാഴ്ചകള്‍ വേണമെങ്കില്‍ വീഡിയോ പോലെ റെക്കോഡ് ചെയ്യാം. ഇതുവഴി വിഷ്വല്‍ സ്റ്റോറി ടെല്ലിങ്ങില്‍ അടക്കം വിപ്ലവകരമായ മാറ്റം വരുത്താന്‍ സാധിക്കും എന്നാണ് ആപ്പിള്‍ അവകാശവാദം.
◾സിനിമാ രംഗത്ത് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഭാവന. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഭാവന നായികയായി എത്തിയ ചിത്രമായിരുന്നു ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഇപ്പോഴിതാ പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴില്‍ തിരിച്ചെത്തുകയാണ് താരം. ‘ദ് ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരന് ജയദേവ് ആണ്. ചിത്രം നിര്‍മിക്കുന്നത് ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനും. ഭാവനയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ആറിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഗംഭീരസമ്മാനം നല്‍കിയിരിക്കുകയാണ് നവീനും ജയദേവും. ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവീന്‍ രാജനും ഭാവനയും ചേര്‍ന്നാണ് നിര്‍മാണം. ഭാവനയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴില്‍ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ട് ആയിരിക്കും റിലീസിന് എത്തുക. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുന്‍നിര നായികയാണ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു താരം.
◾രാമരാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തമായ നടപടിയാണ് ചര്‍ച്ചയാകുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. ഹനുമാന് ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിലാണ് ഇത്. വിശ്വാസ പ്രകാരം, രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലും ഹനുമാന് എത്തുമെന്ന് അണിയറക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂണ്‍ 16 നാണ് ചിത്രത്തിന്റെ റിലീസ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും അഭിനയിക്കുന്നു.
◾2020ല്‍ പുറത്തിറക്കിയ കിയ സെല്‍റ്റോസ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഉല്‍പ്പന്നമാണ്. ഇപ്പോഴിതാ അഞ്ച് ലക്ഷം സെല്‍റ്റോസുകള്‍ പുറത്തിറക്കി വില്‍പ്പനയിലെ ഒരു സുപ്രധാന നാഴിക്കല്ല് താണ്ടിയിരിക്കുകയാണ് കിയ സെല്‍റ്റോസ്. വിപണിയിലെത്തി 46 മാസത്തിനുള്ളിലാണ് ഈ നേട്ടം. 2023 ന്റെ ആദ്യ പാദത്തില്‍, കിയ എസ്യുവിയുടെ 27,159 യൂണിറ്റുകള്‍ വിറ്റഴിച്ചു. 9,000 യൂണിറ്റിനു മുകളിലാണ് ശരാശരി മാസ വില്‍പ്പന. നിലവില്‍, സെല്‍റ്റോസ് എസ്യുവി മോഡല്‍ ലൈനപ്പ് 10.89 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെ വില പരിധിയില്‍ ലഭ്യമാണ്. പെട്രോള്‍ വേരിയന്റുകളുടെ വില 10.89 ലക്ഷം മുതല്‍ 15.90 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 12.39 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെയുമാണ് വില. 12.39 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെ വിലയുള്ള ഒമ്പത് ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട്. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.
◾മഹാത്മാഗാന്ധിയുടെ ഇതിഹാസസമാനമായ ജീവിതയാത്രയിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി രചിച്ചിരിക്കുന്ന പുസ്തകം. രാഷ്ട്രീയസംഭവങ്ങള്‍, ഗാന്ധിയന്‍ ദര്‍ശനം തുടങ്ങിയ ഗൗരവമുള്ളതും അന്യത്ര ലഭ്യവുമായ വിഷയങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഹൃദ്യമാകുന്ന വിധം മഹാത്മാഗാന്ധി എന്ന അവിശ്വസനീയ അത്ഭുതത്തെ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു. ‘അര്‍ദ്ധനഗ്നനായ ഫക്കീര്‍ – കാലവും ജീവിതവും’. സലാം എലിക്കോട്ടില്‍. ഡിസി ബുക്സ്. വില 284 രൂപ.
◾ചിലര്‍ ഉറക്കം തീരെയില്ലെന്ന പരാതി പറയുമ്പോള്‍, മറ്റുചിലര്‍ അമിത ഉറക്കം ഉള്ളവരാണ്. എന്നാല്‍ അമിത ഉറക്കംഅത്ര നല്ലതല്ല എന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടുതലായി ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇടയ്ക്കിടെയുള്ള ഉറക്കവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലായ ഹൈപ്പര്‍ടെന്‍ഷനിലാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും അല്ലെങ്കില്‍ സ്ട്രോക്കിനും ഇടയ്ക്കിടെയുള്ള ഉറക്കം ഒരു അപകട ഘടകമാകുമോ എന്ന് ചൈനയിലെ ഗവേഷകര്‍ പരിശോധിച്ചു. ഇടയ്ക്കിടെയുള്ള ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇസ്കെമിക് സ്ട്രോക്ക് എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഇതിനായി 2006 നും 2010 നും ഇടയില്‍ യുഎസില്‍ താമസിച്ചിരുന്ന 40 നും 69 നും ഇടയില്‍ പ്രായമുള്ള 500,000-ത്തിലധികം പങ്കാളികളെ യുകെ ബയോബാങ്ക് റിക്രൂട്ട് ചെയ്തു. അവര്‍ പതിവായി രക്തം, മൂത്രം, ഉമിനീര് എന്നിവയുടെ സാമ്പിളുകളും അവരുടെ ജീവിതരീതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും നല്കി. ഉച്ചയുറക്കവും സ്ട്രോക്ക് അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ആദ്യ റിപ്പോര്‍ട്ടുകളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തു. 11 വര്‍ഷം ഫോളോ അപ്പ് ചെയ്തു. രാത്രിയിലെ മോശം ഉറക്കം മോശം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല അത് നികത്താന്‍ അമിത ഉറക്കം പര്യാപ്തമല്ല താനും. പലരും രാത്രി ഉറക്കമില്ലായ്മ പരിഹരിക്കാനായാണ് കൂടുതല്‍ ഉറങ്ങുന്നത്. എന്നാല്‍, ഇത് ഹൃദയാരോഗ്യത്തിനും മറ്റ് പ്രശ്നങ്ങള്‍ക്കും ഉള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.61, പൗണ്ട് – 102.64, യൂറോ – 88.41, സ്വിസ് ഫ്രാങ്ക് – 91.15, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.03, ബഹറിന്‍ ദിനാര്‍ – 219.18, കുവൈത്ത് ദിനാര്‍ -268.56, ഒമാനി റിയാല്‍ – 214.58, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.49, ഖത്തര്‍ റിയാല്‍ – 22.69, കനേഡിയന്‍ ഡോളര്‍ – 61.58.