◾ഒഡീഷ ബാലസോര്‍ ദുരന്തത്തില്‍ മരണം 261. രക്ഷാപ്രവര്‍ത്തനം ഇന്നുച്ചയോടെ പൂര്‍ത്തിയാക്കി. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാം. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ള നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. 651 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചില ബോഗികള്‍ പൊളിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാളങ്ങളിലെ ബോഗികള്‍ നീക്കം ചെയ്ത് തകര്‍ന്ന പാളങ്ങള്‍ പുനസ്ഥാപിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള പണികള്‍ തുടങ്ങി.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ദുരന്തം നടന്ന ബാലസോറിലേക്ക്. ആശുപത്രികളില്‍ ചികില്‍സയിലുള്ളവരെ സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അടിയന്തര യോഗത്തിനുശേഷമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.
◾കൈകാലുകള്‍ അറ്റുപോയ മൃതദേഹങ്ങള്‍. കംപര്‍ട്ടുമെന്റുകള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞ ശരീരങ്ങള്‍. തകര്‍ന്ന ട്രാക്കുകളിലും കംപാര്‍ട്ടുമെന്റുകളിലും ചോരപ്പുഴ. ചിതറിത്തകര്‍ന്ന കംപാര്‍ട്ടുമെന്റുകള്‍. ബാലസോറിലെ ദുരന്തമുഖത്തെ ഭീകര കാഴ്ച. മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും അവരുടെ ബന്ധുക്കളുമെല്ലാം ആശുപത്രികളില്‍ വാവിട്ടു കരയുന്ന കാഴ്ച ഹൃദയഭേദകം.
◾എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടിലേറെ പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ, ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗത്തിന് 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളിലെ ചുവപ്പു സിഗ്‌നല്‍ ലംഘിച്ചാല്‍ കോടതിയാണു ശിക്ഷ വിധിക്കുക. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും.
◾ഏഴാം തീയതി ആരംഭിക്കാനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15 നു ശേഷമേ സര്‍ക്കാരിനു ലഭിക്കൂ എന്നതിനാലുമാണ് സമരം മാറ്റി വച്ചതെന്നു ബസ് ഉടമകളുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു.
◾ഒഡീഷ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരില്‍ മലയാളികളും. കണ്ടശാങ്കടവ് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടു കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. നാലുപേരുടെയും പരിക്ക് ഗുരുതരമല്ല.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കോറമണ്ഡല്‍ എക്സ്പ്രസ് ട്രെയിന്‍ കംപാര്‍ട്ടുമെന്റുകള്‍ പന്ത് ഉരുളുന്നതുപോലെ മൂന്നു വട്ടം മറിഞ്ഞെന്ന് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍. ‘കോച്ചിലെ പലരും മരിച്ചു. നില്‍ക്കുകയായിരുന്നത് കൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടത്. അപകടത്തിനു ശേഷം എമര്‍ജന്‍സി വാതില്‍ പൊളിച്ചാണ് പുറത്തേക്കിറങ്ങിയത്. തൃശൂര്‍ അന്തിക്കാട് സ്വദേശി കിരണ്‍ പറഞ്ഞു.
◾ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദാക്കി. 38 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. കേരളത്തില്‍നിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി. ഒരെണ്ണം വഴിതിരിച്ചുവിട്ടു. ഇന്നു വൈകിട്ട് 4.55 നു പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ – ഷാലിമാര്‍ ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റ് (22641) റദ്ദാക്കി. വൈകിട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് (22503) വഴി തിരിച്ചുവിടും.
◾തൃശൂര്‍ ഡി സിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി.
◾സിനിമാ സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ചര്‍ച്ച നടത്തി.
◾പരിസ്ഥിതി ദിനാഘോഷത്തില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാന്‍ മലയാളി വിദ്യാര്‍ത്ഥിനി തീര്‍ത്ഥ. ഇന്റര്‍ സ്‌കൂള്‍ പെയിന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് താമരശേരി ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനി എസ്. തീര്‍ത്ഥ യോഗ്യത നേടിയത്.
◾ആദ്യവിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയെ വന്‍ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എല്‍ഡി ക്ലര്‍ക്കും കൊല്ലം കൊട്ടാരക്കര സ്വദേശിയുമായ ശ്രീകലയില്‍ ശ്രീനാഥാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയുടെ പരാതിയിലാണു നടപടി.
◾തൃശൂര്‍ സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ കോഴിക്കോട് മലാപ്പറമ്പില്‍ മരിച്ച നിലയില്‍. ഡോ. റാം മനോഹര്‍( 70) ഭാര്യ ശോഭ മനോഹര്‍( 68) എന്നിവരാണ് മരിച്ചത്. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
◾ആലപ്പുഴയില്‍ മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ടു വയസുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന്‍ ആദം ജോര്‍ജ് ആണ് മരിച്ചത്. കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിയുകയായിരുന്നു.
◾മദ്യപിച്ച് ട്രാക്കില്‍ കിടന്ന് ട്രെയിന്‍ വൈകിയതിനു കൊല്ലം എഴുകോണ്‍ സ്വദേശി അശോകനെതിരേ റെയില്‍വെ കേസെടുത്തു. ടെക്നിക്കല്‍ സ്‌കൂളിന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കിടക്കുന്നുവെന്നു പുനലൂര്‍- നാഗര്‍കോവില്‍ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് എത്തിയ പോലീസിനു മദ്യപിച്ചു ലക്കുകെട്ട നിലയില്‍ അശോകനെയാണു കണ്ടെത്താനായത്.
◾അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടര്‍ ഷാജീവന. ജനവാസ മേഖലയിലേക്ക് ആന എത്തുന്നുവെന്നു തെറ്റായ വിവരം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് തേനി കളക്ടറുടെ ഇടപെടല്‍.
◾ഫ്രഞ്ച് ക്ലബ് പി എസ് ജിയില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം. ക്ലെര്‍മോണ്ട് ഫൂട്ടാണ് പിഎസ്ജിയുടെ ഇന്നത്തെ എതിരാളികള്‍. 2021ല്‍ രണ്ടുവര്‍ഷ കരാറിലാണ് ബാഴ്സലോണയില്‍ നിന്ന് മെസി പിഎസ്ജിയില്‍ എത്തിയത്. ഒരുവര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാമെന്ന ഉപാധി ഉണ്ടായിരുന്നെങ്കിലും ക്ലബില്‍ തുടരുന്നില്ലെന്ന് മെസി തീരുമാനിക്കുകയായിരുന്നു.
◾പ്രതിവര്‍ഷം ശരാശരി 5.5 ശതമാനം വളര്‍ച്ചയുമായി യു.എ.ഇയുടെ കയറ്റുമതി വരുമാനം 2030ഓടെ 2 ലക്ഷം കോടി ദിര്‍ഹം (ഏകദേശം 44 ലക്ഷം കോടി രൂപ) ആകുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ റിപ്പോര്‍ട്ട്. യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം ഇന്ത്യ നിലനിറുത്തും. ടര്‍ക്കി, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവ ഏറ്റവുമധികം വളര്‍ച്ചയുള്ള കയറ്റുമതി വിപണികളാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2030ഓടെ ഇന്ത്യയിലേക്കുള്ള യു.എ.ഇയുടെ കയറ്റുമതി 26,500 കോടി ദിര്‍ഹമാകുമെന്നാണ് (5.93 ലക്ഷം കോടി രൂപ) സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ വിലയിരുത്തല്‍. പ്രതീക്ഷിക്കുന്ന ശരാശരി വാര്‍ഷിക വളര്‍ച്ച 9 ശതമാനം. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ശരാശരി 8.2 ശതമാനം വളര്‍ച്ചയോടെ 22,050 കോടി ദിര്‍ഹവുമാകും (4.95 ലക്ഷം കോടി രൂപ). ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കഴിഞ്ഞവര്‍ഷം പ്രാബല്യത്തില്‍ വന്നിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍.
◾വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പിനെ ക്രാഷാക്കുന്ന പുതിയൊരു വില്ലന്‍ ‘ലിങ്ക്’ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പാണ്ഡ്യ മയൂര്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings ഈ ലിങ്കാണ് പ്രശ്നക്കാരന്‍. വാട്സ്ആപ്പിന്റെ സെറ്റിങ്സിലേക്ക് പോകാനുള്ള ലിങ്കാണിത്. എന്നാല്‍, എന്തുകൊണ്ടാണിത് ആപ്പിനെ തന്നെ ക്ലോസ് ആക്കുന്നതെന്ന് വ്യക്തമല്ല. ആരെങ്കിലും സ്വകാര്യമായോ ഗ്രൂപ്പിലോ നിങ്ങള്‍ക്ക് ഈ ലിങ്ക് അയച്ചുതന്നാല്‍, ആ ചാറ്റ് തുറക്കുമ്പോള്‍ വാട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാര്‍ട്ടായി വരികയും ചെയ്യുന്നു. ഇനി ആരെങ്കിലും wa.me/settings എന്നത് സ്റ്റാറ്റസ് ആയി വെച്ചാല്‍, അത് തുറന്ന് കാണുന്നവരുടെ വാട്സ്ആപ്പും ക്രാഷാകും. ആപ്പ് വീണ്ടും തുറന്നാല്‍, പ്രശ്നം അവസാനിക്കുമെങ്കിലും, ആ ലിങ്ക് വന്ന ചാറ്റ് തുറന്നാല്‍, വീണ്ടും ആപ്പ് ക്ലോസ് ആയി പോകും. നിലവില്‍ വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ മാത്രമേ ഇത് ഒരു പ്രശ്‌നമായി കാണപ്പെടുന്നുള്ളൂ. വാട്സ്ആപ്പ് ബിസിനസ് ആപ്പിനെയും പ്രശ്നം ബാധിക്കുന്നുണ്ട്. അതേസമയം, ഐ.ഒ.എസ് പതിപ്പിനെ ഈ ലിങ്ക് ബാധിക്കുന്നില്ല. 2.23.10.77 എന്ന വാട്സ്ആപ്പ് വേര്‍ഷനില്‍ ലിങ്ക് ടെസ്റ്റ് ചെയ്തപ്പോള്‍ ആപ്പ് ക്രാഷ് ആകുന്നുണ്ട്. ലിങ്ക് തുറന്ന് വാട്സ്ആപ്പ് ക്രാഷായി പോയാല്‍ വാട്സ്ആപ്പ് വെബ്ബില്‍ പോയി ആ ചാറ്റ് തെരഞ്ഞെടുത്ത് ംമ.ാല/േെലേശിഴ െഎന്ന സന്ദേശം മാത്രം ഡിലീറ്റ് ചെയ്താല്‍ മതി, കാരണം, പുതിയ ബഗ് വെബ് പതിപ്പിനെ ബാധിച്ചിട്ടില്ല. നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഈ ലിങ്ക് ഉപയോഗിച്ച് – https://web.whatsapp.com/ വാട്സ്ആപ്പ് വെബ്ബ് തുറക്കുക. ശേഷം ഫോണിലെ വാട്സ്ആപ്പ് തുറന്ന് മുകളിലെ ത്രീഡോട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ലിങ്ക്ഡ് ഡിവൈസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ലിങ്ക് എ ഡിവൈസ് എന്നതില്‍ ക്ലിക്ക് ചെയ്ത് വെബ്ബിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ശേഷം തുറന്നുവരുന്ന ചാറ്റ് ലിസ്റ്റില്‍ പോയി സന്ദേശം ഡിലീറ്റ് ചെയ്യുക.
◾കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘മാമന്നന്‍’. ഉദയനിധി സ്റ്റാലില്‍ നായകനാകുമ്പോള്‍ പ്രധാനപ്പെട്ട കഥാപാത്രമായി ഫഹദും ‘മാമന്നനി’ലുണ്ട്. വിജയ് യേശുദാസും ശക്തിശ്രീ ഗോപാലനും ചിത്രത്തിനായി പാടിയ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ‘മാമന്നന്‍’ ജൂണ്‍ 29ന് പ്രദര്‍ശനത്തിനെത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡബ്ബിംഗ് പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. മാരി ശെല്‍വരാജിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
◾സൂപ്പര്‍താരം രജനീകാന്തിന്റെ മൂത്ത സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്വാദ് സിനിമയിലേക്ക്. എണ്‍പതാം വയസിലാണ് അഭിനയത്തിലേക്കുള്ള സത്യനാരായണ റാവുവിന്റെ അരങ്ങേറ്റം. ‘മാമ്പഴ തിരുടി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷമാണ് സത്യനാരായണ അവതരിപ്പിക്കുന്നത്. ശ്രീലങ്കന്‍ തമിഴ് വംശജനായ എംആര്‍എം റജീമാണ് സംവിധായകന്‍. രജനിയുടെയും സത്യനാരായണയുടെയും മാതാപിതാക്കളുടെ സ്മാരകം സ്ഥിതിചെയ്യുന്ന കൃഷ്ണഗിരിജില്ലയിലെ നാച്ചിക്കുപ്പത്തില്‍ ചിത്രീകരണം തുടങ്ങി. ശ്രീലങ്കന്‍ സ്വദേശി മദനന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. ലിബിയയാണ് നായിക. രജനീകാന്ത് ആരാധകര്‍ക്ക് ഏറെ പരിചിതനാണ് സത്യനാരായണ റാവു. 1970കളിലെ രജനിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ച് പറയുന്നതിനായി അദ്ദേഹം ടെലിവിഷനിലും പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ മൂത്ത സഹോദരനെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് രജനീകാന്ത് പറയാറുണ്ട്.
◾വില കുറഞ്ഞ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. 3 കിലോവാട്ട് ബാറ്ററി ശേഷിയുള്ള 450 എസ് ആണ് പുതിയ വേരിയന്റ്. ബംഗളൂരുവിലെ എക്‌സ് ഷോറൂം വില 1,29,999 രൂപ മുതല്‍. ജൂലൈ മുതല്‍ 450 എസ് ബുക്കിങ് തുടങ്ങുമെന്ന് ഏഥര്‍ അറിയിച്ചു. നിലവിലുള്ള മോഡലുകളേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ 450 എസില്‍ ഉണ്ടാവുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഡ്രൈവിങ് സാഹചര്യങ്ങളില്‍ 115 കിലോമീറ്റര്‍ ആണ് കമ്പനി അവകാശപ്പെടുന്ന ചാര്‍ജ് ശേഷി. 90 കിലോമീറ്റര്‍ ആണ് വേഗം. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ച സാഹചര്യത്തില്‍ 450 എക്‌സിന്റെ വില പുതുക്കിയതായും ഏഥര്‍ അറിയിച്ചു. ഇന്നു മുതല്‍ 1,65,000 ആയിരിക്കും 450 എക്‌സിന്റെ ബേസ് പ്രൈസ്.
◾ഉദ്വേഗവും കുറ്റകൃത്യവും ഇഴ ചേര്‍ന്ന വായനാവേഗമുള്ള സസ്‌പെന്‍സ് ത്രില്ലര്‍. ക്രൈം ഫിക്ഷന്‍ വൈവിധ്യമുള്ള മാതൃകകളില്‍ ഒന്നാണ് ഡെവിള്‍സ് ജസ്റ്റിസ്. കുറ്റവാളി ആര്? എന്ന് തിരയുന്ന പതിവ് ഘടനകളില്‍ നിന്ന് വ്യത്യസ്തമായി ഈ നോവല്‍ കുറ്റകൃത്യം എങ്ങനെ? എന്തിന്? എന്ന വീക്ഷണം അവതരിപ്പിക്കുന്നു. സിനിമയുടേയും, ബ്ലാക്ക്‌മെയിലിന്റേയും, കൊലപാതകത്തിന്റേയും, ഉദ്വേഗജനകമായ ലോകം അവതരിപ്പിക്കുന്ന വായനാവേഗമാര്‍ന്ന ത്രില്ലര്‍! ഈ നോവലിന്റെ ഓരോ പേജും വളരെയധികം ആകാംക്ഷ നിറയ്ക്കുന്നവയാണ്. ഇനി എന്ത് എന്നുള്ള ചോദ്യം നോവലിന്റെ ഒടുവില്‍ വരെ വളരെ വേഗത്തില്‍ വായനക്കാരെ കൊണ്ട് എത്തിക്കുന്നു. ‘ഡെവിള്‍സ് ജസ്റ്റിസ്’. സീമ ജവഹര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 299 രൂപ.
◾ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു പേശികള്‍ വരിഞ്ഞുമുറുകാന്‍ കാരണമാകും. ചില ഭക്ഷണങ്ങളും പാനീയങ്ങളും ഈ രാസവസ്തുവിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാറുണ്ട്, അത്തരം വിഭവങ്ങള്‍ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത ഭക്ഷണവും തണുത്ത വെള്ളവുമൊക്കെ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കണം. അണ്ഡാശയത്തിലെയും യോനി ഭിത്തികളിലെയും പേശികള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകുന്ന പിരിമുറുക്കം അസ്വസ്ഥതയുണ്ടാക്കും. തണുത്ത പാനീയങ്ങള്‍ ഒഴിവാക്കി ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് സുഗമമായ രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കും. ചിപ്‌സ്, കപ്പവറുത്തത്, ചക്കവറുത്തത് പോലുള്ളവയും ചെറുകടികളുമൊക്കെ ഈ ദിവസങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതിനുപകരം മുഴുവന്‍ ധാന്യങ്ങളും സംസ്‌കരിക്കാത്ത ഭക്ഷണവും കഴിക്കാം. അമിതമായ ഉപ്പിന്റെ ഉപയോഗം ആര്‍ത്തവ ദിവസങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. സോള്‍ട്ട് ബിസ്‌ക്കറ്റുകളും കാന്‍ഡ് സൂപ്പ്, നൂഡില്‍സ് എന്നിവയുമൊക്കെ മാറ്റിനിര്‍ത്താം. അമിതമായ കഫീന്‍ ഉപഭോഗം ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കൂടാന്‍ ഇടയാക്കും. കഫീന്‍ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂട്ടും. ഇത് നിങ്ങളുടെ ഉറക്കത്തെയും തടസ്സപ്പെടുത്തും. അതുകൊണ്ട് ആര്‍ത്തവ ദിനങ്ങളിലെങ്കിലും ഹെര്‍ബല്‍ പാനീയങ്ങളെ ആശ്രയിക്കുന്നതാണ് നല്ലത്. അമിതമായ പഞ്ചസാര ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനമുണ്ടാക്കുകയും ഊര്‍ജ്ജനഷ്ടം, മൂഡ്‌സ്വിങ്‌സ് പോലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. അതിനുപകരം പഴങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് പോലുള്ളവയും തേന്‍, ഈന്തപ്പഴം, മേപ്പിള്‍ സിറപ്പ് പോലുള്ളവ തെരഞ്ഞെടുക്കാം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഈ ദിവസങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. റെഡ് മീറ്റ് ഒഴിവാക്കി ചിക്കന്‍, മീന്‍ എന്നിവ തെരഞ്ഞെടുക്കാം. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.41, പൗണ്ട് – 102.61, യൂറോ – 88.39, സ്വിസ് ഫ്രാങ്ക് – 90.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.56, ബഹറിന്‍ ദിനാര്‍ – 218.98, കുവൈത്ത് ദിനാര്‍ -268.38, ഒമാനി റിയാല്‍ – 214.42, സൗദി റിയാല്‍ – 21.97, യു.എ.ഇ ദിര്‍ഹം – 22.44, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 61.38.