◾സംസ്ഥാനത്ത് തെരുവുനായകള്‍ക്കു ദയാവധത്തിനുള്ള ചട്ടം കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എംബി രാജേഷ്. ചികിസിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങളുള്ളതും മാരക മുറിവുകളുള്ളതുമായ തെരുവുനായ്ക്കളെയാണു ദയാവധം ചെയ്യുക. കേന്ദ്ര നിയമം പ്രായോഗികമല്ല. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 20 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
◾കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനു പ്രിയ വര്‍ഗീസിനു വേണ്ടത്ര യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം കോടതി അംഗീകരിച്ചു. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പരാതിക്കാരനായ ജോസഫ് സ്‌കറിയ പ്രതികരിച്ചു.
◾
◾‘മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു, എല്ലാം നിയമപരമായി നേരിടു’മെന്ന് കെ. വിദ്യ. കോടതിയിലേക്ക് പോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. കെട്ടിച്ചമച്ച കേസാണെന്ന് എല്ലാവര്‍ക്കും അറിയാം. കോടതിയിലേക്കാണ് പോകുന്നത്, ഏതറ്റം വരെയും പോകും. വ്യാജ പ്രവൃത്തി പരിചയ രേഖ ഹാജരാക്കി ജോലിക്കു ശ്രമിച്ചെന്ന കേസില്‍ അഗളി പോലീസ് അറസ്റ്റു ചെയ്ത കെ. വിദ്യ പറഞ്ഞു.
◾വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ സഹായിച്ചെന്ന് ആരോപണം ഉയര്‍ന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെഎച്ച് ബാബുജനോടും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയോടും സിപിഎം വിശദീകരണം തേടി. ഇരുവരും എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടെന്നാണ് റിപ്പോര്‍ട്ട്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ 27 വരെയുള്ള എല്ലാ പൊതു പരിപാടികളും റദ്ദാക്കി. ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായാണു പങ്കെടുത്തത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എന്ന പേരില്‍ ചിലര്‍ വിവാദങ്ങളുണ്ടാക്കുന്നതു മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പാര്‍ട്ടി സെക്രട്ടറിയേയും അധിക്ഷേപിക്കാനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. എസ്എഫ്ഐ ഒരു വികാരമാണ്. ഇപ്പോള്‍ എസ്എഫ്ഐക്കെതിരേ സമാനതകളില്ലാത്ത ആരോപണങ്ങളാണ് അഴിച്ചുവിടുന്നത്. എസ്എഫ്ഐ നേതൃത്വത്തിന് ഒരു തെറ്റും പറ്റിയിട്ടില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ അധിക്ഷേപിച്ച മാധ്യമങ്ങള്‍ മാപ്പു പറയണമെന്നും ബാലന്‍ ആവശ്യപ്പെട്ടു.
◾വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിഖില്‍ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്ഐ നേതാവെന്ന് സൂചന. നിര്‍മ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിനു മൊഴി നല്‍കി. നിഖിലിനെ പിടികൂടിയാലേ മൊഴി സ്ഥിരീകരിക്കാനാവൂവെന്നാണ് പൊലീസ് നിലപാട്.
◾വിദ്യയെ ഒളിപ്പിച്ചത് സി.പിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പൊലീസ് എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പ്രതിയെ പിടിക്കാന്‍ 15 ദിവസം കേരള പൊലീസ് എടുത്തതുതന്നെ കള്ളക്കളിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകള്‍ നശിപ്പിക്കാനാണ് പ്രതിക്ക് പോലീസും പാര്‍ട്ടിയും ഇത്രയും സാവകാശം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
◾സംസ്ഥാനത്ത് യു ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് റെയ്ഡ്. വരുമാനത്തിനനുസരിച്ച് ആദായ നികുതി അടയ്ക്കുന്നില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
◾ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്കു തീ പിടിച്ചു. കോട്ടയം കറുകച്ചാല്‍ റോഡിലെ തോട്ടയ്ക്കട കവലയിലാണ് ലോറിയില്‍ തീ ആളിക്കത്തിയത്. അഗ്‌നിശമന സേനയെത്തി തീയണച്ചു.
◾തമിഴ്നാട്ടില്‍ ദളിതരെ വിലക്കിയതിന് അടച്ചിട്ട വില്ലുപ്പുറം ക്ഷേത്രം തത്ക്കാലം തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. പരാതിക്കാരന് ദേവസ്വം വകുപ്പിനെ സമീപിക്കാമെന്നും കോടതി. സുധാ സര്‍വ്വേശ്കുമാറാണ് ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
◾തമിഴ്നാട്ടില്‍ ദളിതരെ വിലക്കിയതിന് അടച്ചുപൂട്ടിയ വീരനാംപെട്ടി കാളിയമ്മന്‍ ക്ഷേത്രം തുറന്നു. ജില്ലാ കളക്ടറും എസ്പിയും നേരിട്ടെത്തി പൂട്ടു പൊളിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നത്. പ്രദേശത്തെ ഊരാളി ഗൗഡ വിഭാഗങ്ങളുമായി നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
◾കോവിന്‍ വിവരച്ചോര്‍ച്ചയില്‍ ബിഹാര്‍ സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ബിഹാറിലെ ആരോഗ്യപ്രവര്‍ത്തകയുടെ മകനാണു പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെകൂടി പിടികൂടിയിട്ടുണ്ട്. കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ ആധാര്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ചോര്‍ത്തി ടെലിഗ്രാമിലൂടെ ഷെയര്‍ ചെയ്തതിനാണ് അറസ്റ്റ്.
◾
◾വാഷിംഗ്ടണിലെ വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. കൊത്തുപണിയുള്ള ചന്ദനപ്പെട്ടിയാണ് മോദി ബൈഡന് സമ്മാനിച്ചത്. പെട്ടിയില്‍ വെള്ളിയിലുള്ള ഗണേശ വിഗ്രഹം, നവംബറില്‍ 81 വയസാകുന്ന ബൈഡന് ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടവര്‍ക്കു സമ്മാനിക്കുന്ന തിരിവിളക്ക്, ജില്‍ ബൈഡനു ഏഴര കാരറ്റ് വജ്രം എന്നിവയാണു സമ്മാനിച്ചത്. പുരാതന അമേരിക്കന്‍ പുസ്തക ഗാലറിയാണ് ബൈഡന്‍ പ്രധാനമന്ത്രി മോദിക്കു സമ്മാനിച്ചത്. വിന്റേജ് അമേരിക്കന്‍ ക്യാമറ, ജോര്‍ജ്ജ് ഈസ്റ്റ്മാന്റെ ആദ്യത്തെ കൊഡാക് ക്യാമറ, അമേരിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാര്‍ഡ് കവര്‍ പുസ്തകം എന്നിവ ബൈഡന്‍ സമ്മാനിച്ചു. ജില്‍ ബൈഡന്‍ പ്രധാനമന്ത്രി മോദിക്ക് റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതകളുടെ ആദ്യ പതിപ്പാണു സമ്മാനിച്ചത്.
◾ഇംഗ്ലീഷ് ചാനല്‍ നീന്തുന്നതിനിടെ അഗ്നിശമന സേനാംഗവും ചാരിറ്റി നീന്തല്‍കാരനുമായ ഇയാന്‍ ഹ്യൂസിനെ (42) കാണാതായി. ഇംഗ്ലണ്ടിലെ ഡഡ്ലി സ്വദേശിയായ ഇയാന്‍ ഹ്യൂസ് ഡോവറില്‍ നിന്ന് ഒരു സപ്പോര്‍ട്ട് ബോട്ടുമായി സോളോ ചലഞ്ച് ചെയ്യുന്നതിനിടെയാണ് കാണാതായത്.
◾സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. കഴിഞ്ഞ മൂന്ന് ദിവസമായി വില കുറയുന്ന സ്വര്‍ണവില ഇന്ന് 43,600ലേക്ക് എത്തി. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ടായി. 18 കാരറ്റിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,528 രൂപയായി. സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 1,933 ഡോളറിലേക്കു താണു. ഇന്നലെ 1936 ഡോളര്‍ നിലവാരത്തിലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് മെയ് അഞ്ചിന് രേഖപ്പെടുത്തിയതായിരുന്നു. അന്ന് ഗ്രാമിന് 5,720 രൂപയും പവന് 45,760 രൂപയുമായിരുന്നു. വെള്ളി വില ഇന്നും കുറഞ്ഞു. സാധാരണ വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയിലെത്തി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയില്‍ തുടരുന്നു.
◾സ്മാര്‍ട്ട്‌ഫോണിലേതിന് സമാനമായ നിലയില്‍ ഡെസ്‌ക്ടോപ്പില്‍ നിന്നും വാട്‌സ്ആപ്പ് വോയ്‌സ് കോളും വീഡിയോ കോളും ചെയ്യാന്‍ കഴിയും. നേരത്തെ ഒരാളുമായി മാത്രമേ ഇത്തരത്തില്‍ കോളിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അടുത്തിടെ പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പ് കോളുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരേ സമയം എട്ടുപേരെ വരെ ഗ്രൂപ്പ് കോളിലൂടെ ബന്ധിപ്പിക്കാന്‍ സാധിക്കും. മാര്‍ച്ചിലാണ് ഡെസ്‌ക്ടോപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഡെസ്‌ക് ടോപ്പില്‍ ഫോണ്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് തുറക്കുക. ഫോണിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഇത് ചെയ്യേണ്ടത്. കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് ആരെയാണ് വിളിക്കേണ്ടത് എന്ന് തെരഞ്ഞെടുക്കുക. ഫോണിലെ പോലെ ചാറ്റില്‍ വോയ്‌സ് കോള്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. വാട്‌സ് ആപ്പ് വീഡിയോ കോള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മൈക്രോ ഫോണ്‍, ക്യാമറ, സ്പീക്കര്‍ എന്നിവ ഡെസ്‌ക് ടോപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക. ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് എളുപ്പത്തില്‍ വോയ്‌സ് കോളില്‍ നിന്ന് വീഡിയോ കോളിലേക്ക് മാറാനും സംവിധാനമുണ്ട്. ഡെസ്‌ക് ടോപ്പുമായി ബന്ധിപ്പിച്ച് വെബ് ക്യാം ഇല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി സൊല്യൂഷന്‍സ് ആയ ഡ്രോയിഡ്ക്യാം പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഫോണിലെ ക്യാമറയെ വെബ്ക്യാമാക്കി മാറ്റിയും കോള്‍ ചെയ്യാവുന്നതാണ്.
◾വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. കൃത്യം 12 മണിക്ക് തന്നെ പോസ്റ്റര്‍ റിലീസായി. കൈയില്‍ രക്തം പുരണ്ട ചുറ്റികയുമായുള്ള വിജയ് ആണ് പോസ്റ്ററിലുള്ളത്. വിജയ് സിനിമയിലൂടെ ഫസ്റ്റ് ലുക്ക് ഇത്രയും വൈലന്റ് ലുക്കില്‍ ആദ്യമായാണ് പുറത്തിറങ്ങുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ സ്വര്‍ണനിറത്തിലായിരുന്ന ലിയോ ടൈറ്റില്‍ പോലും ചുവന്ന നിറത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ തന്നെ ചിത്രത്തിലെ ആദ്യഗാനവും റിലീസ് ചെയ്യും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഒക്ടോബര്‍ 19 ന് ലിയോ തിയേറ്ററുകളില്‍ എത്തും.
◾ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സീരീസ് ‘കേരള ക്രൈം ഫയല്‍സ്-ഷിജു പാറയില്‍ വീട് നീണ്ടകര ‘ സ്ട്രീമിംഗ് ആരംഭിക്കുന്നു. ജൂണ്‍ 23നാണ് സ്ട്രീമിംഗ് തുടങ്ങുക. വളരെ പുതുമയാര്‍ന്നതും നൂതനവുമായ കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന വെബ് സീരീസ് ഒരു ക്രൈം ത്രില്ലറാണ്. ലാലും അജു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഒന്നിലധികം ഭാഷകളില്‍ സീരീസ് ലഭ്യമാകും. ഒരു സാധാരണ ഫീച്ചര്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി, വെബ് സീരിസ് നല്‍കുന്ന അധിക സമയം കഥയെ സമഗ്രമായും ആകര്‍ഷകമായും അവതരിപ്പിക്കാനുള്ള കഴിവ് സമ്മാനിച്ചു എന്നാണ് സംവിധായകന്‍ അഹമ്മദ് ഖബീര്‍ പറയുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും, ‘കേരള ക്രൈം’ ഫയലുകളുടെ നിര്‍മ്മാണവും കഥപറച്ചിലും ഇന്ത്യയിലെ ജനപ്രിയ വെബ് സീരീസുകള്‍ക്ക് തുല്യമാണ്. ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം.
◾മാരുതി സുസുക്കിയില്‍ നിന്നുള്ള ഏറ്റവും ഹിറ്റായ മോഡലുകളില്‍ ഒന്നാണ് സെലേരിയോ. 2023 ജൂണില്‍ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് നിരവധി കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ വന്‍ വിലക്കിഴിവ് ലഭിക്കുന്ന മോഡലുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ. 61,000 രൂപയോളം വിലക്കിഴിവ് സെലേരിയോയ്ക്ക് ലഭിക്കുന്നു. പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്കാണ് 61,000 രൂപ കിഴിവ് ലഭിക്കുന്നത്. എഎംടി പതിപ്പുകള്‍ക്ക് 31,000 രൂപയും സിഎന്‍ജി ട്രിമ്മുകള്‍ക്ക് 57,000 രൂപയും വിലക്കിഴിവ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് മാരുതി സുസുക്കി സെലേറിയോ എത്തുന്നത്. ഇത് 67പിഎസ് പവറും 89 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 5.35 ലക്ഷം രൂപയാണ് കാറിന്റെ എക്‌സ് ഷോറൂം വില. പെട്രോളില്‍ നാല് വകഭേദങ്ങളിലാണ് ഇത് വരുന്നത്. അതേസമയം, സിഎന്‍ജിയില്‍ ഒരേയൊരു ഓപ്ഷന്‍ മാത്രമേയുള്ളൂ. വിഎക്സ്ഐ. ഈ മോഡലാണ് 35 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നത്. ഇത് മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകളില്‍ വരുന്നു.
◾പമ്പ കമ്പാന എന്ന കവയിത്രിയാല്‍ രചിക്കപ്പെട്ട സംസ്‌കൃത കാവ്യത്തിലൂടെ സൃഷ്ടിക്കപ്പെട്ട വിജയനഗരി അഥവാ ബിസ്‌നാഗ എന്ന രാജ്യത്തിന്റെ ചരിത്രം വിവര്‍ത്തനം ചെയ്യുന്ന അത്ര വിദഗ്ദ്ധനല്ലാത്ത ഒരു പരിഭാഷാകാരന്റെ കൃതിയായി റുഷ്ദി സങ്കല്പിച്ചെടുക്കുന്ന നോവല്‍. ചരിത്രം സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്നും സങ്കല്പം ചരിത്രമോ കഥയോ എന്നും തീരുമാനിക്കാനാവാത്ത തരത്തില്‍ മനുഷ്യാനുഭവങ്ങളുടെ അതീത യാഥാര്‍ത്ഥ്യങ്ങളുടെയോ മാന്ത്രിക യാഥാര്‍ത്ഥ്യങ്ങളുടെയോ ഒരു ലോകം സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിച്ചവതരിപ്പിക്കുകയാണിവിടെ റുഷ്ദി. പമ്പ കമ്പാന മാന്ത്രികവിത്തുകളെറിഞ്ഞ് മുളപ്പിച്ചെടുക്കുന്ന രാജ്യവും രാജാക്കളും പ്രജകളുമാണ് ഇതിലെ ചരാചരങ്ങളെല്ലാം. ഏവര്‍ക്കും അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നല്കുന്നതും പമ്പ കമ്പാനയുടെ മന്ത്രണങ്ങളാണ്. അവരുടെ ചരിത്രമാണ് പമ്പ കമ്പാന രചിച്ച കാവ്യവും. നൂറ്റാണ്ടുകള്‍ക്കു ശേഷം ആ ചരിത്ര കാവ്യം കണ്ടെടുക്കപ്പെടുന്നു. ‘വിജയനഗരി’. ഡിസി ബുക്സ്. വില 456 രൂപ.
◾ചില ഭക്ഷണങ്ങള്‍ ഉറക്കത്തെ തടസപ്പെടുത്തും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോഫിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് കോഫി കുടിക്കരുത്. നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങളും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കഴിക്കരുത്. ഇവ ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ പ്രശ്‌നത്തിലാക്കും. ജങ്ക് ഫുഡ് രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഇതിലെ ഉയര്‍ന്ന ഫാറ്റും മറ്റും ഉറക്കത്തെ തടസപ്പെടുത്താം. രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുന്നതും നല്ലതല്ല. എന്നാല്‍ ഇതിലെ ഉയര്‍ന്ന ഫാറ്റും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തുന്നു. ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലടങ്ങിയിരിക്കുന്ന ‘ടൈറോസിന്‍’ എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കാം. ഇവ ദഹിക്കാന്‍ സമയമെടുക്കും. അതും ഉറക്കത്തെ നഷ്ടപ്പെടുത്തും. ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രിസ് പഴങ്ങളും രാത്രി കഴിക്കരുത്. ഇവയും ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ദേഷ്യം എന്നിവയുണ്ടാകാം. പകല്‍ സമയങ്ങളില്‍ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് വരെ ഉറക്കമില്ലായ്മ ഒരു കാരണമാണ്. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും ഇതിന് കാരണമാണ്. ഉറക്കക്കുറവിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.93, പൗണ്ട് – 104.73, യൂറോ – 90.10, സ്വിസ് ഫ്രാങ്ക് – 91.73, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.65, ബഹറിന്‍ ദിനാര്‍ – 217.36, കുവൈത്ത് ദിനാര്‍ -266.78, ഒമാനി റിയാല്‍ – 212.81, സൗദി റിയാല്‍ – 21.84, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.50, കനേഡിയന്‍ ഡോളര്‍ – 62.34.