P10 yt cover

തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു ചെയ്തത്. പൊട്ടിക്കരഞ്ഞു കുഴഞ്ഞുവീണ ഇദ്ദേഹത്തെ നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.

മന്ത്രി സെന്തില്‍ ബാലാജിക്ക് അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. ആഞ്ജിയോഗ്രാം പരിശോധനയില്‍ ഹൃദയധമനികളില്‍ മൂന്നു ബ്ലോക്ക് കണ്ടെത്തി. ബൈപ്പാസ് സര്‍ജറി വേണമെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ഇതിനിടെ, സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.

അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന് മന്ത്രി പി.കെ. ശേഖര്‍ ബാബു. ചെവിക്കു സമീപം നീരുണ്ടെന്നും ശ്രവണശേഷി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടികളെ നേരിടാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്‍ ആശുപത്രിയിലെത്തി സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ചു.

പുരാസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ക്ക് ഐജി ജി. ലക്ഷ്മണ കൂട്ടുനിന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപി ടി.കെ വിനോദ് കുമാര്‍ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ചീഫ് സെക്രട്ടറിക്കു കൈമാറി. ലക്ഷ്മണിന്റെ എഡിജിപി സ്ഥാനക്കയറ്റം തടഞ്ഞുവച്ചിരിക്കുകയാണ്.

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഈ മാസം 23 വരെ ഹാജരാകാനാകില്ലെന്ന് രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. 23 നു ഹാജരായാല്‍ മതിയെന്ന് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കി. അതേസമയം, പരാതിക്കാരന്‍ അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം മോന്‍സന്റെ വീട്ടില്‍ കെ സുധാകരന്‍ എത്തിയിരുന്നെന്ന ഡിജിറ്റല്‍ രേഖകളെ തെളിവാക്കിയാണ് ക്രൈംബ്രാഞ്ച് മുന്നോട്ടു പോകുന്നത്.

നിയമസഭ കൈയാങ്കളിക്കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജി സിപിഐ മുന്‍ എംഎല്‍എമാര്‍ പിന്‍വലിച്ചു. ഹര്‍ജിക്കെതിരേ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിച്ച് പിന്‍വലിക്കുന്നുവെന്നു പറഞ്ഞാണ് ബിജി മോളും ഗീതാ ഗോപിയും ഹര്‍ജി പിന്‍വലിച്ചത്. കേസിന്റെ വിചാരണ തീയതി 19 ന് സി ജെഎം കോടതി നിശ്ചയിക്കും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തെരുവു നായ്ക്കളെ കൊല്ലാന്‍ ഉത്തരവിറക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നിയമ സാധുത തേടുന്നു. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കാട്ടാക്കട ക്രൃസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആള്‍ മാറാട്ടം നടത്തിയെന്ന കേസില്‍ പ്രതിയായ എസ് എഫ് ഐ നേതാവ് എ വിശാഖിനെ ഈ മാസം 20 വരെ അറസ്റ്റു ചെയ്യരുതെന്നു ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കാന്‍ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഗൗരവസ്വഭാവമുളളതാണന്ന് കോടതി പരാമര്‍ശിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ വിദ്യയെ അഭിമുഖത്തിനായി അട്ടപ്പാടി കോളജില്‍ എത്തിയ കാര്‍ മണ്ണാര്‍ക്കാട് രജിസ്റ്റര്‍ ചെയ്തതാണെന്ന് പോലീസ്. കാര്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

കോട്ടയം ജില്ലയിലെ നെടുംകുന്നം, കറുകച്ചാല്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും. രാത്രി പത്തോടെ ഇടിമുഴക്കത്തിനു സമാനമായി ഉണ്ടായ മുഴക്കം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.

തിരുവനന്തപുരം മൃഗശാലയില്‍നിന്നു തുറന്ന കൂട്ടിലേക്കു മാറ്റാനിരിക്കേ, ജീവനക്കാരുടെ കണ്ണുവെട്ടിച്ചു ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് മൃഗശാലയിലെത്തന്നെ മരത്തിനു മുകളില്‍. കുരങ്ങിനെ തിരികേ കൂട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.

പാലക്കാട് പാലന ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതിയില്‍ പാലന ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കോഴിക്കോട് ബാലുശേരിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖില്‍ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ചൂണ്ടകുളം ഊരിലെ സജിത – വിനോദ് ദമ്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ ഉറങ്ങിയ കുഞ്ഞ് രാവിലെ മരിച്ചു കിടക്കുന്നതായാണു കണ്ടത്.

ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ ടോള്‍ നിരക്കു വര്‍ധിപ്പിച്ചു. കാര്‍, വാന്‍, ജീപ്പുകള്‍ എന്നിവക്ക് ഒരു യാത്രയ്ക്ക് 165 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കില്‍ 250 രൂപയും നല്‍കണം. നേരത്തെ ഒറ്റ യാത്രയ്ക്ക് 135 രൂപയും മടക്കയാത്രയ്ക്ക് 205 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് 12 നാണ് 118 കിലോമീറ്റര്‍ ദൂരമുള്ള പാത ഉദ്ഘാടനം ചെയ്തത്.

മോദി സര്‍ക്കാര്‍ എതിര്‍ക്കുന്നവരെ വേട്ടയാടുന്നതിന്റെ അവസാന ഉദാഹരണമാണ് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. പ്രതിപക്ഷത്തെ ഒരാളും ഭീഷണിക്കു വഴങ്ങില്ലെന്നും ഖര്‍ഗെ പറഞ്ഞു.

ബിഹാറിലെ വൈശാലി ജില്ലയില്‍ രാഘോപൂര്‍ ദിയാരയില്‍ ഗംഗയില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരനെ മതുല ജീവനോടെ കടിച്ചുതിന്നു. കുപിതരായ ബന്ധുക്കളും നാട്ടുകാരും മുതലയെ പിടികൂടി തല്ലിക്കൊന്നു. കുടുംബം പുതുതായി വാങ്ങിയ ബൈക്ക് പൂജിക്കുന്നതിന്റെ ഭാഗമായാണ് ഗംഗയില്‍ കുളിക്കാനിറങ്ങിയത്.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഖമെന്‍ലോക് മേഖലയില്‍ സ്ത്രീ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ഇതേസമയം, കോണ്‍ഗ്രസ് പ്രതിനിധി സംഘം സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ബെഗളൂരുവിലെ ടെക് പാര്‍ക്കില്‍ അമേരിക്കന്‍ കമ്പനിയുടെ ഓഫീസില്‍നിന്നു പിരിച്ചുവിട്ടതിന് ഓഫീസില്‍ ബോംബു വച്ചിട്ടുണ്ടെന്നു ഭീഷണി മുഴക്കിയ മലയാളി യുവാവ് പിടിയില്‍. സീനിയര്‍ അസോസിയേറ്റായിരുന്ന പ്രസാദ് നവനീതിനെയാണ് അറസ്റ്റു ചെയ്തത്.

ആന്ധ്രയിലെ അങ്കെപ്പള്ളെയ്ക്കടുത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ഇതുമൂലം ആന്ധ്രയിലെ ആറു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

ഇലക്ട്രിക്ക് വാഹനങ്ങള്‍ മാത്രമേ ഇനി രജിസ്‌ട്രേഷന്‍ നല്‍കൂവെന്ന് ചണ്ഡീഗഡ് ഭരണകൂടം. ഇന്ധന അധിഷ്ഠിത ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷന്‍ ജൂലൈ മാസത്തോടെ നിര്‍ത്തലാക്കുമെന്ന് ചണ്ഡിഗഡ് ഭരണകൂടം അറിയിച്ചു. നാലു ചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 2023 ഡിസംബറോടെയും നിര്‍ത്തിവക്കും.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്നലെ വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്ന് വില കുറഞ്ഞതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണി വില 44,040 രൂപയാണ്. ഈ മാസം 10 മുതല്‍ സ്വര്‍ണവില തുടര്‍ച്ചയായി ഇടിവിലാണ്. അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വിപണി വില 4563 രൂപയാണ്. വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ കുറഞ്ഞ 81 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 103 രൂപയാണ്.

റീഡിസൈന്‍ഡ് ഇമോജി കീബോര്‍ഡ് അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. കീബോര്‍ഡ് മുകളിലേക്കും സ്‌ക്രോള്‍ ചെയ്യാന്‍ കഴിയുന്നവിധം നിരവധി ക്രമീകരണങ്ങളോടെയാണ് പുതിയ ഫീച്ചര്‍. ഇമോജികള്‍ വലിപ്പത്തില്‍ കാണാന്‍ കഴിയുന്നത് ഉപഭോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രോളിങ് സംവിധാനം കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതിന് പുറമേ ജിഫ്, സ്റ്റിക്കര്‍, അവതാര്‍ എന്നിവയും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതിനായി ടാബുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ രൂപകല്‍പ്പനയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം മുകളിലാണ് ഈ ടാബുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഒരു മാട്രിമോണിയല്‍ പരസ്യത്തിന്റെ രീതിയില്‍ ഒരുക്കിയിരിക്കുന്ന ടീസര്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓം റൗട്ടിന്റെ സംവിധാനത്തില്‍ ആദിപുരുഷ് വെള്ളിയാഴ്ച റിലീസ് ആകുകയാണ്. പ്രഭാസാണ് ചിത്രത്തില്‍ രാമനായി അഭിനയിക്കുമ്പോള്‍, സെയ്ഫ് അലി ഖാന്‍ രാവണനെ അവതരിപ്പിക്കുന്നു. രാജ്യത്തെ ടയര്‍ വണ്‍ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഇപ്പോള്‍ തന്നെ ആദ്യഷോകള്‍ ഹൗസ് ഫുള്‍ ആയി. ഫസ്റ്റ് ഡേ ഷോയുടെ ടിക്കറ്റ് 2000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ദില്ലിയിലെ പിവിആറിലെ വെഗാസ് ലക്സ്, ദ്വാരക എന്നിവിടങ്ങളില്‍ 2000 ടിക്കറ്റും നോയിഡയിലെ പിവിആര്‍ സെലക്ട് സിറ്റി വാക്ക് ഗോള്‍ഡിലെ 1800 രൂപ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. നോയിഡയില്‍ പിവിആര്‍ ഗോള്‍ഡ് ലോജിക്‌സ് സിറ്റി സെന്ററില്‍ 1650 രൂപയ്ക്ക് ഉയര്‍ന്ന ടിക്കറ്റുകള്‍ ലഭ്യമാണ്. അതേ സമയം മറ്റ് തീയറ്ററുകളില്‍ 250 രൂപവരെയുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. മുംബൈയില്‍ മാന്‍ഷന്‍ പിവിആറില്‍ ഷോകള്‍ക്കും 2000 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. കൊല്‍ക്കത്തയിലും ബാംഗ്ലൂരിലും സമാനമായ രീതിയില്‍ ടിക്കറ്റുകളുണ്ട്. ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ എടുക്കുമെന്ന് അറിയിച്ച് ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു. നിര്‍ധനരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കാനാണിത്. അഭിഷേക് അഗര്‍വാള്‍ ബുക്ക് ചെയ്യുന്ന ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് വിതരണം ചെയ്യപ്പെടുക.

അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് മാറ്റര്‍ തങ്ങളുടെ ഐറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഒരു മാസത്തിനുള്ളില്‍ 40,000 ബുക്കിംഗുകള്‍ ബൈക്കിന് ലഭിച്ചതായി മാറ്റര്‍ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഗിയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നതാണ് ഐറയുടെ പ്രത്യേകത. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും കമ്പനി ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. നിലവില്‍, 5,000, 5,000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഐറ എത്തുന്നത്. രണ്ടിനും ഒരേ ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കുമാണ് ലഭിക്കുന്നത്. യഥാക്രമം 1.74 ലക്ഷം രൂപയും 1.84 ലക്ഷം രൂപയുമാണ് ഇവയുടെ വില. ലിക്വിഡ് കൂള്‍ഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റര്‍ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ റേഞ്ച് 125 കിലോമീറ്ററാണ്. മാത്രമല്ല, സാധാരണ എയര്‍ കൂളിംഗിന് പകരം ലിക്വിഡ് കൂളിംഗ് ഫീച്ചര്‍ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് കൂടിയാണ് ഐറ എന്നും കമ്പനി അവകാശപ്പെടുന്നു.

മലയാളത്തിലെ ദലിത് നോവലുകള്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങള്‍ ഉള്ളതായി കാണാം. ഈ പൊതുസ്വഭാവങ്ങളാണ് ഇതര മലയാള നോവലുകളില്‍നിന്ന് അവയെ വ്യത്യസ്തമാക്കുന്നത്. ദലിത് നോവലുകള്‍ ജാതി- അധികാരകേന്ദ്രിതമായ സാമൂഹികബന്ധങ്ങളെ പാരമ്പര്യേതരമായ ഒരു വീക്ഷണകോണില്‍നിന്ന് വീക്ഷിക്കുന്നതോടൊപ്പം നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സ്ത്രീ-പുരുഷബന്ധത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം സൗന്ദര്യശാസ്ത്രപരവും ഭാവുകത്വപരവുമായ ഒരു വിച്ഛേദത്തിനായി ശ്രമിക്കുകയും ചെയ്യുന്നു… ഇവയോട് വിവിധനിലകളില്‍ ചേര്‍ത്തുവെച്ചു വായിക്കാവുന്ന നോവലാണ് ജി. രവിയുടെ കണ്ടന്‍കുന്നു മുത്തപ്പന്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ദലിതരുടെ ചരിത്രവും സാമൂഹികജീവിതവും കണ്ടന്‍കുന്നിന്റെ ചരിത്രത്തിലൂടെ അവതരിപ്പിക്കുന്ന നോവല്‍. ‘ കണ്ടന്‍കുന്നു മുത്തപ്പന്‍’. ജി. രവി. ചിത്രീകരണം: സി.കെ. കുമാരന്‍. മാതൃഭൂമി. വില 153 രൂപ.

അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ പോലും ഫോണിലും ഐപാഡിലും വീഡിയോകള്‍ കാണുകയും ഗെയിംസ് കളിക്കുകയും ചെയ്യുന്ന കാലമാണിത്. വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ ഇതിന്റെ അമിതോപയോഗവും അഡിക്ഷനും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. രണ്ടു വയസ്സില്‍ കൂടുതലുള്ള കുട്ടികള്‍ ദിവസം ഒന്നോ രണ്ടോ മണിക്കൂറിലധികം സ്‌ക്രീന്‍ നോക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 18 മാസത്തില്‍ കുറവ് അതായത് ഒന്നരവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ ടൈം ഒട്ടും പാടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എങ്ങനെ മറ്റ് പ്രവൃത്തികളില്‍ അതായത് കളിക്കുക, പുസ്തകം വായിക്കുക, കരകൗശലപ്രവര്‍ത്തനങ്ങള്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടാമെന്ന് രക്ഷിതാക്കള്‍ കാണിച്ചു കൊടുക്കണം. പുറത്തു പോയി കളിക്കുക, ചിത്രം വരയ്ക്കുക, ബോര്‍ഡ് ഗെയിംസ് കളിക്കുക, ബില്‍ഡിങ്ങ് ബ്ലോക്‌സ് കളിക്കുക തുടങ്ങിയ ബദല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഈ പ്രവൃത്തികള്‍ സ്‌ക്രീന്‍ ടൈം കുറയ്ക്കുമെന്നു മാത്രമല്ല കുട്ടികളില്‍ വ്യത്യസ്ത താല്‍പര്യങ്ങളും നൈപുണ്യവും ഉണ്ടാകാനും സഹായിക്കും. മൊബൈല്‍ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ ‘പാരെന്റല്‍ കണ്‍ട്രോള്‍’ ഫീച്ചര്‍ ഉപയോഗിച്ച് ഉള്ളടക്കം നിയന്ത്രിക്കുകയും ഒപ്പം ആപ്പുകളും വെബ്‌സൈറ്റുകളും മറ്റും ഉപയോഗിക്കുന്നതിന് നിശ്ചിത സമയം മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യണം. സ്‌ക്രീന്‍ടൈം പരിമിതപ്പെടുത്തുകയും കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും വേണം. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുന്നത് കഴുത്തു വേദന, തലവേദന, പൊണ്ണത്തടി, കേള്‍വി നഷ്ടം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കുട്ടികളില്‍ ഉറക്കമില്ലായ്മ, ഇന്റര്‍നെറ്റ് അഡിക്ഷന്‍, ഉത്കണ്ഠ, വിഷാദം, സംസാരവൈകല്യങ്ങള്‍, ഭാഷാ വൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഫോണിന്റെ അമിതോപയോഗം കാരണമാകും. മാത്രമല്ല ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുക, ക്ഷീണം തുടങ്ങി മറ്റ് പല പ്രശ്‌നങ്ങളിലേക്കും ഇതു നയിക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.14, പൗണ്ട് – 103.68, യൂറോ – 88.62, സ്വിസ് ഫ്രാങ്ക് – 90.78, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.72, ബഹറിന്‍ ദിനാര്‍ – 217.86, കുവൈത്ത് ദിനാര്‍ -267.31, ഒമാനി റിയാല്‍ – 213.61, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.36, ഖത്തര്‍ റിയാല്‍ – 22.56, കനേഡിയന്‍ ഡോളര്‍ – 61.76.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *