◾ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ ‘ഡെയ്ലി ന്യൂസ് നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡ്’ ഒരുക്കുന്നു. ഓര്‍മ്മത്താളുകളിലെ മയില്‍പീലിത്തുണ്ടുകള്‍പോലെ മനസില്‍ ചേര്‍ത്തുവച്ച 1985 മുതലുള്ള മലയാള സിനിമയിലെ പ്രിയ ചിത്രങ്ങളും കഥാപാത്രങ്ങളും പാട്ടുകളും വിലയിരുത്തി അവാര്‍ഡ് നിര്‍ണയിക്കുന്നതു പ്രേക്ഷക ജൂറിയാണ്. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന മേളയുടെ ലോഗോ സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ തൃശൂര്‍ പ്രസ് ക്ലബില്‍ പ്രകാശനം ചെയ്തു. പ്രമോഷന്‍ വീഡിയോ സിനിമാ, സീരിയല്‍ താരം മഞ്ജു സുഭാഷ് പ്രകാശിതമാക്കി. ജനപ്രിയ ചിത്രം, നടന്‍, നടി, ഗാനം, ഗായകന്‍, ഗായിക, സഹനടന്‍, സഹനടി, കൊമേഡിയന്‍, വില്ലന്‍ എന്നീ 10 വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഡെയ്ലി ന്യൂസിന്റെ പാനലിസ്റ്റുകള്‍ നല്‍കുന്ന നാല് ഓപ്ഷനുകളില്‍ വോട്ടു രേഖപ്പെടുത്താം. നടനും സാംസ്‌കാരിക നായകനുമായ വി.കെ. ശ്രീരാമന്‍, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍, ചലച്ചിത്ര മാധ്യമപ്രവര്‍ത്തക ബീനാ രഞ്ജിനി, സംഗീത നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ രവിമേനോന്‍ എന്നിവരാണു പാനലിസ്റ്റുകള്‍. ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റിലും ഡെയ്‌ലി ന്യൂസിന്റെ യുട്യൂബിലും, വാട്സ്ആപ് ഗ്രൂപ്പുകളിലും, ഫേസ് ബുക്ക് പേജിലും ഓഗസ്റ്റ് അഞ്ചു മുതല്‍ മൂന്നു മാസം എല്ലാ ശനിയാഴ്ചയും ഓരോ വീഡിയോ അപ് ലോഡ് ചെയ്യും. ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റില്‍ ക്ലിക്കു ചെയ്താല്‍ ഓണ്‍ലൈന്‍ ജനകീയ ഉല്‍സവത്തില്‍ ജൂറിയാകാമെന്ന് ഡെയ്ലി ന്യൂസ് മാനേജിംഗ് എഡിറ്റര്‍ ഷാജി പദ്മനാഭനും എഡിറ്റര്‍ ഫ്രാങ്കോ ലൂയിസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
◾നിയമസഭാ കൈയാങ്കളിക്കേസ് അട്ടിമറിക്കാന്‍ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണയ്ക്കുള്ള തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസിന്റെ അട്ടിമറിനീക്കം. മന്ത്രിമാര്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ എംഎല്‍എമാര്‍ക്കു പരിക്കേറ്റതില്‍ തുടരന്വേഷണം വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കു പരിക്ക്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, മലപ്പുറം അടക്കം മിക്ക ജില്ലകളിലും സംഘര്‍ഷമുണ്ടായി. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കുമാണ് കോരിച്ചൊരിയുന്ന മഴയത്തു മാര്‍ച്ച് നടത്തിയത്. നേതാക്കള്‍ അഭിസംബോധന ചെയ്തതിനു പിറകേ പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയായത്.
◾മഴയുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് അവധി തലേന്നു തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം. രാവിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.
◾പിഡിപി ചെയര്‍മാന്‍ മഅദനിക്കു ഡയാലിസിസ് വേണമെന്ന് അദ്ദേഹത്തെ പരിശോധിച്ച സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം പരിശോധിച്ചത്. മഅദനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്. വിദഗ്ദ്ധ സംഘം ചൂണ്ടിക്കാട്ടി.
◾പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവു നല്‍കി. 15 ദിവസത്തിനകം ചുമതലയേല്‍ക്കണമെന്നാണു ഉത്തരവിലെ നിര്‍ദേശം.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾അതിതീവ്ര മഴ മുന്നറിയിപ്പു നിലനില്‍ക്കേ റവന്യൂ മന്ത്രി കെ രാജന്‍ ഉന്നതതല യോഗം വിളിച്ചു. ഇന്നു വൈകിട്ട് അഞ്ചിനുള്ള യോഗത്തില്‍ എല്ലാ ജില്ലാ കളക്ടര്‍മാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
◾ശബരിമല വിമാനത്താവള പദ്ധതിയില്‍ 579 കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുമെന്ന് അന്തിമ സാമൂഹികാഘാത റിപ്പോര്‍ട്ട്. ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും കുടിയിറക്കണം. ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്നും ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ പാക്കേജ് നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
◾മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ തിരുവനന്തപുരം പട്ടത്തെ ഓഫീസും കംപ്യൂട്ടറുകള്‍ അടക്കമുള്ള എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തില്‍ പ്രവേശിക്കരുതെന്നു ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാത്രി 12 മണിയോടെ ആണ് നടപടി. മുഴുവന്‍ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയില്‍ എടുത്തു.
◾സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായി.
◾പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഉഴപ്പിയാല്‍ മാതാപിതാക്കള്‍ക്ക് അധ്യാപകരുടെ ഫോണ്‍ വിളിയെത്തും. അച്ചടക്കം ഉറപ്പാക്കാന്‍ രക്ഷിതാക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങിവക്കണമെന്നാണ് നിര്‍ദേശം.
◾പോക്സോ കേസിലെ അതിജീവിതയുടെ മൊഴിമാറ്റാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വിജിലന്‍സ്. നെയ്യാറ്റിന്‍കര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനും ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്കും റിപ്പോര്‍ട്ട് നല്‍കി.
◾കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ആള്‍മാറാട്ട കേസിലെ പ്രതികളായ എസ്എഫ്ഐ മുന്‍ നേതാവ് എ വിശാഖ്, കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജി. ജെ. ഷൈജു എന്നിവര്‍ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
◾സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീല (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പനി ബാധിച്ച് പന്തീരായിരത്തിലേറെ പേരാണ് ദിവസേന ആശുപത്രിയില്‍ എത്തുന്നത്.
◾മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് മീന്‍ ലോറിയിലെ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചതിനു നാട്ടുകാര്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ വാഹനം തടഞ്ഞു. ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണു പൊലീസ് മര്‍ദ്ദിച്ചത്. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് മര്‍ദ്ദിച്ചത്.
◾പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. ഇളകൊള്ളൂര്‍ ഡിവിഷനില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എല്‍ഡിഎഫിലേക്കു കൂറുമാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് അയോഗ്യയാക്കിയത്. ഇതോടെ ബ്ലോക്ക് പഞ്ചായത്തില്‍ കക്ഷി നില ഇരുവശത്തും ആറായി.
◾തൃക്കാക്കര നഗരസഭയില്‍ യുഡിഎഫ് വിട്ട നാല് വിമതരില്‍ ഒരാള്‍ തിരിച്ചെത്തി. 33ാം വാര്‍ഡ് കൗണ്‍സിലര്‍ വര്‍ഗീസ് പ്ളാശ്ശേരി ആണ് തിരിച്ചെത്തിയത്. ഇതോടെ യുഡിഎഫിന് 22 പേരുടെ പിന്തുണ ആയി. തൃക്കാക്കര നഗരസഭയില്‍ 43 അംഗങ്ങളാണുള്ളത്.
◾പൊലീസ് തന്റെ ഫോണ്‍ നിരീക്ഷിക്കുന്നുവെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരന്‍. തന്നെ ഫോണ്‍ വഴി തെറി വിളിക്കാനും ഭീഷണിപ്പെടുത്താനും പൊലീസ് സേന തന്നെ സൗകര്യം ചെയ്യുന്നുണ്ട്. ഇതിനു പിന്നില്‍ പാര്‍ട്ടിയില്‍ അമിതാധികാര കേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികളാണെന്നും ശക്തിധരന്‍ കുറ്റപ്പെടുത്തി.
◾പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി വിധി വരുന്നതിനു തലേന്ന് ഒളിവില്‍ പോയ പ്രതിയെ ഒന്‍പതു വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടി (56) ആണ് കര്‍ണാടകയിലെ കുടകില്‍ നിന്നും നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്.
◾കുഴല്‍മന്ദം ദേശീയപാതയില്‍ ബൈക്ക് ഇടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. ചിതലി പഞ്ഞിറോഡ് എം എന്‍ ലക്ഷംവീട് മാരാത്ത്ക്കാട് വീട്ടില്‍ അബ്ദുള്‍ മുബാറക് ( 58 ) ആണ് മരിച്ചത്.
◾തമിഴ്നാട്ടില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയെ കാണാനില്ലെന്ന് ആരോപിച്ചു ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നവിധി. മന്ത്രിയെ മോചിപ്പിക്കണമെന്നു ജസ്റ്റിസ് നിഷ ഭാനു ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് നിയമവിധേയമെന്നാണ് ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ ഉത്തരവ്. ഇതോടെ കേസ് വിശാല ബഞ്ചിലേക്കു പോകും. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക.
◾വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചതിന് പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ ഭാര്യ ടിന അംബാനിയെയും എന്‍ഫോഴ്സ്മെന്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അനില്‍ അംബാനിയെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
◾സെമി വന്ദേഭാരത് ട്രെയിന്‍ ആരംഭിക്കുന്നു. ഉത്തര്‍പ്രദേശ് നഗരങ്ങളായ ലഖ്നൗ- ഗൊരഖ്പുര്‍ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിന്‍ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
◾പബ്ജി ഗെയിം ആപ്പിലൂടെ പരിചയപ്പെട്ട കാമുകനെ തേടി എത്തിയ പാകിസ്ഥാന്‍ യുവതി പിടിയിലായി. സീമ ഗുലാം ഹൈദര്‍ എന്ന യുവതിയാണ് നാല് മക്കളുമൊത്ത് കാമുകന്‍ സച്ചിനെ തേടി ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത്. റബുപുര ഏരിയയിലെ ഒരു വാടക അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവം അറിഞ്ഞ പൊലീസ് യുവതിയെയും കുട്ടികളേയും കസ്റ്റഡിയിലെടുത്തു.
◾അമേരിക്കയില്‍ ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാനു പരിക്ക്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ചിത്രീകരണത്തിനിടെ മൂക്കിനാണു പരിക്കേറ്റ് രക്തസ്രാവമുണ്ടായത്. അദ്ദേഹത്തെ ശസ്ത്രക്രിയക്കു വിധേയനാക്കി.
◾സാന്‍ഫ്രാസിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാന്‍ വാദികള്‍ തീയിട്ടു. പെട്ടെന്ന് തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു.
◾ധനകാര്യ മേഖലയില്‍ വീണ്ടുമൊരു ലയനത്തിന് കളമൊരുങ്ങുന്നു. ഐ.ഡി.എഫ്.സി ലിമിറ്റഡും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും തമ്മിലുള്ള ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. എച്ച്.ഡി.എഫ്.സി ബാങ്ക്- ഹൗസിങ് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലയനത്തിന് ശേഷമുള്ള മുഖ്യ ലയന നീക്കമാണിത്. രണ്ടു ലിസ്റ്റഡ് സ്ഥാപനങ്ങളുടെയും ഓഹരിയുടമകളെ കൂടാതെ റിസര്‍വ് ബാങ്ക്, സെബി, ദി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, മറ്റ് സ്റ്റാറ്റിയൂട്ടറി- റെഗുലേറ്ററി അതോറിറ്റികള്‍ എന്നിവയും ലയനത്തിന് അനുമതി നല്‍കേണ്ടതുണ്ട്. എല്ലാം അനുമതികളും ലഭിച്ച് ലയനം പൂര്‍ണമാകാന്‍ 12-15 മാസങ്ങള്‍ എടുക്കും. അടിസ്ഥാന സൗകര്യ വികസന വായ്പകള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനമാണ് 1997 ല്‍ സ്ഥാപിതമായ ഐ.ഡി.എഫ്.സി. ഐ.ഡി.എഫ്.സി ബാങ്കില്‍ 40% ഓഹരി പങ്കാളിത്തം ഐ.ഡി.എഫ്.സി ലിമിറ്റഡിനുണ്ട്. 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഐ.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം ആസ്തി 2.4 ലക്ഷം കോടി രൂപയും വരുമാനം 27,194.51 കോടി രൂപയുമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം 2437.13 കോടി രൂപയായി. ഐ.ഡി.എഫ്.സി ലിമിറ്റഡിന്റെ മൊത്തം ആസ്തി 9,570.64 കോടി രൂപയും വരുമാനം 2,706 കോടി രൂപയുമാണ്. ലയനപ്രകാരം ഐ.ഡി.എഫ്.സി ഓഹരി ഉടമകള്‍ക്ക് 100 ഓഹരികള്‍ക്ക് 155 ഓഹരികള്‍ എന്ന കണക്കില്‍ ഐ.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ ലഭിക്കും.
◾ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫീച്ചര്‍ ഫോണുകളുമായി ജിയോ. 999 രൂപയ്ക്കാണ് ജിയോ ഭാരത് ഫോണ്‍ വിപണിയില്‍ ലഭ്യമാവുക. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂലൈ ഏഴു മുതല്‍ ഇന്ത്യയില്‍ ഉടനീളമുള്ള സ്റ്റോറുകളില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയും പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണില്‍ ജിയോ നല്‍കുന്നുണ്ട്. 14 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. 1,234 രൂപയുടെ വാര്‍ഷിക പ്ലാനില്‍ 168 ജി.ബി ഡേറ്റ ലഭിക്കും. ജിയോ സിനിമ, ജിയോ പേ യു.പി.ഐ അടക്കമുള്ള സേവനങ്ങളും ഫോണില്‍ ലഭിക്കും. 0.3 മെഗാപിക്‌സലിന്റെ ക്യാമറയുള്ള ഫോണിന് 1,000 എം.എ.എച്ചിന്റെ ബാറ്ററിയാണ്. 128 ജി.ബി വരെ മെമ്മറി വര്‍ധിപ്പിക്കാം. റിലയന്‍സ് റീട്ടെയിലിന് പുറമെ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ളവര്‍ ജിയോ ഭാരത് ഫോണ്‍ നിര്‍മാണത്തില്‍ പങ്കാളികളാകും.
◾ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ വിവാദങ്ങള്‍ പുകയുമ്പോഴും യൂട്യൂബില്‍ കത്തിക്കയറി വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’ പാട്ട്. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ നാലര കോടിയിലേറെ പ്രേക്ഷകരാണ് പാട്ട് ആസ്വദിച്ചത്. പുറത്തിറങ്ങിയ അന്നു മുതല്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ട് ഗാനം. ‘നാ റെഡി’ ഗാനം വിജയ് തന്നെയാണ് ആലപിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കി. വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22നായിരുന്നു പാട്ടിന്റെ റിലീസ്. ഗാനരംഗത്തില്‍ വിജയ് സിഗരറ്റ് വലിക്കുന്നതും നൃത്തരംഗങ്ങളില്‍ ചുറ്റുമുള്ളവരുടെ കയ്യില്‍ ബീയര്‍ ഗ്ലാസുകള്‍ കാണിക്കുന്നതും ലഹരി ഉപയോഗത്തെ പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് പാട്ടിനെതിരെ ഉയര്‍ന്ന പരാതി. പിന്നാലെ ലിയോയുടെ അണിയറപ്രവര്‍ത്തകര്‍ ‘നാ റെഡി’യില്‍ മാറ്റം വരുത്തി. ഗാനരംഗത്തില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ‘ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം’ എന്ന നിയമപരമായ മുന്നറിയിപ്പ് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്.
◾കളക്ഷനില്‍ ഇടത്തരം ബോളിവുഡ് ചിത്രങ്ങളെയും മറികടന്ന് ഒരു പഞ്ചാബി ചിത്രം. തെന്നിന്ത്യന്‍ സിനിമകളും ബോളിവുഡുമൊക്കെപ്പോലെ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിലയിലേക്ക് രാജ്യത്തെ മറ്റ് ഭാഷാ സിനിമകള്‍ എത്തുന്നത് ചുരുക്കമാണ്. അവിടെയാണ് പഞ്ചാബി ചിത്രം ‘ക്യാരി ഓണ്‍ ജട്ട 3’ നേടിയ കളക്ഷന്‍ കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്നത്. സ്മീപ് കാംഗ് സംവിധാനം ചെയ്ത ചിത്രം 2012 ല്‍ പുറത്തിറങ്ങിയ ക്യാരി ഓണ്‍ ജട്ട 2 ന്റെ സീക്വല്‍ ആണ്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായകന്‍ ജിപ്പി ഗ്രൂവല്‍ ആണ്. സോനം ബജ്വയാണ് നായിക. ജൂണ്‍ 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 10.12 കോടി ആയിരുന്നു. വെള്ളിയാഴ്ച 10.72 കോടി, ശനി 12.32 കോടി, ഞായര്‍ 13.40 കോടി എന്നിങ്ങനെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം ആകെ നേടിയിരിക്കുന്നത് 46.56 കോടിയാണ്. ചരിത്രത്തില്‍ ഒരു പഞ്ചാബി ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. 15 കോടി മാത്രമാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് അറിയുമ്പോഴാണ് നേടുന്ന വിജയത്തിന്റെ തിളക്കം മനസിലാവുന്നത്. ബിന്നു ധില്ലന്‍, ജസ്വീന്ദര്‍ ഭല്ല, ഷിന്ദാ ഗ്രെവാള്‍, കവിതാ കൗശിക് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ഇന്ത്യയിലെ റീറ്റെയ്ല്‍ വില്‍പ്പനയില്‍ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി 97 ശതമാനം വര്‍ധനയോടെ 2023 ന്റെ ആദ്യ പകുതിയില്‍ 3,474 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,765 വാഹനങ്ങളായിരുന്നു എന്ന് കമ്പനി അറിയിച്ചു. 2023ന്റെ ആദ്യ ആറ് മാസങ്ങളില്‍ പ്രീ- ഓണ്‍ഡ് കാറുകളുടെ വില്‍പ്പനയില്‍ കമ്പനി 53 ശതമാനം വളര്‍ച്ച കൈവരിച്ചു. മെച്ചപ്പെട്ട വില്‍പ്പനയോടെ ഔഡി ക്യു3, ഔഡി ക്യു3 സ്പോര്‍ട്ട്ബാക്ക്, ഔഡി ക്യു5, ഔഡി എ4, ഔഡി എ6 എന്നിവയ്ക്ക് ശക്തമായ ഡിമാന്‍ഡുണ്ടെന്ന് കമ്പനി പറഞ്ഞു. മറ്റ് മുന്‍നിര കാറുകളായ ഔഡി ക്യു7, ഔഡി ക്യു8, ഔഡി എ8 എല്‍, ഔഡി എസ്5 സ്പോര്‍ട്ട്ബാക്ക്, ഔഡി ആര്‍എസ്5 സ്പോര്‍ട്ട്ബാക്ക്, ഔഡി ആര്‍എസ് ക്യു8, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി തുടങ്ങിയവയും മെച്ചപ്പെട്ട വില്‍പ്പന കാഴ്ചവച്ചതായി കമ്പനി അറിയിച്ചു. പുതിയ വൈദ്യുത വാഹനം ഉടന്‍കമ്പനി ഉടന്‍ തന്നെ പുതിയ വൈദ്യുത മോഡലായ ഔഡി ക്യു8 ഇ-ട്രോണ്‍ പുറത്തിറക്കും. ഔഡി ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍55, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവയാണ് ഔഡി ഇന്ത്യയുടെ മറ്റ് ഇലക്ട്രിക് മോഡലുകള്‍.
◾നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നേടണോ? മനസ്സിനും ശരീരത്തിനും ആരോഗ്യം കണ്ടെത്തണോ? സന്തോഷം നേടണോ? ജീവിതത്തിലെ പല കടമ്പകളെയും തരണം ചെയ്യാനുള്ള വഴികളാണ് ഈ പുസ്തകത്തിലൂടെ നോര്‍മന്‍ വിന്‍സെന്റ് പീല്‍ എടുത്തു കാട്ടുന്നത്. വിശുദ്ധ ബൈബിളില്‍ നിന്നും ഷേക്സ്പിയറില്‍ നിന്നും ടാഗോറില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ പുസ്തകം വായനക്കാരുടെ ആത്മവിശ്വാസം ഉണര്‍ത്തുകയും മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. ‘വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും’. നോര്‍മന്‍ വിന്‍സെന്റ് പീല്‍. വിവര്‍ത്തനം: ബബിത ബി. ഡി സി ലൈഫ്. വില: 370 രൂപ.
◾ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വൈറ്റമിന്‍ ഡി, കാല്‍സ്യം, അയണ്‍, വൈറ്റമിന്‍ സി തുടങ്ങിയ പോഷണങ്ങള്‍ കാര്യക്ഷമമായി വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കും. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളുടെ കൂട്ട് അസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. പാലും തൈരും പോലെ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കേണ്ട വിഭവങ്ങള്‍ നിറയെ ഉണ്ട്. ഭക്ഷണത്തിന് മധുരം ലഭിക്കാന്‍ ചിലപ്പോള്‍ പഴങ്ങള്‍ നാം പ്രധാന ഭക്ഷണത്തിന്റെ കൂടെ കഴിക്കാറുണ്ട്. എന്നാല്‍ ഇത് ഒരുമിച്ച് കഴിച്ചാല്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാം. പഴങ്ങള്‍ പ്രധാനഭക്ഷണത്തിനൊപ്പം കഴിക്കാതെ സ്നാക്സായി വേണം എപ്പോഴും ഉപയോഗിക്കാന്‍. പ്രധാനഭക്ഷണത്തിനും ഈ സ്നാക്സിനും ഇടയില്‍ ആവശ്യമായ ഇടവേള ഉണ്ടെന്നും ഉറപ്പാക്കേണ്ടതാണ്. ചീസിനൊപ്പം കൊഴുപ്പുള്ള സംസ്‌കരിച്ച മാംസവും കൂടി കഴിക്കുന്നത് സാച്ചുറേറ്റഡ് കൊഴുപ്പിന്റെയും സോഡിയത്തിന്റെയും അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കും. ഇത് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ സാധ്യത ഉയര്‍ത്തും. ഇതിനാല്‍ ഈ കോംബോ കഴിവതും ഒഴിവാക്കേണ്ടതാണ്. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് പാലിനൊപ്പം കഴിക്കുന്നത് അതിനെ പുളിപ്പിക്കാനും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നു. ഇതിനാല്‍ ഈ ഭക്ഷണങ്ങള്‍ക്ക് ഇടയില്‍ ആവശ്യത്തിന് ഇടവേളയിടേണ്ടതാണ്. അയണും കാല്‍സ്യവും ശരീരത്തിന് ആവശ്യമുള്ള രണ്ട് പോഷണങ്ങളാണ് പക്ഷേ, ഇവ ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തിന് അവയെ ശരിക്കും ആഗീരണം ചെയ്യാന്‍ സാധിക്കാതെ വരും. ഇതിനാല്‍ അയണ്‍ വൈറ്റമിന്‍ സിക്കൊപ്പവും കാല്‍സ്യം വൈറ്റമിന്‍ ഡിക്ക് ഒപ്പവും വേണം കഴിക്കാന്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.01, പൗണ്ട് – 104.12, യൂറോ – 89.38, സ്വിസ് ഫ്രാങ്ക് – 91.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.77, ബഹറിന്‍ ദിനാര്‍ – 217.54, കുവൈത്ത് ദിനാര്‍ -266.84, ഒമാനി റിയാല്‍ – 212.98, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.33, ഖത്തര്‍ റിയാല്‍ – 22.52, കനേഡിയന്‍ ഡോളര്‍ – 61.94.