S8 yt cover

മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് അജിത് പവാര്‍ 29 എംഎല്‍എമാരുമായി രാജ്ഭവനിലെത്തി ബിജെപി നയിക്കുന്ന ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഏകനാഥ ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ് ഭവനില്‍ എത്തിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അനുമതിയോടെയാണ് ഈ നീക്കമെന്നു സംശയിക്കുന്നു.

സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി ലോക്സഭയില്‍ നല്‍കിയ സ്വകാര്യ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനോട് അതൃപ്തി അറിയിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും അംഗീകരിക്കാനാവില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കും. രാഷ്ട്രീയ കക്ഷികളുടേയും വിവിധ സമുദായങ്ങളടേയും നേതാക്കളുമായി കൂടിയാലോചിച്ച് പ്രക്ഷോഭം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത. ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്നും ജാഗ്രത നിര്‍ദേശം. രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ബാഗില്‍ വ്യാജ ലഹരിമരുന്ന് വച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം. ലഹരി മരുന്ന് സംബന്ധിച്ച വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് കോളില്‍ നിന്നായിരുന്നെന്ന് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പക്ടറായിരുന്ന സതീശന്‍ മൊഴി നല്‍കി. സംശയമുള്ള ബന്ധുവിന്റെ പേര് ഷീല വെളിപ്പെടുത്തിയിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗനിച്ചിരുന്നില്ല.

ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതിനു ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി വി.സി. ലെനിനാണ് പിടിയിലായത്. കാട്ടിറച്ചിയുമായി ആദിവാസി യുവാവ് സരുണ്‍ സജി എന്ന 24 കാരനെ കള്ളക്കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേരള ലോട്ടറിയുടെ പേരില്‍ വീണ്ടും തട്ടിപ്പ്. ഓണ്‍ലൈന്‍ വഴിയാണു തട്ടിപ്പ്. കേരള മെഗാ ലോട്ടറി എന്ന വെബ് സൈറ്റിലൂടെ വ്യാജ ടിക്കറ്റ് വില്‍പന നടക്കുന്നു. കേരളത്തിനു പുറത്തുള്ളവരെയാണ് ഇങ്ങനെ കബളിപ്പിക്കുന്നത്. ടിക്കറ്റ് വില്‍പന ഇനത്തിലൂടെ മാത്രമല്ല, സമ്മാനത്തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ ടാക്സ് അടക്കമുള്ള തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പണം തട്ടിയെടുക്കുന്നുമുണ്ടെന്നാണു റിപ്പോര്‍ട്ട്.

ഏക സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു അവ്യക്തതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ മാസം 15 ന് ഈ വിഷയത്തില്‍ ജയറാം രമേശ് നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. 2018 ല്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ലോ കമ്മീഷന്‍ ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നാണ് ജയറാം രമേശ് പറഞ്ഞത്.

പ്ലസ് ടു വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ലഹരി നല്‍കി മര്‍ദ്ദിച്ചുവെന്ന് പരാതി. വര്‍ക്കല സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. വര്‍ക്കല സ്വദേശികളായയ ഷിജു, തമീം, സജീര്‍ഖാന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു.

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 10 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. ഒഡീഷ സ്വദേശികളാണ് പിടിയിലായത്.

പത്തനംതിട്ട നഗരത്തില്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയതു സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. നിരവധി തവണ കരാര്‍ കാലാവധി നീട്ടിക്കൊടുത്തിട്ടും പണി പൂര്‍ത്തിയാക്കാത്തതാണു കരാറുകാരനെ ഒഴിവാക്കാന്‍ കാരണം. പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ നഗരത്തിലെ റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തൊണ്ടി മുതല്‍ കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐ ആര്‍ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടു പോകുന്നതില്‍ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.

പത്തനംതിട്ട സീതത്തോട്ടില്‍നിന്ന് അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ തിരികെ ഉള്‍വനത്തിലേക്കു തുറന്നുവിട്ടു. കൈയില്‍ പരിക്കും കനെയ്ന്‍ ഡിസ്റ്റംപര്‍ എന്ന അസുഖവും ബാധിച്ച എട്ടുമാസം പ്രായമായ പെണ്‍പുലിയെ വെള്ളിയാഴ്ച രാവിലെയാണ് കൊച്ചുകോയിക്കല്‍ സ്റ്റേഷനിലെ വനപാലകര്‍ കണ്ടെത്തിയത്. ചികില്‍സ നല്‍കി ഭേദമാക്കിയശേഷമാണ് വിട്ടയച്ചത്.

മദ്യവില്‍പനയക്ക് അവധിയുള്ള ദിവസങ്ങളില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്ന വിമുക്ത ഭടനെ എക്സൈസ് അറസ്റ്റ് ചെയ്തു. 17 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പത്തനംതിട്ട തലയാര്‍ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്.

ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഇ.എസ്. പത്മകുമാര്‍ തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലെ ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങള്‍ക്കും ബഹിരാകാശ പേടക പരിപാടികള്‍ക്കുമുള്ള മെക്കാനിക്കല്‍ ഗൈറോകളും ഒപ്റ്റിക്കല്‍ ഗൈറോകളും അടിസ്ഥാനമാക്കിയുള്ള ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റങ്ങള്‍, ആറ്റിറ്റിയൂഡ് റഫറന്‍സ് സിസ്റ്റങ്ങള്‍, ആക്സിലറോമീറ്റര്‍ പാക്കേജുകള്‍ എന്നിവയുടെ രൂപകല്‍പനയും വികസനവും ഗഗന്‍യാനില്‍ ആദ്യ സഞ്ചരിയാകുന്ന വ്യോമിത്ര റോബോട്ടിന്റെ വികസനവും ഈ കേന്ദ്രത്തിലാണ്.

ക്രിസ്തുമതവിശ്വാസികള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയതിന് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണനെതിരെ കന്യാകുമാരി പൊലീസ് കേസെടുത്തു. ട്വിറ്ററിലായിരുന്നു കനല്‍ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്.

മദ്യപിച്ച് വീട്ടുകാരെ തല്ലിച്ചതച്ച മകനെ മരത്തില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന പിതാവ് അറസ്റ്റിലായി. ബെംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീപമുള്ള വണിഗരഹള്ളിയിലാണ് സംഭവം. മുപ്പതുകാരനായ ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍ ജയരാമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ ഓടിച്ചുപോയ പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം തുടരുന്നു. പൊലീസും കലാപകാരികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതുവരെ 1300 പേര്‍ അറസ്റ്റിലായെന്നു പൊലീസ് അറിയിച്ചു. കൊള്ളയും തീവയ്പും തുടരുകയാണ്.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് ബാക്കി നില്‍ക്കേ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 257 റണ്‍സ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 114 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 50 റണ്‍സുമായി ബെന്‍ ഡക്കെറ്റും 29 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.

രാജ്യത്ത് സാമ്പത്തിക രംഗത്ത് തളര്‍ച്ച വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയുമായി മേയില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച 4.3 ശതമാനമായി കുറഞ്ഞു. 2022 മേയില്‍ 19.3 ശതമാനമായിരുന്നു വളര്‍ച്ച. ക്രൂഡോയില്‍, പ്രകൃതിവാതകം, വൈദ്യുതി ഉല്‍പാദനത്തിലുണ്ടായ കുറവാണ് ഇക്കുറി തിരിച്ചടിയായത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന സൂചികയില്‍ 40.27 ശതമാനം പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായ മേഖലയാണ്. അതേസമയം, ഇക്കഴിഞ്ഞ ഏപ്രിലിലെ 4.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മേയിലെ വളര്‍ച്ചാനിരക്കില്‍ സ്ഥിരതയാണുള്ളത്. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. ഇത്തവണ മേയില്‍ കല്‍ക്കരി 7.2 ശതമാനം, റിഫൈനറി ഉല്‍പന്നങ്ങള്‍ 2.8 ശതമാനം, വളം 9.7 ശതമാനം, സ്റ്റീല്‍ 9.2 ശതമാനം, സിമന്റ് 15.5 ശതമാനം എന്നിങ്ങനെ ഉല്‍പാദന വളര്‍ച്ച കുറിച്ചു. ക്രൂഡോയില്‍ 1.9 ശതമാനം, പ്രകൃതിവാതകം 0.3 ശതമാനം, വൈദ്യുതി 0.3 ശതമാനം എന്നിങ്ങനെ ഉല്‍പാദനക്കുറവും നേരിട്ടു.

അസൂസ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ യൂറോപ്പില്‍ പുറത്തിറക്കി. സെന്‍ഫോണ്‍ 10 എന്ന ഏറ്റവും പുതിയ മോഡല്‍ പതിവുപോലെ, കൈയ്യിലൊതുങ്ങുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 5.9 ഇഞ്ച് മാത്രം വലിപ്പമുള്ള സെന്‍ഫോണ്‍ 10, ചെറിയ സ്‌ക്രീനുള്ള ആന്‍ഡ്രോയ്ഡ് പ്രീമിയം ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടും. മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ഹെഡ്ഫോണ്‍ ജാക്കും പുതിയ സെന്‍ഫോണിലുണ്ട്. വൈകാതെ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെത്തും. 5.9 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് സെന്‍ഫോണ്‍ 10-ന് നല്‍കിയിരിക്കുന്നത്. 144 ഹെട്‌സ് റിഫ്രെഷ് റെയ്റ്റും 1100 നിറ്റ്സ് ബ്രൈറ്റ്‌നെസും എച്ഡിആര്‍10+ പിന്തുണയും ഡിസ്പ്ലേക്ക് നല്‍കിയിട്ടുണ്ട്. അഡ്രിനോ 740 എന്ന കരുത്തുറ്റ ജിപിയു ഉള്‍പ്പെടുന്ന സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍2 പ്രോസസറാണ് പുതിയ സെന്‍ഫോണിന് കരുത്തേകുന്നത്. 16ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള സെന്‍ യൂ.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിനൊപ്പമെത്തുന്നത് ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ്. 799 യൂറോ ആണ് യൂറോപ്പിലെ വില. (ഏകദേശം 72,000 രൂപ).

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റര്‍ടെയ്നര്‍ ‘പാപ്പച്ചന്‍ ഒളിവിലാണ്’ ടീസര്‍ എത്തി. സിനിമയില്‍ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയില്‍ പാപ്പച്ചന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. പൂക്കാലം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ചിത്രം നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്നു. ശ്രിന്ദ, സോളമന്രെ തേനീച്ചകള്‍ ഫെയിം ദര്‍ശന എന്നിവര്‍ ‘പാപ്പച്ചന്റെ’ നായികമാരായെത്തുന്നു. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്,ജോണി ആന്റണി,ശിവജി ഗുരുവായൂര്‍,കോട്ടയം നസീര്‍,ജോളി ചിറയത്ത്, വീണ നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബി.കെ.ഹരിനാരായണന്‍, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു.

പത്ത് കോടി (100 മില്യന്‍) കാഴ്ചക്കാരെ സ്വന്തമാക്കി ‘അജഗജാന്തരം’ ചിത്രത്തിലെ ‘ഓളുളേരു’ ഗാനം. ഇതോടെ യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 100 മില്യന്‍ കടക്കുന്ന മലയാള ഗാനം എന്ന ഖ്യാതിയും ഈ പാട്ട് സ്വന്തമാക്കിയിരിക്കുകയാണ്. നാടന്‍പാട്ട് കലാകാരി പ്രസീദ ചാലക്കുടിയുടെ ആലാപനമികവും താളം പിടിപ്പിക്കുന്ന ഈണവും ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ കയറിക്കൂടിയതാണ് ‘ഓളുളേരു’ ഗാനം. പാട്ട് പുറത്തിറങ്ങി 2 വര്‍ഷത്തോടടുക്കുമ്പോഴും ‘ഓളുളേരു’വിന് ഇന്നും ആരാധകര്‍ ഏറെയുണ്ട്. മാവിലന്‍ ഗോത്രത്തിന്റെ പരമ്പരാഗത ഗാനമാണ് ‘ഓളുളേരു’. ഒറ്റ തവണ കേട്ടാല്‍ ഹൃദയങ്ങളില്‍ പതിയുന്ന നാടന്‍ പാട്ട്. ‘ഓളുളേരു’വിന്റെ ഉത്ഭവം വടക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ച് കാസര്‍ഗോഡ് ഭാഗങ്ങളില്‍ നിന്നാണ്. ‘അജഗജാന്തര’ത്തിനു വേണ്ടി ജസ്റ്റിന്‍ വര്‍ഗീസ് ഈ ഗാനം പുതിയ രീതിയില്‍ ചിട്ടപ്പെടുത്തുകയായിരുന്നു. അങ്ങേയറ്റം താളത്മകമായ ആലാപനവും സംഗീതവുമാണ് പാട്ടിനെ പെട്ടെന്നു ജനകീയമാക്കിയത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അജഗജാന്തരം’. വിവാഹ വീട്ടിലെ ആഘോഷത്തിന്റെ ഭാഗമായാണ് ‘ഓളുളേരു’ സിനിമയില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ നായകനായ പെപ്പെയും (ആന്റണി വര്‍ഗീസ്) കൂട്ടരും ആടിത്തിമിര്‍ക്കുന്നതാണ് ഗാനരംഗങ്ങളില്‍ കാണാനാകുക.

ഇഷ്ട വാഹനം സ്വന്തമാക്കി നടന്‍ ഷൈന്‍ ടോം ചാക്കോ. മഹീന്ദ്ര ജീപ്പ് ആണ് ഷൈനിന്റെ പുതിയ വാഹനം. ഷൈനിന്റെ സ്‌റ്റൈലിസ്റ്റായ സാബ് ക്രിസ്റ്റിയാണ് പുതിയ വാഹനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഷൈന്‍ ഷോറൂമിലെത്തിയത്. കേക്ക് മുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്ന ഷൈനിന്റെ അച്ഛനെയും അമ്മയെയും വീഡിയോയില്‍ കാണാം. വാഹനത്തിനടുത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയിലുണ്ട്. അതിനിടെ ഷൈന്‍ ടോം ചാക്കോ പിന്നണിഗാന രംഗത്തേയ്ക്കും പ്രവേശിച്ചു. പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിനു വേണ്ടി താരം ആലപിച്ച ‘കൊച്ചിയാ’ എന്ന ഗാനം പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ ആദ്യമായി പാടുന്ന ഗാനം എന്ന പ്രത്യേകതയും പാട്ടിനുണ്ട്. ഷൈന്‍ ടോമിനൊപ്പം ഗൗതം അനില്‍കുമാര്‍, ശ്രീമോന്‍ വേലായുധന്‍ എന്നിവരും ഗാനത്തില്‍ ആലപിച്ചിട്ടുണ്ട്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്.

2022 ല്‍ സാഹിത്യ വിമര്‍ശനത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി. പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓര്‍മകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലര്‍ന്ന വായനാലോകമാണിത്. ഭൂതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നില്‍ക്കാതെ വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും തലമുറകളോടു സംവദിക്കുന്നത് ഈ ലേഖനങ്ങളില്‍ കാണാം. ശാരദക്കുട്ടിയുടെ ആത്മകഥാംശം നിറഞ്ഞ ലേഖനങ്ങള്‍. ‘എത്രയെത്ര പ്രേരണകള്‍’. എസ് ശാരദക്കുട്ടി. മാതൃഭൂമി ബുക്സ്. വില 405 രൂപ.

അണുബാധകള്‍ പിടിപെടാനും അസുഖങ്ങള്‍ വരാനും ഏറ്റവും കൂടുതല്‍ സാധ്യത മഴക്കാലത്താണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കേണ്ട സമയം ആണിത്. മഴക്കാലത്ത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നെയ്യ്. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പിനെ ലയിപ്പിക്കുന്ന ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാന്‍ നെയ്യ് ശരീരത്തെ സഹായിക്കുന്നു. പരിപ്പ്, പച്ചക്കറികള്‍, െഡസര്‍ട്ടുകള്‍ ഇവയിലെല്ലാം നെയ്യ് ചേര്‍ക്കാം. മഴക്കാലത്ത് മലബന്ധം, ദഹനക്കേട്, അതിസാരം തുടങ്ങിയ പ്രശനങ്ങള്‍ വയറിന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് അന്നനാളത്തില്‍ ഇന്‍ഫ്ളമേഷന്‍ ഉണ്ടാക്കും. നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും. അന്നനാളത്തിന് അയവ് വരുകയും വയറ്റില്‍ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് കൂട്ടുകയും ചെയ്യും. ആരോഗ്യകരമായ ബാക്ടീരിയകള്‍ പോഷകങ്ങളുടെ ആഗിരണം വേഗത്തില്‍ ആക്കുകയും ഉദരപ്രശ്നങ്ങളായ ഓക്കാനം, വയറു കമ്പിക്കല്‍, മലബന്ധം ഇവയെല്ലാം അകറ്റുകയും ചെയ്യും. ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളെ അകറ്റുന്നു. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നെയ്യ് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്നു. ഷോര്‍ട്ട് ചെയ്ന്‍ ഫാറ്റി ആസിഡുകളാലും കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളാലും നിര്‍മിക്കപ്പെട്ട നെയ്യ്, ചര്‍മത്തെ മൃദുവാക്കുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു. മുഖക്കുരു, മുഖത്തെ പാടുകള്‍ ഇവയെല്ലാം അകറ്റാനും നെയ്യ് സഹായിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത വളയങ്ങള്‍ കുറയ്ക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *