yt cover 43

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പാടിപ്പുകഴ്ത്തി സര്‍ക്കാര്‍ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പു തടയുകയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ തടയുകയാണെന്നുമുള്ള കേന്ദ്രവിമര്‍ശനവും നിയമസഭാ പാസാക്കിയ ബില്ലുകള്‍ നിയമമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നിവയില്‍ വളര്‍ച്ച നേടിയെന്നു പുകഴ്ത്തുന്ന പ്രസംഗമാണ് അവതരിപ്പിച്ചത്. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണമെന്നും പ്രസംഗത്തില്‍ പറഞ്ഞു.

അമ്പലപ്പുഴ ദേശീയപാതയില്‍ കാക്കഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു. നാലുപേര്‍ തിരുവനന്തപുരം ആലത്തൂര്‍ സ്വദേശികളാണ്. ഷിജിന്‍ദാസ് (24), മനു (24), പ്രസാദ് (25), മുട്ടട സ്വദേശി സുമോദ്, കൊല്ലം മണ്‍റോ തുരുത്തു സ്വദേശി അമല്‍ (28) എന്നിവരാണു മരിച്ചത്. ഐഎസ്ആര്‍ഒയിലെ ജീവനക്കാരായ ഇവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.

ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് നയപ്രഖ്യാപന പ്രസംഗത്തില്‍ കാണാം. കേന്ദ്ര സര്‍ക്കാരിനെ തലോടുന്ന പ്രസംഗത്തില്‍ വസ്തുതയ്ക്കു നിരക്കാത്ത കാര്യങ്ങളാണ്. സാമ്പത്തിക സ്ഥിതി ഭദ്രമെന്ന അവകാശവാദം ആരേയും ചിരിപ്പിക്കുന്നതാണ്. ശമ്പളം പോലും കൊടുക്കാനാവാത്ത അവസ്ഥയെ മറച്ചുവച്ചിരിക്കുകയാണെന്ന് തുറന്നു പറയേണ്ടതായിരുന്നെന്നും സതീശന്‍.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ കമ്പിയില്ലാതെ പണിത കനാലിലൂടെ വെള്ളം തുറന്നുവിട്ടതോടെ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. ഒരു കാര്‍ കടന്നുപോയതിനു തൊട്ടുപിറകേയാണ് കനാല്‍ ഇടിഞ്ഞു വീണത്. പൊട്ടിയ കനാലില്‍നിന്നുള്ള വെള്ളം സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇരച്ചെത്തി. കനാല്‍ഭിത്തി ഉറപ്പോടെ നിര്‍മിക്കാത്തതാണു കാരണമെന്ന് ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതൂര്‍.

ലൈഫ് മിഷനില്‍ ആറു കോടി രൂപയുടെ കോഴ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നു സ്വപ്ന സുരേഷ്. കോഴക്കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. മൂവരേയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യുന്നുണ്ട്.

എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധിച്ചു. മാതാപിതാക്കള്‍ക്കും രോഗബാധയുണ്ട്. ഛര്‍ദി, വയറിളക്കം എന്നിവയാണു ലക്ഷണം. ഈയിനം വൈറസ് ഉദരസംബന്ധമായ അസുഖമാണുണ്ടാക്കുന്നത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സാങ്കേതിക തകരാര്‍മൂലം മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി.

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റുചെയ്തു. തിരുവനന്തപുരം പാളയത്തു വച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇടുക്കി മറയൂരില്‍ 65 കിലോഗ്രാം ചന്ദനവുമായി മൂന്നു പേരെ വനംവകുപ്പ് പിടികൂടി. വ്യാജ രജിസ്ട്രേഷന്‍ നമ്പരുളള കാറിലാണ് 12 ലക്ഷം രൂപയുടെ ചന്ദനം കടത്താന്‍ ശ്രമിച്ചത്. കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടില്‍ മുഹമ്മദ് സ്വാലിഹ്, ഈരാറ്റുപേട്ട നടയ്ക്കല്‍ പടിപ്പുരക്കല്‍ വീട്ടില്‍ മന്‍സൂര്‍, പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിത്തറ വീട്ടില്‍ ഇര്‍ഷാദ് എന്നിവരെയാണ് ചന്ദനവുമായി പിടികൂടിയത്.

തേങ്ങയിടാന്‍ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറിയ തൊഴിലാളി യന്ത്രത്തില്‍ കാല്‍ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നു. രണ്ടു മണിക്കൂറിനു ശേഷം ഫയര്‍ ഫാേഴ്സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. വെള്ളത്തൂവല്‍ കണ്ണങ്കര ജയന്‍ (47) നെയാണ് അടിമാലി ഫയര്‍ ഫോഴ്സ് രക്ഷിച്ചത്.

കൊച്ചിയില്‍ വീണ്ടും ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കേബിള്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. മരട് സ്വദേശിയായ അനില്‍കുമാറിനാണ് പരിക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളിലാണ് ബൈക്ക് കുടുങ്ങിയത്. അനില്‍കുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൗദിയില്‍ മലയാളിയെ കുത്തിക്കൊന്നു. മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശി മുഹമ്മദാലി (58) ആണു ജുബൈലില്‍ കൊല്ലപ്പെട്ടത്. പ്രതിയായ സഹപ്രവര്‍ത്തകന്‍ തമിഴ്നാട് സ്വദേശി മഹേഷ് (45) ആത്മഹത്യക്കു ശ്രമിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഉറങ്ങുമ്പോഴായിരുന്നു കുത്തിക്കൊന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കൊല്ലത്തെ പെരുമാതുറയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ജെസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കുണ്ടറയിലേക്കു വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.

ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചിലയിടങ്ങളില്‍ ബസില്‍ സഞ്ചരിക്കും. സുരക്ഷാ സേനകളുടെ നിര്‍ദ്ദേശപ്രകാരമാണ് യാത്ര ബസിലേക്കു മാറ്റുന്നത്. സുരക്ഷയ്ക്കായി ആളെ കുറയ്ക്കാനും സാധ്യതയുണ്ട്. യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്.

നാവികസേനയ്ക്കു പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി. ഐഎന്‍എസ് വഗീര്‍ മുംബൈയില്‍ കമ്മീഷന്‍ ചെയ്തു. സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ അഞ്ചാമനാണ് വഗീര്‍.

ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്കു പരംവീര്‍ ചക്ര ജേതാക്കളായ ധീരസൈനികരുടെ പേര് നല്‍കി പ്രധാനമന്ത്രി. ഇത് രാജ്യത്തിന് വലിയ സന്ദേശം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ ഓര്‍മകളുണര്‍ത്തുന്ന പേരുകളായിരുന്നു ദ്വീപുകളുടേത്. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നത് സായുധ സേനയുടെ ധീരതയുടെ സന്ദേശമാണെന്നും മോദി പറഞ്ഞു.

ചെന്നൈക്കു സമീപം അരക്കോണം നമ്മിലിയില്‍ ക്ഷേത്രോത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. എട്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. നമ്മിലി കില്‍വീദി ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില്‍ ഉയര്‍ത്തി തെരുവിലൂടെ പ്രതിക്ഷണം ചെയ്യുന്നതിനിടെയാണ് 20 അടി ഉയരത്തില്‍നിന്ന് ആളുകള്‍ താഴേക്കു പതിച്ചത്.

കാലിഫോര്‍ണിയയിലെ മോണ്ടറി പാര്‍ക്കില്‍ ഡാന്‍സ് ക്ലബ്ബിലുണ്ടായ വെടിവയ്പിലെ അക്രമി മരിച്ച നിലയില്‍. മോണ്ടറി പാര്‍ക്കില്‍നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയുള്ള ടോറന്‍സില്‍ നിര്‍ത്തിയിട്ടിരിന്ന ഒരു വെള്ള വാനിലാണ് ഡ്രൈവര്‍ സീറ്റില്‍ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു.

ചൈനയിലെ ശതകോടീശ്വരനായ ഹുയി കാ യാന്റെ സമ്പത്തിന്റെ 93 ശതമാനവും നഷ്ടപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ഹുയി കാ യാന്‍. ഇദ്ദേഹത്തിന്റെ ആസ്തി 4200 കോടി ഡോളറില്‍നിന്ന് മുന്നൂറു കോടി ഡോളറായി കുറഞ്ഞു.

പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി. തലസ്ഥാനമായ ഇസ്ലാമാബാദ്, കറാച്ചി, പെഷാവര്‍, ലാഹോര്‍ നഗരങ്ങള്‍ മണിക്കൂറുകളായി ഇരുട്ടിലാണ്.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരം നാളെ ഇന്‍ഡോറില്‍. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യക്ക് നാളത്തെ മത്സരവും ജയിച്ചാല്‍ ടി20ക്ക് പിന്നാലെ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഇംഗ്ലണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ വീണ്ടും വര്‍ദ്ധനവ്. കണക്കുകള്‍ പ്രകാരം, ജനുവരി 13- ന് സമാപിച്ച ആഴ്ചയില്‍ 1,041.7 കോടി ഡോളറായാണ് വിദേശ നാണയ ശേഖരം ഉയര്‍ന്നത്. ഇതോടെ, വിദേശ നാണയ ശേഖരം 57,200 കോടി ഡോളറിലെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ ഉയരമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ വിദേശ കറന്‍സി ആസ്തി 907.8 കോടി ഡോളര്‍ ഉയര്‍ന്ന് 50,551.9 കോടി ഡോളറായി. അതേസമയം, കരുതല്‍ സ്വര്‍ണ ശേഖരം 110.6 കോടി ഡോളര്‍ മെച്ചപ്പെട്ട് 4,289 കോടി ഡോളറിലെത്തി. 2021 ഒക്ടോബറിലാണ് വിദേശ നാണയ ശേഖരം റെക്കോര്‍ഡ് മുന്നേറ്റം കാഴ്ചവച്ചത്. ആഗോള തലത്തില്‍ പണപ്പെരുപ്പം നിലനിന്നിരുന്നതിനാല്‍, റിസര്‍വ് ബാങ്കിന് വന്‍ തോതില്‍ ഡോളര്‍ വിറ്റഴിക്കേണ്ടി വന്നിരുന്നു. ഇത് വിദേശ നാണയ ശേഖരം വീണ്ടും താഴേക്ക് പോകാന്‍ കാരണമായി. ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ ജാപ്പനീസ് യെന്‍, പൗണ്ട്, യൂറോ, സ്വര്‍ണം, ഐ.എം.എഫിലെ കരുതല്‍ ധനം തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് വ്യത്യസ്ഥമായ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം. ഇത്തവണ ‘ക്വയറ്റ് മോഡ്’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവച്ച് ആപ്പില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഫീച്ചറാണ് ക്വയറ്റ് മോഡ്. ഇത്തരത്തില്‍ ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്വയറ്റ് മോഡ് ഓണ്‍ ചെയ്യുന്നതോടെ പിന്നീട് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുകയില്ല. കൂടാതെ, പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന മറ്റ് ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ക്വയറ്റ് മോഡിലാണെന്ന് അറിയാനും സാധിക്കും. ആദ്യ ഘട്ടത്തില്‍ യുഎസ്, യുകെ, അയര്‍ലന്‍ഡ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ് ക്വയറ്റ് മോഡ് ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് അധികം വൈകാതെ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ക്വയറ്റ് മോഡിന് പുറമേ, താല്‍പ്പര്യമില്ലാത്ത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരവും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

സംവിധായകന്‍ ബ്ലെസിയുടെ ചിത്രം ‘ആടുജീവിതം’ റിലീസിനായി കാത്തിരിക്കെ, അടുത്ത ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം ഒന്നിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കമല്‍ ഹാസന്റെ 234-ാം ചിത്രം അണിയറയിലാണ്. ശേഷം ബ്ലെസിക്കൊപ്പം സിനിമ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. തമിഴിലും മലയാളത്തിലുമായി ബൈലിംഗ്വല്‍ ചിത്രമായായിരിക്കുമിത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതം’. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസമായിരുന്നു ചിത്രത്തിന്റെ നാല് വര്‍ഷത്തിലധികം നീണ്ടുനിന്ന ആഫ്രിക്കന്‍ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. അല്‍ജീരിയയിലും ജോര്‍ദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും കേരളത്തിലും ഏതാനും രംഗങ്ങള്‍ ചിത്രീകരണം തുടര്‍ന്നിരുന്നു. 2023ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലൂടെ ആടുജീവിതം പ്രീമിയര്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അതിന് സാധിച്ചില്ലെങ്കില്‍ അടുത്ത ഏതെങ്കിലുമൊരു ഇന്റര്‍നാഷ്ണല്‍ പ്ലാറ്റ്‌ഫോമില്‍ പ്രീമിയര്‍ നടത്തിയ ശേഷം ലോകമെമ്പാടും സിനിമ റിലീസ് ചെയ്യും.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, അനൂപ് മേനോന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നല്‍കിയിട്ടുള്ള ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കും വെടിക്കെട്ട് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിഷ്ണുവും ബിബിനും തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്. ചിത്രം അടുത്ത മാസം തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്.

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അതിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ ഭാഗമായി പുതിയ ആന്റി-തെഫ്റ്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ അതിന്റെ പ്രീമിയം ഓഫറുകളില്‍ ഹോണ്ട ഇഗ്നിഷന്‍ സെക്യൂരിറ്റി സിസ്റ്റം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ബ്രാന്‍ഡിന്റെ കമ്മ്യൂട്ടര്‍ ശ്രേണിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത ചെലവ് കുറഞ്ഞ ഫീച്ചറാണ് എച്ച് – സ്മാര്‍ട്ട്. ആക്ടീവയ്ക്ക് ആദ്യം ഫീച്ചര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പിന്നാലെ ഈ വര്‍ഷം തന്നെ മുഴുവന്‍ ഈ സാങ്കേതികവിദ്യ മറ്റ് ഹോണ്ട ഇരുചക്രവാഹനങ്ങളിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ തലമുറ ആക്ടിവ 6ജിയുടെ വില 73,360 രൂപ മുതല്‍ 75,860 വരെയാണ്. പുതിയ മോഡലിന്റെ വില ഏകദേശം 75,000 രൂപയ്ക്കും 80,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ട ആക്ടിവ എച്ച്-സ്മാര്‍ട്ട് ഡിഎല്‍എക്‌സ് വേരിയന്റിനേക്കാള്‍ ഒരു കിലോഗ്രാം കുറവായിരിക്കും. അപ്‌ഡേറ്റിന്റെ ഭാഗമായികൂടുതല്‍ പവര്‍ വാഗ്ദാനം ചെയ്യുന്നതിനായി ഹോണ്ട പവര്‍ട്രെയിനിലും മാറ്റങ്ങള്‍ വരുത്തും. അതേ 110 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് യൂണിറ്റ് ഇപ്പോള്‍ 7.68 ബിഎച്പിയില്‍ നിന്ന് 7.80 ബിഎച്പി കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്.

നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? ‘നിങ്ങള്‍’. രണ്ടാം പതിപ്പ്. എം.മുകുന്ദന്‍. ഡിസി ബുക്സ്. വില 379 രൂപ.

നടത്തമെന്നത് ചെറിയ രീതിയിലുള്ള വ്യായാമമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. നടക്കുന്നതിന് പല രീതികളുണ്ട്. വളരെ വേഗത്തില്‍ ഓടുക, പതുക്കെ നടക്കുക അല്ലെങ്കില്‍ വളരെ വേഗത്തില്‍ ഓടുകയോ വളരെ പതുക്കെ നടക്കുകയോ തുടങ്ങി നിരവധി മാര്‍ഗങ്ങളുണ്ട്. ഈ നടത്തത്തെ ബ്രിസ്‌ക് വാക്കിങ് എന്ന് വിളിക്കുന്നു. ബ്രിസ്‌ക് വാക്കിങ് മെമ്മറി ശേഷി വര്‍ധിപ്പിക്കും. മാനസികാരോഗ്യം നിലനിര്‍ത്തും. ഇതോടൊപ്പം ബ്രിസ്‌ക് വാക്കിങ്ങിന് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വെറും 10 മിനിറ്റ് നടത്തം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഹെല്‍ത്ത്‌ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രിസ്‌ക് വാക്കിങ് ഒരു കാര്‍ഡിയോ വ്യായാമമാണ്. ഇത് ശാരീരികവും മാനസികവുമായി നിരവധി ഗുണങ്ങള്‍ നല്‍കുന്നു. കൂടുതല്‍ കലോറി എരിച്ച് അമിത ഭാരം കുറയ്ക്കാന്‍ നടത്തം സഹായിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. കാലുകള്‍ നന്നായി നീട്ടി വച്ച് കൈകള്‍ ആഞ്ഞു വീശിയുളള ബ്രിസ്‌ക് വാക്കിങ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയില്‍ 5 ദിവസം നടക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. പതിവ് കാര്‍ഡിയോ വ്യായാമം രക്തത്തിലെ എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബ്രിസ്‌ക് വാക്കിങ് പോലുള്ള കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാം. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കാം. പ്രമേഹ രോഗികള്‍ക്ക് പതിവ് ബ്രിസ്‌ക് വാക്കിങ് വളരെ ഗുണം ചെയ്യും. ഈ വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ അനുവദിക്കുന്നില്ല, മാത്രമല്ല ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. ദിവസേനയുള്ള ബ്രിസ്‌ക് വാക്കിങ് മാനസികാരോഗ്യം മെച്ചപ്പെത്തും. ഈ കാര്‍ഡിയോ വ്യായാമം ചെയ്യുന്നത് ആത്മാഭിമാനം വര്‍ധിപ്പിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.39, പൗണ്ട് – 100.95, യൂറോ – 88.67, സ്വിസ് ഫ്രാങ്ക് – 88.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.88, ബഹറിന്‍ ദിനാര്‍ – 215.90, കുവൈത്ത് ദിനാര്‍ -266.54, ഒമാനി റിയാല്‍ – 211.35, സൗദി റിയാല്‍ – 21.67, യു.എ.ഇ ദിര്‍ഹം – 22.15, ഖത്തര്‍ റിയാല്‍ – 22.35, കനേഡിയന്‍ ഡോളര്‍ – 60.91.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *