p11 yt cover

പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ കൂടി ലോക്സഭയില്‍നിന്ന് സസ്പെന്‍ഡു ചെയ്തു. ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ളവരെയാണ് സസ്പെന്‍ഡു ചെയ്തത്. ഇതോടെ സസ്പെന്‍ഷനിലായവരുടെ എണ്ണം 141 ആയി. സോണിയ ഗാന്ധിയെ സസ്പെന്‍ഡു ചെയ്തിട്ടില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ ഒരു സമ്മേളന കാലത്ത് സസ്പെന്‍ഡു ചെയ്യുന്നത്.

ഏകാധിപത്യം അനുവദിക്കില്ലെന്ന പോസറ്ററുകളുമായി എത്തിയാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചത്. നേരത്തെ സസ്പെന്‍ഷനിലായ 92 എംപിമാരും പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ആറു ബില്ലുകള്‍ സര്‍ക്കാര്‍ അജണ്ടയിലുള്‍പ്പെടുത്തി. എല്ലാ എംപിമാരെയും സസ്പെന്‍ഡ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷം. വെള്ളിയാഴ്ച സഭ പിരിയും.

ചൈനയില്‍ ഗാന്‍സു പ്രവിശ്യയില്‍ ഭൂകമ്പം. നൂറിലേറെപ്പേര്‍ മരിച്ചു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

നവകേരള സദസിന് ജില്ലാ കളക്ടര്‍മാര്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ പണം പിരിക്കണമെന്ന ഉത്തരവില്‍ വ്യക്തതയുണ്ടെന്ന് സര്‍ക്കാര്‍. സ്പോണ്‍സര്‍മാര്‍ സന്നദ്ധരായാല്‍ കളക്ടര്‍മാര്‍ നേരിട്ട് പണം പിരിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കോടിക്കണക്കിന് രൂപ ചെലവിട്ടാണ് നവകേരള സദസ് നടത്തുന്നതെന്ന ഹര്‍ജിക്കാരന്റെ വാദം അനുമാനം മാത്രമാണെന്ന് കോടതി വിമര്‍ശിച്ചു.

കോഴിക്കോട്ടെ മിഠായത്തെരുവില്‍ ഇറങ്ങി നടന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് മനസിലായിക്കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ഗവര്‍ണര്‍ റോഡിലിറങ്ങി നടന്നത്. സ്ഥാനത്തിരിക്കുന്ന ആള്‍ ചെയ്യേണ്ട കാര്യമല്ല. അലുവ കഴിച്ചത് നന്നായി. മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. മുഖ്യമന്ത്രി പറഞ്ഞു.

കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നവ കേരള സദസിന്റെ സമാപന ദിവസമായ 23 ന് ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ മാര്‍ച്ച് നയിക്കും.എംഎല്‍എ മാരും എംപി മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. കായംകുളത്ത് അംഗപരിമിതനെ പൊലീസിന്റെ സാന്നിധ്യത്തില്‍ ഡിെൈവഫ്ഐക്കാര്‍ ആക്രമിച്ചതിലും, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലും പ്രതിഷേധിക്കാനാണ് തീരുമാനം.

ജനുവരി മൂന്നിനു പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മോദി പ്രസംഗിക്കും. രണ്ടാം തീയതി നടത്താനിരുന്ന പരിപാടി മോദിയുടെ സൗകര്യാര്‍ത്ഥം മൂന്നാം തീയതിയിലേക്കു മാറ്റിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ രാജിവച്ചു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷം ബാക്കിയിരിക്കെയാണു രാജി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് രാജിയെന്നു പ്രിയ പറഞ്ഞു.

മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നില്ല. രാവിലെ പത്തിനു തുറക്കുമെന്നായിരുന്നു മുന്നറിയിപ്പു നല്‍കിയിരുന്നത്.

കൊല്ലത്ത് ഇന്നും നവകേരള സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു , മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. ചിന്നക്കടയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

പന്തളത്തുനിന്നു കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുമായ പെണ്‍കുട്ടികളെ ഇന്നലെയാണ് കാണാതായത്.

നവകേരള സദസുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റ സംഭവം കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നു കെ മുരളീധരന്‍ എംപി. സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ നടത്തുന്ന പ്രസ്താവനയിലെ മൂര്‍ച്ച പ്രവര്‍ത്തനത്തില്‍ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചേര്‍ത്തലയില്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ അക്രമിസംഘം സ്വകാര്യവ്യക്തിയുടെ ഭൂമി കയ്യേറി റോഡ് നിര്‍മിച്ചു. രാത്രി വടിവാളടക്കമുള്ള ആയുധങ്ങളുമായി എത്തിയവരോടു തര്‍ക്കിച്ച ഗൃഹനാഥന്‍ കട്ടച്ചിറ ചേന്നോത്ത് മേരിവില്ലയില്‍ തോമസ് വര്‍ഗീസിനേയും സഹോദരനേയും അക്രമിസംഘം വെട്ടി. വഴിത്തര്‍ക്ക കേസില്‍ കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കേയാണ് ഭൂമി കൈയേറ്റം.

വയനാട് വാകേരിയില്‍ പിടിയിലായ നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച കടുവയെ ആരോഗ്യ പരിശോധനകള്‍ക്കു ശേഷമാണ് പുത്തൂരിലെത്തിച്ചത്.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ പിടിച്ചിട്ടതിന് പൊലീസും ദേവസ്വം ബോര്‍ഡ് അംഗവും തമ്മില്‍ വാക്പോര്. പത്തനംതിട്ട പെരനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അംഗം അജികുമാറും തമ്മിലാണ് കൂനങ്കരയില്‍ തര്‍ക്കമുണ്ടായത്. തിരക്ക് ഇല്ലാതിരുന്നിട്ടും പൊലീസ് വാഹനങ്ങള്‍ തടഞ്ഞിടുകയാണെന്ന് അജികുമാര്‍ വിമര്‍ശിച്ചു.

കണ്ണൂര്‍ ചൊക്ലിയില്‍ ഷഫ്ന കിണറിലേക്കു ചാടി ജീവനൊടുക്കിയതല്ല, ഭര്‍തൃവീട്ടുകാര്‍ കൊന്നു കിണറിലിട്ടതാണെന്ന ആരോപണവുമായി ബന്ധുക്കള്‍. കാരപ്പൊയില്‍ സ്വദേശി റിയാസിന്റെ ഭാര്യ ഷഫ്ന (26) തിങ്കളാഴ്ചയാണു പുല്ലാക്കരയിലെ ഭര്‍തൃവീട്ടില്‍ മരിച്ചത്.

ഇടതുപക്ഷം മൂലധന സ്വഭാവത്തിലേക്ക് മാറിയതോടെ ദുര്‍ബലമായെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കോഴിക്കോട് പ്രസ് ക്ലബില്‍ ജേണലിസം ബിരുദദാന ചടങ്ങിലാണ് മുകുന്ദന്‍ ഇങ്ങനെ പ്രതികരിച്ചത്.

പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്ചപറമ്പ് ജംഗ്ഷനില്‍ ലുലുമാള്‍ ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഉദ്ഘാടനം ചെയ്തു. അടുത്ത ലുലു മാള്‍ കോഴിക്കോട്ട് തുറക്കുമെന്നും തൃശൂര്‍, കോട്ടയം, പെരിന്തല്‍മണ്ണ, തിരൂര്‍ ഉള്‍പ്പെടെ എട്ടിടങ്ങളില്‍ പുതിയ മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും തുറക്കുമെന്നും യൂസഫലി പറഞ്ഞു.

കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ പ്രളയംമൂലം റെയില്‍വേ സ്റ്റേഷനുകളിലും പാളങ്ങളിലും വെള്ളം കയറി. കേരളം വഴിയുള്ള മൂന്നു ട്രെയിനുകളടക്കം 23 ട്രെയിനുകള്‍ റദ്ദാക്കി.

പാര്‍ലമെന്റില്‍ രണ്ടു പേര്‍ക്ക് അതിക്രമിച്ചു കയറാന്‍ പാസ് നല്‍കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കുകയും ചെയ്ത സംഭവം അതിവിചിത്രമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് ഇന്ത്യാ മുന്നണി എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത്. അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതികളായവര്‍ അംഗങ്ങളായ ഭഗത് സിംഗ് ഫാന്‍സ് ക്ലബ്ബ് ഗ്രൂപ്പിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് ഫേസ് ബുക്ക് ഉടമകളായ മെറ്റയ്ക്ക് നോട്ടീസയച്ചു. ഗ്രൂപ്പിലെ ചര്‍ച്ചകളുടെ വിശദാംശങ്ങളാണ് തേടിയിത്. അറസ്റ്റിലായ പ്രതികളുടെ ഫേസ് ബുക്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്. ഈ ഗ്രൂപ്പ് നേരത്തെ ഡീലീറ്റ് ചെയ്തിരുന്നു.

വരവില്‍ കവിഞ്ഞ് സ്വത്തു സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി. 2017 ല്‍ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരെ എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് നല്‍കിയിരുന്ന അപ്പീലിലാണ് തീരുമാനം.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളിമനോഹര്‍ ജോഷിയും പങ്കെടുക്കില്ല. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. ഇരുവരും പങ്കെടുക്കേണ്ട ചടങ്ങാണെങ്കിലും ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ഇരുവരോടും വരേണ്ടെന്ന് അഭ്യര്‍ഥിച്ചെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം. ആര്‍എസ്എസിന്റെ അടുപ്പക്കാരായ തൃണമൂലുമായി സഖ്യം സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വ്യക്തമാക്കി. സിപിഎമ്മും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് മമത ബാനര്‍ജി പ്രസ്താവിച്ചതിനു പിറകേയാണ് പ്രതികരണം.

ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തു ക്ഷേത്രം നിര്‍മിക്കണമെന്ന ഹിന്ദുസംഘടനകളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി. ഹര്‍ജിക്കെതിരെ പള്ളി കമ്മറ്റി നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത സഹായി ഛോട്ടാ ഷക്കീല്‍. അദ്ദേഹം നൂറു ശതമാനവും ആരോഗ്യവാനാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യാ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്. വൈകീട്ട് 4.30 മുതലാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരം. 2024 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലത്തിലാണ് പാറ്റ് കമ്മിന്‍സിനെ 20 കോടി 50 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. താരലേലത്തില്‍ ആദ്യം വന്ന വെസ്റ്റിന്‍ഡീസ് ബാറ്റര്‍ റോവ്മന്‍ പവലിനെ 7 കോടി 40 ലക്ഷം രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് 6 കോടി 80 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദാണു സ്വന്തമാക്കിയത്. അതേ സമയം ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ യുവ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്ര ചെന്നൈ സൂപ്പര്‍ കിങ്സില്‍ കളിക്കും. ഒരു കോടി 80 ലക്ഷം രൂപയാണ് രചിനു ലഭിച്ചത്. ലേലം പുരോഗമിക്കുകയാണ്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു വനിത ഓക്ഷണറാണ് ലേലം നിയന്ത്രിക്കുന്നത്. ആര്‍ട് കലക്ടര്‍, ആര്‍ട് കണ്‍സല്‍റ്റന്റ് എന്നീ നിലകളില്‍ പ്രശസ്തയായ മുംബൈ സ്വദേശിനി മല്ലിക സാഗറാണ് ഇന്നത്തെ ഐപിഎല്‍ ലേലം നിയന്ത്രിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടം തുടര്‍ച്ചയായി നിലനിറുത്തി ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കുപ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ). ഇത് എക്കാലത്തെയും റെക്കോഡാണ്. 2021ല്‍ 8,700 കോടി ഡോളറും (7.24 ലക്ഷം കോടി രൂപ) 2022ല്‍ 11,122 കോടി ഡോളറുമാണ് (9.24 ലക്ഷം കോടി രൂപ) ലഭിച്ചിരുന്നത്. 2022ലാണ് ആദ്യമായി പ്രവാസിപ്പണമൊഴുക്കില്‍ ഇന്ത്യ 10,000 കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടത്. പ്രവാസിപ്പണം നേടുന്നതില്‍ മറ്റ് രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയുള്ള കുതിപ്പാണ് 2023ലും ഇന്ത്യ കാഴ്ചവച്ചതെന്ന് ലോക ബാങ്ക് വ്യക്തമാക്കുന്നു. മെക്‌സിക്കോ (6,700 കോടി ഡോളര്‍), ചൈന (5,000 കോടി ഡോളര്‍), ഫിലിപ്പൈന്‍സ് (4,000 കോടി ഡോളര്‍), ഈജിപ്ത് (2,400 കോടി ഡോളര്‍) എന്നിവയാണ് ടോപ് 5ല്‍ ഇന്ത്യക്ക് തൊട്ടുപിന്നാലെയുള്ളത്. ഇന്ത്യ അടക്കമുള്ള ലോവര്‍-മിഡില്‍ ഇന്‍കം രാജ്യങ്ങളിലേക്ക് 3.8 ശതമാനം വളര്‍ച്ചയോടെ 66,900 കോടി ഡോളര്‍ പ്രവാസിപ്പണമാണ് 2023ല്‍ ഒഴുകിയത്. ലാറ്റിന്‍ ആമേരിക്ക ആന്‍ഡ് കരീബിയന്‍ രാഷ്ട്രങ്ങള്‍ എട്ട് ശതമാനവും ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യ 7.2 ശതമാനവും വളര്‍ച്ച പ്രവാസിപ്പണമൊഴുക്കില്‍ ഈ വര്‍ഷം രേഖപ്പെടുത്തി. ഈസ്റ്റ് ഏഷ്യ ആന്‍ഡ് പസഫിക് 3 ശതമാനവും സബ് സഹാറന്‍ ആഫ്രിക്ക 1.9 ശതമാനവും വളര്‍ച്ച കുറിച്ചു. എന്നാല്‍ മിഡില്‍ ഈസ്റ്റിലേക്കും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള പ്രവാസിപ്പണമൊഴുക്ക് 5.3 ശതമാനം ഇടിഞ്ഞു. യൂറോപ്പിലേക്കും സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള പണമൊഴുക്ക് 1.4 ശതമാനവും കുറഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ യു.എ.ഇ., സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ പ്രവാസിപ്പണം നേടുന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം പുറത്തേക്ക് ഒഴുകിയ രാജ്യവും അമേരിക്കയാണ്. ഇന്ത്യയുടെ ജി.ഡി.പിയില്‍ പ്രവാസിപ്പണത്തിന്റെ പങ്ക് പക്ഷേ വെറും 3.4 ശതമാനമേയുള്ളൂ. പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഇത് 7 ശതമാനവും ബംഗ്ലാദേശില്‍ 5.2 ശതമാനവുമാണ്.

ആഗോളതലത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് വാട്സ്ആപ്പ് പുറത്തിറക്കിയ അഡ്വാന്‍സ്ഡ് ഫീച്ചറുകളില്‍ ഒന്നാണ് ചാനല്‍. ഓരോ ദിവസം കഴിയുംതോറും ചാനലില്‍ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ചാനല്‍ ഉപഭോക്താക്കള്‍ക്കായി ഓട്ടോമാറ്റിക് ആല്‍ബം ഫീച്ചര്‍ വികസിപ്പിക്കുകയാണ് കമ്പനി. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക് ആല്‍ബം ഫീച്ചര്‍ എത്തിയിട്ടുണ്ട്. ചാനല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലാണ് ഈ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചാനലില്‍ അഡ്മിന്മാര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഓട്ടോമാറ്റിക്കായി ഓര്‍ഗനൈസ് ചെയ്ത് ഒരൊറ്റ ആല്‍ബമാക്കി മാറ്റുന്ന തരത്തിലാണ് പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഇതോടെ, ഓട്ടോമാറ്റിക് ആല്‍ബത്തില്‍ ടാപ്പ് ചെയ്യുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ കളക്ഷനും ഒറ്റയടിക്ക് കാണാനാകും. വാട്സ്ആപ്പ് ചാനലുകള്‍ക്ക് കൂടുതല്‍ ദൃശ്യഭംഗി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നല്‍കിയിരിക്കുന്നത്. ഉടന്‍ വൈകാതെ മുഴുവന്‍ ഉപഭോക്താക്കളിലേക്കും ഓട്ടോമാറ്റിക് ആല്‍ബം ഫീച്ചര്‍ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. പുതിയ അപ്ഡേറ്റ് എന്ന നിലയിലാണ് മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകുക.

തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഹനുമാന്‍’. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാന്‍ പ്രദര്‍ശനത്തിന് എത്തുക. ആരാധകരെ ആവേശത്തിലാക്കി ഹനുമാന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദൃശ്യ വിസ്മയമായിരിക്കും ഹനുമാന്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രശാന്ത് വര്‍മയാണ് ഹനുമാന്‍ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി 12ന് പതിനൊന്ന് ഭാഷകളിലായിട്ടാണ് ഹനുമാന്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാന്‍ ഒരുക്കുന്ന പ്രശാന്ത് വര്‍മ. കെ നിരഞ്ജന്‍ റെഢിയാണ് നിര്‍മാണം. തേജയുടെ ഹനുമാന്‍ പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. അമൃത നായരാണ് തേജയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അത്ഭുത’മായിരുന്നു.

റിലീസിന് ഒരുങ്ങുന്ന വമ്പന്‍ സിനിമകളില്‍ ഒന്നാണ് ‘സലാര്‍’. തെന്നിന്ത്യ ഒട്ടാകെ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും എത്തുന്നു എന്നത് മലയാളികളിലും ആവേശമാണ്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സലാറില്‍ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രഭാസ് വാങ്ങുക്കുന്നത് 100 കോടിക്ക് മുകളില്‍ ആണ്. കൂടാതെ സിനിമയുടെ ബോക്സ് ഓഫീസ് വരുമാനത്തിന്റെ പത്ത് ശതമാനവും നടനാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതായത് 100 കോടി സലാര്‍ നേടുകയാണ് പത്ത് കോടി പ്രഭാസിനാകും ലഭിക്കുക. ശ്രുതി ഹസന്‍ ആണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് പ്രഭാസുമായി ശ്രുതി സ്‌ക്രീന്‍ പങ്കിടുന്നത് എന്നത് ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം എട്ട് കോടിയാണ് ശ്രുതി സലാറിന് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന ആദ്യ തെലുങ്ക് പടം ആണ് സലാര്‍. വളരെ ശക്തമായൊരു വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് കോടിയാണ് താരത്തിന്റെ പ്രതിഫലം. എന്നാല്‍ അഞ്ച് കോടി മുതല്‍ ആറ് കോടി വരെ ആണ് പൃഥ്വിയുടെ പ്രതിഫലമെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജഗപതി ബാബുവിന് നാല് കോടിയാണ് പ്രതിഫലം. കെജിഎഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഇടയിലും വന്‍ പേര് ലഭിച്ച പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും പ്രശാന്ത് ആണ്. ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. തെലുങ്കിനൊപ്പം ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.

കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓഫറുമായി എത്തുകയാണ് സിട്രോണ്‍. ഇത്തവണ വര്‍ഷാന്ത്യ ഓഫറുകളാണ് സിട്രോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജനുവരി മുതല്‍ കാറുകള്‍ക്ക് വില വര്‍ദ്ധനവ് പ്രഖ്യാപിച്ചതിനാല്‍, ഈ ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഡിസംബര്‍ 31 വരെ ആകര്‍ഷകമായ നിരക്കുകളിലാണ് സിട്രോണ്‍ കാറുകള്‍ വാങ്ങാനാകുക. വര്‍ഷാന്ത്യ ആനുകൂല്യങ്ങളുടെ ഭാഗമായി, സിട്രോണ്‍ സി 3 എയര്‍ക്രോസിന് 1.5 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. അതേസമയം, സിട്രോണ്‍ സി 3 മോഡലിന് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ രണ്ടും സിട്രോണിന്റെ ജനപ്രിയ മോഡലുകളാണ്. ഈ മോഡലുകളെ വിലയാണ് ജനുവരി മുതല്‍ വര്‍ദ്ധിപ്പിക്കുന്നത്. മൂന്ന് ശതമാനം വരെ വില ഉയര്‍ത്തുമെന്ന് ഇതിനോടകം സിട്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിട്രോണിന് പുറമേ, 2024 ജനുവരി മുതല്‍ മാരുതി സുസുക്കി അടക്കമുള്ള വാഹന നിര്‍മ്മാതാക്കള്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദന ചെലവ് കണക്കിലെടുത്താണ് തിരഞ്ഞെടുത്ത മോഡലുകളുടെ വില ഉയര്‍ത്തുന്നത്. എന്നാല്‍, എത്ര ശതമാനമാണ് വില ഉയരുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചലിക്കുന്ന ശിലാപ്രതിമകള്‍… മാസപ്പടി കൈപ്പറ്റണമെങ്കില്‍ ദിവസം മുഴുവന്‍ ഏതെങ്കിലും സ്ഥാപനത്തിന്റെയോ ഷോപ്പിങ് മാളിന്റെയോ മുന്‍പില്‍ സെക്യൂരിറ്റിയായി നീണ്ടു നിവര്‍ന്നു നില്‍ക്കണം. എല്ലാം ഇവര്‍ കാണുന്നു, കേള്‍ക്കുന്നു, അറിയുന്നു… അനധികൃതമായി പാരീസിലേക്കു ചേക്കേറിയ ആഫ്രിക്കന്‍വംശജരെ പ്രതിനിധീകരിക്കുന്ന കസൂമിന്റെയും ഒസീരിയുടെയും അതിജീവനത്തിന്റെ കഥയാണിത്. നോവും നര്‍മ്മവും കയ്‌പ്പേറിയ യാഥാര്‍ത്ഥ്യങ്ങളോടുമൊപ്പം പാര്‍ശ്വവല്‍ക്കരണം, വംശീയത എന്നീ തലങ്ങളിലേക്കും ഈ നോവലിന്റെ താളുകള്‍ ചുരുളഴിയുന്നു. ‘പാറാവ്’. ഗോസ്. ഡിസി ബുക്സ്. വില 209 രൂപ.

തലവേദന പലരെയും അലട്ടുന്ന ഒരു പ്രേശ്നമാണ്. നെറ്റിത്തടത്തില്‍ അസഹനീയമായി തുടങ്ങുന്ന വിങ്ങലോട് കൂടി ആരംഭിക്കുന്ന മൈഗ്രേന്‍ മനംപുരട്ടല്‍ തുടങ്ങി ഛര്‍ദ്ദിയ്ക്കും കാരണമാകുന്നു. കൂടാതെ മണിക്കൂറുകളോളം നീണ്ടു നില്‍ക്കുകയും ചെയ്യും. ഇത്തരം ആസ്വസ്ഥതകളില്‍ നിന്നും രക്ഷനേടാന്‍ ഈ വഴികള്‍ ഒന്ന് പരീക്ഷിക്കൂ. ഓറഞ്ച്, മുന്തിരി, നാരങ്ങ പോലുള്ള സിട്രസ് ധാരാളമായി അടങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കരുത്. അതുപോലെ എരിവുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് വഴി സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ചിലര്‍ക്ക് എരിവുള്ള ആഹാരം കഴിക്കുന്നത് മൈഗ്രേന്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. മദ്യം, കാപ്പി, പഞ്ചസാര തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണം അമിതമാകുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. മൈഗ്രേന്‍ നിയന്ത്രിക്കുന്നതിനായി നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ കഫീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് നിയന്ത്രിക്കുക. ദിവസവും കഫീന്‍ അടങ്ങിയ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് തലവേദന കൂടാന്‍ കാരണമാകും. ചോക്ലേറ്റ് പോലുള്ളവയില്‍ കഫീന്റെ അളവില്‍ വ്യത്യാസം ഉള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. ഫ്രിഡ്ജില്‍ നിന്നെടുത്ത ആഹാരം ഉടനെ കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പാല്‍ ഉല്‍പന്നങ്ങള്‍, ചുട്ടെടുത്ത ഭക്ഷണങ്ങള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍, നിലക്കടല, സവാള അല്ലെങ്കില്‍ ദഹന സമയം കൂടുതല്‍ ആവശ്യമായ മാംസം പോലുള്ള ഭക്ഷണങ്ങളും ചിലരില്‍ മൈഗ്രേന്‍ തലവേദനയ്ക്ക് കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.19, പൗണ്ട് – 105.44, യൂറോ – 90.95, സ്വിസ് ഫ്രാങ്ക് – 96.04, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.90, ബഹറിന്‍ ദിനാര്‍ – 220.70, കുവൈത്ത് ദിനാര്‍ -270.31, ഒമാനി റിയാല്‍ – 216.14, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.85, കനേഡിയന്‍ ഡോളര്‍ – 62.14.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *