ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടം തുടര്‍ച്ചയായി നിലനിറുത്തി ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കുപ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ). ഇത് എക്കാലത്തെയും റെക്കോഡാണ്. 2021ല്‍ 8,700 കോടി ഡോളറും (7.24 ലക്ഷം കോടി രൂപ) 2022ല്‍ 11,122 കോടി ഡോളറുമാണ് (9.24 ലക്ഷം കോടി രൂപ) ലഭിച്ചിരുന്നത്. 2022ലാണ് ആദ്യമായി പ്രവാസിപ്പണമൊഴുക്കില്‍ ഇന്ത്യ 10,000 കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടത്. പ്രവാസിപ്പണം നേടുന്നതില്‍ മറ്റ് രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയുള്ള കുതിപ്പാണ് 2023ലും ഇന്ത്യ കാഴ്ചവച്ചതെന്ന് ലോക ബാങ്ക് വ്യക്തമാക്കുന്നു. മെക്സിക്കോ (6,700 കോടി ഡോളര്‍), ചൈന (5,000 കോടി ഡോളര്‍), ഫിലിപ്പൈന്‍സ് (4,000 കോടി ഡോളര്‍), ഈജിപ്ത് (2,400 കോടി ഡോളര്‍) എന്നിവയാണ് ടോപ് 5ല്‍ ഇന്ത്യക്ക് തൊട്ടുപിന്നാലെയുള്ളത്. ഇന്ത്യ അടക്കമുള്ള ലോവര്‍-മിഡില്‍ ഇന്‍കം രാജ്യങ്ങളിലേക്ക് 3.8 ശതമാനം വളര്‍ച്ചയോടെ 66,900 കോടി ഡോളര്‍ പ്രവാസിപ്പണമാണ് 2023ല്‍ ഒഴുകിയത്. ലാറ്റിന്‍ ആമേരിക്ക ആന്‍ഡ് കരീബിയന്‍ രാഷ്ട്രങ്ങള്‍ എട്ട് ശതമാനവും ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യ 7.2 ശതമാനവും വളര്‍ച്ച പ്രവാസിപ്പണമൊഴുക്കില്‍ ഈ വര്‍ഷം രേഖപ്പെടുത്തി. ഈസ്റ്റ് ഏഷ്യ ആന്‍ഡ് പസഫിക് 3 ശതമാനവും സബ് സഹാറന്‍ ആഫ്രിക്ക 1.9 ശതമാനവും വളര്‍ച്ച കുറിച്ചു. എന്നാല്‍ മിഡില്‍ ഈസ്റ്റിലേക്കും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള പ്രവാസിപ്പണമൊഴുക്ക് 5.3 ശതമാനം ഇടിഞ്ഞു. യൂറോപ്പിലേക്കും സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള പണമൊഴുക്ക് 1.4 ശതമാനവും കുറഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ യു.എ.ഇ., സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ പ്രവാസിപ്പണം നേടുന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം പുറത്തേക്ക് ഒഴുകിയ രാജ്യവും അമേരിക്കയാണ്. ഇന്ത്യയുടെ ജി.ഡി.പിയില്‍ പ്രവാസിപ്പണത്തിന്റെ പങ്ക് പക്ഷേ വെറും 3.4 ശതമാനമേയുള്ളൂ. പാകിസ്ഥാന്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഇത് 7 ശതമാനവും ബംഗ്ലാദേശില്‍ 5.2 ശതമാനവുമാണ്.
ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യ തന്നെ!
