yt cover 15

മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയ ഇഫ്ത്താര്‍ വിരുന്നില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും പങ്കെടുത്തതു വിവാദമായി. ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന് ആരോപിച്ചു മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണനയിലിരിക്കെയാണു ഇവര്‍ വിരുന്നില്‍ പങ്കെടുത്തത്. ഇതോടെ ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരന്‍ ആര്‍എസ് ശശികുമാര്‍ പറഞ്ഞു.

ട്രെയിനില്‍ തീയിട്ടതിനു പിറകില്‍ ആരുടേയും പ്രേരണയില്ലെന്നും സ്വന്തം തീരുമാനപ്രകാരമെന്നും ആവര്‍ത്തിച്ച് പ്രതി ഷാറൂഖ് സെയ്ഫി. പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു പിറകിലെ പമ്പില്‍ നിന്നാണെന്നു ഷാറൂഖ് പറഞ്ഞു. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഹിന്ദിക്കു പുറമേ, ഇംഗ്ളീഷിലും സംസാരിക്കാനുള്ള പ്രാവീണ്യമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയിലുടെ 14 ലക്ഷം പേരാണ് സ്വന്തം വീടിനര്‍ഹരായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ ജനപിന്തുണയാണ് ലൈഫ് പദ്ധതിക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ കടമ്പൂരിലെ 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറി.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

സുഗതകുമാരിയുടെ ‘വരദ’ എന്ന വീട് വിറ്റതു സര്‍ക്കാരുമായി ആലോചിക്കാതെയാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. മക്കള്‍ വീട് വിറ്റത് അറിഞ്ഞില്ല. ബന്ധുക്കള്‍ക്ക് സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഇപ്പോഴും വീട് സര്‍ക്കാരിന് കൈമാറിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണ് മന്ത്രി വ്യക്തമാക്കി.

ബ്രഹ്‌മപുരത്ത് 48.56 കോടി രൂപയ്ക്കു പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കണം. എട്ടു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥ. ഏപ്രില്‍ 25നാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

ബിജെപിക്കെതിരായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ അസംതൃപ്തരായ നേതാക്കളെ ഇടതുപക്ഷത്തേക്കു ക്ഷണിക്കുന്നെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസുകള്‍ നിരവധിയാണ്. എന്നാല്‍ കോണ്‍ഗ്രസ്, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കുന്നില്ല. ഇതില്‍ അതൃപ്തരായ അനേകരുണ്ട്. ഇവര്‍ക്കു ഇടതുപക്ഷത്തേക്കു വരാമെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പന്‍ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അതേ സമയം അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ എ.കെ ആന്റണിക്കെതിരായി ആരെങ്കിലും സൈബര്‍ ആക്രമണം നടത്തിയാല്‍ അത് പാര്‍ട്ടി വിരുദ്ധമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്ക് കെടി ജലീല്‍ തയ്യാറാകണമെന്നും അതിന് തയ്യാറായാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. ജലീല്‍ ഭീകരവാദിയാണെന്ന അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്നും ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജലീല്‍ നിയമനടപടിക്ക് മുന്‍കൈ എടുത്ത് മാതൃക കാണിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

പ്രവാസി വ്യവസായിയെയും ഭാര്യയേയും ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേരെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫിയെയും ഭാര്യയെയുമാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഭാര്യയെ വഴിയിലുപേക്ഷിച്ചു. ഷാഫി നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്വദേശിയായ സാലി എന്നയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇയാള്‍ വിദേശത്താണ്.

മദ്യപിച്ചു ലക്കുകെട്ട മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തൃശൂരിലെ ചേര്‍പ്പില്‍ കോടന്നൂരിനടുത്ത് ആര്യംപാടം ചിറമ്മല്‍ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകന്‍ റിജോ(25)യെ ചേര്‍പ്പ് പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം. ആവശ്യപ്പെട്ട സമയത്ത് ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തിയില്ലെന്ന് ആരോപിച്ചുള്ള സംഘര്‍ഷത്തിലാണ് പിതാവ് കൊല്ലപ്പെട്ടത്.

നാളെ ഈസ്റ്റര്‍. അമ്പതു ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പാചരണത്തിനു സമാപനം. കുരിശിലേറ്റി കൊന്ന യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ പ്രത്യാശാ നിര്‍ഭരമായ ആഘോഷമാണ് ഈസ്റ്റര്‍. ഇന്ന് അര്‍ധരാത്രിയോടെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുണ്ടാകും.

കളമശേരിയില്‍ ട്രെയിനില്‍നിന്നു വീണ യുവതിക്കു പോലീസ് രക്ഷകരായി. മാവേലി എക്സ്പ്രസില്‍ രാത്രി രണ്ടരയോടെ മംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് നെട്ടൂര്‍ സ്വദേശി വൈലോപ്പിള്ളി വീട്ടില്‍ സോണിയ (35) ട്രെയിനില്‍നിന്ന് വീണത്. യാത്രക്കാരി ട്രെയിനില്‍നിന്നു വീണെന്ന വിവരം ലോക്കോ പൈലറ്റ് റെയില്‍വേ പോലീസില്‍ അറിയിച്ചതിനാലാണ് രക്ഷിക്കാനായത്.

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ബസില്‍നിന്ന് യാത്രക്കാരായ യുവതിയേയും കുഞ്ഞിനേയും ഇറക്കിവിട്ടെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ചെന്ന കേസില്‍ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമടക്കം നാലു പേരെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാമന്‍കുത്ത് വീട്ടിച്ചാല്‍ സ്വദേശി പൂളക്കുന്നന്‍ സുലൈമാന്‍(44), സഹോദരന്‍ ഷിഹാബ് (42), സുലൈമാന്റെ മകളുടെ ഭര്‍ത്താവ് മുമുള്ളി സ്വദേശി തോടേങ്ങല്‍ നജീബ്(28), എടക്കര തെയ്യത്തുംപാടം സ്വദേശി വടക്കേതില്‍ സല്‍മാന്‍(24) എന്നിവരേയാണ് അറസ്റ്റു ചെയ്തത്.

കണ്ണൂരില്‍ പതിമൂന്നുകാരനെക്കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ച് കനല്‍ക്കൂനയിലൂടെ നടത്തിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിശിത വിമര്‍ശനം. ചിറക്കല്‍ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്.

ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അനിലിന് എന്തു പദവി നല്‍കുമെന്നും വൈകാതെ തീരുമാനിക്കും. അനില്‍ ആന്റണിയെ ബിജെപിയില്‍ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്താണെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും അനില്‍ ആന്റണി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

തമിഴ്‌നാട് നാഗര്‍കോവിലില്‍ വാഹനാപകടത്തില്‍ മലയാളികളായ റിട്ടയേര്‍ഡ് അധ്യാപകനും മകനും മരിച്ചു. കാരക്കോണം കന്നുമാമൂട് സ്വദേശി ജി.റസലിയന്‍ (66), മകന്‍ അരുണ്‍സാം (30) എന്നിവരാണ് മരിച്ചത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ബോര്‍ഡ് അംഗമായ ബി എസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പങ്കെടുക്കും.

ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ഏപ്രില്‍ മൂന്നാം വാരം റാലി നടത്താന്‍ രാഹുല്‍ ഗാന്ധി. റാലിക്ക് അനുമതി ലഭിച്ചില്ലെങ്കില്‍ അതു രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയില്‍ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസര്‍ക്കാരിന്റെ നിസ്സഹകരണം മൂലം പല പദ്ധതികളും വൈകുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. ഇതില്‍ നഷ്ടം തെലങ്കാനയിലെ ജനങ്ങള്‍ക്കാണ്. മോദി പറഞ്ഞു.

മോദിയെ വരവേല്‍ക്കാന്‍ തെലുങ്കാന ഭരിക്കുന്ന ബിആര്‍എസ് പാര്‍ട്ടി മോദിയെ പരിഹസിക്കുന്ന പോസ്റ്ററുകളും ഫ്ളക്സുകളും ഉയര്‍ത്തി. ‘മോദിയെ സ്വീകരിക്കാന്‍ പരിവാര്‍’ എന്നെഴുതിയ ഫ്ളക്സുകളാണ് ഹൈദരാബാദിലും സെക്കന്തരാബാദിലും ഉയര്‍ത്തിയത്. മോദിക്കെതിരേ കരിങ്കൊടി പ്രതിഷേധം തടയാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. മോദിയുടെ പരിപാടികളില്‍നിന്ന് മുഖ്യമന്ത്രി കെസിആര്‍ വിട്ടുനില്‍ക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. കോണ്‍ഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് ഒഴികെ മറ്റ് ഭരണമുന്നണി കക്ഷികളാരും പ്രത്യക്ഷ പ്രതിഷേധത്തിനില്ല. മൂന്ന് മണിക്കാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുക. ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ മോദി ഉദ്ഘാടനം ചെയ്യും.

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ വിധി പറഞ്ഞ സൂററ്റ് കോടതി ജഡ്ജിയുടെ നാവ് അറുക്കുമെന്ന ഭീഷണിയുമായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് ദിണ്ഡിക്കല്‍ ജില്ലാ അധ്യക്ഷന്‍ മണികണ്ഠനാണ് ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയത്.

അദാനി അനുകൂല നിലപാടുമായി ശരദ് പവാര്‍ വീണ്ടും രംഗത്ത്. അദാനിയും അംബാനിയും രാജ്യത്തിന് നല്‍കിയ സംഭവാനകള്‍ മറക്കരുതെന്നും ജെപിസി അന്വേഷണം അനാവശ്യമെന്നും പവാര്‍ ഇന്നും മാധ്യമങ്ങളോട് പറഞ്ഞു.

മദ്യപിച്ചു ലക്കുകെട്ട് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ അതിക്രമം നടത്തിയ പ്രതീക് (40) ആണ് അറസ്റ്റിലായത്.

രണ്ടു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം താരം ജസ്നീത് കൗറിനെ ബ്ലാക്ക് മെയില്‍ കേസില്‍ ലുധിയാന പോലീസ് അറസ്റ്റു ചെയ്തു. അര്‍ധനഗ്‌ന ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത് അനേകരെ ആകര്‍ഷിക്കാറുള്ള ജസ്നീത് യുവവ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.

തായ്വാനു ചുറ്റും സൈനിക അഭ്യാസവുമായി ചൈന. തായ് പ്രസിഡന്റ് സായി ഇങ് വെന്‍ പത്തു ദിവസത്തെ വിദേശ പര്യടനത്തിനിടെ അമേരിക്കയിലും സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ സൈനിക നടപടി.

ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. ഉച്ചതിരിഞ്ഞ് 3.30 ന് രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി കാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍.

മാര്‍ച്ചില്‍ രാജ്യത്തെ കല്‍ക്കരി ഉത്പാദനം 12 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 96.26 മില്യണ്‍ ടണ്ണില്‍ നിന്നും ഉത്പാദനം 12 ശതമാനം വര്‍ദ്ധിച്ച് 107.84 മില്യണ്‍ ടണ്ണായി. കൂടാതെ ഈ കാലയളവില്‍ ഉണ്ടായ കല്‍ക്കരി വിതരണത്തിലും 7.49 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിതരണം 77.38 മില്യണ്‍ ടണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇത്തവണ ഇത് 83.18 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. കോള്‍ ഇന്ത്യ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ്, ക്യാപ്റ്റീവ് മൈനുകള്‍ എന്നിവ വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 4.06 ശതമാനം, 8.53 ശതമാനം, 81.35 ശതമാനം എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി. ഇവയുടെ വിതരണത്തിലും വര്‍ദ്ധനവുണ്ടായി. വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 3.40 ശതമാനം, 12.61 ശതമാനം, 31.15 ശതമാനം എന്നിങ്ങനെയാണ് വര്‍ദ്ധിച്ചത്. കൂടാതെ, പവര്‍ യൂട്ടിലിറ്റികളുടെ വിതരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ 65.51 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 4.36 ശതമാനം വര്‍ദ്ധിച്ച് 68.36 മെട്രിക് ടണ്ണായി. രാജ്യത്തെ 37 പ്രധാന കല്‍ക്കരി ഉത്പാദന ഖനികളില്‍, 29 എണ്ണവും 100 ശതമാനത്തിലധികം ഉത്പാദനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ളവ 80 -100 ശതമാനം വരെയും റിപ്പോര്‍ട്ട് ചെയ്തു. കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനം, മാര്‍ച്ചില്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപെടുത്തിയതിനേക്കാള്‍ 5.70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തത്തിലുള്ള വൈദ്യുതി ഉത്പാദനം 2022 മാര്‍ച്ചില്‍ ഉത്പാദിപ്പിച്ച വൈദ്യുതിയെക്കാള്‍ 4.59 ശതമാനം കൂടുതലാണ്. മൊത്ത വൈദ്യുത ഉത്പാദനം ഫെബ്രുവരിയില്‍ ഉണ്ടായ 1,28,026 മില്യണ്‍ യൂണിറ്റിനെക്കാള്‍ 1,39,718 മില്യണ്‍ യൂണിറ്റായി വര്‍ധിച്ചു.

ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കായി ഏറ്റവും വലിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഡിസൈനില്‍ മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് വാട്സ്ആപ്പ്. ആന്‍ഡ്രോയ്ഡിലും ഇനിമുതല്‍ ഐ.ഒ.എസിലേത് പോലെ ‘ബോട്ടം നാവിഗേഷന്‍ ബാര്‍’ അവതരിപ്പിക്കാന്‍ പോവുകയാണ്. വിവിധ ഓപ്ഷനുകളിലേക്ക് എളുപ്പത്തില്‍ പോകാന്‍ ‘താഴെയുള്ള നാവിഗേഷന്‍ ബാര്‍’ സഹായിക്കും. ഐ.ഒ.എസില്‍ നിന്ന് ആന്‍ഡ്രോയ്ഡിലേക്ക് മാറുന്നവര്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് വാട്സ്ആപ്പ് ഉപയോഗിക്കുമ്പോഴാകും. കാരണം, വിവിധ ഓപ്ഷനുകളിലേക്ക് പോകണമെങ്കില്‍ വിരല്‍ സ്‌ക്രീനിന്റെ ഏറ്റവും മുകളിലേക്ക് എത്തിക്കണം. പുതിയ ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 2.23.8.4 ന്റെ ഭാഗമായി ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കായി ഈ ഫീച്ചര്‍ എത്താന്‍ പോകുന്ന കാര്യം വാബീറ്റഇന്‍ഫോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. അതേസമയം, പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ എപ്പോഴാണ് അപ്ഡേറ്റിലൂടെ സാധാരണ യൂസര്‍മാരിലേക്ക് എത്തുകയെന്ന കാര്യത്തില്‍ ഇപ്പോള്‍ സൂചനകളൊന്നും നല്‍കിയിട്ടില്ല. അതുപോലെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ ‘ലോക്ക് ചാറ്റ്’ സവിശേഷതയും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഏറ്റവും സ്വകാര്യമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍.

‘മെയ്ഡ് ഇന്‍ കാരവാന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘നീളും മണല്‍ പാത’ പുറത്തുവിട്ടു. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധാനം. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പര്‍ ഹിറ്റ് സിനിമകളായ ‘ഹൃദയം’, ‘ആനന്ദം’ തുടങ്ങിയവയിലൂടെ ശ്രദ്ധയാകര്‍ഷിച്ച അന്നു ആന്റണി നായികയാകുന്ന മെയ്ഡ് ഇന്‍ കാരവാന്‍ ഏപ്രില്‍ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. പൂര്‍ണമായും ദുബായ്യില്‍ ചിത്രീകരിച്ച ചിത്രമാണ് ‘മെയ്ഡ് ഇന്‍ കാരവാന്‍’. അജയ് കുന്നേലിന്റെ വരികള്‍ക്ക് ഷഫീഖ് റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികള്‍ ഇവരുടെ ജീവിതത്തിലേക്കു വന്നുചേരുകയും അവരെ ഇവര്‍ക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടല്‍ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രന്‍സ്, ജെ ആര്‍ പ്രിജില്‍, മിഥുന്‍ രമേഷ്, ആന്‍സണ്‍ പോള്‍, ഹഷിം കഡൗറ, അനിക ബോയ്ല്‍, എല്ല സെന്റ്‌സ്, നസാഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

പ്രണയവും നര്‍മവുമായി മനസ്സ് നിറച്ച് ‘അനുരാഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍., പ്രേമചന്ദ്രന്‍ എ.ജി. എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. ചിത്രം ഈ വരുന്ന മെയ് 5 ന് തിയറ്ററുകളില്‍ എത്തും. വണ്‍വേ പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വിന്‍ ജോസാണ്. ഗൗതം വാസുദേവ മേനോന്‍, ജോണി ആന്റണി, ദേവയാനി, ഷീല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗൗരി ജി. കിഷന്‍ ആണ് നായിക. ഇവരെ കൂടാതെ മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും അണിനിരക്കുന്നു. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ഇന്നോവ ഹൈക്രോസിന്റെ ഉയര്‍ന്ന വകഭേദത്തിന്റെ ബുക്കിങ് താല്‍കാലികമായി നിര്‍ത്തിവച്ച് ടൊയോട്ട. സ്ട്രോങ് ഹൈബ്രിഡ് പതിപ്പിന്റെ ഉയര്‍ന്ന വകഭേദങ്ങളായ എക്സ്ഇസഡ്, എക്സ്ഇസഡ് (ഒ) എന്നിവയുടെ ബുക്കിങ്ങാണ് ഏപ്രില്‍ 8 മുതല്‍ നിര്‍ത്തി വച്ചിരിക്കുന്നത്. ബുക്കിങ്ങുകളുടെ ആധിക്യവും നിര്‍മാണ ഘടകങ്ങളുടെ ലഭ്യത കുറവും മൂലമാണ് ബുക്കിങ് തത്കാലം നിര്‍ത്തിയതെന്നും ഇതുടന്‍ പുനരാരംഭിക്കുമെന്നും ടൊയോട്ട അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ടൊയോട്ട, ഇന്നോവ ഹൈക്രോസിനെ വിപണിയിലെത്തിക്കുന്നത്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളില്‍ വിപണിയലെത്തിയ വാഹനത്തിന്റെ എക്സ്ഷോറും വില 18.55 ലക്ഷം രൂപ മുതല്‍ 29.72 ലക്ഷം രൂപ വരെയാണ്. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ഹൈക്രോസിനുള്ളത്. 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ മോഡലില്‍ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോങ് ഹൈബ്രിഡ് ടെക്കാണ് ഉപയോഗിക്കുന്നത്. 152 ബിഎച്ച്പി കരുത്തും187 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഇലക്ട്രിക് മോട്ടറും കൂടി ചേര്‍ന്നാല്‍ 186 ബിഎച്ച്പിയാണ് കരുത്ത്. 1987 സിസി എന്‍ജിനാണ് പെട്രോള്‍ ഇന്നോവയ്ക്കു കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പില്‍ മാത്രമേ രണ്ട് എന്‍ജിനുകളും ലഭിക്കൂ.

അഗതാ ക്രിസ്റ്റിയുടെ എക്കാലവും വായിക്കാന്‍ കൊതിക്കുന്ന വിചിത്രസ്വഭാവിയായ ഒരു സ്ത്രീ ഡിറ്റക്ടീവായ മിസ്. മാര്‍പ്പിളിന്റെ അന്വേഷണങ്ങള്‍. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനം. ‘മൂന്നു കുരുടന്‍ ചുണ്ടെലികളും മറ്റു കഥകളും’. വിവര്‍ത്തനം: എം.എസ്. നായര്‍. ഡിസി ബുക്സ്. വില 288 രൂപ.

ഇന്ത്യക്കാരില്‍ 66 ശതമാനത്തിനും രക്തത്തില്‍ സാധാരണയിലും കവിഞ്ഞ തോതില്‍ ഹോമോസിസ്റ്റീന്‍ ഉള്ളതായി കണ്ടെത്തല്‍. ടാറ്റാ 1 എംജി ലാബിന്റെ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. ഹോമോസിസ്റ്റീന്റെ ഉയര്‍ന്ന തോത് ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കല്‍ തുടങ്ങി പലവിധ രോഗസങ്കീര്‍ണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിന്റെ അളവ് കൂടുന്നതിനെ ഹൈപ്പര്‍ഹോമോസിസ്റ്റിനീമിയ എന്നാണ് വിളിക്കുന്നത്. ഇത് വൈറ്റമിന്‍ ബി-12, വൈറ്റമിന്‍ ബി-6, വൈറ്റമിന്‍ ബി-9 എന്നിവയുടെ അളവ് ശരീരത്തില്‍ കുറഞ്ഞിരിക്കുന്നതിന്റെ സൂചനയാണ്. ലീറ്ററിന് അഞ്ച് മുതല്‍ 15 മൈക്രോമോള്‍സ് ആണ് ഹോമോസിസ്റ്റൈന്റെ സാധാരണ തോത്. ഇത് 50ന് മുകളിലേക്ക് ഉയരുന്നത് രക്തധമനികളുടെ ഉള്ളിലെ പാളിക്ക് ക്ഷതമുണ്ടാക്കും. കുറഞ്ഞ തൈറോയ്ഡ് തോത്, സോറിയാസിസ്, വൃക്കരോഗം, ജനിതക പ്രശ്നങ്ങള്‍, ചില മരുന്നുകള്‍ എന്നിവ ഹൈപര്‍ ഹോമോസിസ്റ്റിനീമിയയിലേക്ക് നയിക്കാം. വൈറ്റമിന്‍ ബിയുടെ അഭാവവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ് സാധാരണ തോതില്‍ ഹോമോസിസ്റ്റീന്‍ പരിശോധന നടത്താറുള്ളത്. തലകറക്കം, ക്ഷീണം, വായില്‍ പുണ്ണ്, കൈകാലുകളില്‍ മരവിപ്പ്, ചര്‍മത്തിന്റെ നിറം മങ്ങല്‍, ശ്വാസം മുട്ടല്‍, മൂഡ് മാറ്റങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ബിയുടെ അഭാവത്തെ തുടര്‍ന്ന് വരുന്ന ലക്ഷണങ്ങളാണ്. ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് മാത്രമല്ല ഡീപ് വെയ്ന്‍ ത്രോംബോസിസ്, പള്‍മനറി എംബോളിസം, ഓസ്റ്റിയോപോറോസിസ്, അതെറോസ്‌ക്ളിറോസിസ്, ത്രോംബോസിസ്, വെനസ് ത്രോംബോസിസ്, അല്‍സ്ഹൈമേഴ്സ് പോലുള്ള മറവി രോഗം എന്നിവയുമായും ഹൈപ്പര്‍ഹോമോസിസ്റ്റിനീമിയ ബന്ധപ്പെട്ടിരിക്കുന്നു. രക്തപരിശോധനയിലൂടെ ഹോമോസിസ്റ്റൈന്‍ തോത് കണ്ടെത്താം. വൈറ്റമിന്‍ ബി12, ബി6, ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ ഉപയോഗിച്ച് ഹോമോസിസ്റ്റീന്റെ ഉയര്‍ന്ന തോതിനെ ചികിത്സിക്കാറുണ്ട്. എന്നാല്‍ വൈറ്റമിന്‍ തോത് ഉയര്‍ത്തിയതു കൊണ്ടു മാത്രം ഹോമോസിസ്റ്റീനുമായി ബന്ധപ്പെട്ട ഹൃദയാഘാത സാധ്യത കുറയില്ല. ഇതിന് വ്യായാമം, പുകവലി ഒഴിവാക്കല്‍, പോഷക സമ്പുഷ്ടമായ ഭക്ഷ്യക്രമം എന്നിവയുള്‍പ്പെടുന്ന ജീവിതശൈലി മാറ്റങ്ങളും ആവശ്യമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.84, പൗണ്ട് – 101.82, യൂറോ – 89.98, സ്വിസ് ഫ്രാങ്ക് – 90.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.60, ബഹറിന്‍ ദിനാര്‍ – 218.57, കുവൈത്ത് ദിനാര്‍ -268.61, ഒമാനി റിയാല്‍ – 214.06, സൗദി റിയാല്‍ – 21.82, യു.എ.ഇ ദിര്‍ഹം – 22.29, ഖത്തര്‍ റിയാല്‍ – 22.48, കനേഡിയന്‍ ഡോളര്‍ – 60.36.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *