yt cover 52

സുപ്രീം കോടതിക്കെതിരേ കേന്ദ്ര നിയമമന്ത്രി. സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു. നിയമങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്നു കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് കോടതി അടിച്ചേല്പിക്കരുതെന്നാണു കിരണ്‍ റിജിജു പറഞ്ഞത്.

സുഡാനില്‍ വെടിയേറ്റു മരിച്ച മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല, മകള്‍ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറ് ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് രക്ഷിച്ചു. ദൗത്യം തുടരും.

പ്രേക്ഷക സഹസ്രങ്ങളെ ചിരിപ്പിച്ച നടന്‍ മാമുക്കോയയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. വീട്ടില്‍ പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷമാണ് മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോയത്. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘര്‍ഷം ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളും നിയമവിരുദ്ധമായി ചിത്രീകരിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ചിത്രീകരിച്ചതിന് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നോട്ടീസ് അയച്ചതിനെ സ്പീക്കര്‍ ന്യായീകരിച്ചു. നിയമസഭാ മന്ദിരം അതീവ സുരക്ഷാ മേഖലയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എഐ ക്യാമറ ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങളും രേഖകളും തേടി. മോട്ടോര്‍ വാഹന വകുപ്പില്‍നിന്നും ഫയലുകള്‍ കൈമാറി. കൊല്ലം ആന്റി കറപ്ഷന്‍ മിഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം.

സംസ്ഥാനത്ത് ഇന്നും മഴയ്ക്കു സാധ്യത. ഇടിമിന്നലും കാറ്റും ഉണ്ടാകാം. എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്കു വിറ്റ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള മോക്ക്ഡ്രില്‍ ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് മോക്ക് ഡ്രില്‍. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

എ ഐ ക്യാമറ വിഷയത്തില്‍ ജനങ്ങളുടെ സൗകര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യം സര്‍ക്കാര്‍ പരിശോധിക്കണം. അഴിമതി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കാനം പ്രതികരിച്ചു.

കൗണ്‍സിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരീഷിനെ ഏഴു വര്‍ഷം തടവിനും ഒന്നര ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ഇത് രണ്ടാം തവണയാണ് പോക്സോ കേസില്‍ ഗിരീഷിനെ കോടതി ശിക്ഷിക്കുന്നത്. ഒരു വര്‍ഷം മുമ്പ് പ്രതിയെ ആറ് വര്‍ഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു.

പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ചുകൊണ്ടിരുന്ന കുഴിയില്‍ അതിഥി തൊഴിലാളി വീണു. കൊല്‍ക്കത്ത സ്വദേശി നസീര്‍ (23) ആണ് 15 അടി താഴ്ചയുള്ള കുഴിയിലേക്കു വീണത്.

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യലിറ്റി ആശുപത്രിയില്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതി അശ്വിന്‍ പിടിയിലായി. മണ്ണാര്‍ക്കട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൈക്കില്‍നിന്നു വീണു പരിക്കേറ്റ് എത്തിയ അശ്വിന്‍ അടക്കം രണ്ടു പേരാണ് അതിക്രമം നടത്തിയത്. ആശുപത്രിയിലെ ജീവനക്കാര്‍ രാവിലെ പ്രതിഷേധ സമരം നടത്തി.

കര്‍ണാടകയിലെ അമ്പതു ലക്ഷത്തോളം ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വല്‍ റാലിയിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തില്‍ ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് മോദി അവകാശപ്പെട്ടു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്താകെ വര്‍ഗീയ കലാപമുണ്ടാകുമെന്നു പ്രസ്താവിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയത്.

അണ്വായുധംകൊണ്ട് തങ്ങളേയോ സഖ്യകക്ഷികളേയോ നേരിട്ടാല്‍ ഉത്തരകൊറിയയുടെ കഥ കഴിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സൂക് യോളുമൊന്നിച്ച് വൈറ്റ് ഹൗസില്‍ സംസാരിക്കവേയാണ് മുന്നറിയിപ്പു നല്‍കിയത്.

പട്ടിണികിടന്നു മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകാമെന്നും ദൈവത്തെ കാണാമെന്നുമുള്ള മത പുരോഹിതന്റെ വാക്കുകേട്ട് ആഹാരവും വെള്ളവുമുപേക്ഷിച്ച് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 95 കഴിഞ്ഞു. തീരനഗരമായ മാലിന്ദിയില്‍ നിന്ന് കുട്ടികളുടേതടക്കം 95 മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്. അതേസമയം വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി.

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്സാണ് നിലവില്‍ ഒന്നാമത്. ഇത്രയും കളികളില്‍ നിന്ന് 8 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് മൂന്നാമതാണ്.

ബജാജ് ഫിനാന്‍സ് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിലെ അറ്റാദായം 3158 കോടി രൂപയാണ്. കഴിഞ്ഞ സമാന കാലയളവിലെതിനേക്കാള്‍ 30ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,419 കോടി രൂപയായിരുന്നു അറ്റാദായം. അറ്റവരുമാനം കഴിഞ്ഞ കാലയളവിനേക്കാള്‍ 28 ശതമാനം ഉയര്‍ന്നു. മുന്‍ വര്‍ഷം നാലാം പാദത്തില്‍ 6,061 കോടി രൂപയായിരുന്നത് ഈകാലയളവില്‍ 7,771 കോടി രൂപയായി. പ്രവര്‍ത്തന ചെലവ് മുന്‍ വര്‍ഷ സമാന പാദത്തില്‍ 34.5 ശതമാനം ആയിരുന്നത് ഇത്തവണ 34.1ശതമാനമായി. മാര്‍ച്ച് പാദത്തില്‍ പുതുതായി ബുക്ക് ചെയ്ത ലോണുകളുടെ എണ്ണം 25 ശതമാനം ഉയര്‍ന്ന് 7.56 മില്യണ്‍ ആയി. മുന്‍ കാലയളവില്‍ ഇത് 6.28 മില്യണ്‍ ആയിരുന്നു. പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെ കമ്പനി ഓഹരി ഒന്നിന് 30 രൂപയെന്ന നിലയില്‍ ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്.

ജിയോയ്ക്ക് വീണ്ടും നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാര്‍ ഉപയോഗിച്ച് തീര്‍ത്തിരിക്കുന്നത്. 2016 ല്‍ ജിയോ ടെലികോം മേഖലയിലേക്ക് എത്തുമ്പോള്‍ രാജ്യത്തെ തന്നെ എല്ലാ നെറ്റ് വര്‍ക്കുകളുടെയും ഒരു കൊല്ലത്തെ ആകെ ഡാറ്റ ഉപഭോഗം എന്നത് 460 ജിബിയായിരുന്നു. 2023 ആയതോടെ ജിയോ നെറ്റ്വര്‍ക്കിലെ ഡേറ്റ ഉപഭോഗം 3030 കോടി ജിബിയായിരിക്കുകയാണ്. രാജ്യത്ത് പലയിടത്തും 5ജി കണക്ഷന്‍ എത്തിയതോടെയാണ് ജിയോയുടെ ഡാറ്റാ ഉപഭോഗം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ശരാശരി 23.1 ജിബി ഡാറ്റയാണ് ഓരോ മാസവും ജിയോ ഉപയോക്താക്കള്‍ ചെലവഴിക്കുന്നത്.ഏകദേശം 10 ജിബി ഡാറ്റയോളമാണ് ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ജിയോ നെറ്റ്വര്‍ക്കിലെ ഡാറ്റ ഉപയോഗത്തിന്റെ കണക്ക് എടുത്താല്‍ അത് ടെലികോം മേഖലയിലെ മൊത്തം ഉപഭോഗ ശരാശരിയേക്കാള്‍ ഏറെ കൂടുതലാണ്. കഴിഞ്ഞ പാദത്തിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2023 മാര്‍ച്ചോടെ ജിയോ ഏകദേശം 60,000 സൈറ്റുകളില്‍ 3.5 ലക്ഷത്തിലധികം 5ജി സെല്ലുകളാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 2,300 ലധികം നഗരങ്ങളിലും പട്ടണങ്ങളിലും നിലവില്‍ 5ജി ലഭിക്കുന്നുണ്ട്. നിലവില്‍ 5ജി സേവനങ്ങള്‍ കൂടുതലായി ജിയോ ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് ജയറാം അവതരിപ്പിച്ച ആഴ്വാര്‍കടിയന്‍ നമ്പി. കുടവയറും കുടുമയുമായി വ്യത്യസ്ത മേക്കോവറിലായിരുന്നു ജയറാം വേഷമിട്ടത്. രണ്ടാം ഭാഗം ചിത്രം ഏപ്രില്‍ 28ന് റിലീസിന് തയാറെടുക്കുകയാണ്. റിലീസിന് മുമ്പ് ഒരു സസ്‌പെന്‍സ് ടീസര്‍ ആണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ ഒരു വ്യത്യസ്ത വേഷത്തില്‍ കൂടി ജയറാം എത്തുന്നുണ്ട്. നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ ആണ് അത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ജയറാം തന്നെയാണ് ഈ മേക്കോവറിന്റെ സ്റ്റില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് മറ്റൊരു കഥാപാത്രമല്ല, മറിച്ച് ആദ്യ ഭാഗത്തിലെ കഥാപാത്രമായ ആഴ്വാര്‍കടിയന്‍ നമ്പി വേഷം മാറി വരുന്നതാണ്. പ്രൊമോയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കാര്‍ത്തിയും ഈ പ്രൊമോയിലുണ്ട്. ഐശ്വര്യ റായ്, തൃഷ, വിക്രം, ജയം രവി, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, പ്രഭു, വിക്രം പ്രഭു, ലാല്‍, ബാബു ആന്റണി, റിയാസ് ഖാന്‍ തുടങ്ങിയ മുന്‍നിര താരങ്ങളാണ് മണിരത്‌നം ചിത്രത്തില്‍ വേഷമിടുന്നത്.

പ്രതിസന്ധികളിലും വിവാദങ്ങളിലും പെട്ടിരുന്ന ഡിസിയുടെ ‘ദ ഫ്ലാഷ്’ ജൂണ്‍ 16, 2023ന് ആയിരിക്കും റിലീസ് ആകുക. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നു. പുതിയ ഡിസി യൂണിവേഴ്സിന് വേണ്ടി പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കും ഫ്ലാഷ് എത്തുക എന്നാണ് പടത്തിന്റെ പുതിയ ട്രെയിലര്‍ നല്‍കുന്ന സൂചന. മൈക്കല്‍ കീറ്റ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബാറ്റ്മാന്റെ വേഷത്തില്‍ തിരിച്ചുവരുന്നു എന്നതാണ് ട്രെയിലറിലെ ഏറ്റവും വലിയ സര്‍പ്രൈസ്. സൂപ്പര്‍ ഗേളും ചിത്രത്തില്‍ സാന്നിധ്യമാകുന്നുണ്ട്. ഇതിന് പുറമേ ട്രെയിലറില്‍ ബെന്‍ അഫ്ലെക്ക് ബാറ്റ്മാനായി തിരിച്ചെത്തുന്നതായി കാണിക്കുന്നുണ്ട്. ബെന്‍ അഫ്ലൈക്ക് ബ്രൂസ് വെയിനായി ഒരു ഗസ്റ്റ് റോളിലായിരിക്കും എന്നാണ് സൂചന. മൈക്കല്‍ ഷാനന്‍ മാന്‍ ഓഫ് സ്റ്റീലിലെ ജനറല്‍ സോഡായി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട് ഫ്ലാഷ് ട്രെയിലറില്‍. പ്രധാന വില്ലന്‍ ഈ റോള്‍ ആകാന്‍ സാധ്യതയുണ്ട്. എസ്ര മില്ലര്‍ അവതരിപ്പിക്കുന്ന ബാരി അലന്‍ എന്ന ഫ്ലാഷ് തന്റെ ഭൂതകാല നടന്ന ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ പിന്നോട്ട് സഞ്ചരിക്കുന്നതും അത് പാരലല്‍ വേള്‍ഡുകള്‍ തമ്മിലുള്ള സംയോജനത്തിന് വഴിവയ്ക്കുന്നതുമാണ് കഥഗതിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 2023 മെയ് 23 -ന് പ്രഖ്യാപിക്കുമെന്ന് സിമ്പിള്‍ എനര്‍ജി. ലോഞ്ച് ഇവന്റ് ബാംഗ്ലൂരില്‍ നടക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ വിപുലമായി പരീക്ഷിച്ചു വരികയാണ്. കൂടുതല്‍ ബാറ്ററി സുരക്ഷ ഉറപ്പാക്കുന്ന ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്സ് 156 ഭേദഗതി 3 പാലിക്കുന്ന ആദ്യത്തെ ഒഇഎം ആണ് സിമ്പിള്‍ എനര്‍ജി. ഇ-സ്‌കൂട്ടര്‍ വേഗതയേറിയതാണെന്നും മെച്ചപ്പെട്ട സ്റ്റൈലിംഗും മികച്ച ബാറ്ററി സംവിധാനവും പവര്‍ട്രെയിനും ഉള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നു. പവറിനായി, സിമ്പിള്‍ വണ്ണില്‍ 4.8കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 8.5കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നു. ഇത് സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന 72 എന്‍എം ടോര്‍ക്ക് നല്‍കുന്നു. ഇ-സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ക്ലെയിം ചെയ്ത പരിധി വാഗ്ദാനം ചെയ്യുന്നു, 2.85 സെക്കന്‍ഡില്‍ പൂജ്യം മുതല്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 105 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് കഴിയും. നാല് കളര്‍ ഓപ്ഷനുകളുണ്ട്. റെഡ്, ബ്രേസന്‍ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂര്‍ ബ്ലൂ. ഒന്നിലധികം കണ്‍ട്രോള്‍ ഫംഗ്ഷനുകളും ആപ്പ് കണക്റ്റിവിറ്റിയുമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ഇത് വരുന്നത്.

സര്‍ഗ്ഗാത്മകതയുടെ അനിതരസാധാരണമായ ഒരു സിദ്ധിവിശേഷം തന്നെയാണ് നാടകരചന. പഴയ, പുതിയകാല പ്രശ്നങ്ങളെ കൂട്ടിയിണക്കി ആണ്‍കോയ്മയുടെ സദാചാരവ്യവസ്ഥകളെ അതിലംഘിക്കുമ്പോള്‍ നാടകങ്ങള്‍ വരുംകാലത്തിന്റെ പ്രവചനങ്ങളായി മാറുന്നു. സാറാ ജോസഫിന്റെ രചനകള്‍ കാലം ആവശ്യപ്പെടുന്ന മറുലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അന്നുള്ള സ്ത്രീക്ക് ഭിന്നമായ ഒരു അര്‍ത്ഥം നല്‍കലാണത്. നിലനില്‍ക്കുന്ന സാമൂഹിക അസമത്വങ്ങളെ വലിച്ചെറിയുന്ന അപാരശക്തിയുള്ള വഴക്കം. സ്ത്രീശരീരത്തിന്റെ താളപൂര്‍ണതയെയും വേഗവ്യത്യസ്തതയേയും പുരുഷക്കാഴ്ചകളെ തകര്‍ത്തെറിയാനുള്ള തിരിച്ചറിവുകളും ഭാഷണവും ഈ നാടകത്തിലൂടെ അരങ്ങിലെത്തുമ്പോള്‍ സ്ത്രൈണ നാടക ജീവിതമാണ് സാര്‍ത്ഥകമാകുന്നത്. പുതിയൊരു സ്ത്രീ അരങ്ങാണ് കാഴ്ചപ്പെടുന്നത്. സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ കൈകളില്‍ അത് സുഭദ്രമായിരിക്കുന്നു എന്നതിന്റെ നാണയപ്പെടുത്തലാണ് ഭൂമിരാക്ഷസം, സ്ത്രീ, ചാത്തുമ്മാന്റെ ചെരുപ്പുകള്‍ എന്നീ മൂന്നു നാടകങ്ങളുടെ സമാഹാരം. ‘ഭൂമിരാക്ഷസം’. ഗ്രീന്‍ ബുക്സ്. വില 123 രൂപ.

സ്ത്രീകളുടെ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുന്ന പ്രായമാണ് മുപ്പതുകള്‍. അമ്മമാരാകുകയും മുലയൂട്ടുകയുമൊക്കെ ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പലര്‍ക്കും ശരീരഭാരം പരിധി വിട്ട് ഉയരാറുണ്ട്. ഇന്ത്യയിലെ നഗരങ്ങളിലുള്ള മൂന്നില്‍ രണ്ട് സ്ത്രീകളും ഗ്രാമീണ മേഖലകളിലുള്ള മൂന്നിലൊന്ന് സ്ത്രീകളും അമിതഭാരമുള്ളവരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 35 വയസ്സിന് ശേഷം ഭാരം കുറയ്ക്കുന്നത് പലര്‍ക്കും അത്ര എളുപ്പമായെന്ന് വരില്ല. മുപ്പതുകളിലുള്ള സ്ത്രീകള്‍ക്ക് ഭാരം കുറയ്ക്കാന്‍ ദിവസവും പിന്തുടരാവുന്ന അഞ്ച് ശീലങ്ങളുണ്ട്. ദിവസവും ഒരു മണിക്കൂര്‍ നടത്തം. ഭക്ഷണക്രമത്തിലെ ഫൈബറിന്റെ തോത് ദിവസം 30-35 ഗ്രാമിലേക്ക് ഉയര്‍ത്തുക. അത്താഴം ലഘുവായി രാത്രി ഏഴ് മണിക്ക് മുന്‍പ് നിര്‍ബന്ധമായും കഴിക്കുക. പ്രതിദിന എണ്ണയുടെ ഉപയോഗം 2-3 സ്പൂണായി പരിമിതപ്പെടുത്തുക. കുറഞ്ഞത് ഏതെങ്കിലും ഒരു നേരമെങ്കിലും പ്രധാനഭക്ഷണം സാലഡ് കഴിച്ച് ആരംഭിക്കുക. നിത്യവുമുള്ള വ്യായാമത്തിനും ചിട്ടയായ ഭക്ഷണക്രമത്തിനും പുറമേ ഇടയ്ക്കിടെയുള്ള ആരോഗ്യപരിശോധനകളും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വൈറ്റമിന്‍ ഡി, അയണ്‍ തുടങ്ങിയവയുടെ തോത്, ഗര്‍ഭാശയമുഖ അര്‍ബുദം, സ്തനാര്‍ബുദം എന്നിവയുടെ സാധ്യതകള്‍ തുടങ്ങിയവ ഒരു പ്രായത്തിന് ശേഷം എല്ലാ സ്ത്രീകളും പരിശോധിക്കേണ്ടതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.68, പൗണ്ട് – 101.79, യൂറോ – 90.26, സ്വിസ് ഫ്രാങ്ക് – 91.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.05, ബഹറിന്‍ ദിനാര്‍ – 216.69, കുവൈത്ത് ദിനാര്‍ -266.82, ഒമാനി റിയാല്‍ – 212.14, സൗദി റിയാല്‍ – 21.78, യു.എ.ഇ ദിര്‍ഹം – 22.24, ഖത്തര്‍ റിയാല്‍ – 22.43, കനേഡിയന്‍ ഡോളര്‍ – 59.93.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *