yt cover 45

◾ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍. പഞ്ചാബിലെ മോഗ ജില്ലയിലെ റോഡെ ഗുരുദ്വാര വളഞ്ഞ പോലീസിനു മുന്നില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. അമൃത്പാലിനെയും കൂട്ടാളികളെയും ആസാമിലെ ദിബ്രുഗഡിലെ ജയിലിലേക്കു മാറ്റും. അമൃത്പാലിന്റെ ഭാര്യയെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്തതിനു പിറകേയാണ് ഇയാള്‍ കീഴടങ്ങിയത്. സമാധാനം പാലിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ പൊലീസ് വലയില്‍നിന്ന് രക്ഷപ്പെട്ട അമൃത്പാലിനായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ ഒരു മാസമായി തെരച്ചില്‍ നടത്തിയിരുന്നു.

◾വന്ദേഭാരത് എക്സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കു ചെയര്‍കാറില്‍ യാത്ര ചെയ്യാന്‍ 1590 രൂപ. എക്സിക്യൂട്ടീവ് കോച്ചില്‍ 2,880 രൂപ. വിവിധ സ്റ്റേഷനുകളില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് കോച്ച് നിരക്ക് പിറകേ ബ്രാക്കറ്റില്‍. കൊല്ലം – 435 (820), കോട്ടയം- 555 (1075), എറണാകുളം- 765 (1420), തൃശൂര്‍ – 880 (1650), ഷൊര്‍ണൂര്‍ – 950 (1775), കോഴിക്കോട് -1090 (2060), കണ്ണൂര്‍ – 1260 (2415). ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്നു ബിജെപി ഓഫീസിലേക്കു ഭീഷണിക്കത്ത് എഴുതിയയാളെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചി കതൃകടവ് സ്വദേശിയും കാറ്ററിംഗ് സ്ഥാപനമുടമയുമായ മഞ്ചാടിക്കല്‍ സേവ്യറിനെയാണ് അറസ്റ്റു ചെയ്തത്. ശത്രുതയുള്ള ജോസഫ് ജോണിനെ കുടുക്കാന്‍ അദ്ദേഹത്തിന്റെ പേരു വെച്ചാണ് സേവ്യര്‍ കത്തെഴുതിയത്. കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് അറസ്റ്റു ചെയ്തത്.

◾ഇന്നും നാളെയും ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയും നാളത്തെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം – ഗുരുവായൂര്‍ സ്പെഷലും, ഷൊര്‍ണൂര്‍ കണ്ണൂര്‍ മെമുവും റദ്ദാക്കി. ഇന്നത്തെ കണ്ണൂര്‍ – എറണാകുളം എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവ തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിലിന്റെ മടക്കയാത്ര തൃശൂരില്‍ നിന്നായിരിക്കും. ഇന്നും നാളെയും മലബാര്‍ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ – കൊച്ചുവേളി ട്രെയിന്‍ നേമം വരെ മാത്രമേ സര്‍വീസ് നടത്തൂ.

ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ

◾വേണാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയം മാറ്റി. ഈ മാസം 28 മുതല്‍ രാവിലെ 5.25 നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്സ്പ്രസ് പുറപ്പെടുക. കായംകുളം വരെയാണ് സമയമാറ്റം. കൊല്ലം മുതല്‍ എറണാകുളം ടൗണ്‍ വരെയാണ് പാലരുവി എക്സ്പ്രസിന്റെ സമയമാറ്റം. പാലരുവി എക്സ്പ്രസ് 4.35 നു പകരം അഞ്ചിനാണ് കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52 ന് പകരം 8.50 ന് എത്തും. തിരിച്ചുളള സമയത്തില്‍ മാറ്റമില്ല.

◾പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് എട്ടു ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ക്കു ക്ഷണം. ബിജെപിയാണ് കൂടിക്കാഴ്ച ഒരുക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക, യാക്കോബായ സഭയിലെ ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ക്നാനായ കത്തോലിക്ക സഭ ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുര്യാക്കോസ്, സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ്, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍, കുര്യാക്കോസ് മാര്‍ സേവേറിയൂസ് എന്നിവര്‍ക്കാണു ക്ഷണം.

◾പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി വര്‍ധിപ്പിച്ചു. നേരത്തെ ഒന്നേകാല്‍ കിലോമീറ്ററാണ് നിശ്ചയിച്ചിരുന്നത്. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയാകും റോഡ് ഷോ. നേരത്തെ തേവര ജംങ്ഷന്‍ മുതലാണ് നിശ്ചയിച്ചിരുന്നത്. റോഡ് ഷോ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതിനാലാണ് 1.8 കിലോമീറ്ററാക്കിയത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനു മുമ്പേ പ്രതിരോധവുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ എറണാകുളം കലൂരില്‍ യുവജന കൂട്ടായ്മ. ഇന്നു വൈകുന്നേരം ഇരുപത്തയ്യായിരം പേരെ അണിനിരത്തുന്ന പരിപാടിയില്‍ പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങള്‍ ഉന്നയിക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഇന്നും നാളേയും പ്രതിഷേധസംഗമം നടത്തും.

◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

◾എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും പിഴ ഒരു മാസം കഴിഞ്ഞേ ചുമത്തൂവെന്നു പ്രഖ്യാപിച്ചതോടെ നിയമലംഘനങ്ങള്‍ കൂടി. ഈ മാസം 20 നായിരുന്നു ക്യാമറകള്‍ ഉദ്ഘാടനം ചെയ്തത്. തലേന്ന് 3,97,488 നിയമ ലംഘനങ്ങള്‍ കാമറകള്‍ ഒപ്പിയെടുത്തു. 20 നു നിയമലംഘനം 2,68,380 ആയി കുറഞ്ഞു. ഒരുമാസത്തേക്ക് പിഴയില്ലെന്നു പ്രഖ്യാപിച്ചതോടെ പിറ്റേന്ന് 2,90,823 നിയമ ലംഘനങ്ങളാണു റിപ്പോര്‍ട്ടു ചെയ്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിത്തുടങ്ങിയാല്‍ ദിവസം ശരാശരി 25 കോടി രൂപ സര്‍ക്കാരിനു ലഭിക്കും.

◾കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് രാജിവച്ചത്. വിവാഹിതര്‍ ഭാരവാഹിയാകേണ്ടന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ചുനിന്നതോടെയാണ് രാജിവച്ചത്.

◾കരിപ്പൂര്‍ വഴി സ്വര്‍ണം കള്ളക്കടത്തിന് ഒത്താശ ചെയ്ത രണ്ടു സൂപ്രണ്ടുമാര്‍ അടക്കം ഒമ്പത് ഉദ്യോഗസ്ഥരെ കസ്റ്റംസില്‍നിന്നു കൂട്ടത്തോടെ പിരിച്ചുവിട്ടു. സൂപ്രണ്ടുമാരായ എസ്. ആശ, ഗണപതി പോറ്റി എന്നിവരേയും ഇന്‍സ്പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുദീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍ എന്നിവരേയും അശോകന്‍, ഫ്രാന്‍സിസ് എന്നീ എച്ച്എച്ചുമാരേയുമാണു പിരിച്ചുവിട്ടത്.

◾എഐ ക്യാമറ സ്ഥാപിച്ചതിന്റെ ഇടപാടുകളില്‍ ദുരൂഹതയും അഴിമതിയും ഉണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ രേഖകള്‍ തന്നില്ല. എന്നാലിപ്പോള്‍ രേഖകളെല്ലാം തന്റെ കൈയ്യിലുണ്ട്. നാലു ദിവസത്തിനകം സര്‍ക്കാര്‍ സത്യം വെളിപെടുത്തിയില്ലെങ്കില്‍ രേഖകള്‍ പുറത്ത് വിടും. ചെന്നിത്തല മുന്നറിയിപ്പു നല്‍കി.

◾കാമറ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയേണ്ടത് പദ്ധതി നടപ്പാക്കുന്ന കെല്‍ട്രോണ്‍ ആണെന്ന് മന്ത്രി ആന്റണി രാജു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനു കരാര്‍ നല്‍കാന്‍ പ്രത്യേക ടെന്‍ഡറിന്റെ ആവശ്യമില്ല. അഞ്ചു വര്‍ഷത്തേയ്ക്ക് ക്യാമറകളുടെ പരിപാലനവും കെല്‍ട്രോണിനാണ്. താന്‍ മന്ത്രിയാകുന്നതിനു മുമ്പ് 2018 ലാണ് കെല്‍ട്രോണിനു കരാര്‍ നല്‍കിയതെന്നും ആന്റണി രാജു വ്യക്തമാക്കി.

◾രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിഞ്ഞതിനു പിറകേ വികാര നിര്‍ഭരമായ കുറിപ്പുമായി ടി.എന്‍ പ്രതാപന്‍ എംപി. അലഹബാദിലെ ആനന്ദ ഭവനും, സ്വരാജ്യ ഭവനും മോത്തിലാല്‍ നെഹ്‌റു പണികഴിപ്പിച്ചതാണ്. നെഹ്‌റു കുടുംബത്തിന്റെ തറവാട് എന്നുപറയാം. ഇന്നത് സര്‍ക്കാര്‍ സ്വത്താണ്. കുടുംബവീട് അവര്‍ രാജ്യത്തിനു നല്‍കി. രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച കുടുംബത്തിന്റെ പുതുതലമുറ ഈ രാജ്യത്തിനു വേണ്ടി തെരുവില്‍തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണെന്നും പ്രതാപന്‍ കുറിച്ചു.

◾ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നത് ഗുരുതരമാണ്. സര്‍ക്കാര്‍ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും മുരളീധരന്‍.

◾തിരുവനന്തരപുരം കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന ശേഷം പ്രതികളായ റീല്‍സ് താരം മീശ വീനിതും സംഘവും രക്ഷപ്പെടാനുപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തി. കവര്‍ച്ച നടത്തിയ ശേഷം തൃശൂരിലേക്കു രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറാണ് പൊലീസ് കണ്ടെടുത്തത്.

◾ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു യുവതികള്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍. എറണാകുളം കാലടി സ്വദേശി അജിന്‍സാം, അഖിലേഷ് സാബു, ജിതിന്‍ വര്‍ഗീസ്, പൂര്‍ണിമ ദിനേഷ്, ശ്രുതി സിദ്ധാര്‍ഥ് എന്നിവരാണ് അറസ്റ്റിലായത്.

◾കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരശാല നോക്കി നടത്തിപ്പുകാരന്‍ വ്യാജരേഖ ചമച്ച് ഷോപ്പ് സ്വന്തമാക്കിയെന്ന പരാതിയില്‍ വ്യാപാരി പിടിയിലായി. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ വ്യാപാരിയായ കല്ലായി ഫിദ മന്‍സില്‍ ഹൗസില്‍ പി. പി. ഷബീര്‍ ആണ് പിടിയിലായത്.

◾കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

◾ഭാര്യയെ കടിച്ച വളര്‍ത്തുനായയെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചു കൊല്ലുകയും പിടിച്ചുമാറ്റാനെത്തിയ വീട്ടുടമയായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി. ചാത്തന്നൂര്‍ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് കല്ലിയോട് സ്വദേശിയുമായ പ്രശാന്തിന് എതിരെയാണ് നെടുമങ്ങാട് പൊലീസില്‍ പരാതി ലഭിച്ചത്. അയല്‍വാസിയായ ആദിത്യ രശ്മിയുടെ വീട്ടില്‍ കയറിയാണ് പ്രശാന്ത് ആക്രമണം നടത്തിയത്.

◾എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ ഒറ്റപ്പാലം വാഴൂരില്‍ എക്സൈസ് പിടികൂടി. അബ്ദുള്‍ മെഹറൂഫ് (26), ഷെമീര്‍ അലി (30), ഷാഹുല്‍ ഹമീദ് (30), മുഹമ്മദ് ജംഷീര്‍ ( 35), മുഹമ്മദ് ഷെമീര്‍ (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾കല്‍പ്പറ്റ പനമരത്തിനടുത്ത് കൂളിവയലില്‍ മാര്‍ബിള്‍ ഷോറൂമിലെ ലോക്കര്‍ തകര്‍ത്ത് രണ്ടേകാല്‍ ലക്ഷം രൂപ കൈക്കലാക്കി മുങ്ങിയ സ്ഥാപനത്തിലെ ജീവനക്കാരും രാജസ്ഥാന്‍ സ്വദേശികളുമായ അഞ്ചംഗസംഘത്തെ പൊലീസ് പിടികൂടി. കൂളിവയലിലെ കാട്ടുമാടം മാര്‍ബിള്‍സില്‍ നിന്നാണു പണം അപഹരിച്ചത്.

◾അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്നു വിധിച്ച കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ‘മോദി’ പരാമര്‍ശം പരാതിക്കാരനെതിരായ വ്യക്തിപരമായ പരാമര്‍ശമല്ലെന്നും വിമര്‍ശിച്ചതു പ്രധാനമന്ത്രിയെ മാത്രാണെന്നും ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയെ സമീപിക്കുക.

◾എന്‍സിഇആര്‍ടി ശാസ്ത്രപുസ്തകത്തില്‍നിന്നു ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം നീക്കം ചെയ്തതില്‍ പ്രതിഷേധവുമായി ശാസ്ത്രജ്ഞരും അധ്യാപകരും. എന്‍സിആര്‍ടിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും എഴുതിയ തുറന്ന കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍. നേരത്തെ ചരിത്രപുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

◾നടന്‍ വിജയിന്റെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കം സര്‍വേ ആരംഭിച്ചു. ബൂത്ത് തലത്തിലാണ് സര്‍വേ നടത്തുന്നത്.

◾പൂഞ്ച് ഭീകരാക്രമണം ആസൂത്രിതമാണെന്നു തെളിവുകള്‍. റിമോട്ട് നിയന്ത്രിത സ്റ്റിക്കി ബോംബുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. എകെ 47 തോക്കുപയോഗിച്ച് 36 തവണ വെടിയുതിര്‍ത്തെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്നും സംശയമുണ്ട്.

◾സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കാന്‍ നടപടികളുമായി ഇന്ത്യന്‍ സൈന്യം. യുകെ, യുഎസ്, ഫ്രാന്‍സ്, ചൈന എന്നിവിടങ്ങളിലെ നയതന്ത്രജ്ഞരെയും പൗരന്മാരെയും സുരക്ഷിതമായി വ്യോമമാര്‍ഗം ഒഴിപ്പിക്കും. സൈനിക വിമാനത്തിലൂടെയാണ് ഒഴിപ്പിക്കുന്നത്.

◾ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരം ഏപ്രില്‍ 14 വരെ 1.657 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 586.412 ബില്യണ്‍ ഡോളറിലെത്തി. ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇത് തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലെ വര്‍ദ്ധനവാണ്. കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, മൊത്തം കരുതല്‍ ശേഖരം 6.306 ബില്യണ്‍ യു.എസ് ഡോളര്‍ ഉയര്‍ന്ന് 584.755 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഏപ്രില്‍ 14 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 2.204 ബില്യണ്‍ യു.എസ് ഡോളര്‍ വര്‍ദ്ധിച്ച് 516.635 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ആര്‍.ബി.ഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് പറയുന്നു. സ്വര്‍ണ ശേഖരം 521 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 46.125 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍.ബി.ഐ അറിയിച്ചു. സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 38 മില്യണ്‍ യു.എസ് ഡോളര്‍ കുറഞ്ഞ് 18.412 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്‌സ് ബാങ്ക് അറിയിച്ചു റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐ.എം.എഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ ധനം 12 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 5.19 ബില്യണ്‍ ഡോളറിലെത്തി, കണക്കുകള്‍ കാണിക്കുന്നു.

◾മൈക്രോസോഫ്റ്റ് സ്വന്തം നിലയ്ക്ക് എ.ഐ (നിര്‍മിത ബുദ്ധി) ചിപ്പുകള്‍ വികസിപ്പിക്കുന്നു. അഥീന എന്ന കോഡ് നാമം നല്‍കിയിട്ടുള്ള ചിപ്പ് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി പി ടി പോലുള്ള സാങ്കേതിക വിദ്യകളുടെ തുടര്‍ വികസനത്തിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. 2019 മുതല്‍ മൈക്രോസോഫ്റ്റ് എ.ഐ ചിപ്പ് വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. മനുഷ്യരെ പോലെ തന്നെ സംസാരിക്കുന്നതിനും ഭാഷ മനസിലാക്കുന്നതിനും പ്രാപ്തമാകത്തക്ക വിധത്തില്‍ വലിയ ഭാഷാ നൈപുണ്യം ലഭ്യമാക്കാനാണ് പുതിയ ചിപ്പ് വികസിപ്പിക്കുന്നത്. വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സിംഗ്, പാറ്റേണുകള്‍ തിരിച്ചറിയുക, മനുഷ്യ സംഭാഷണം അനുകരിക്കുക എന്നിവയ്ക്കും പുതിയ ചിപ്പ് ഉപയോഗപ്പടുത്തും. മൈക്രോസോഫ്റ്റ് ബിങ് സെര്‍ച് എന്‍ജിനില്‍ എ.ഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മൈക്രോസോഫ്റ്റ് എ.ഐ ചിപ്പുകള്‍ മറ്റ് നിര്‍മാതാക്കളില്‍ നിന്നാണ് വാങ്ങുന്നത്. വമ്പന്‍ ടെക്ക് കമ്പനികളായ ആമസോണ്‍, ഗൂഗിള്‍ എന്നിവരും സ്വന്തം എ.ഐ ചിപ്പ് വികസിപ്പിക്കുന്നുണ്ട്. നിലവില്‍ എന്‍വിഡിയ എന്ന കമ്പനിക്കാണ് ഈ വിപണിയില്‍ ആധിപത്യം ഉള്ളത്.

◾മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സംയുക്ത നായികയായി എത്തിയാണ് വിരൂപാക്ഷ. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ മിസ്റ്റിക് ത്രില്ലര്‍ വിരൂപാക്ഷ രണ്ട് ദിവസത്തില്‍ നേടിയത് 28 കോടി രൂപയിലധികം കളക്ഷനാണ്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരിക്കുന്നത്. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങള്‍ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യില്‍ അജയ്, സായ് ചന്ദ്, ബ്രഹ്‌മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

◾അജയ് ദേവ്ഗണ്‍ ബാജിറാവു സിങ്കമായി വീണ്ടും വെള്ളിത്തിരയില്‍ എത്തും. സിങ്കത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിങ്കം 3യുടെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് വിവരം. 2024 ഓഗസ്റ്റ് 15-ന് സിങ്കം എഗെയ്ന്‍ ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 2023 ആഗസ്റ്റില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. നേരത്തെ ഡിസംബറില്‍ സിങ്കത്തിന്റെ മൂന്നാംഭാഗത്തില്‍ ദീപിക പാദുകോണ്‍ നായികയാകും എന്ന വാര്‍ത്ത വന്നിരുന്നു. ചിത്രത്തില്‍ ഒരു വനിത പൊലീസ് ഓഫീസറായിട്ടായിരിക്കും ദീപിക എന്നായിരുന്നു അന്ന് വന്ന വാര്‍ത്ത. തമിഴില്‍ വന്‍ വിജയമായ സൂര്യയുടെ സിങ്കം സിനിമയുടെ റീമേക്കായാണ് രോഹിത്ത് ഷെട്ടി അജയ് ദേവ്ഗണിനെ ബാജിറാവു സിങ്കമാക്കി ബോളിവുഡില്‍ എടുത്തത്. പിന്നീട് ഇതിനൊപ്പം ഇതിന്റെ രണ്ടാം ഭാഗവും ഇറക്കി. പിന്നീട് ഇതില്‍ നിന്നും തുടര്‍ച്ചയായി സിംബ, സൂര്യവംശി എന്നീ പടങ്ങള്‍ കൂടി ഇറക്കി. ഇതില്‍ സിംബയിലും സൂര്യവംശിയിലും അജയ് ദേവ്ഗണിനെ ബാജിറാവു സിങ്കം അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു രോഹിത്ത് ഷെട്ടി ‘കോപ്പ് യൂണിവേഴ്സ്’ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇതിലെ അടുത്ത ചിത്രമായിരിക്കും സിങ്കം 3.

◾പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ സി.എന്‍.ജി മോഡലിന്റെ ബുക്കിംങ് ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ചു. എക്സ് ഇ, എക്സ എം+, എക്സ് ഇസെഡ്, എക്സ് ഇസെഡ്+ എന്നിങ്ങനെ നാലു വേരിയന്റുകളില്‍ പുറത്തിറക്കുന്ന സി.എന്‍.ജി ആള്‍ട്രോസ് 21,000 രൂപ നല്‍കി ബുക്കു ചെയ്യാനാകും. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2023ലാണ് ടാറ്റ മോട്ടോഴ്‌സ് ആള്‍ട്രോസ് സി.എന്‍.ജി മോഡല്‍ അവതരിപ്പിച്ചത്. മൂന്നാമത്തെ സി.എന്‍.ജി മോഡലാണ് ആള്‍ട്രോസിന്റെ രൂപത്തില്‍ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ട്വിന്‍ സിലിണ്ടര്‍ സി.എന്‍.ജി ടെക്‌നോളജി ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത് ആള്‍ട്രോസിലാണ്. 30 ലിറ്റര്‍ വീതം വഹിക്കാവുന്ന രണ്ട് സി.എന്‍.ജി സിലിണ്ടറുകളാണ് സി.എന്‍.ജി കിറ്റിലുള്ളത്. ലഗേജ് സ്‌പേസിനെ കാര്യമായി ബാധിക്കാത്ത വിധത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 300 ലിറ്റര്‍ ബൂട്ട്‌സ്‌പേസാണ് ആള്‍ട്രോസ് ഐസിഎന്‍ജിക്കുള്ളത്. ഓപെറ ബ്ലൂ, ഡൗണ്‍ടൗണ്‍ റെഡ്, ആര്‍കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ആള്‍ട്രോസ് സി.എന്‍.ജി മോഡല്‍ എത്തുന്നത്. തിയാഗോയുടേയും തിഗോറിന്റേയും സി.എന്‍.ജി മോഡലുകളുടെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ആള്‍ട്രോസ് സി.എന്‍.ജിക്കുമുള്ളത്.

◾ലോകം അടഞ്ഞുപോയ നാളുകളില്‍ ഒരു മധ്യവര്‍ഗ മലയാളി തന്റെ ഓര്‍മകള്‍ രേഖപ്പെടുത്തുന്നു. അതില്‍ ഗ്രാമമുണ്ട്, ഉത്സവമുണ്ട്, ഗ്രാമത്തില്‍ നിന്ന് അയാള്‍ താണ്ടിയ ദൂരങ്ങളൊക്കെയുമുണ്ട്. പല നാടുകള്‍, ദേശങ്ങള്‍, സംസ്‌കാരങ്ങള്‍. ഒരു മനുഷ്യന്‍ തന്റെ ഓര്‍മകളെ കുറിക്കുമ്പോള്‍ അയാളുടെ അനുഭവങ്ങളുടെ ചരിത്രം രേഖപ്പെടുത്തപ്പെടുന്നു. മനുഷ്യന്റെ ചിന്തയുടെ, ഒരു കാലഘട്ടത്തിന്റെയൊക്കെ അടയാളപ്പെടുത്തലായി അത് മാറുന്നു. കുന്നോളമുള്ള തന്റെ ഓര്‍മകള്‍ പകര്‍ത്തുമ്പോള്‍ ഇന്നലെകളുടെ ചിത്രങ്ങളും അയാള്‍ വായനക്കാരന് കൈമാറുന്നു. ‘തിരിഞ്ഞുനോക്കുമ്പോള്‍’. വി. എം. സുധീര്‍. ഗ്രാസ് റൂട്ട്സ്. വില: 480 രൂപ.

◾കണ്ണിനു ചുറ്റും കറുപ്പും ചുളിവുകളും ഉണ്ടാകുന്നത് കൂടുതല്‍ സ്‌ട്രെസ് ഉണ്ടാകുമ്പോാണ്. ഉറക്കം കുറഞ്ഞാലും ഇത് സംഭവിക്കാം. എന്നാല്‍ നല്ല ഉറക്കം ലഭിച്ചിട്ടും കണ്ണുകള്‍ക്ക് തളര്‍ച്ച ആണെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണം. അലര്‍ജി ഉണ്ടെങ്കില്‍ കണ്ണുകള്‍ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെടാം. എന്തെങ്കിലും പൊടികള്‍ അലര്‍ജി ഉണ്ടാക്കുമ്പോള്‍ ശരീരം ഹിസ്റ്റമിന്‍ എന്ന കെമിക്കല്‍ ഉല്‍പാദിപ്പിക്കും. ഇത് കണ്ണുകള്‍ക്കു താഴെയുള്ള രക്തക്കുഴലുകളെ ചുരുക്കും. ഇതാണ് കണ്ണുകള്‍ തടിച്ചു വീര്‍ത്തും തളര്‍ന്നും കാണപ്പെടാന്‍ കാരണം. കണ്ണുകള്‍ തളരാന്‍ മറ്റൊരു കാരണം ജലാംശം കുറയുന്നതാണ്. കണ്ണുകള്‍ക്കു ചുറ്റുമുള്ള ചര്‍മം വളരെ സെന്‍സിറ്റീവ് ആണ്. ഇതുമൂലം വെള്ളത്തിന്റെ അഭാവം ശരീരത്തില്‍ ഉണ്ടായാല്‍ അത് കണ്ണില്‍ പ്രതിഫലിക്കും. ഉപ്പിന്റെ അമിത ഉപയോഗം കണ്ണുകളെ തളര്‍ത്താം. ഉപ്പ് അധികം കഴിച്ചാല്‍ അത് ശരീരത്തില്‍ കൂടുതല്‍ വെള്ളം കെട്ടാന്‍ കാരണമാകും. കണ്ണിനു ചുറ്റുമുള്ള സെന്‍സിറ്റീവ് സ്‌കിന്നില്‍ ഇത് കൂടുതല്‍ ബാധിക്കും. ഉപ്പിന്റെ ഉപയോഗം കുറച്ച്, വെള്ളം ധാരാളം കുടിക്കുകയാണ് ഇതിനുള്ള പ്രതിവിധി. കഫീന്‍ അടങ്ങിയ ഡ്രിങ്കുകള്‍ കണ്ണിനെ തളര്‍ത്തും. ദിവസവും 4-5 കപ്പ് കാപ്പി കുടിക്കുന്നവര്‍ ഉറങ്ങി ഉണര്‍ന്നാല്‍ കണ്ണുകള്‍ക്ക് ക്ഷീണം ഉണ്ടാകാം. കോഫിക്ക് പകരം ഗ്രീന്‍ ടീ ശീലമാക്കാം. കണ്ണിന് അമിതമായി സ്ട്രെയ്ന്‍ നല്‍കിയാല്‍ തളര്‍ച്ച ഉണ്ടാകുക സ്വാഭാവികം. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ ഓരോ ഇരുപതുമിനിറ്റ് കൂടുമ്പോഴും കണ്ണിനു വിശ്രമം നല്‍കുക. അതുപോലെ എന്തെങ്കിലും അസ്വസ്ഥതകള്‍ കണ്ണിന് ഉണ്ടായാല്‍ ഉടനടി ഡോക്ടറെ കണ്ടു പരിശോധിപ്പിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *