ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ അതിസാഹസികമായി കമിഴ്ന്നു കിടന്ന് ഒരു യുവതി. 380 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ ഉച്ചിയില്‍ താഴേക്കു പതിക്കാനാരംഭിക്കുന്ന ഭാഗത്താണു യുവതി കമഴ്ന്നുകിടന്ന് വെള്ളച്ചാട്ടത്തെ ആസ്വദിക്കുന്നത്. ‘വിചിത്രവും ഭീതിജനകവും’ (വിര്‍ഡ് ആന്‍ഡ് ടെറിഫൈംയിംഗ്) എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ സാഹസിക വീഡിയോ പുറത്തുവിട്ടത്.
പതിനഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നാല് ദിവസത്തിനുള്ളില്‍ കണ്ടത് രണ്ടര കോടി ജനങ്ങളാണ്. രണ്ടു ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളും രേഖപ്പെടുത്തി. മനോഹരമായ വീഡിയോ എന്നും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രമേ വെള്ളച്ചാട്ടം താഴേക്ക് പതിക്കാന്‍ തുടങ്ങുന്ന ഭാഗത്ത് നില്‍ക്കാനാകൂവെന്നാണ് പലരും കമന്റ് ചെയ്തത്. അതേസമയം സ്വന്തം ജീവനെ അപകടത്തിലാക്കരുതെന്നു മറ്റു ചിലര്‍ മുന്നറിയിപ്പു നല്‍കി.
സാഹസികയായ യുവതിയുടെ വിശദാംശങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടില്ല.
സാംബിയ – സിംബാബ്‌വേ അതിര്‍ത്തിയിലെ അപകടകരമായ ഈ വെള്ളച്ചാട്ടത്തിനു ഡെവിള്‍സ് പൂള്‍ എന്ന അപരനാമവുമുണ്ട്. വെള്ളച്ചാട്ടത്തിനു മുകളില്‍ വേറേയും വിനോദസഞ്ചാരികള്‍ ഇതേ സാഹസിക യജ്ഞം നടത്താറുണ്ട്. എന്നാല്‍ ഇത്രയേറെ ആളുകള്‍ കാണുകയും പ്രതികരിക്കുകയും ചെയ്ത വിഡിയോ വേറെയില്ലെന്നതാണു സവിശേഷത.
വൈറലായ വീഡിയോക്കു കമന്റായി വന്ന മറ്റൊരു വീഡിയോ സാഹസിക യജ്ഞത്തിന്റെ രഹസ്യം അനാവരണം ചെയ്യുന്നതാണ്: വെള്ളച്ചാട്ടത്തിലേക്കു വലിച്ചുകെട്ടിയ സുരക്ഷാ വടങ്ങളില്‍ അള്ളിപ്പിടിച്ചാണ് വെള്ളച്ചാട്ടത്തിന്റെ ശക്തമായ ഒഴുക്കിനെ അതിജീവിക്കുന്നതെന്നു കാണിക്കുന്നതാണ് ഈ വീഡിയോ.
https://t.co/LwjOxoUrYF
(https://twitter.com/weirdterrifying/status/1608789387890003968?t=U8dyTR6ys2gLc0C6szXE2A&s=03)