കുടുംബശ്രീ അംഗങ്ങൾക്ക് മീറ്റിംഗിൽ ചൊല്ലാനായി കുടുംബശ്രീ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്ത തള്ളി കുടുംബശ്രീ ഡയറക്ടർ. കേന്ദ്രസർക്കാർ നൽകിയ സത്യപ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും ഡയറക്ടർ വ്യക്തമാക്കി.
കുടുംബശ്രീ ഡയറക്ടറുടെ വിശദീകരണം
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ(NRLM) ‘നയി ചേതന ‘ എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തിവരുന്നു.
ലിംഗാധിഷ്ഠിത അതിക്രമങ്ങൾ അതിക്രമങ്ങളെ തിരിച്ചറിയുക അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക അതിക്രമങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
കേരളത്തിൽ ഈ പരിപാടിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. നയി ചേതന ജൻഡർ ക്യാമ്പയിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല എന്നറിയിക്കുന്നു.
ജെന്‍ഡര്‍ ക്യാംപയിന്‍റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാന്‍ നല്‍കിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചതായി നേരത്തെ വിവരമുണ്ടായിരുന്നു. ചില മുസ്ളീം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രതിജ്ഞ ഒഴിവാക്കിയതെന്നാണ് കുടുംബശ്രീ അധികൃതര്‍ നൽകിയ വിശദീകരണം.
കുടുംബശ്രീ അംഗങ്ങൾ വ്യാപകമായി ഈ പ്രതിജ്ഞ ചൊല്ലുകയും ഫോട്ടോ എടുത്ത് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ജം ഇയ്യത്തുല്‍ ഖുത്വബാ ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ കുടുംബശ്രീ അംഗങ്ങള്‍ ചൊല്ലിയ പ്രതിജ്ഞക്കെതിരെ രംഗത്ത് എത്തിയിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്ന വിമര്‍ശനം.