കിയ കാരന്‍സിന് പൊലീസ് മുഖം നല്‍കി പഞ്ചാബ്. പ്രത്യേകം നിര്‍മിച്ച 71 വാഹനങ്ങളാണ് കിയ, പഞ്ചാബ് പൊലീസിന് കൈമാറിയത്. പൊലീസിനെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കിയ കാരന്‍സ് എത്തിയത്. എമര്‍ജെന്‍സി റെസ്‌പോണ്‍സ് വാഹനമായിട്ടാണ് പുതിയ കാരന്‍സ് പഞ്ചാബ് പൊലീസ് ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷം ആദ്യം നടന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കാരന്‍സിന്റെ സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍സ് കിയ പ്രദര്‍ശിപ്പിച്ചിരുന്നു. പൊലീസ് വാഹനത്തെ കൂടാതെ ആംബുലന്‍സായി ഉപയോഗിക്കുന്ന കാരന്‍സും അന്ന് പ്രദര്‍ശിപ്പിച്ചു. കരുത്തന്‍ എന്‍ജിന്‍ കിയ, കാരന്‍സില്‍ ഉപയോഗിക്കുന്ന 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പഞ്ചാബ് പൊലീസിന്റെ വാഹനത്തിലും. എന്നാല്‍ കരുത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പോലീസിന്റെ വയര്‍ലെസ് സംവിധാനവും മറ്റും ഘടിപ്പിക്കാനായി 60 എഎച്ചിന്റെ ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. ഹൈ ഡെന്‍സിറ്റി സ്‌ട്രോബ് ലൈറ്റ്, പബ്ലിക് അനോണ്‍സ്‌മെന്റ് സിസ്റ്റം, വയര്‍ലെസ് സംവിധാനം, ഡയല്‍ 112 എമര്‍ജെന്‍സി റെസ്‌പോണ്‍ സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ പൊലീസ് കാരന്‍സിലുണ്ട്. കാരന്‍സിന്റെ മറ്റു മോഡലുകളെപ്പോലെ തന്നെ ഹൈ സ്റ്റേങ്ത് സ്റ്റീലില്‍ തന്നെയാണ് നിര്‍മാണം. നാലു വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്, എബിഎസ്, ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്, ടിപിഎംസ് തുടങ്ങി കാരന്‍സിന്റെ മറ്റു മോഡലുകളിലുള്ള സുരക്ഷ സംവിധാനങ്ങളെല്ലാം പൊലീസ് വേരിയന്റിലുമുണ്ട്.