അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാലു ചെറുപ്പക്കാര്‍. ഒറ്റ മനസ്സുമായി ജീവിക്കുന്ന ഇവര്‍ക്കൊപ്പം ‘ലോല’ എന്ന പെണ്‍കുട്ടിയും കടന്നു വരുന്നു. സ്വാതന്ത്ര്യം അതിന്റെ പാരമ്യതയില്‍ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ‘ലോല’. മധ്യപ്രദേശിലെ ഖജ്‌രാഹോ എന്ന ഷേത്രത്തിന്റേയും അതിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തിന്റെയും പ്രത്യേകതകള്‍ കേട്ട് അങ്ങോട്ടു യാത്ര തിരിക്കുകയാണ് ഈ സംഘം. അവിടേക്കുള്ള ഇവരുടെ യാത്രയും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളും തരണം ചെയ്ത് ഖജ്‌രാഹോയിലെത്തുന്നതോടെ പുതിയ വഴിത്തിരിവിലേക്കും നയിക്കപ്പെടുന്നു. ഈ സംഭവങ്ങള്‍ തികഞ്ഞ നര്‍മ്മത്തിലൂടെയും ഒപ്പം ഏറെ ഉദ്വേഗത്തോടെയും അവതരിപ്പിക്കുകയാണ് ‘ഖജുരാഹോ ഡ്രീംസി’ലൂടെ. സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്‌സേന എന്നിവരും പ്രധാന താരങ്ങളാണ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.