രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിംഗ് സംസ്ഥാനമെന്ന പദവി സ്വന്തമാക്കി കേരളം. സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന പുതിയ മാനദണ്ഡമായ എച്ച്.യു.ഐ.ഡി നടപ്പാക്കിയിട്ട് രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തില്‍ ഇതിനോടകം 6,000 ജ്വല്ലറികളാണ് ലൈസന്‍സ് നേടിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കോഴിക്കോടും ഇടുക്കിയിലും ഹോള്‍മാര്‍ക്കിംഗ് സെന്റര്‍ തുറന്നിരുന്നു. ഹോള്‍മാര്‍ക്കിംഗ് സെന്ററുകളില്‍ നിന്നും പ്രതിദിനം 4 ലക്ഷത്തോളം ആഭരണങ്ങളിലാണ് എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്നത്. രാജ്യത്ത് 300 കോടി ആഭരണങ്ങളില്‍ ഇതിനോടകം തന്നെ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 3,000 കോടി ടണ്ണോളമാണ് ഇവയുടെ അളവ്. 2021 ജൂലൈയിലാണ് കേന്ദ്രസര്‍ക്കാരും, ബിഐഎസും സ്വര്‍ണാഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി മുദ്ര നിര്‍ബന്ധമാക്കിയത്. നിലവില്‍, 10,000-ത്തിലധികം ജ്വല്ലറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 250-275 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. ജ്വല്ലറികളില്‍ നിന്ന് ഉപഭോക്താവ് വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുക എന്നതാണ് എച്ച്.യു.ഐ.ഡി പതിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എച്ച്.യു.ഐ.ഡി പരിശോധിക്കുന്നതിലൂടെ ആഭരണം നിര്‍മ്മിച്ചത് എവിടെയാണ്, ഹോള്‍മാര്‍ക്ക് ചെയ്തത് എവിടെയാണ് തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിംഗ് സംസ്ഥാനമായി കേരളം
