കാരക്കുളിയനിലെ പന്ത്രണ്ട് കഥകളിലൂടെ കടന്നുപോയപ്പോള്‍ കുറ്റബോധത്തിന്റെ വേരുകള്‍ പല നിലയില്‍ പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടു. കുറ്റബോധത്തിന്റെ മേലേരിയില്‍ വേവാന്‍ വിധിക്കപ്പെട്ട, പാപബോധത്തിന്റെ കാരമുള്ളില്‍ നോവാന്‍ ഒരുക്കപ്പെട്ട മനസ്സുകളുടെ നീണ്ട നിലവിളി പല ഒച്ചകളില്‍ നാം കേള്‍ക്കുന്നു. സത്യം പാലിക്കാനാവാത്ത, ധര്‍മ്മം ആചരിക്കാനാവാത്ത, നല്ലത് ചെയ്യാന്‍ കഴിയാത്ത മാരകമായ ആഴ്ന്നിറങ്ങുന്ന കുറ്റബോധം കഥകളുടെ പ്രമേയത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചുകൊണ്ട് നില്ക്കുന്നു. ആത്മബോധത്തെയും ആത്മബലവും മാത്രമല്ല ആരോഗ്യത്തെയും നശിപ്പിച്ച് കനമില്ലാത്തവരും നിലപാടില്ലാത്തവരുമാക്കി മാറ്റുന്ന ചെയ്തികള്‍ വ്യക്തികളെയും സമൂഹത്തെയും പ്രതിസന്ധിയിലാക്കുന്ന വിപര്യയും കഥകളില്‍ നിലീനമായിക്കിടക്കുന്നു. ‘കാരക്കുളിയന്‍’. അംബികാസുതന്‍ മാങ്ങാട്. ഡിസി ബുക്‌സ്. വില 161 രൂപ.