ഇന്ത്യയില്‍ ആരംഭിച്ച വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമാണ് ജിയോ എയര്‍ ഫൈബര്‍. ഫൈബര്‍-ഒപ്റ്റിക് നെറ്റ്വര്‍ക്കിലൂടെ ഇത് അതിവേഗ ഇന്റര്‍നെറ്റ്, ഹോം എന്റര്‍ടൈന്‍മെന്റ്, സ്മാര്‍ട്ട് ഹോം സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ജിയോ എയര്‍ഫൈബറിന് 30 എംബിപിഎസ് മുതല്‍ 1.5 ജിബിപിഎസ് വരെ ഇന്റര്‍നെറ്റ് വേഗത നല്‍കാന്‍ കഴിയും. 550-ലധികം ടിവി ചാനലുകളിലേക്കുള്ള ആക്സസ്, ക്യാച്ച്-അപ്പ് ടിവി, 16-ലധികം ഒടിടി ആപ്പുകളിലേക്കുള്ള സബ്സ്‌ക്രിപ്ഷന്‍ എന്നിവ ഈ സേവനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ജിയോ ഫൈബറും ജിയോ എയര്‍ ഫൈബറും രണ്ട് വ്യത്യസ്ത ഉപഭോക്താക്കള്‍ക്കായുള്ള രണ്ട് വ്യത്യസ്ത സാങ്കേതികവിദ്യകളാണ്. ജിയോ ഫൈബറിനെ അപേക്ഷിച്ച് എയര്‍ഫൈബര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളെ ആശ്രയിക്കുന്നില്ല, കൂടാതെ 5ജി കവറേജുള്ള എവിടെയും എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതുമാണ്. ജിയോഫൈബര്‍ അല്ലെങ്കില്‍ മറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് കണക്റ്റിവിറ്റി നല്‍കാന്‍ കഴിയാത്ത വിദൂര പ്രദേശങ്ങളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് നല്‍കാന്‍ എയര്‍ഫൈബറിന് സാധിക്കും. 30 എംബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന പ്ലാനിന് 599 രൂപയാണ് ചാര്‍ജ്. 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകളുണ്ട്. 1199 രൂപയുടെ പ്ലാനില്‍ സൗജന്യമായി നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി ആപ്പുകള്‍ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളില്‍ 14 ഒടിടി ആപ്പുകള്‍ ലഭ്യമാണ്. ആറ് മാസ പ്ലാനുകളും 12 മാസ പ്ലാനുകളും നിലവില്‍ ലഭ്യമാണ്. തുടക്കത്തില്‍ ചില മെട്രോ നഗരങ്ങളില മാത്രം ലഭ്യമായിരുന്ന ജിയോ എയര്‍ഫൈബര്‍ സേവനം കേരളത്തിലും ലഭ്യമാവാന്‍ തുടങ്ങി. തിരുവനന്തപുരം നഗരത്തിലാണ് ഇപ്പോള്‍ എയര്‍ഫൈബര്‍ സേവനങ്ങളുള്ളത്.