സൂപ്പര്‍ഹിറ്റായ 3 ഡോര്‍ ജിംനിക്ക് പിന്നാലെ അഞ്ചു ഡോര്‍ വകഭേദവും പുറത്തിറക്കുമെന്ന് സുസുക്കി ഓസ്‌ട്രേലിയ. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് സുസുക്കി ഓസ്‌ട്രേലിയ 5 ഡോര്‍ ജിംനി വിപണിയിലെത്തിക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ വിലയോ എന്നു പുറത്തിറങ്ങുമെന്നോ സുസുക്കി പ്രഖ്യാപിച്ചിട്ടില്ല. മാരുതി സുസുക്കി തങ്ങളുടെ വരാനിരിക്കുന്ന ജിംനി 5-ഡോര്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ പ്രദര്‍ശിപ്പിച്ചിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ. 25,000 രൂപ ടോക്കണ്‍ തുകയില്‍ വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചു. പുതിയ മാരുതി ജിംനി അഞ്ച് ഡോര്‍ അതിന്റെ വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ 5,000-ത്തിലധികം പ്രീ-ഓര്‍ഡറുകള്‍ ശേഖരിച്ചു എന്നാണ് പുതിയ കണക്കുകള്‍. വാഹനത്തിന്റെ വിപണി ഏപ്രില്‍ മാസത്തില്‍ നടക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 10 ലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കുന്നു. നെക്‌സ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്ക് വഴി റീട്ടെയില്‍ ചെയ്യുന്ന എസ്‌യുവി മോഡല്‍ ലൈനപ്പ് സെറ്റ, ആല്‍ഫ ട്രിമ്മുകളില്‍ വരും.