പുതിയ ‘ട്വിറ്റര്‍ ബ്ലൂ’ ഫീച്ചര്‍ കാരണം യേശുക്രിസ്തുവിനും ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ട് ലഭിച്ചു. വെരിഫിക്കേഷന് ബാഡ്ജായ ബ്ലൂ ടിക്കുമായി ‘ജീസസ് ക്രൈസ്റ്റ്’ എന്ന പ്രൊഫൈലില്‍ നിന്ന് ട്വീറ്റുകള്‍ വന്നതോടെ എല്ലാരും ഒന്ന് അമ്പരന്നു. ആരോ തമാശക്ക് തുടങ്ങിയ പ്രൊഫൈലിന് ഏഴ് ലക്ഷത്തിലേറെ പിന്തുടര്‍ച്ചക്കാരുമുണ്ട്. ജീസസ് ക്രൈസ്റ്റിന്റെ വെരിഫൈഡ് അക്കൗണ്ട് ഇടുന്ന ട്വീറ്റുകള്‍ക്ക് ആയിരക്കണക്കിന് ആളുകളാണ് മറുപടികളുമായി എത്തുന്നത്. ഇതിന് പിന്നാലെ പ്ലാറ്റ്ഫോമില്‍ നിന്ന് വിലക്കപ്പെട്ട മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാജ അക്കൗണ്ടുകള്‍ ബ്ലൂ വെരിഫിക്കേഷന് ടിക്കുമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതും വിവാദമായി. ഗെയിമിങ് കഥാപാത്രമായ സൂപ്പര്‍ മാരിയോയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടും ബ്ലൂ ടിക്ക് സ്വന്തമാക്കി. ഇലോണ്‍ മസ്കിന്റെ പേരിലും വ്യാജ അക്കൗണ്ട് നിര്‍മിച്ച് ചിലര്‍ രംഗത്തുവന്നിരുന്നു. ട്വിറ്ററിപ്പോള്‍ ബ്ലൂ ടിക്ക് മാര്‍ക്കുള്ള വ്യാജ അക്കൗണ്ടുകളാല് നിറയുന്ന അവസ്ഥയാണ്. വിവാദങ്ങള്‍ക്കുള്ള മറുപടിയായി ട്വിറ്റര്‍ ഇപ്പോള്‍ ബ്ലൂ ടിക്കിന് പുറമേ, വെരിഫൈഡ് പ്രൊഫൈലുകള്‍ക്ക് ‘ഒഫീഷ്യല്‍’ എന്ന അധിക ലേബല്‍ നല്‍കുന്നുണ്ട്. ‘ട്വിറ്റര്‍ ബ്ലൂ’ എന്ന സബ്സ്ക്രിപ്ഷന് പ്ലാന്‍ എടുത്ത പ്രൊഫൈലുകള്ക്കെല്ലാം നിലവില്‍ ‘ബ്ലൂ ടിക്’ നല്‍കുന്നുണ്ട്.
യേശുക്രിസ്തുവിനും ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ട്!
