നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഇപ്പോഴിതാ ജയിലറിനുവേണ്ടി അനിരുദ്ധ് ഒരുക്കിയ മൂന്നാമത്തെ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ‘ജൂജൂബി’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സൂപ്പര്‍ സുബു ആണ്. ധീ, അനിരുദ്ധ് രവിചന്ദര്‍, അനന്തകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്, വിനായകന്, ശിവ്രാജ് കുമാര്‍, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.