ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങള്‍ കൃത്യം ഒരേ ദിവസം തിയറ്ററുകളില്‍. ‘ജയിലര്‍’ എന്ന പേരില്‍ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത തമിഴ് ജയിലറും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാളം ജയിലറുമാണ് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 10 ആണ് രണ്ട് സിനിമകളുടെയും റിലീസ് തീയതി. ഇതില്‍ തമിഴ് ജയിലറിന്റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലെന്നാണ് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2 ന് പരിഗണിക്കും. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്നതാണ് തമിഴ് ജയിലറെങ്കില്‍ പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മലയാളത്തിലെ ജയിലര്‍. ജാക്കി ഷ്രോഫ്, ശിവരാജ് കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, സുനില്‍, വസന്ത് രവി, വിനായകന്‍ തുടങ്ങിയ നീണ്ട താരനിരയാണ് രജനികാന്തിന്റെ ജയിലറില്‍. ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നു എന്നത് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം ഇരട്ടിപ്പിക്കുന്ന ഘടകമാണ്.