ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തമിഴ് ചിത്രം ‘ജയിലര്‍’. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം രജനികാന്തിന്റെ താരപരിവേഷത്തെ കാലാനുസൃതമായി പുതുക്കി അവതരിപ്പിച്ച ചിത്രമാണ്. മറുഭാഷകളിലെ ജനപ്രിയ താരങ്ങളെ അതിഥിവേഷങ്ങളില്‍ അവതരിപ്പിച്ചതും ചിത്രത്തിന്റെ കളക്ഷന്‍ വര്‍ധിപ്പിച്ച ഘടകമാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 7 ആണ് ഒടിടി റിലീസ് തീയതി. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും നിര്‍മ്മാതാക്കള്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 1.24 കോടി വില വരുന്ന ബിഎംഡബ്ല്യു എക്‌സ് 7 കാര്‍ ആണ് സണ്‍ പിക്‌ചേഴ്‌സ് രജനിക്ക് സമ്മാനമായി കൊടുത്തത്. നെല്‍സണ് 1.44 കോടി വിലയുള്ള പോര്‍ഷെ മക്കാന്‍ എസ് എന്ന കാറും. നേരത്തെ നല്‍കിയ 110 കോടി പ്രതിഫലത്തിന് പുറമെ പ്രോഫിറ്റ് ഷെയറിംഗ് പ്രകാരമുള്ള 100 കോടിയുടെ ചെക്കും സണ്‍ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരന്‍ കഴിഞ്ഞ ദിവസം സൂപ്പര്‍താരത്തിന് കൈമാറിയിരുന്നു.