അമിതവണ്ണം ഒരുപാടുപേര് നേരിടുന്ന പ്രശ്നമാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലെ പ്രശ്നങ്ങളും മാത്രമല്ല അമിതവണ്ണത്തിന് പിന്നില്‍ മറ്റ് കാരണങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പഠനം. അമിതവണ്ണമുള്ള അമ്മമാരുടെ പെണ്മക്കള്ക്ക് അമിതവണ്ണത്തിന് സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെണ്മക്കള്ക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ഓഫ് ദി എന്‍ഡോക്രൈന്‍ സൊസൈറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒമ്പത് വയസ്സിന് മുകളിലുള്ള 240 കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ശരീരത്തിലെ കൊഴുപ്പും മസിലും അളന്നു. കുട്ടികളുടെ ശരീരഭാരസൂചികയ്ക്കും (ബിഎംഐ) ശരീരത്തിലെ കൊഴുപ്പിന്റെ അളവിനും മാതാപിതാക്കളുടേതുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു. പെണ്‍കുട്ടികള്‍ക്ക് അവരുടെ അമ്മമാരുടേതിന് സമാനമായ ബിഎംഐ ആണെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്.