ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമായി മാറി ആഗോള ടെക് ഭീമനായ ആപ്പിള്‍. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ ഏഴ് മാസങ്ങളിലായി 60,000 കോടി രൂപയുടെ ഐഫോണുകള്‍ ഇതിനോടകം തന്നെ ആപ്പിള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഐഫോണുകളുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നത്. 70 ശതമാനത്തോളം ഐഫോണുകള്‍ കയറ്റുമതി ചെയ്യുകയാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ആപ്പിള്‍ 40,000 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഐഫോണുകളുടെ കയറ്റുമതി വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ആദ്യത്തെ 7 മാസങ്ങളിലെ കയറ്റുമതിയില്‍ 185 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. കയറ്റുമതി തകൃതിയായി നടത്തുന്നതിനോടൊപ്പം, ഈ വര്‍ഷം ആഭ്യന്തര വിപണിയില്‍ 70 ലക്ഷത്തിനടുത്ത് ഐഫോണുകള്‍ വിറ്റഴിക്കാനുള്ള പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. 2024 എത്തുമ്പോഴേക്കും വില്‍പ്പന 90 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, വിസ്‌ട്രോണ്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നത്.