പലിശനിരക്ക് കുറയ്ക്കുന്നത് അല്‍പം കൂടി നീണ്ടേക്കുമെന്ന സൂചന നല്‍കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുന്നതാണ് കാരണം. സെപ്റ്റംബറിലെ വിലക്കയറ്റതോത് 5.49 ശതമാനമായിരുന്നു. അടുത്ത മാസം വരാനിരിക്കുന്ന കണക്കും ഉയര്‍ന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 6ലെ പണനയപ്രഖ്യാപനത്തില്‍ പലിശ കുറച്ചേക്കുമെന്ന അനുമാനങ്ങള്‍ക്കിടെയാണ് ഗവര്‍ണറുടെ സുപ്രധാന പരാമര്‍ശം. ഈ മാസം ആദ്യം നടന്ന പണനയസമിതി യോഗത്തില്‍ തുടര്‍ച്ചയായി പത്താം തവണയും പലിശനിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും, വൈകാതെ പലിശനിരക്കില്‍ കുറവു പ്രതീക്ഷിക്കാമെന്ന സൂചന റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു. എസ്ബിഐ ഗവേഷണവിഭാഗത്തിന്റെ അഭിപ്രായത്തില്‍ 2025ലായിരിക്കും ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കുന്നത്. ഗവര്‍ണറുടെ പുതിയ പ്രതികരണം കൂടി വന്ന സ്ഥിതിക്ക് ഡിസംബറില്‍ പലിശ കുറയ്ക്കാനുള്ള സാധ്യതയുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.