കൊച്ചി നഗരത്തിൽ നിന്നും പത്തു പന്ത്രണ്ടു കിലോമീറ്റർ അകലെ പച്ചപ്പു നിറഞ്ഞ ഒരു ചതുപ്പുപ്രദേശം – അതായിരുന്നു വർഷങ്ങൾക്കു മുമ്പുള്ള ബ്രഹ്മപുരം.2007 ൽ തുടങ്ങിയ മാലിന്യ സംസ്ക്കരണം പിന്നീട് മാലിന്യ മലയായി ഇന്നത്110 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഒരു മാലിന്യ ബോംബായി മാറി.2015 ൽ തന്നെ മാലിന്യ പ്രശ്നം രൂക്ഷമായി. സന്തോഷത്തോടെ ഒഴുകിയിരുന്ന കടമ്പ്രയാർ മലീമസമായി. കൊച്ചി കോർപ്പറേഷനിലെ മാലിന്യങ്ങൾക്കു പുറമെ ആലുവ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നീ നഗരസഭകളിൽ നിന്നും ചേരാനല്ലൂർ, വടവുകോട്, പുത്തൻ കുരിശ് പഞ്ചായത്തിലെ മാലിന്യങ്ങളും ഇപ്പോൾ ഇവിടെ കൊണ്ടുവന്നു തള്ളുന്നു. ഒരു ദിവസം 390 ടൺ മാലിന്യം.
എത്രയധികം മാലിന്യങ്ങളുണ്ടായാലും നല്ല മാർഗങ്ങൾ സ്വീകരിച്ചാൽ നിഷ്പ്രയാസം നമുക്കീ മാലിന്യ ബോംബിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ കഴിയില്ലെ.
നമുക്ക് മാതൃകയാക്കാൻ പറ്റുന്ന ഒരുപാടു നഗരങ്ങളുണ്ട്. ഇൻഡോർ തന്നെ അതിനു വലിയൊരുദാഹരണം. മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റി എന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്താണ് ഈ മാലിന്യ സംസ്ക്കരണയൂണീറ്റ് പ്രവർത്തിക്കുന്നത്.ചുറ്റുമുള്ള പൂന്തോട്ടവും കലാസൃഷ്ടികളും ഈ മാലിന്യ സംസ്ക്കരണ പ്ലാന്റിനെ നഗരത്തോടൊപ്പം മനോഹരമായ കാഴ്ചയാക്കി മാറ്റുന്നു. കക്കൂസ് മാലിന്യമടക്കം ഇവിടെ സംസ്ക്കരിക്കപ്പെടുന്നു. ഇതിൽ നിന്നും ഇലക്ട്രിസിറ്റിയും, 400 ബസ്സുകൾക്ക് ആവശ്യമായ ബയോ-ഗ്യാസും, വളങ്ങളും ഉത്പാദിപ്പിക്കുന്നു. ഇതിൽ നിന്ന് 2.5 കോടി രൂപയാണ് ഒരു വർഷം മുനിസിപ്പാലിറ്റിക്ക് ലഭിക്കുന്ന വരുമാനം. ഈ പ്ലാന്റ് പരിസ്ഥിതി മലിനീകരണമോ, പ്രദേശവാസികൾക്ക് മറ്റെന്തെങ്കിലും അസൗകര്യങ്ങളോ ഉണ്ടാക്കുന്നില്ല. പരിസ്ഥിതി സൗഹാർദ്ദമായ ഈ പ്ലാന്റ് ഒരു മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണെന്ന് പറഞ്ഞാൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. അത്രയും ശാസ്ത്രീയമായും, കലാപരവുമാണ് ഇതിന്റെ നിർമ്മാണവും പ്രവർത്തനവും. മാതൃകയാക്കാം നമുക്കും വിഷപ്പുകയില്ലാത്ത ഒരു കൊച്ചിക്കായി.