ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോര്‍ഡ് വിഹിതം നേടി ചരിത്രം തിരുത്തിക്കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സിവില്‍ ഏവിയേഷന്‍ വ്യവസായത്തില്‍ കഴിഞ്ഞ മെയ് മാസം 61.4 ശതമാനം റെക്കോര്‍ഡ് വിപണി വിഹിതമാണ് നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്‍ഡിഗോ 60 ശതമാനത്തിനു മുകളില്‍ വിപണി സ്വന്തമാക്കുന്നത്. 2020 ജൂലൈ മാസത്തിലാണ് ഇതിന് മുന്‍പ് 60.4 ശതമാനം വിപണി വിഹിതം നേടിയത്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കറ്റ് ഷെയറാണ് ഇത്തവണ ഇന്‍ഡിഗോ നേടിയിരിക്കുന്നത്. പ്രമുഖ ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റ് കഴിഞ്ഞ മാസം മുതല്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതോടെയാണ് വിപണി വിഹിതം കുത്തനെ ഉയര്‍ന്നത്. മെയ് മാസത്തില്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ 90 ശതമാനം കപ്പാസിറ്റി വിനിയോഗിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്‍ഡിഗോ 91.5 ശതമാനമാണ് മെയ് മാസത്തില്‍ വിനിയോഗിച്ചത്. മെയ് മാസത്തില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 13.2 ദശലക്ഷമാണ്. ആഭ്യന്തര വിമാന ഗതാഗതം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലും, ഏപ്രിലിനെ അപേക്ഷിച്ച് 2 ശതമാനവുമാണ് കൂടുതല്‍.