ഇന്ത്യയുടെ വിദേശ നാണയശേഖരം തുടര്‍ച്ചയായ നാലാം ആഴ്ചയിലും നേട്ടം കുറിച്ചു. ഡിസംബര്‍ 9ന് സമാപിച്ച ആഴ്ചയില്‍ ശേഖരം 290 കോടി ഡോളര്‍ ഉയര്‍ന്ന് 56,407 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഡിസംബര്‍ രണ്ടിന് അവസാനിച്ച ആഴ്ചയില്‍ 1,102 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായിരുന്നു. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 310 കോടി ഡോളര്‍ ഉയര്‍ന്ന് 50,013 കോടി ഡോളറായി. അതേസമയം, കരുതല്‍ സ്വര്‍ണശേഖരം 29.6 കോടി ഡോളര്‍ കുറഞ്ഞ് 4,073 കോടി ഡോളറിലെത്തി. ഡിസംബര്‍ രണ്ടിന് അവസാനിച്ച വാരത്തില്‍ സ്വര്‍ണശേഖരം 108.6 കോടി ഡോളര്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ വിദേശ നാണയശേഖരം 64,245 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയിരുന്നു. തുടര്‍ന്ന്, രൂപ തളര്‍ന്നുതുടങ്ങിയതോടെ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിയാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായി. ഇതുമൂലം കഴിഞ്ഞ ഒക്ടോബറില്‍ ശേഖരം 52,400 കോടി ഡോളറിലേക്ക് താഴ്ന്നിരുന്നു.