വിരാട് കോലിയുടെ 73-ാം അന്താരാഷ്ട്ര സെഞ്ചുറി അതായിരുന്നു ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന്റെ പ്രധാന ആകർഷണം. മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി. ശ്രീലങ്കയെ 67 റൺസിന് തകർത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ഇന്ത്യ ഉയർത്തിയ 374 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസിലൊതുങ്ങി. നായകൻ ഡാസൺ ശനകയുടെ അപരാജിത സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
108 റൺസെടുത്ത് പുറത്താവാതെ നിന്ന നായകൻ ഡാസൺ ശനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശനകയ്ക്ക് സാധിച്ചില്ല. ഓപ്പണർ പത്തും നിസ്സങ്ക 72 റൺസെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. ഒരു ഘട്ടത്തിൽ വമ്പൻ തോൽവിയിലേക്ക് കൂപ്പുകുത്തേണ്ടിയിരുന്ന ശ്രീലങ്കയെ അവസാന ഓവറുകളിൽ കത്തിക്കയറിയ നായകൻ ഡാസൺ ശനക രക്ഷപ്പെടുത്തുകയായിരുന്നു. മറ്റ് ബാറ്റർമാർക്ക് വേണ്ടവിധത്തിൽ തിളങ്ങാനായില്ല. വിരാട് കോലിയുടെ സെഞ്ചുറി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.